by Midhun HP News | Aug 30, 2024 | Latest News, കേരളം
ഡല്ഹി: എയര്ഇന്ത്യ- വിസ്താര ലയനത്തിന്റെ ഭാഗമായി സിംഗപ്പൂര് എയര്ലൈന്സിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസര്ക്കാര് അംഗീകാരം നല്കിയതോടെ, എയര്ഇന്ത്യ ഇടംപിടിക്കാന് പോകുന്നത് ലോകത്തെ വലിയ എയര്ലൈന് ഗ്രൂപ്പുകളുടെ പട്ടികയില്. ലയന നടപടികള് പൂര്ത്തിയാവുന്നതോടെ സിംഗപ്പൂര് എയര്ലൈന്സിന് എയര്ഇന്ത്യയില് 25.1 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാവും. 2022ലാണ് ലയനം സംബന്ധിച്ച പ്രഖ്യാപനം ആദ്യം നടത്തിയത്. വിസ്താരയില് എയര്ഇന്ത്യയുടെ ഉടമയായ ടാറ്റ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ശേഷിക്കുന്നത് സിംഗപ്പൂര് എയര്ലൈന്സിന്റെ കൈയിലാണ്.
ലയന നടപടികളുടെ തുടര്ച്ചയെന്നോണം നവംബര് 12 മുതലുള്ള യാത്രയ്ക്കായി വിസ്താരയില് ഉപഭോക്താക്കള്ക്ക് ബുക്കിങ് നടത്താന് കഴിയില്ലെന്ന് ടാറ്റ എസ്ഐഎ എയര്ലൈന്സ് പ്രസ്താവനയില് അറിയിച്ചു. നവംബര് 11 വരെ പതിവുപോലെ ബുക്കിങും വിമാന സര്വീസും തുടരുമെന്നും വിസ്താര അറിയിച്ചു. നവംബർ 12 മുതല് എയര് ഇന്ത്യ ബ്രാന്ഡില് ആയിരിക്കും സര്വീസ്. എല്ലാ വിസ്താര വിമാനങ്ങളും ഇനി എയർഇന്ത്യയാണ് കൈകാര്യം ചെയ്യുക. വിസ്താര വിമാനങ്ങള് സര്വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള ബുക്കിങ് എയര് ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. ലയന നടപടികള് പൂര്ത്തിയാവുന്നത് വരെ, വിസ്താരയും എയര് ഇന്ത്യയും എല്ലാ ഉപഭോക്താക്കള്ക്കും ആവശ്യമായ പിന്തുണയും പതിവായി ആശയവിനിമയവും നടത്തുമെന്നും കമ്പനി അറിയിച്ചു.
by Midhun HP News | Aug 30, 2024 | Latest News, കേരളം
കല്പ്പറ്റ: ഉറ്റവര് അന്തിയുറങ്ങുന്ന മണ്ണില് പ്രിയപ്പെട്ടവന്റെ കൈപിടിച്ച് ശ്രുതിയെത്തി. വയനാട് ദുരന്തത്തിന് ഒരുമാസം തികയുന്നതിന് ഒരുദിവസം മുന്പാണ് ജെന്സണൊപ്പം ശ്രുതി പുത്തുമലയിലെ സംസ്കാരഭൂമിയില് എത്തിയത്. ചൂരല്മലയിലെ ഉരുള്പൊട്ടലില് ശ്രുതിക്ക് അച്ഛനും അമ്മയും അനിയത്തിയും ഉള്പ്പടെ ഒന്പതുപേരെയാണ് നഷ്ടമായത്.
അപകടത്തില് മരിച്ച അച്ഛന്റെയും അനുജത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞ് സംസ്കരിച്ചിരുന്നു. എന്നാല് അമ്മയെക്കുറിച്ച് വിവരങ്ങള് ഒന്നും ഉണ്ടായിരുന്നില്ല. ഡിഎന്എ പരിശോധയില് അമ്മയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്തിമോപചാരമര്പ്പിക്കാനായി ശ്രുതി എത്തിയത്. കോഴിക്കോട് ജോലി സ്ഥലത്ത് ആയതിനാലാണ് ജൂലായ് 30നുണ്ടായ ഉരുള്പൊട്ടലില് ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടത്.
സ്കൂള് കാലം മുതല് കൂട്ടുകാരായ ശ്രുതിയും ജെന്സണും പത്തുവര്ഷത്തോളമായി പ്രണയത്തിലായിരുന്നു. വീട്ടുകാര് സമ്മതം മൂളിയതോടെ ജൂലായ് 27നായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന് സ്വരുക്കൂട്ടി വെച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും മണ്ണില് എവിടെയോ പോയി. ദുരന്തത്തിന് പിന്നാലെ ശ്രുതിയുടെ മനസിന്റെ താളം തെറ്റിപ്പോകാതെ ഒപ്പം ചേര്ത്തുപിടിച്ച് ജെന്സണ് കൂടെയുണ്ട്. ശ്രുതി മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലായിരുന്നപ്പോഴും ജെന്സൺ അവള്ക്കൊപ്പം കൂട്ടിരുന്നു. ജില്ലയിലെ കാര് ക്ലീനിങ് കമ്പനിയില് ജോലി ചെയ്യുകയാണ് ജെന്സണ്. തന്റെ സ്കൂള് കാലസുഹൃത്താണ് ശ്രുതിയെന്ന് ജെന്സണ് പറയുന്നു. അവളെ എല്ലാ കാലത്തും ചേര്ത്തുനിര്ത്തുമെന്ന് നേരത്തെ തന്നെ താന് ഉറപ്പിച്ചിരുന്നുവെന്നും ഉരുള്പൊട്ടല് ദുരന്തമുണ്ടായതിന് പിന്നാലെ ജെന്സണ് ജോലിക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
by Midhun HP News | Aug 30, 2024 | Latest News, കേരളം
ആലപ്പുഴ: ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്കൂട്ടര് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അടുക്കിവെച്ചിരുന്ന തുണിക്കെട്ടുകളില് ഇടിച്ചുനിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം. ഹരിപ്പാട്ടെ തുണിക്കടയില് നിന്ന് വസ്ത്രം വാങ്ങാന് എത്തിയതാണ് ഭര്ത്താവും ഭാര്യയും കുഞ്ഞും. ഭര്ത്താവും കുഞ്ഞും കടയ്ക്ക് പുറത്ത് സ്കൂട്ടറില് ഇരുന്നു. ഭാര്യ വസ്ത്രം വാങ്ങാന് കടയ്ക്കുള്ളിലേക്ക് പോയി. ഈസമയത്ത് കുട്ടി ആക്സിലറേറ്ററില് കൈ വച്ചതാണ് നിയന്ത്രണം വിട്ട് സ്കൂട്ടര് കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറാന് കാരണം. മുന്നില് പോകുകയായിരുന്ന ഭാര്യ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ സ്കൂട്ടര് ഇടിച്ചു തെറിച്ചുവീഴുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
ഓണവില്പ്പന മുന്നില് കണ്ട് എത്തിച്ച തുണിക്കെട്ടുകള് കടയ്ക്കുള്ളില് വച്ചിരുന്നു. ഭാഗ്യത്തിന് സ്കൂട്ടര് ഇതില് തട്ടി നിന്നത് കൊണ്ടാണ് ആര്ക്കും അത്യാഹിതം സംഭവിക്കാതിരുന്നത്. ഹരിപ്പാട്ട് സ്വദേശികളാണ് ദമ്പതികള്. കടയില് തുണി വാങ്ങാന് എത്തിയവരും മറ്റും ഉള്ള സമയത്തായിരുന്നു സംഭവം. സ്കൂട്ടര് കടയ്ക്കുള്ളിലേക്ക് പാഞ്ഞുവരുന്നത് കണ്ട് തുണി വാങ്ങാന് എത്തിയവരും കടയിലെ ജീവനക്കാരു ഒരു നിമിഷം നടുങ്ങിപ്പോയി.
by Midhun HP News | Aug 30, 2024 | Latest News, കേരളം
ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്. മന്ത്രി വി എൻ വാസവനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്
അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കി.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകി പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തിയെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Aug 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉരുളെടുത്ത ഒരു നാടിന്റെ അതിജീവനത്തിന് 46ലക്ഷം കുടുംബശ്രീ അംഗങ്ങൾ രണ്ടുദിവസത്തിനുള്ളിൽ സമാഹരിച്ചത് 20.05 കോടി രൂപ (20,05,00,682). സംസ്ഥാനമൊട്ടാകെയുള്ള അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ കഴിഞ്ഞ 10, 11 തീയതികളിലാണ് തുക സമാഹരിച്ചത്. അയൽക്കൂട്ടഅംഗങ്ങളെല്ലാവരും ഒരേ മനസ്സോടെ വയനാടിനായി ഇറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുക. തദ്ദേശമന്ത്രി എം ബി രാജേഷ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.
കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജൻസികൾ വഴി 2,05,000 രൂപയും സമാഹരിച്ചു. ഇതോടെ ആദ്യഘട്ട സമാഹരണം പൂർത്തിയായി. സംസ്ഥാനത്ത് അയൽക്കൂട്ടങ്ങളിൽ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊർജിതമാണ്. ഈ തുകയും വൈകാതെ കൈമാറും.
ധനസമാഹരണത്തിനായി “ഞങ്ങളുമുണ്ട് കൂടെ’ കുടുംബശ്രീ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അയൽക്കൂട്ട അംഗങ്ങൾ ഒന്നടങ്കം മുന്നോട്ടു വന്നത്. 2018ൽ പ്രളയക്കെടുതികളിൽ ദുരന്തബാധിതർക്ക് തുണയാകാൻ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11.18 കോടി നൽകിയിരുന്നു.
തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, എ ഗീത, ജാഫർ മാലിക്, കെ എസ് ബിന്ദു, നാഫി മുഹമ്മദ്, സി സി നിഷാദ്, അബ്ദുൾ മനാഫ്, ജി ചൈതന്യ എന്നിവരും പങ്കെടുത്തു.
by Midhun HP News | Aug 30, 2024 | Latest News, കേരളം
പോത്തൻകോട്: കഴക്കൂട്ടം തൈക്കാട് ബൈപാസിൽ ചന്തവിള ജംക്ഷനു സമീപം എതിർ ദിശകളിൽ വന്ന പിക്കപ് വാനും കാറുകളുമായി കൂട്ടിയിടിച്ചു. വാൻ ഡ്രൈവർക്കും കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ 4 പേർക്കും പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമല്ലെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആയിരുന്നു അപകടം. റോഡിന്റെ മധ്യഭാഗം കടന്ന് എതിർദിശകളിൽ വരികയായിരുന്ന പിക്കപ് വാനും കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. 2 വാഹനങ്ങളും വേഗത്തിലായിരുന്നു. മുന്നിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള പിക്കപ് വാനിന്റെ ശ്രമത്തിനിടെയായിരുന്നു അപകടം.
കാറിലിടിച്ച് നിയന്ത്രണംവിട്ട പിക്കപ് വാൻ എതിർ ദിശയിൽ വരികയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചു മറിഞ്ഞുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിനു നടുവിൽ മറിഞ്ഞു കിടന്നിരുന്ന പിക്കപ് വാൻ പിന്നീട് പൊലീസ് എത്തി വശത്തേക്ക് മാറ്റി. വലിയമല ഐഎസ്ആർഒയ്ക്കു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന കാറിലാണ് പിക്കപ് വാൻ ഇടിച്ചത്. ഈ മേഖലയിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നതെന്നും അപകടം പതിവായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Recent Comments