by Midhun HP News | Aug 30, 2024 | Latest News, കേരളം
തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് നിർമ്മാണ കേസിൽ പോലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം തുമ്പയിലെ പോലീസ് ഉദ്യോഗസ്ഥൻ അൻസിലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. പാസ്പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോർട്ട് ഓഫീസീൽ ഹാജരാക്കിയ കേസിലെ പ്രധാന പ്രതിയാണ് പോലീസ് ഉദ്യോഗസ്ഥനായ അൻസിൽ. ഇയാൾ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നു.
13 കേസുകളിലായി എട്ടു പ്രതികളെ നേരത്തേ തുമ്പ പോലിസ് അറസ്റ്റുചെയ്തിരുന്നു. വ്യാജരേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും തയ്യാറാക്കിയ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥനെ ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അറസ്സിലാകുമെന്ന് മനസ്സിലാക്കിയ അൻസിൽ ഒളിവിൽ പോയിരിക്കുകയായിരുന്നു.
തുമ്പ സ്റ്റേഷൻ പരിധിയിൽ അപേക്ഷിക്കപ്പെട്ട 20 ഓളം പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ചതിൽ 13 എണ്ണത്തിലും അൻസിൽ അസീസ് ഇടപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കിയ രേഖകൾ തുമ്പ പൊലീസ് പരിശോധിച്ചപ്പോഴാണ് അവ തെറ്റാണെന്നു കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
by Midhun HP News | Aug 30, 2024 | Latest News, കേരളം
തൃശൂര്: ഗുരുവായൂര് ക്ഷേത്രത്തില് പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു നടയിരുത്തല് ചടങ്ങ്.
ക്ഷേത്രം മേല്ശാന്തി പി എസ് മധുസൂദനന് നമ്പൂതിരി മുഖ്യകാര്മികനായി. മൈസൂരു സ്വദേശി ഗോപാല് എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന് ജൂനിയര് വിഷ്ണുവിനെയാണ് നടയിരുത്തിയത്.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് , ക്ഷേത്രം അസി. മാനേജര് സി ആര് ലെജുമോള്, അസി.മാനേജര് (ജീവ ധനം) ഇ സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന് നമ്പ്യാര്, കിഴക്കേ കണ്ടിയൂര് പട്ടം വാസുദേവന് നമ്പീശന് എന്നിവര് ചടങ്ങില് സന്നിഹിതരായി. വഴിപാടു നേര്ന്ന ഗോപാല് എസ് പണ്ഡിറ്റിന്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില് സന്നിഹിതരായി.
by Midhun HP News | Aug 30, 2024 | Latest News, ദേശീയ വാർത്ത
ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിംഗ് കോളജിൽ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിടെക് അവസാന വർഷ വിദ്യാർത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. പണം വാങ്ങി വിദ്യാർത്ഥി ഈ ദൃശ്യങ്ങൾ വിതരണം ചെയ്തെന്നും പൊലീസ് അറിയിച്ചു. കൃഷ്ണൻ ജില്ലയിലെ ഗുഡ്ലവല്ലേരു എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം.
ഇന്നലെ വൈകുന്നേരമാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച വിദ്യാർത്ഥിനികളുടെ പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു.’ ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തെന്നും ചില വിദ്യാർത്ഥികൾ വിജയിൽ നിന്ന് ഈ വിഡിയോകൾ വാങ്ങിയെന്നും ആരോപണമുണ്ട്. വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
by Midhun HP News | Aug 30, 2024 | Latest News, കേരളം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് വടകര ലോക്സഭാ മണ്ഡലത്തില് ‘കാഫിര്’ സ്ക്രീന് ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില് അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോടന്നൂര് ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്ക്കാണ് അന്വേഷണ ചുമതല. യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി വിപി ദുല്ഖിഫിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തോടന്നൂര് ആറങ്ങോട് എംഎല്പി സ്കൂളിലെ അധ്യാപകനായ റിബേഷ് ഡിവൈഎഫ്ഐ നേതാവ് കൂടിയാണ്. സര്വീസ് ചട്ടം ലംഘിച്ചു. മതസ്പര്ധ വളര്ത്തുന്ന രീതിയല് പ്രവര്ത്തിച്ചുവെന്ന് കാണിച്ച് യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി വിപി ദുല്ഖിഫ് പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് പരാതി നല്കിയത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരില് എല്ഡിഎഫ് സ്ഥാനാര്ഥി കെകെ ശൈലജയെ ‘കാഫിര്’ എന്നു വിളിച്ചു കൊണ്ടുള്ള സ്ക്രീന്ഷോട്ടാണ് പ്രചരിപ്പിച്ചത്.
‘കാഫിര്’ സ്ക്രീന് ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില് കിട്ടിയ പേരുകളില് ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിര്ദേശിച്ചു. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിം സമര്പ്പിച്ച ഹര്ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്ദേശം. അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങള്ക്ക് എതിര്പ്പില്ലെന്നും ഏത് ദിശയില് വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാല് വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില് അത് പൂര്ണമായും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.
എന്നാല് ‘കാഫിര്’ സ്ക്രീന് ഷോട്ട് സംഭവവുമായി റിബേഷിന് ഒരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു. ആര്ക്കുവേണമെങ്കിലും റിബേഷിന്റെ ഫോണ് പരിശോധിക്കാമെന്നും തെളിയിച്ചാല് 25 ലക്ഷം രൂപ ഇനാം തരുമെന്നും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി പ്രഖ്യാപിച്ചിരുന്നു.
by Midhun HP News | Aug 30, 2024 | Latest News, കേരളം
തൃശൂര്: കനത്തമഴയില് ജലനിരപ്പ് ഉയര്ന്ന പശ്ചാത്തലത്തില് കേരള ഷോളയാര് ഡാം തുറന്നു. ഇന്ന് രാവിലെ 11ന് ഡാമിന്റെ ഒരു ഷട്ടര് 0.5 അടി തുറന്നാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കേരള ഷോളയാര് ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തില് ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങല്ക്കുത്ത് റിസര്വോയറിലേക്ക് ഒഴുക്കാനാണ് തീരുമാനിച്ചത്.
മൂന്ന് മണിക്കൂര് കൊണ്ട് പെരിങ്ങല്ക്കുത്ത് റിസര്വോയറില് എത്തിച്ചേരുന്ന ഈ ജലം താത്ക്കാലികമായി അവിടെ തന്നെ സംഭരിക്കാന് ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങല്ക്കുത്ത് റിസര്വോയറില് ജലനിരപ്പ് ഉയരുന്നതിനാലും ഘട്ടംഘട്ടമായി പരമാവധി 300 ക്യുമെക്സ് അധികജലം തുറന്നു വിടേണ്ട സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനാല് ചാലക്കുടി പുഴയില് പരമാവധി 1.50 മീറ്റര് ജലനിരപ്പ് ഉയരാന് സാധ്യതയുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഇപ്പോള് കുറവായതിനാല് നിലവില് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പുഴയുടെ തീരത്തുള്ളവര് ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര് അര്ജുന് പാണ്ഡ്യന് അറിയിച്ചു.
കുട്ടികള് ഉള്പ്പെടെ പൊതുജനങ്ങള് പുഴയില് കുളിക്കുന്നതിനും വസ്ത്രങ്ങള് അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില് ദുരിതാശ്വാസ ക്യാമ്പുകള് ഒരുക്കുന്നതിനുള്ള നടപടികള് സ്വീകരിക്കാന് നിര്ദ്ദേശം നല്കി. ചാലക്കുടിപ്പുഴയില് മത്സ്യബന്ധനത്തിന് കര്ശന നിയന്ത്രണം ഏര്പ്പെടുത്തുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര് നടപടി സ്വീകരിക്കും. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില് കര്ശന നിയന്ത്രണവും സുരക്ഷയും ഒഴുക്കാന് ചാലക്കുടി വാഴച്ചാല് ഡിവിഷണല് ഫോറസ്റ്റ് ഓഫീസര്ക്ക് നിര്ദ്ദേശം നല്കിയതായും ജില്ലാ കലക്ടര് അറിയിച്ചു.
by Midhun HP News | Aug 30, 2024 | Latest News, കേരളം
ആലപ്പുഴ: മുകേഷ് എംഎല്എയുടെ രാജിയെ ചൊല്ലി എല്ഡിഎഫില് സിപിഐ- സിപിഎം തര്ക്കമില്ലെന്ന് ബിനോയ് വിശ്വം. ഇക്കാര്യത്തില് സിപിഐയിലും ഭിന്നതയില്ല. മാധ്യമങ്ങള് എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം ആലപ്പുഴയില് മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ ഇക്കാര്യത്തില് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയുടെ കാര്യം പറയാന് കേരളത്തില് നേതൃത്വമുണ്ട്. ഇവിടെയും അവിടെയുമൊന്നും സിപിഐക്ക് രണ്ട് കാഴ്ചപ്പാടില്ലെന്നും ബിനോയ് പറഞ്ഞു.
‘ഇടതുപക്ഷമെന്നാല് വെറും വാക്കല്ല. എല്ലാത്തരം സാമൂഹ്യപ്രശ്നങ്ങളിലും ആശയപ്രശ്നങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലുമെല്ലാം ഇടതുപക്ഷ മൂല്യങ്ങള് എല്ഡിഎഫിനുണ്ട്. അത് ഉയര്ത്തിപ്പിടിക്കാന് പ്രതിജ്ഞാബദ്ധമാണ് സിപിഐയും സിപിഎമ്മും. അതുകൊണ്ട് സിപിഐ- സിപിഎം തര്ക്കമെന്ന വ്യാമോഹമൊന്നും ആര്ക്കും വേണ്ട. എല്ലാത്തിനും പരിഹാരം കണ്ടെത്തും’- ബിനോയ് വിശ്വം പറഞ്ഞു
‘സിപിഐയുടെ കാര്യം പറയാന് കേരളത്തില് നേതൃത്വമുണ്ട്. ഇവിടെയും അവിടെയുമൊന്നും സിപിഐക്ക് രണ്ട് കാഴ്ചപ്പാടില്ല. കേരളത്തിലെ സിപിഐ നിലപാട് പറയേണ്ടത് ഇവിടുത്തെ സംസ്ഥാന സെക്രട്ടറിയാണ്. അത് പാര്ട്ടിക്കകത്തെ വ്യവസ്ഥാപിതമായ അടിസ്ഥാനപാഠങ്ങളാണ്. അത് അറിയാത്ത മാധ്യങ്ങളുണ്ടെങ്കില് അത് സിപിഐയുടെ കുറ്റമല്ല’ ബിനോയ് വിശ്വം പറഞ്ഞു.
മുകേഷ് എംഎല്എ സ്ഥാനം രാജിവയ്ക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയില് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. പീഡന പരാതി വന്നതു മുതല് സിപിഐ മുകേഷ് മാറിനില്ക്കണമെന്ന് ആവശ്യപ്പെട്ടതാണെന്ന് ആനി രാജ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കില് സര്ക്കാര് ഇടപെട്ടു മാറ്റണമെന്നും അവര് പറഞ്ഞിരുന്നു. ഇത് തള്ളിയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Recent Comments