‘അഭിമാനം, വലിയ പ്രതീക്ഷ’; ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാത നിര്‍മാണത്തിന് തുടക്കമായി

‘അഭിമാനം, വലിയ പ്രതീക്ഷ’; ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാത നിര്‍മാണത്തിന് തുടക്കമായി

കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തിക്കു തുടക്കമായി. ആദ്യ ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

ഏകദേശം 8.7 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് – വയനാട് യാത്രാസമയം പകുതിയായി കുറയും. ആനക്കാംപൊയില്‍ മുതല്‍ മേപ്പാടി വരെ ഏകദേശം 8.7 കിലോമീറ്റര്‍ ആണ് തുരങ്കപാതയുടെ ദൂരം. 2000 കോടിയിലധികം രൂപയാണ് ചെലവ്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കം നിര്‍മിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

നാലുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നാണ് പാറതുരക്കലിന് ആരംഭം കുറിക്കുക. തുടര്‍ന്ന് വൈകാതെത്തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കും. ഒരേസമയത്തുതന്നെ ഇരുധ്രുവത്തില്‍നിന്ന് തുരന്നുപോകുന്നതാണ് നിര്‍മാണരീതി. മലബാര്‍ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഈ പാത വഴിതുറക്കും.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. തുരങ്കപാതയുടെ നിര്‍മാണക്കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനിയും സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാന ആസ്ഥാനമായ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാരിന്റെ ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്.

ഓപ്പറേഷനിടെ വയറ്റില്‍ തുണിക്കഷണം തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

ഓപ്പറേഷനിടെ വയറ്റില്‍ തുണിക്കഷണം തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഓപ്പറേഷനിടെ വയറില്‍ തുണിക്കഷണം തുന്നിക്കെട്ടി. ഇതേത്തുടര്‍ന്ന് മുറിവ് ഉണങ്ങാതെ പഴുത്തുവെന്നും പരാതിയില്‍ ഷീബ പറയുന്നു.

പനി ബാധിച്ചാണ് ഡിസംബര്‍ രണ്ടിന് ഷീബ ആശുപത്രിയില്‍ ചെല്ലുന്നത്. പിറ്റേദിവസം വയറുവേദനയുണ്ടായി. സ്‌കാനിങ്ങിന് ശേഷം അപ്പന്‍ഡിസൈറ്റിസിന് ഓപ്പറേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. ബ്ലീഡിങ്ങ് ഉണ്ടായതിനു പിന്നാലെ ശസ്ത്രക്രിയ ചെയ്തുവെന്നും ഷീബ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നുമാസത്തോളം വയറുവേദന തുടര്‍ന്നുവെന്നും ഷീബ പറഞ്ഞു.

മുറിവിന്റെ ഭാ​ഗം ഉണങ്ങാതെ പഴുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സ തേടിയപ്പോള്‍, അവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ശസ്ത്രക്രിയയ്ക്കിടെ തുണി വയറില്‍ തുന്നിക്കെട്ടിയതായി കണ്ടെത്തിയതെന്ന് ഇവര്‍ പറയുന്നു. പിന്നീട് വീണ്ടും ഓപ്പറേഷൻ നടത്തി തുണിക്കഷണം പുറത്തെടുക്കുകയായിരുന്നു. അപ്പന്‍ഡിസെറ്റിസിന് ഡിസംബര്‍ മൂന്നിനാണ് ഷീബ മിഷന്‍ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയയായത്. ഡിസംബര്‍ 12 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. എവിടെ നിന്നാണ്, എങ്ങനെയാണ് ഷിബയുടെ വയറില്‍ തുണിക്കഷണം പോയതെന്ന് വ്യക്തമല്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്.

ദേശീയ പാതയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞു വീട്ടില്‍ പോയി കിടന്ന് ഉറങ്ങി, രണ്ട് യുവാക്കള്‍ പിടിയില്‍

ദേശീയ പാതയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞു വീട്ടില്‍ പോയി കിടന്ന് ഉറങ്ങി, രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കും കാറുകള്‍ക്കും നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മാത്തറ കോന്തനാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുണ്‍ (22), 17കാരന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അറസ്റ്റിലേക്ക് നയിച്ച കല്ലേറ്. പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. കല്ലേറില്‍ ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിയുടെയും രണ്ട് കാറുകളുടെയും മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ വാഹന ഉടമകള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പ്രദേശവാസിയായ ഒരാളില്‍ നിന്ന് ലഭിച്ച കാറിനെക്കുറിച്ചുള്ള സൂചനയാണ് പ്രതികളിലേക്ക് എത്തിച്ചത്. പൊലീസ് തേടിയെത്തുമ്പോൾ ഇരുവരും വീടുകളില്‍ ഉറക്കത്തിലായിരുന്നു.

മദ്യലഹരിയിലാണ് ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. കല്ലും ഇരുമ്പ് കമ്പികളും ഉപയോഗിച്ചാണ് ഇവര്‍ വാഹനങ്ങളെ ആക്രമിച്ചത്. വരുണിന്റെ പേരിൽ മുൻപ് കേസുകളൊന്നുമില്ല. എന്നാൽ, കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൾ മുൻപ് പല കേസുകളിലും ഉൾപ്പെട്ട് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ളയാളാണ്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇത്തരമൊരു അതിക്രമത്തിൽ പങ്കാളിയായത്.

ദേശീയ പാതയില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഗ്ലാസ് തകര്‍ന്നപ്പോള്‍ ഡ്രൈവര്‍മാര്‍ സംയമനം പാലിച്ചത് അപകടങ്ങള്‍ ഒഴിവാക്കിയെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു. ഇൻസ്പെക്ടർ ശ്രീകുമാർ, എസ്‌ഐ നിതീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം: വീഴ്ച പരിശോധിക്കും; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ഡിഒയ്ക്കു നിര്‍ദേശം

പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം: വീഴ്ച പരിശോധിക്കും; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ഡിഒയ്ക്കു നിര്‍ദേശം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിലെ വീഴ്ച പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷനാണ് ശുചീകരണ ചുമതലയെങ്കിലും എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തില്‍ വീഴ്ച സംഭവിച്ചതായുമുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി.

‘ഭക്തജനലക്ഷങ്ങള്‍ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ആര്‍ഡിഒ – യെ ചുമതലപ്പെടുത്തി’ – മന്ത്രി പറഞ്ഞു. കോര്‍പ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും നഗരത്തെ പൂര്‍വ്വസ്ഥിതിയിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചിക്കന്‍ ബിരിയാണി, നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറി; വന്ദേഭാരതിലെ മെനു പരിഷ്‌കരിച്ചു

ചിക്കന്‍ ബിരിയാണി, നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറി; വന്ദേഭാരതിലെ മെനു പരിഷ്‌കരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള കാസര്‍കോട് – മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മൂന്നുതരത്തിലുള്ള മെനുവാണ് വിവിധ ദിവസങ്ങളിലുള്ള യാത്രക്കാര്‍ക്ക് ലഭിക്കുക. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള വെജിറ്റേറിയന്‍ മെനു ഇങ്ങനെ

നെയ്‌ച്ചോര്‍, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, തോരന്‍, ഫ്രൂട്ട് ട്രൈഫൂല്‍

മട്ടയരി ചോറ്, രണ്ട് ചപ്പാത്തി, തീയല്‍, വറുത്തരച്ച വെജ് കറി, അടപ്രഥമന്‍

വെജ് ബിരിയാണി, മലബാര്‍ പൊറോട്ട, ഗ്രീന്‍പീസ് (പാല്‍ പിഴിഞ്ഞ കറി), പൊട്ടറ്റോ മസാല, സേമിയ പായസം.

നോണ്‍വെജ്

നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറി

മട്ടയരി ചോറിനൊപ്പം മലബാര്‍ ചിക്കന്‍ കറി

ചിക്കന്‍ ബിരിയാണി, എക്‌സിക്യുട്ടീവ് ക്ലാസില്‍ മട്ടയരി ചോറിനൊപ്പം മീന്‍ കറിയും ലഭിക്കും.

പ്രഭാത ഭക്ഷണ വെജ് മെനു

ഇഡലി, വട, സാമ്പാര്‍ ഉണ്ണിയപ്പം

ഇടിയപ്പം, കടലക്കറി, വട, ടീ കേക്ക്

മിക്‌സ് വെജ് ഉപ്പുമാവ്, വട, സാമ്പാര്‍, ചട്ട്‌നി, വട്ടയപ്പം

നോണ്‍ വെജ്

മുട്ട ചിക്കിയത്, വെജ് കട്‌ലറ്റ്, ഉണ്ണിയപ്പം, ബ്രഡ് റോള്‍

ഇടിയപ്പം, മുട്ടറോസ്റ്റ്, വട, ടീ കേക്ക്

മുട്ട ചിക്കിയത്, മസാല ബണ്‍, വെജ് കട്‌ലറ്റ്, വട്ടയപ്പം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ മാറി വരും.

ലഘുഭക്ഷണത്തില്‍ ഇലയട, പരിപ്പുവട, കൊഴുക്കട്ട, ചീര വട എന്നിവയും വിവിധ ദിവസങ്ങളില്‍ ലഭിക്കും, കഴിഞ്ഞ രണ്ടാഴ്ചയായി നന്ന മീല്‍ ട്രയലിന് തൃപ്തികരമായ പ്രതികരണമാണ് യാത്രക്കാരില്‍ നിന്ന് ലഭിച്ചതന്നെ് അധികൃതര്‍ അറിയിച്ചു.

സുഖോയ് വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

സുഖോയ് വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഡല്‍ഹി: അസമിലെ ജോര്‍ഹട്ടിന് സമീപത്ത് തകര്‍ന്നു വീണ സുഖോയ് 30 MKI യുദ്ധവിമാനത്തിലെ വൈമാനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായതായി വ്യോമസേന സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി ജോര്‍ഹട്ട് എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക് ഓഫ് ചെയതിന് പിന്നാലെ 7.42ന് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ അസമിലെ ജോര്‍ഹട്ടില്‍ നിന്ന് 60 കി.മി അകലെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരുടെ മരണം വ്യോമ സേന സ്ഥിരീകരിച്ചത്. ‘അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു,’ ഐഎഎഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. റഷ്യന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച സുഖോയ് 30 MKI യുദ്ധവിമാനം നിലവില്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.