സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിഒഎസ് മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പിഒഎസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പെയ്‌മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒപി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരുന്നു. ഇ- ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് ഇല്ലാത്ത 80 ആശുപത്രികളില്‍ കൂടി ഈ സംവിധാനം സജ്ജമാക്കും. മുന്‍കൂറായി ടോക്കണ്‍ എടുക്കുന്നതിനോടൊപ്പം ആശുപത്രിയില്‍ ഒപി ടിക്കറ്റിന് തുക ഈടാക്കുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകും.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം തേടുന്നതിനായി ആശുപത്രിയില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒ.പി. ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നടപ്പിലാക്കും. ഈ സംവിധാനം ആദ്യഘട്ടമെന്ന നിലയില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും അതോടൊപ്പം ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെയും നടപ്പിലാക്കുന്നതാണ്.

ത്രിപുരയിൽ വൻ പ്രളയം: മരണസംഖ്യ 19 ആയി

ത്രിപുരയിൽ വൻ പ്രളയം: മരണസംഖ്യ 19 ആയി

ത്രിപുരയിൽ കനത്ത പ്രളയത്തിൽ മരണസംഖ്യ 19 ആയി. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. മണ്ണിടിച്ചിലിൽ സ്ത്രീകളും കുട്ടികളുമടക്കം ഇന്ന് 7 പേർ കൂടി മരിച്ചു.

450 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,000ത്തോളം ആളുകളാണ് കഴിയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി
അഗർത്തലയിൽ നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും മാറ്റിവച്ചു. അതേസമയം ഉത്തരാഖണ്ഡിലെ രുദ്രപ്രയാകിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. നേപ്പാൾ സ്വദേശികളാണ് മരിച്ചത് ഇന്ന് പുലർച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

രാജധാനി ബിസിനസ് സ്കൂൾ എം ബി എ 2024;  പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച്  വൈസ് ചാൻസിലർ

രാജധാനി ബിസിനസ് സ്കൂൾ എം ബി എ 2024; പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച് വൈസ് ചാൻസിലർ

തിരുവനന്തപുരം: രാജധാനി ബിസിനസ് സ്കൂളിന്റെയും എം ബി എ ജനറൽ ജനറൽ മാനേജ്മെന്റ് പന്ത്രണ്ടാം ബാച്ചിന്റെയും എം ബി എ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് രണ്ടാം ബാച്ചിന്റെയും ഈ വർഷത്തെ പ്രാരംഭ ദിനം, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിൽ പാലിക്കേണ്ട ഘടകങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയും, അധ്യക്ഷ പ്രസംഗം നിർവഹിച്ച രാജധാനി കോളേജ് ചെയർമാൻ ഡോ. ബിജു രമേശ്, കുട്ടികൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ചുള്ള വിവരണവും നൽകി.

ഈ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഗവൺമെന്റ് ഓഫ് കേരള സ്പെഷ്യൽ സെക്രട്ടറി (കൃഷി വകുപ്പ്) പ്രശാന്ത് നായർ ഐ.എ.എസ്, വിദ്യാഭ്യാസവും, സയൻസ് ആൻഡ് ടെക്നോളജിയുമായുള്ള അഭേദ്യ ബന്ധത്തെ പ്രതിപാദിക്കുകയും, ‘അതെങ്ങനെ മനുഷ്യ പുരോഗതിക്ക് സ്വായത്തമാക്കാം’ എന്നുള്ള വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു.

ഈ ചടങ്ങിൽ സന്നിഹിതയായ ” റിവ്റി ഗ്ലോബൽ” കമ്പനിയുടെ സി ഇ ഒ ആയ ടീന ജയിംസ് കുട്ടികൾ വിദ്യാഭ്യാസ ജീവിതത്തിൽ പുലർത്തേണ്ട നിഷ്കർഷതയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ചടങ്ങിൽ രാജധാനി ഗ്രൂപ്പ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേറ്റ് ഡയറക്ടർ (അക്കാഡമിക്) മേഘാ ബി രമേശ്, കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് ബാബു, ഡോ. മഹേഷ് കൃഷ്ണ, ഡോ. ബിജു ഭാസ്കരൻ എന്നിവർ സന്നിഹിതരായിരുന്നു.

രാജധാനി ബിസിനസ് സ്കൂൾ എച്ച് ഒ ഡി ഡോ. പ്രിയ പ്രസാദ് സ്വാഗതവും ഡയറക്ടർ പ്രൊഫ. രജിത് കരുണാകരൻ നന്ദിയും രേഖപ്പെടുത്തി. ഈ ചടങ്ങിൽ 2024 എംബിഎ ബാച്ചിൽ ജോയിൻ ചെയ്ത കുട്ടികളും അവരുടെ രക്ഷകർത്താക്കളും സന്നിഹിതരായിരുന്നു. ഈ ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താല്പര്യമുള്ള, ഡിഗ്രി യോഗ്യതയുള്ളവർ കോളേജുമായി നേരിട്ടോ, താഴെപ്പറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക: 7510977773, 7025377773

ബാലസംഘം കിഴുവിലം മേഖലാ സമ്മേളനം സംഘടിപ്പിച്ചു

ബാലസംഘം കിഴുവിലം മേഖലാ സമ്മേളനം സംഘടിപ്പിച്ചു

ബാലസംഘം കിഴുവിലം മേഖലാ സമ്മേളനം കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ആർ.ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. പുകയിലത്തോപ്പിലെ ലോട്ടസ്
എഡ്യുട്രോപ്പിസിൽ വച്ച് നടന്ന യോഗത്തിൽ സിത്താര, നിവേദ്യ, മേഖലകൺവീനർ എൻ.എസ്. അനിൽ, ഏര്യാ കമ്മിറ്റിയംഗം ഗ്രേയിറ്റി, എസ്. ചന്ദ്രൻ, രാധമ്മടീച്ചർ
പി. മണികണ്ഠൻ, വിഷ്ണു രാജ്എന്നിവർ പങ്കെടുത്തു.

പുതിയ മേഖല പ്രസിഡൻ്റായി സിത്താര, സെക്രട്ടറിയായ് സൂര്യാ, കൺവീനർ എൻ.എസ്. അനിൽ, കോഡിനേറ്ററായി ജി.ആർ.പ്രമോദിനേയും അക്കാഡമിക് കൺവീനറായി ആർ.കെ. ബാബുവിനെയും തിരഞ്ഞെടുത്തു. സമ്മേളനത്തിന്ആർ.കെ. ബാബു സ്വാഗതവും സൂര്യ കൃതജ്ഞതയും പറഞ്ഞു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡിനർഹയായി ബീന.പി

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡിനർഹയായി ബീന.പി

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ദീർഘകാല സേവനത്തിന് സംസ്ഥാന അവാർഡ് ബീന.പി. യ്ക്ക് ലഭിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് പി.അനിതകുമാരിയുടെ അധ്യക്ഷതയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഷാനവാസ്. എസ് ഐ എ എസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് സലാഹുദീൻ നൽകി.

അധ്യാപന ജീവിതത്തോടൊപ്പം 2000-ൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിലൂടെ 300 ഓളം ഗൈഡ്സ് കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡുകളും 60 ഓളം രാജ്യ പുരസ്കാർ അവാർഡുകളും നേടികൊടുക്കാനായിട്ടുണ്ട്. 36 വർഷത്തെ അധ്യാപന സേവനത്തിനിടയിൽ ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം എൽ. പി. സ്കൂൾ, ഗവൺമെന്റ് ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ, ഗവ. ഹൈസ്കൂൾ ഞെക്കാട് എന്നിവിടങ്ങളിൽ അധ്യാപികയായും ഗവൺമെന്റ് എൽ. പി. എസ് ചായം, ഗവൺമെന്റ് യു. പി. എസ്. ശ്രീനാരായണപുരം എന്നിവിടങ്ങളിൽ പ്രഥമാധ്യാപികയായും പ്രവർത്തിച്ചു.

സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്നേഹഭവനം പദ്ധതിയിൽ ശ്രീനാരായണപുരം സ്കൂളിലെ ഗൈഡ് വിഭാഗം കുട്ടിയ്ക്ക് വീടു നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകി. റിട്ടയർമെന്റിനു ശേഷവും സ്കൗട്ട്, ഗൈഡ് പ്രസ്ഥാനത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. സ്കൗട്ട്സ് ആന്റ്ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്

വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്

വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വരൂപിച്ച 10,000 രൂപയുടെ ചെക്ക് ആറ്റിങ്ങൽ എം എൽ എ ഒ.എസ്.അംബികയ്ക്ക്, ക്ലബ്ബ് മുഖ്യ രക്ഷാധികാരി അഡ്വ. സി.ജെ.രാജേഷ്കുമാർ, പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ് എന്നിവർ ചേർന്ന് കൈമാറി