by Midhun HP News | Jul 20, 2024 | Latest News, കേരളം
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. ഫാത്തിമയുടെ പിതാവ് ഷരീഫ് വിദേശത്താണ്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം നടത്തുക.
by Midhun HP News | Jul 20, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും താഴേക്ക്. 280 രൂപ കുറഞ്ഞ പവന്‍ വില 54,240ല്‍ എത്തി. ഗ്രാമിന് കുറഞ്ഞത് 35 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6780 രൂപ.കഴിഞ്ഞ രണ്ടു ദിവസവും പവന്‍ വില കുറവു രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 120 രൂപയും വെള്ളിയാഴ്ച 360 രൂപയുമാണ് ഇടിഞ്ഞത്. മൂന്നു ദിവസം കൊണ്ട് ഇടിവ് 760 രൂപ.
by Midhun HP News | Jul 20, 2024 | Latest News, കേരളം
കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ യാത്രക്കാരന് കുത്തേറ്റു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തത ആളെയാണ് സഹയാത്രികൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് നെറ്റിൽ കുത്തി പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം.
ട്രെയിൻ വടകരയിൽ എത്തിയപ്പോൾ ആർപിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. കോച്ചിനുള്ളിൽ ശല്യം ചെയ്തപ്പോൾ മാറിനിൽക്കാൻ പല തവണ ഇയാളോട് സ്ത്രീകൾ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോഴാണ് യാത്രക്കാരൻ ഇടപെട്ടത്. തുടർന്ന് സ്ക്രൂ ഡൈവർ ഉപയോഗിച്ച് ഇയാൾ യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. എന്നാൽ മുറിവ് സാരമില്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. മുന്‍പ് തീവെപ്പ് നടന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഇപ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് പൊലീസുകാരില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
by Midhun HP News | Jul 20, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കി പീരുമേടിലെ തേയില ഫാക്ടറിയിൽ പച്ചക്കൊളുന്ത് വെട്ടിച്ചെറുതാക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. പട്ടുമല എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ രാജേഷ് (37) ആണ് മരിച്ചത്. കൃത്യമായ ഇടവേളകളിൽ യന്ത്രത്തിന്റെ വാതിൽ തുറക്കുകയും അകയ്ക്കുകയും ചെയ്യും. ഇതിനിടെയാണ് തൊഴിലാളികൾ യന്ത്രത്തിനുള്ളിൽ അടിയുന്ന തേയില മാറ്റുന്നത്.
വെള്ളിയാഴ്ച ഇത്തരത്തിൽ തേയില മാറ്റുന്നതിനിടെ വാതിൽ അടയുകയും രാജേഷിന്റെ തല യന്ത്രത്തിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രാജേഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കമ്മിഷൻ അംഗം വികെ ബീനാകുമാരി നിർദേശിച്ചു. രാജേഷിന്‍റെ സംസ്കാരം ഇന്നു രാവിലെ 10ന് പട്ടുമല പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: സുധ. മക്കൾ: സൗപർണിക, സിദ്ധാർഥ്.
by Midhun HP News | Jul 20, 2024 | Latest News, കേരളം
പത്തനംതിട്ട: മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ആത്മഹത്യാ ഭീഷണിയും അസഭ്യ കമന്‍റുകളും. മോശം കമന്റ് ഇട്ട രണ്ട് വിദ്യാർഥികളുടെ അക്കൗണ്ട് സൈബർ സെൽ വഴി കണ്ടെത്തി മാതാപിതാക്കളെ വിളിച്ചു വരുത്തി കലക്ടർ എസ് പ്രേം കൃഷ്ണൻ താക്കീതു ചെയ്തു. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ നിരവധി ഫോണ്‍ വിളികളാണ് വരുന്നതെന്നും കലക്ടര്‍ പറയുന്നു.
ഓഫീഷ്യൽ ഫേസ് ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്സണൽ അക്കൌണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും അയക്കുന്നവരുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. ചിലരുടെ സംഭാഷണത്തിൽ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയതോടെയാണ് സൈബർ സെല്ലിനെ സമീപിച്ചത്. അവധി തന്നില്ലെങ്കിൽ സ്കൂളിൽ പോകില്ല, തന്‍റെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കിൽ കളക്ടറായിരിക്കും ഉത്തരവാദി എന്നതടക്കമുള്ള മെസേജുകൾ വന്നിട്ടുണ്ടെന്ന് കളക്ടർ പറയുന്നു. സഭ്യമല്ലാത്ത മെസേജുകൾ വന്നപ്പോൾ ആരാണെന്ന് സൈബർ സെൽ വഴി അന്വേഷിച്ചു. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോൾ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചു. രാത്രി 12നു ശേഷം രക്ഷിതാക്കളെന്ന ഭാവത്തിൽ വിളിച്ച വിദ്യാർഥികളുണ്ട്. അവധി ആവശ്യപ്പെടാൻ അച്ഛന്റെയും അമ്മയുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചവരുമുണ്ടെന്നും കലക്ടർ പറഞ്ഞു.
by Midhun HP News | Jul 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ (45) എന്നിവരാണ് മരിച്ചത്. റീജയെ കിടപ്പുമുറിയിൽ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ഇതേ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എട്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികൾ ഉണ്ട്. കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചു വരികയാണ് റീജ. റീജയെ കാണാനില്ലെന്നു കാട്ടാക്കട സ്റ്റേഷനില്‍ റീജയുടെ മക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Recent Comments