by Midhun HP News | Sep 2, 2024 | Latest News, കേരളം
കൊച്ചി: പീഡനക്കേസില് എം മുകേഷ് എംഎല്എയുടെ മുന്കൂര് ജാമ്യാപേക്ഷ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില് റിപ്പോര്ട്ട് നല്കും. തുടര്ന്ന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി മുന്കൂര് ജാമ്യാപേക്ഷയില് വാദം കേട്ട് തീരുമാനമെടുക്കും.
നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില് മരട് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ് വന്നിരുന്നു. 13 വര്ഷം മുന്പ് നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില് താമസിക്കുന്നതിനിടയില് മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. അതേസമയം പീഡനക്കേസിൽ പ്രതിയായ നടൻ സിദ്ദിഖും മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. നേരത്തെ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില് പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
by Midhun HP News | Sep 2, 2024 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്ട്ട് കൊണ്ട് അര്ഥമാക്കുന്നത്. വടക്ക് കിഴക്കന് അറബിക്കടലിനു മുകളില് സ്ഥിതി ചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തീവ്രന്യൂനമര്ദമായി ശക്തി കുറയാന് സാധ്യതയുണ്ട്. തെക്കന് ഒഡിഷക്കും തെക്കന് ഛത്തീസ്ഗഡിനും മുകളില് സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്ദം വരും മണിക്കൂറുകളില് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില് സഞ്ചരിച്ച് തെക്കന് ഛത്തിസ്ഗഡ്- വിദര്ഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമര്ദമായി മാറാന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തില് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Sep 2, 2024 | Latest News, ജില്ലാ വാർത്ത
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഭാഗങ്ങളിൽ നടത്തിവന്ന വാഹന പരിശോധനയ്ക്കിടയിൽ കടക്കാവൂർ റെയിൽവേ കൊച്ചു പാലത്തിനു സമീപം വടകയിൽ വീട്ടിൽ സുന്ദരൻ (57) അനധികൃത മദ്യ വില്പനയ്ക്കായി ശേഖരിച്ച് കടത്തിക്കൊണ്ടു വന്ന 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 21 G 2389 എന്ന രജിസ്റ്റർ നമ്പറിലുള്ള ആപ്പേ ഓട്ടോറിക്ഷയും പിടികൂടി.
സർക്കിൾ ഇൻസ്പെക്ടർ ഷൈബു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ അശോകകുമാർ, ഉദയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷജീർ, സജിത്ത്, ഷെരീഫ് പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ഗ്രേഡ് അനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
by Midhun HP News | Sep 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഇന്ത്യ & ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർസിൽ ഇടം നേടി കൊടുമൺ സ്വദേശി ആലിയ. കേരളത്തിലെ എല്ലാ ജില്ലകളുടേയും പേരുകൾ മലയാളം മിറർ റൈറ്റിംഗിൽ ഏറ്റവും വേഗത്തിൽ എഴുതിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നത്.
ആറ്റിങ്ങൽ കൊടുമൺ ‘ആലിയ’യിൽ വിമലിന്റെ ഭാര്യയാണ്. സണ്ണി എസ് വി, ലത എസ് എന്നിവരുടെ മകളുമാണ്.
by Midhun HP News | Sep 2, 2024 | Latest News, കേരളം
തിരുവനന്തപുരം: ഓണക്കാലമായതിനാല് ഈ മാസം വെള്ള, നീല റേഷന് കാര്ഡ് ഉടമകള്ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില് ലഭിക്കും. നീല കാര്ഡ് ഉടമകള്ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധാരണ വിഹിതമായി നീല കാര്ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില് ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്ക്കുള്ള ബ്രൗണ് കാര്ഡുകള്ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില് രണ്ടു കിലോഗ്രാം അരി നല്കും.
മുന്ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്ഡ് ഉടമകള്ക്ക് നല്കുന്ന സൗജന്യ അരിയുടെ അളവില് മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന് കടകള്ക്ക് അവധിയായതിനാല് സെപ്റ്റംബര് മാസത്തെ വിതരണം നാളെ ആരംഭിക്കും.
by Midhun HP News | Sep 2, 2024 | Latest News, കേരളം
ആലപ്പുഴ: പ്രതിഷേധങ്ങൾക്കൊടുവിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. ഓണത്തിന് ശേഷം ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കലക്ടർക്ക് നിവേദനം നൽകും. ഭൂരിപക്ഷ വള്ളംകളി ക്ലബ്ബുകളും 28 എന്ന തീയതി അംഗീകരിച്ചു. 24 -ാം തീയതിവരെ മറ്റു പ്രാദേശിക വള്ളംകളികളുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരാനും സാധ്യതയുണ്ട്. അതേസമയം വള്ളംകളി നടത്തിപ്പിനായി പ്രതിപക്ഷവും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ബുധനാഴ്ച മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ബോട്ട് ക്ലബുകൾ നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരിൽ സംഘാടകർക്കും ക്ലബുകൾക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകർ പറഞ്ഞിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്.
Recent Comments