by Midhun HP News | Mar 1, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടന്‍: യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു. ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യൂഹുവും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരികരണം.
യുഎസ് – ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഖമേനിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കന്‍ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജന്‍സിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാന്‍ ഖമേനിക്ക് കഴിഞ്ഞില്ല. ഇസ്രയേലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഖമേനിക്കും ഒപ്പമുള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റവല്യൂഷണറി ഗാര്‍ഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളില്‍ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങള്‍ അറിയുന്നു. ഇന്നലെ പറഞ്ഞതുപോലെ, ”ഇപ്പോള്‍ അവര്‍ക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവര്‍ക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റവല്യൂഷണറി ഗാര്‍ഡും പൊലീസും ഇറാനിലെ രാജ്യസ്നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അര്‍ഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കില്‍ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ ട്രംപ് കുറിച്ചു.
ഇറാന്റെ പരമോന്നത നേതാവ്, പ്രസിഡന്റ്, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി, പാര്‍ലമെന്റ് സ്പീക്കര്‍ എന്നിവര്‍ സുരക്ഷിതരാണെന്നായിരുന്നു ഇതിന് പിന്നാലെ ഇറാന്റെ പ്രതികരണം. ഇവര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ശത്രുക്കള്‍ നടത്തുന്ന മനശാസ്ത്രപരമായ യുദ്ധത്തിന്റെ ഭാഗമാണെന്ന് ഖമേനിയുടെ ഓഫിസിലെ പബ്ലിക് റിലേഷന്‍സ് മേധാവി സാമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഖമേനി ഇപ്പോഴും അധികാരത്തില്‍ തുടരുന്നുവെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികളും രണ്ട് പാര്‍ലമെന്റ് അംഗങ്ങളും പരസ്യമായി അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഖമേനിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടുന്ന സമുച്ചയത്തിന് നേരെ 30 ബോംബുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖമേനി ഒരു ഭൂഗര്‍ഭ ബങ്കറിലായിരുന്നുവെന്നും എന്നാല്‍ ആക്രമണത്തെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷം പടര്‍ന്നു. ഇസ്രയേലിന് പുറമെ ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിന്റെ വക്കിലാണ്. 1989-ല്‍ റുഹുള്ള ഖമേനിയുടെ മരണശേഷമാണ് അലി ഖമേനി അധികാരമേറ്റത്. കഴിഞ്ഞ 36 വര്‍ഷമായി ഇറാനിലെ അവസാന വാക്ക് ഖമേനിയുടേതായിരുന്നു.
by Midhun HP News | Mar 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പൊങ്കാല പ്രത്യേക ക്രമീകരണങ്ങള്‍ കാരണം 2026 മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും. നിലവിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം രണ്ടാം എന്‍ട്രന്‍സ് (പവര്‍ ഹൗസ് റോഡ് വശം) പൂര്‍ണമായി അടച്ചിരിക്കുന്നു.എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് തീര്‍ഥാടകരും താഴെപ്പറയുന്ന എന്‍ട്രന്‍സുകള്‍ ഉപയോഗിക്കണമെന്ന് റെയില്‍വേ അഭ്യര്‍ഥിച്ചു.
തമ്പാനൂര്‍ വശത്തുള്ള പ്രധാന എന്‍ട്രന്‍സ്
പാര്‍സല്‍ ഓഫീസ് വശവും പ്രീമിയം പാര്‍ക്കിങ് എന്‍ട്രന്‍സ്
തൈക്കാട് വനിതാ & ശിശു ആശുപത്രിക്ക് സമീപമുള്ള ഓവര്‍ബ്രിഡ്ജിനടുത്തുള്ള അണ്ടര്‍പാസ്
2026 മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം താഴെപ്പറയുന്ന പ്ലാറ്റ്‌ഫോമുകളില്‍ നിന്നായിരിക്കും പുറപ്പെടുക.
കൊല്ലം ജങ്ഷന്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍- പ്ലാറ്റ്‌ഫോമുകള്‍ 1, 2, 3, 4,
നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍- പ്ലാറ്റ്‌ഫോം 5
ട്രെയിന്‍ ഷെഡ്യൂളിനനുസൃതമായി പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കും. ഹോള്‍ഡിങ് ഏരിയകള്‍ക്ക് സമീപം അധിക ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജീകരിക്കും. റിസര്‍വ്ഡ് ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് പ്രധാന എന്‍ട്രന്‍സ് പോര്‍ട്ടിക്കോ വഴി നേരിട്ട് പ്രവേശിക്കാം. കൂടാതെ, റിസര്‍വ്ഡ് യാത്രക്കാരുടെ സൗകര്യാര്‍ഥം തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ താഴെപ്പറയുന്ന ട്രെയിനുകള്‍ക്ക് ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Mar 1, 2026 | Latest News, കേരളം
കൊച്ചി: ഇറാനെതിരായ യു എസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തിൽ വലഞ്ഞ് കേരളത്തിൽ നിന്നുള്ള വിമാന യാത്രക്കാരും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ നിന്നും 17 സർവീസുകളും കരിപ്പൂരിൽ നിന്നും 21 സർവീസുകളും കൊച്ചിയിൽ നിന്ന് 16 വിമാനങ്ങളുമാണ് സർവീസ് റദ്ദാക്കിയത്. വരും മണിക്കൂറുകളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കിയേക്കുമെന്നാണ് വിമാനക്കമ്പനികൾ നൽകുന്ന സൂചന.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 17 സർവീസുകൾക്ക് പുറമെ ഇവിടേക്ക് എത്തേണ്ട 20 വിമാനങ്ങൾ ഇതുവരെ എത്തിയിട്ടില്ല.
ഇന്ന് റിയാദിലേക്ക് ഒരു വിമാനസർവീസ് മാത്രമാണ് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടത്. ഇവിടെ നിന്ന് 32 സർവീസുകളാണ് രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത്. കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന 25 വിമാനങ്ങളും സർവീസ് അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും രണ്ട് വിമാനങ്ങളാണ് ഗൾഫ് മേഖലയിലേക്ക് ഇന്ന് സർവീസ് നടത്തുക. രാവിലെ 8.10ന് മസ്കത്തിലേക്ക് ഒമാൻ എയറിന്റെ വിമാനം പുറപ്പെട്ടു. സൗദി എയർലൈനിന്റെ ജിദ്ദ വിമാനം 11.30ന് പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം ഒന്നര മണിക്കൂറിനു ശേഷം തിരിച്ചു കൊച്ചിയിൽ തന്നെ ഇറക്കിയിരുന്നു. ഈ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ യാത്ര സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
by Midhun HP News | Feb 28, 2026 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് ഉച്ചക്കും സ്വർണ വിലയിൽ മാറ്റമുണ്ടായി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,23,720 രൂപയായി. ഉച്ചയായപ്പോഴേക്കും പവന് കൂടിയത് 2920 രൂപയാണ്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,20,800 രൂപയായിരുന്നു വില. ഇന്നത്തെ ദിവസമാകെ 5240 രൂപയാണ് പവന് വർധിച്ചത്.
by Midhun HP News | Feb 28, 2026 | Latest News, ദേശീയ വാർത്ത
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി. ഇസ്രയേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ പതിച്ചെന്ന് ഇസ്രയേൽ സേനയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാൻ സൈന്യം ആയുധം താഴെ വയ്ക്കണമെന്നും ഇറാൻ ഭരണകൂടത്തെ വീഴ്ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനയോട് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു. കീഴടങ്ങുക, അല്ലെങ്കിൽ മരണമെന്ന അന്ത്യശാസനം ഇറാൻ റെവല്യൂഷനറി ഗാർഡിനും യു എസ് പ്രസിഡന്‍റ് നൽകി. ഇറാൻ നാവികസേനയെ ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇറാൻ തങ്ങളുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പൊടുന്നനെ കടക്കാൻ യു എസിനെ പ്രേരിപ്പിച്ചതെന്നും പ്രസിഡന്‍റ് വിവരിച്ചു. അമേരിക്കയിൽ എത്താൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും ആരോപിച്ചു. യു എസിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കുന്നതുവരെ കാത്തിരിക്കാൻ ആകില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
by Midhun HP News | Feb 28, 2026 | Latest News, കേരളം
ദുബൈ: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായി പശ്ചിമേഷ്യ. ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനില്‍ നിന്നും വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങള്‍ ഉണ്ടായി. പിന്നാലെ ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഇറാന്‍ മിസൈല്‍ നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷ ഭീതിയുടെ പശ്ചാത്തലത്തില്‍ ദോഹയിലെ തന്ത്ര പ്രധാനമേഖലയില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന മുന്നറിയിപ്പും ഖത്തര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ബഹ്റൈനിലും സ്ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പലിന്റെ ബഹ്റൈനിലെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ പ്രതിരോധിച്ചതായും, ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനില്‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടങ്ങിയത്.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഇസ്രയേല്‍ – യുഎസ് സംയുക്ത ആക്രമണത്തില്‍ ഒരു സ്ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്റാനില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്
Recent Comments