by Midhun HP News | Sep 3, 2024 | Latest News, കേരളം
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി നിന്ന് ഡാമിങ് ഇഫ്ക്ട് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി കെട്ടിനിന്നശേഷം, ജലപ്രവാഹം വർധിക്കുന്നതോടെ വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്.
തുലാമഴ സീസണിൽ, പെരുമഴ പെയ്താൽ ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിൽ ഉരുൾപൊട്ടലിൻ്റെ പ്രഭവസ്ഥാനത്ത് വലിയ പാറകൾ ഇളകി നിൽപ്പുണ്ട്. ഇളകിയ മണ്ണ് ആകട്ടെ ഇപ്പോഴും ഉറച്ചിട്ടുമില്ല. വെള്ളരിമലയിൽ അതിശക്തമായ മഴപെയ്താൽ, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടുമുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്.
കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത്. നിമിഷനേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ ദുരന്തം സംഭവിക്കാം. ഇത് മുന്നിൽക്കണ്ട് മതിയായ മുൻകരുതൽ എടുക്കണം എന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.
ഉരുൾപൊട്ടലുണ്ടായ അതേസ്ഥലത്ത് കഴിഞ്ഞയാഴ്ച കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു എന്നതുകൂടി പരിഗണിക്കുമ്പോഴാണ്ഐസർ മൊഹാലിയുടെ പഠനം പ്രാധാന്യമർഹിക്കുന്നത്. 2020ൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നു, ഇതും ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൻ്റെ ശക്തികൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാം എന്ന് വിദഗ്ധസംഘം വിലയിരുത്തിയിരുന്നു.
കഴിഞ്ഞ പെട്ടിമുടി ദുരന്തത്തിൻ്റെ 35 ഇരട്ടി ആഘാതമായിരുന്നു മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലെന്നും പഠനത്തിലുണ്ട്. ചാലിയാറിലെ വെള്ളത്തിൽ ഉരുൾ അവശിഷ്ടങ്ങളുടെ കലർപ്പ് വളരെ കൂടുതലായിരുന്നു. ഇവ പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോയതിനാൽ പുഴയിലെ ജീവികളെ കാര്യമായി ബാധിച്ചിട്ടില്ല. നിലവിൽ പുഞ്ചിരമട്ടത്തും മുണ്ടക്കൈയിലും ചൂരൽമലയിലും സുരക്ഷിത താമസ സ്ഥലങ്ങൾ ഉണ്ടോ എന്നടക്കം സർക്കാർ പരിശോധിക്കുമ്പോഴാണ്, മറ്റൊരു ദുരന്ത സാധ്യത ഐസർ പ്രവചിക്കുന്നത്. ഡോ.സജിൻ കുമാർ, ഡോ. യൂനുസ് അലി പുൽപാടൻ, പ്രൊഫ.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
by Midhun HP News | Sep 3, 2024 | Latest News, ജില്ലാ വാർത്ത
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹൈക്കോടതിക്ക് കൈമാറി സർക്കാർ കൈകഴുകും. റിപ്പോർട്ട് നൽകണമെന്ന ഉത്തരവിനെതിരേ അപ്പീൽ നൽകേണ്ടെന്നാണ് തീരുമാനം. റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിലെത്തിക്കാനുള്ള അവസാനതീയതി ഒൻപതാണ്. അതിനുമുൻപുതന്നെ നൽകാനുള്ള തയ്യാറെടുപ്പ് പൂർത്തിയായി.
റിപ്പോർട്ട് പുറത്തുവന്നതിനുശേഷമുള്ള വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, രജിസ്റ്റർചെയ്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെയെടുത്ത നടപടികളും കോടതിയെ അറിയിക്കും.
റിപ്പോർട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകർപ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും നൽകുന്നതിൽ നിയമോപദേശത്തിന് കഴിഞ്ഞ ദിവസം എ.ജി.യുമായി കൂടിയാലോചനനടത്തി.
കമ്മിറ്റിയുടെ പരാമർശങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ഒൻപതിന് കേസ് പരിഗണിക്കുന്ന കോടതി വനിതാകമ്മിഷനെയും സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്.
താരങ്ങൾക്കെതിരേ വ്യക്തിപരമായ പരാമർശമുള്ളതിനാൽ റിപ്പോർട്ട് ഹാജരാക്കുന്നതിൽ സർക്കാരിന് തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടായി. ഇതോടെയാണ് അപ്പീൽ സാധ്യതയും ചർച്ചചെയ്തത്.
വ്യക്തിപരമായ പരാമർശമുള്ള ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനാണ് വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടത്. ഒഴിവാക്കാൻ കമ്മിഷണർ നിർദേശിച്ച ഒരു ഖണ്ഡികയിലെ ‘ഉന്നതരിൽനിന്നുപോലും ലൈംഗികാതിക്രമം ഉണ്ടായെ’ന്നഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ അബദ്ധത്തിൽപ്പെട്ടത് സർക്കാരിനെ വെട്ടിലാക്കി. ഇതിനുശേഷമുള്ള അഞ്ചുപേജ് മറച്ചുവെച്ചത് റിപ്പോർട്ടിൽ പേരുണ്ടെന്നുകരുതുന്ന ഉന്നതരെ സംരക്ഷിക്കാനാണെന്ന ആരോപണവും നേരിടേണ്ടിവന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഇനിയെല്ലാം കോടതി തീരുമനിക്കട്ടെയെന്ന നിലപാട് സർക്കാർ കൈക്കൊണ്ടതും.
by Midhun HP News | Sep 3, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണൈ, സിംഗപ്പൂര് സന്ദര്ശനത്തിനായി പുറപ്പെട്ടു. ഒരു ഇന്ത്യന് പ്രധാനമന്ത്രി ബ്രൂണൈയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്ശനമാണിത്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും സിംഗപ്പൂരുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനും സന്ദര്ശനം ഗുണം ചെയ്യുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി സുല്ത്താന് ഹാജി ഹസ്സനല് ബോള്കിയയുമായും മറ്റ് രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് മോദി പ്രസ്താവനയില് പറഞ്ഞു. പ്രസിഡന്റ് തര്മന് ഷണ്മുഖരത്നം, പ്രധാനമന്ത്രി ലോറന്സ് വോങ്, മുതിര്ന്ന മന്ത്രി ലീ സിയാന് ലൂങ്, എമിരിറ്റസ് സീനിയര് മന്ത്രി ഗോ ചോക് ടോങ് എന്നിവരെ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് മോദി സിംഗപ്പൂര് സന്ദര്ശിക്കുക. സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. ‘സിംഗപ്പൂരുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം, പ്രത്യേകിച്ച് നൂതന ഉല്പ്പാദനം, ഡിജിറ്റലൈസേഷന്, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയര്ന്നുവരുന്നതുമായ മേഖലകളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ചര്ച്ചകള് പ്രതീക്ഷിക്കുന്നു,’- മോദി പറഞ്ഞു.
by Midhun HP News | Sep 3, 2024 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടു. മധ്യ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സെപ്റ്റംബർ 5 ഓടെ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം ഫലമായി കേരളത്തിൽ വരുംദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്.വടക്ക് – പടിഞ്ഞാറൻ അറബിക്കടലിലെ അസ്ന ചുഴലിക്കാറ്റ് തീവ്ര ന്യുനമർദ്ദമായി ശക്തി കുറഞ്ഞു. തെക്ക് – തെക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Sep 2, 2024 | Latest News, കേരളം
ന്യൂഡല്ഹി: മുല്ലപ്പെരിയാര് അണക്കെട്ടില് വിശദമായ സുരക്ഷാപരിശോധന നടത്തും. 12 മാസത്തിനുള്ളില് പരിശോധന പൂര്ത്തിയാക്കാന് മുല്ലപ്പെരിയാര് അണക്കെട്ട് മേല്നോട്ട സമിതിയുടെ ഇന്ന് ചേര്ന്ന യോഗത്തില് തീരുമാനമായി. കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന. ഇതിനാണ് ഇപ്പോള് അംഗീകാരം ലഭിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര് അണക്കെട്ടിന്റെ മേല്നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് തിങ്കളാഴ്ച ന്യൂഡല്ഹിയിലെ കേന്ദ്ര ജലക്കമ്മിഷന് ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയില് ചേര്ന്നത്. സുരക്ഷാ പരിശോധന 2012 ലെ ഡാം സുരക്ഷാ നിയമപ്രകാരം നടത്തിയാല് മതിയെന്നായിരുന്നു തമിഴ്നാടിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് കമ്മിറ്റിയുടെ തീരുമാനം.
2011ല് സുപ്രീംകോടതി നിയോഗിച്ച എംപവേര്ഡ് കമ്മിറ്റിയാണ് ഇതിന് മുമ്പ് ഇതുപോലൊരു സുരക്ഷാ പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ധന്മാര് സമിതിയില് ഉണ്ട്. കേരളത്തിന്റെ അജണ്ട കൂടി ഉള്പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല് സുരക്ഷ എന്നിവ പരിശോധിക്കും. ഇതിന്റെ ഭാഗമായി അണക്കെട്ടിലും മറ്റ് വിദഗ്ധ സ്ഥാപനങ്ങളിലും നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില് തീരുമാനം കൈക്കൊള്ളും.
by Midhun HP News | Sep 2, 2024 | Latest News, കേരളം
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സസ്പെന്ഡ് ചെയ്യും. പി വി അന്വറുമായുള്ള ഫോണ്വിളിയില് കുടുങ്ങിയതിനെ തുടർന്നാണ് നടപടി. എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്ശ നല്കിയിരുന്നു. ഈ റിപ്പോര്ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.
പി വി അന്വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സര്വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്കിയ റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്ക്കെതിരായ നീക്കത്തിന് എംഎല്എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്ട്ടില് പറയുന്നു. മലപ്പുറം എസ്പിയായിരിക്കെ, ഔദ്യോഗിക ക്വാര്ട്ടേഴ്സിലെ മരം മുറിച്ച് കടത്തി ഫര്ണിച്ചര് നിര്മിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് വലിയ പ്രശ്നമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട പരാതി പിന്വലിക്കണമെന്ന് സുജിത് ദാസ് പി വി അന്വര് എംഎല്എയോട് അഭ്യര്ഥിക്കുന്ന ഫോണ് സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില് സുജിത് ദാസ് എഡിജിപി എംആര് അജിത് കുമാറിനെതിരെ സംസാരിക്കുന്നുണ്ട്.
Recent Comments