നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

ഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ പി കെ മിശ്ര, എഎസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാനാര്‍ത്ഥിയായ മീനാക്ഷി നടരാജനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായതിനാല്‍, ഇന്നു തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് മീനാക്ഷി നടരാജനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി കോടതിയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഇടയ്ക്കുവെച്ച് കോടതികള്‍ ഇടപെടാറില്ലെന്ന് ജസ്റ്റിസ് പി കെ മിശ്ര പറഞ്ഞു. ‘ഇത് എങ്ങനെയാണ് നിലനില്‍ക്കുക’ എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.

എന്നാല്‍, പ്രകടമായ തെറ്റുകള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയുമെന്ന് മനു അഭിഷേക് സിങ് വി വാദിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നും സിങ് വി കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വാദത്തെ എതിര്‍ത്തു. തുടര്‍ന്നാണ് കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനാണ് മീനാക്ഷി നടരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നു കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. എന്നാല്‍ ക്രിമിനല്‍ കേസില്ലെന്നും, സ്വകാര്യ അന്യായത്തില്‍ കോടതി നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം ടാങ്കര്‍ കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇക്കാര്യം സ്ഥീരീകരിച്ചു.

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കപ്പലിന് നേരെ തങ്ങളുടെ സൈന്യം ‘കൃത്യതയാര്‍ന്ന’ (precision) ആക്രമണം നടത്തിയതെന്നാണ് യുഎസിന്റെ വാദം. ഈ ടാങ്കര്‍ ഇറാനില്‍ നിന്നുള്ള എണ്ണയാണ് കൊണ്ടുപോയിരുന്നതെന്നും യുഎസ് അവകാശപ്പെടുന്നു. അതേസമയം, ഈ ആക്രമണത്തിന് പിന്നാലെ ഇന്ത്യ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ആക്രമണത്തില്‍ തങ്ങളുടെ ‘ശക്തമായ പ്രതിഷേധം’ രേഖപ്പെടുത്തി.

‘സെറ്റെബെല്ലോ’ എന്ന ടാങ്കര്‍ കപ്പലിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന്, വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കയുടെ ഉദ്യോഗസ്ഥന്‍ ജേസണ്‍ മീക്‌സിനെയാണ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇന്ത്യ ആക്രമണത്തെ ശക്തമായി അപലപിക്കുകയും കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ‘ഒമാന്‍ തീരത്ത് വാണിജ്യ കപ്പലായ സെറ്റെബെല്ലോയ്ക്ക് നേരെ ഇന്ന് നടന്ന ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു,’- എന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

‘ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച’ ; സിപിഎം സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്ന് തിരുത്ത്

‘ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച’ ; സിപിഎം സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്ന് തിരുത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതി മൂന്നു സുപ്രധാന തിരുത്തലുകള്‍ വരുത്തി. തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം, വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, എ പത്മകുമാറിനെതിരായ നടപടി എന്നിവയിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട് തിരുത്താന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി.

തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. പ്രാദേശിക വിഭാഗീയതയും എസ്‌ഐആര്‍ അടക്കമുള്ള നടപടികളുമാണ് തളിപ്പറമ്പിലെ തോല്‍വിക്ക് കാരണമെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പൊതു അഭിപ്രായം ഉയര്‍ന്നത്.

തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ 73 പേരാണ് പങ്കെടുത്തിരുന്നത്. അതില്‍ 70 പേരും പി കെ ശ്യാമളുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെയും, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും താല്‍പ്പര്യപ്രകാരമായിരുന്നു. ആ തീരുമാനത്തില്‍ വീഴ്ചയുണ്ടെന്നും നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. തീരുമാനം ഞെട്ടിച്ചെന്ന് കാസര്‍കോടു നിന്നുള്ള അംഗം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയെ എതിര്‍ക്കുന്നതില്‍ സിപിഎം നേതൃത്വത്തിന് വീഴ്ച പറ്റിയെന്നതാണ് മറ്റൊരു തിരുത്ത്.

നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളിക്കെതിരെ നിലപാട് മയപ്പെടുത്തിയായിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെയല്ല, മുസ്ലിം ലീഗിനെതിരെയാണ് പ്രസ്താവനയെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആദ്യ നിലപാട്. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതിനെയും സിപിഎം നേതൃത്വം ന്യായികരിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളെ പാര്‍ട്ടി നേതൃത്വം അപ്പോള്‍ തന്നെ എതിര്‍ക്കേണ്ടതായിരുന്നു എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരായ നടപടിയിലാണ് മറ്റൊരു തിരുത്ത്. നേരത്തെ പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സിപിഎം മടിച്ചിരുന്നു. തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു നിര്‍ദേശം. എന്നാല്‍ നേരത്തെ തന്നെ പത്മകുമാറിനെതിരെ നടപടി വേണമായിരുന്നു എന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം ഉയര്‍ന്നത്. നടപടിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും ശഠിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ ‘ഫ്ലെക്സ് യുദ്ധം’ കനക്കുന്നു

400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ ‘ഫ്ലെക്സ് യുദ്ധം’ കനക്കുന്നു

മലപ്പുറം: ലോകകപ്പിന്റെ ആദ്യ വിസിൽ ഇന്ന് മുഴങ്ങുമ്പോൾ, ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ സ്റ്റേഡിയങ്ങളിൽ പന്തുരുളുന്നതിന് മുമ്പേ മലബാറിൽ ഫുട്ബോൾ ലഹരി അതിന്റെ ഉച്ചസ്ഥായിയിലെത്തി കഴിഞ്ഞു. റോഡരികുകളിലും പാടങ്ങൾക്കിടയിലും കവലകളിലും ഇപ്പോൾ ഏറ്റുമുട്ടുന്നത് ടീമുകളല്ല, ആരാധകരാണ്. ബ്രസീലും അർജന്റീനയും പോർച്ചുഗലും തമ്മിലുള്ള പോരാട്ടം ഇത്തവണയും സോഷ്യൽ മീഡിയയിലെ ട്രോളുകളിലോ ചർച്ചകളിലോ ഒതുങ്ങിയിട്ടില്ല. ഫ്ലെക്സ് ബോർഡുകളുടെയും ഭീമൻ കട്ടൗട്ടുകളുടെയും വലുപ്പം കൊണ്ടാണ് ഓരോ കൂട്ടരും തങ്ങളുടെ ആധിപത്യം തെളിയിക്കുന്നത്.

മലപ്പുറം ജില്ലയിലെ മുണ്ടയിൽ ഇപ്പോൾ നടക്കുന്നത് ഒരു ‘ഫ്ലെക്സ് യുദ്ധം’ തന്നെയാണ്. ആദ്യം രംഗത്തെത്തിയത് ബ്രസീൽ ആരാധകർ. 400 അടി നീളമുള്ള കൂറ്റൻ ഫ്ലെക്സ് ഉയർത്തി അവർ അർജന്റീന ആരാധകരെ ഇതിലും വലുത് വെക്കാൻ വെല്ലുവിളിച്ചു. പക്ഷേ ആ വെല്ലുവിളി അധികനേരം നിലനിന്നില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ അർജന്റീന ആരാധകർ 666 അടി നീളമുള്ള ഭീമൻ ഫ്ലെക്സുമായി രംഗത്തെത്തി. റോഡരികിലൂടെ പാമ്പുപോലെ നീണ്ടുകിടക്കുന്ന ആ ഫ്ലെക്സ് കണ്ടാൽ തന്നെ ആരാധകരുടെ വാശിയുടെ വലുപ്പം മനസ്സിലാകും. “ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഫ്ലെക്സാണിത്,” എന്നാണ് അർജന്റീന ആരാധകരുടെ അവകാശവാദം.

പാലക്കാട്ടെ കോങ്ങാടാണ് ഈ മത്സരത്തിന് തീ കൊളുത്തിയത്. അവിടെ അർജന്റീന ആരാധകർ 160 അടി നീളമുള്ള ഫ്ലെക്സ് സ്ഥാപിച്ചതോടെ തുടങ്ങി ആരാധക പോര്. ഇതിനുമറുപടിയായി അർജന്റീനയുടെ വക മുണ്ടയിൽ 300 അടി ഫ്ലെക്സ് വരുമെന്ന പ്രഖ്യാപനം വന്നതോടെ മുണ്ടയിലെ ബ്രസീൽ ആരാധകർ കാത്തുനിന്നില്ല. “അവരെക്കാൾ വലുതൊന്ന് വേണമെന്ന് മാത്രമാണ് ഞങ്ങൾ ചിന്തിച്ചത്. അങ്ങനെയാണ് 400 അടി ഫ്ലെക്സ് ഒരുക്കിയത്,” മുണ്ട ബ്രസീൽ ഫാൻസ് അസോസിയേഷൻ അംഗം ജബിൻ ലുക്മാൻ പറയുന്നു.

പക്ഷേ അതിലും വലിയ മറുപടി അർജന്റീന ക്യാമ്പിൽ തയ്യാറാകുന്നുണ്ടായിരുന്നു. “ബ്രസീലുകാർ 400 അടി ഫ്ലെക്സ് പ്രഖ്യാപിച്ചതോടെ ഞങ്ങൾ പദ്ധതി മാറ്റി. ആരും ഞങ്ങളെ മറികടക്കരുത് എന്നായിരുന്നു തീരുമാനം. അങ്ങനെയാണ് 666 അടി ഫ്ലെക്സ് യാഥാർഥ്യമായത്,” അർജന്റീന ആരാധകൻ ജെൻസിൽ ജാൻ പറയുന്നു.

വയലിൽ ഉയരുന്ന ഭീമൻ കട്ടൗട്ടുകൾ

മലപ്പുറത്ത് ഫ്ലെക്സിന്റെ നീളത്തിലാണ് മത്സരം നടക്കുന്നതെങ്കിൽ, കോഴിക്കോട് അത് ഉയരത്തിലാണ്. ഓമശ്ശേരിയിലെ അമ്പലക്കണ്ടിയിൽ നെൽവയലിന് നടുവിൽ ഇപ്പോൾ ലോക ഫുട്ബോളിലെ മൂന്ന് മഹാതാരങ്ങൾ നേർക്കുനേർ നിൽക്കുകയാണ്. ആദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 28 അടി ഉയരമുള്ള കട്ടൗട്ടുമായി പോർച്ചുഗൽ ആരാധകർ രംഗത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ ബ്രസീൽ ആരാധകർ നെയ്മറുടെ 40 അടി കട്ടൗട്ടുമായി മറുപടി നൽകി. പിന്നാലെ ലയണൽ മെസ്സിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് ഉയർന്നതോടെ നെൽവയൽ ഒരു ഫുട്ബോൾ ഗാലറി ആയി തന്നെ മാറി.

പാടത്തിന്റെ നടുവിൽ റൊണാൾഡോയും മെസ്സിയും നെയ്മറും നേർക്കുനേർ നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സെൽഫിയെടുക്കാനും വീഡിയോകൾ പകർത്താനും ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്. “ലോകകപ്പ് അമേരിക്കയിലായിരിക്കാം. പക്ഷേ അതിന്റെ ഹൃദയമിടിപ്പ് ഇപ്പോൾ മലബാറിലാണ് കേൾക്കുന്നത്,” ഓമശ്ശേരിയിലെ ബ്രസീൽ ആരാധകൻ അറഫത്ത് പറയുന്നു. “കളിക്കളത്തിന് പുറത്താകുമ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്. പക്ഷേ ഫുട്ബോളിന്റെ കാര്യത്തിൽ സ്വന്തം ടീമിന് വേണ്ടിയാണ് ജീവിക്കുന്നത്.”

ആരാധകരുടെ ഈ ആവേശത്തിന് വലിയ വിലയും ഉണ്ട്. മുണ്ടയിലെ ബ്രസീലിന്റെ 400 അടി ഫ്ലെക്സിന് ഏകദേശം ഒന്നര ലക്ഷം രൂപ ചെലവായപ്പോൾ, അർജന്റീനയുടെ 666 അടി ഫ്ലെക്സിനായി മൂന്ന് ലക്ഷം രൂപയോളമാണ് ചെലവായത്. നാട്ടിലെ ആരാധകരും വിദേശത്തുള്ള പ്രവാസി സുഹൃത്തുക്കളും ചേർന്നാണ് പണം കണ്ടെത്തിയത്. “ഞങ്ങൾക്ക് ഏറ്റവും മികച്ചത് വേണം. അത്ര മാത്രം,” ജെൻസിൽ ചിരിച്ചുകൊണ്ട് പറയുന്നു. കോഴിക്കോട്ടെ ഓരോ കട്ടൗട്ടിനും 30,000 മുതൽ 40,000 രൂപ വരെ ചെലവുണ്ട്. പക്ഷേ ആരാധകർക്ക് അത് ഒരു ചെലവല്ല, പ്രിയപ്പെട്ട ടീമിനോടുള്ള സ്നേഹത്തിന്റെ പ്രകടനമാണ്.

പാര്‍ട്ടിയിലും പിടിമുറുക്കാന്‍ സതീശന്‍; കൊടിക്കുന്നിലിനെ കെപിസിസി പ്രസിഡന്റാക്കാൻ ചരടുവലി; പിന്തുണച്ച് സുധീരൻ

പാര്‍ട്ടിയിലും പിടിമുറുക്കാന്‍ സതീശന്‍; കൊടിക്കുന്നിലിനെ കെപിസിസി പ്രസിഡന്റാക്കാൻ ചരടുവലി; പിന്തുണച്ച് സുധീരൻ

തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിവരികയാണ്. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെയും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും നിലപാട് നിര്‍ണായകമായേക്കും. കൂടിയാലോചനകളും ലോബിയിങ്ങും പുരോഗമിക്കുന്നതിനിടെ, ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സതീശന്‍-സുധീരന്‍ ക്യാമ്പ് പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ നീക്കത്തിലൂടെ, പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ സ്വാധീനം ഉറപ്പിക്കാന്‍ സതീശന്‍ ശ്രമിക്കുന്നതായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിനിടയിലാണ് പുതിയ സമവാക്യം രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഡി സതീശന് വേണ്ടി ലോബിയിങ് ചെയ്യുന്നതില്‍ വി എം സുധീരന്‍ നിര്‍ണായക പങ്ക് വഹിച്ചതായി പറയപ്പെടുന്നു. ഇത് സതീശനും സുധീരനും തമ്മിലുള്ള അടുപ്പം ശക്തമാകാന്‍ കാരണമായിട്ടുണ്ട്.

കൊടിക്കുന്നില്‍ സുരേഷിന് പുറമേ, മുന്‍ യുഡിഎഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ എംപിയാണ് പരിഗണനയിലുള്ള മറ്റൊരു നേതാവ്. പുതിയ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്- ബെന്നി ബെഹനാന്‍ എന്നിവര്‍ തമ്മില്‍ നേരിട്ടുള്ള പോരിന് കളമൊരുങ്ങുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രി വിഡി സതീശന്‍ തന്റെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥയെ സ്വാധീനിച്ചേക്കാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തന്ത്രം സംബന്ധിച്ച് കെ സി വേണുഗോപാല്‍ ക്യാമ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷ്, വളരെക്കാലമായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പ്രസിഡന്റ് ആകാൻ ശ്രമിച്ചു വരികയാണ്. നിയമിക്കപ്പെട്ടാൽ കെപിസിസിയുടെ ആദ്യ ദലിത് പ്രസിഡന്റാകും കൊടിക്കുന്നിൽ സുരേഷ്.

കഴിഞ്ഞതവണയും കൊടിക്കുന്നില്‍ ശ്രമിച്ചെങ്കിലും, ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഏറെ നാളായി കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ബെന്നി ബെഹനാന്റേത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിന് മത്സരിക്കാന്‍ ടിക്കറ്റ് അനുവദിച്ചപ്പോള്‍ ബെന്നി ബഹനാനെ പകരം കെപിസിസി അധ്യക്ഷനായി നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നത കണക്കിലെടുത്ത് അവസാന നിമിഷം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കൊടിക്കുന്നില്‍ സുരേഷിഷിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫോര്‍മുല തങ്ങളുടെ സ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സതീശനുമായും സുധീരനുമായും അടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നു. കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വി എം സുധീരനെ സര്‍ക്കാര്‍ നിയമിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ ഹൈക്കമാന്‍ഡിന് തന്റെ അഭിപ്രായങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് വിഡി സതീശന്‍ കണക്കുകൂട്ടുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, നിയമനം അന്തിമമാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അഭിപ്രായം പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡുമായി അടുത്ത നേതാക്കള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്” ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. സംഘടനയില്‍ തന്റെ സ്വാധീനം ശക്തിപ്പെടുത്താന്‍ സതീശന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ‘പട്ടികജാതി, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഊന്നല്‍ എല്ലാവര്‍ക്കും അറിയാം’ സതീശന്‍ അനുകൂലിയായ നേതാവ് പറഞ്ഞു.

സുധീരന്റെയും സതീശന്റെയും പിന്തുണയോടെ, കൊടിക്കുന്നില്‍ സുരേഷ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകാനുള്ള സാധ്യത വളരെ കൂടുതലാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സുധീരനുമായി സതീശന്‍ പുലര്‍ത്തുന്ന അടുപ്പത്തില്‍ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴുള്ള സംഭവവികാസങ്ങളാണ് ഈ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. കെ.സി വേണുഗോപാല്‍ പക്ഷം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇത് കൊടിക്കുന്നില്‍ സുരേഷും ബെന്നി ബഹനാന്റെയും നേരിട്ടുള്ള മത്സരത്തിന് വഴിതുറന്നിരിക്കുകയാണ്.’

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

കൊല്ലം: വയനാടിന് പുറമേ കൊല്ലത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരവൂര്‍, പാലത്തറ മേഖലയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. പരവൂരില്‍ നേരത്തെയും ഷിഗെല്ല രോഗബാധ കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ, മലിനജലത്തിലൂടെയോ രോഗം പിടിപെട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.