‘ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ!’ ; ഇറാന് ട്രംപിന്റെ ഭീഷണി

‘ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ!’ ; ഇറാന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ അടക്കം മറ്റ് സ്ഥാപനങ്ങളും തകർ‌ക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, പാലം ആക്രമണത്തിൽ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. 136 മീറ്റര്‍ ഉയരമുള്ള, മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായി കണക്കാക്കിയിരുന്ന പാലമാണ് യുഎസ്- ഇസ്രയേൽ സൈന്യം തകർത്തത്.

ടെഹ്റാനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഊർജ്ജ നിലയങ്ങൾ അടക്കം അടിസ്ഥാന സൗകര്യ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. “ഇറാനിൽ അവശേഷിക്കുന്നത് നശിപ്പിക്കാൻ പോലും യുഎസ് സൈന്യം തുടങ്ങിയിട്ടില്ല” എന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം. അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ! ലോകത്തിലെ തന്നെ ഏറ്റവും മഹത്തരവും ശക്തമായതുമായ സൈന്യമാണ് അമേരിക്കയുടേത്. എന്താണ് ചെയ്യേണ്ടതെന്ന് ഇറാന്റെ പുതിയ ഭരണകൂടത്തിന് അറിയാം, അത് വേഗത്തിൽ ചെയ്യണം! വളരെ വൈകുന്നതിന് മുമ്പ് ഒരു കരാർ ഉണ്ടാക്കുക.” ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മുന്നറിയിപ്പ് സ്വരത്തിൽ കുറിച്ചു. ഇറാനിലെ പാലം തകർന്നതിന്റെ വീഡിയോയും ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

പാലക്കാട്: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗത്തിനിടെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മണ്ണാര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയും മണ്ണാര്‍ക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി നിരവധി പരിപാടികളില്‍ പന്ന്യന്‍ രവീന്ദ്രന്‍ പങ്കെടുത്തിരുന്നു. കടുത്ത ചൂടില്‍ പ്രചാരണം നടത്തിയതാണ് പന്ന്യന്റെ ശാരിരിക അവശതയ്ക്ക് കാരണമായത്.

ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമം; പയ്യോളിയില്‍ പതിനെട്ടുകാരന് ഷോക്കേറ്റു; ഗുരുതരം

ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമം; പയ്യോളിയില്‍ പതിനെട്ടുകാരന് ഷോക്കേറ്റു; ഗുരുതരം

കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിനാന്‍.

ഇന്ന് പുലര്‍ച്ചെ സിനാന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സിനാന്‍. അതിനിടെ ഗുഡ്‌സ് ട്രെയിന് മുകളില്‍ നിന്ന് കാലുതെന്നിയതോടെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. സെല്‍ഫി എടുക്കാന്‍ സിനാന്‍ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാക്‌സിനേഷനില്‍ ഒതുങ്ങുമോ സിക്ക‍ഡ ? അമേരിക്കയില്‍ പടര്‍ന്നുപിടിച്ച് കോവിഡ് വകഭേദം; ഇന്ത്യയില്‍ ഭീഷണിയുണ്ടോ ?

വാക്‌സിനേഷനില്‍ ഒതുങ്ങുമോ സിക്ക‍ഡ ? അമേരിക്കയില്‍ പടര്‍ന്നുപിടിച്ച് കോവിഡ് വകഭേദം; ഇന്ത്യയില്‍ ഭീഷണിയുണ്ടോ ?

അമേരിക്കയുള്‍പ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കോവിഡിന്റെ പുതിയ വകഭേദം. സിക്കഡ എന്നു വിളിപ്പേരുള്ള ഒമിക്രോണ്‍ ഉപവിഭാഗമായ BA.3.2 അമേരിക്കയില്‍ മാത്രം 29 സ്‌റ്റേറ്റുകളിലാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും സിക്കാഡ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2024ന്റെ അവസാനത്തോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ സിക്കഡയെന്ന പുതിയ വകഭേദത്തിന്റെ രോഗവ്യാപനം ആദ്യമായി റിപ്പോര്‍ട്ടു ചെയ്യുന്നത് 2025 സെപ്റ്റംബറിലാണ്. സ്‌പൈക്ക് പ്രോട്ടീനിലെ BA.3.2 മ്യൂട്ടേഷനുകള്‍ക്കു ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ എളുപ്പം മറികടക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകളിലേക്കു പടര്‍ന്നുപിടിക്കാനാകും. നിരവധി വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മരണകാരണമാകും വിധം മാരകമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

എന്താണ് സിക്കഡ?

നിലവില്‍ ലോകാരോഗ്യ സംഘടനയുടെയും യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും നിരീക്ഷണത്തിലുള്ള പുതിയ കോവിഡ് വകഭേദമാണ് സിക്കഡ. 70 മുതല്‍ 75 വരെ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള പുതിയ വകഭേദത്തിനു മാരകമായ പുതിയ രോഗങ്ങളുണ്ടാക്കാനാകുമോ എന്നു കണ്ടെത്തിയിട്ടില്ല. വര്‍ഷങ്ങള്‍കൊണ്ടു നിശബ്ദമായി പരിണമിച്ചും പിന്നീടു വളരെപ്പെട്ടന്ന് പടര്‍ന്നുപിടിച്ചതിനാലുമാണു പുതിയ വകഭേദത്തിനു സിക്കഡ എന്ന പേരുനല്‍കിയിരിക്കുന്നത്. 2022ന്റെ തുടക്കത്തില്‍ വ്യാപകമായിരുന്ന BA.3 വംശത്തില്‍ നിന്നാണ് ഉത്ഭവം.

എന്തൊക്കെയാണു ലക്ഷണങ്ങള്‍?

ഒമിക്രോണ്‍ വകഭേദത്തോടു സമാനമായ ലക്ഷണങ്ങളാണ് സിക്കഡയിലും പ്രകടമാകുന്നത്. തൊണ്ടവേദന, പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദി, വയറിളക്കം എന്നവയും രുചിയും മണവും നഷ്ട്മാകുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ ഈ വകഭേദത്തിനായി നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ശക്തമായ സംരക്ഷണം നല്‍കുമെന്നു ഗവേഷകര്‍ പറയുന്നു.

ഇന്ത്യയിലെ രോഗസാധ്യത

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകളനുസരിച്ചു മുന്‍ വകഭേദങ്ങളായ NB.1.8.1, XFG എന്നിവയുടെ അത്ര ഗുരുതര വ്യാപനം സിക്കഡക്കില്ല. നിലവില്‍ BA.3.2 വുമായി ബന്ധപ്പെട്ട രോഗ്യവ്യാപനം ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ലോകത്ത് ഇതുവരെയും റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ വൈദ്യസഹായത്തോടെ രോഗമുക്തി ഉണ്ടായിട്ടുണ്ട് എന്നതുകൊണ്ടു തന്നെ ഭയപ്പെടേണ്ടതില്ല എന്നാണു ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാല്‍ഡ സംഘര്‍ഷത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് മൊഫക്കറുള്‍ ഇസ് ലാം ആണ് പിടിയിലായത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ സിലിഗുഡിയില്‍ നിന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. മാല്‍ഡ ജില്ലയില്‍, എസ്‌ഐആര്‍ പട്ടികയില്‍ പേരുവെട്ടിയെന്ന ആരോപണത്തില്‍ പ്രതിഷേധിച്ച് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഒന്‍പതുമണിക്കൂറിലേറെ തടഞ്ഞുവച്ചിരുന്നു.

അഭിഭാഷകനായ ഇസ്ലാം, 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതഹാര്‍ മണ്ഡലത്തില്‍ നിന്നുള്ള എഐഎംഐഎം (AIMIM) സ്ഥാനാര്‍ത്ഥിയായിരുന്നു. മാള്‍ഡ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹത്തെ, രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ സിലിഗുഡിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് മാള്‍ഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ വെച്ച് ജനക്കൂട്ടം തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ടവരില്‍ മൂന്ന് വനിത ഓഫീസര്‍മാരും ഉള്‍പ്പെട്ടിരുന്നു. സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിടുകയും, ഏപ്രില്‍ 6ന് വെര്‍ച്വല്‍ ഹിയറിങ്ങിന് ഹാജരാവാന്‍ ബംഗാള്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് തുല്യമായ പ്രവൃത്തിയാണ് നടന്നത്. സംഭവമുണ്ടായപ്പോള്‍ കലക്ടറോ എസ്പിയോ സ്ഥലത്തെത്തിയില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പൂര്‍ണ പരാജയമാണ് വ്യക്തമാകുന്നതെന്നും, മമത ബാനര്‍ജി സര്‍ക്കാരിനെ കോടതി അതിനിശിതമായി വിമര്‍ശിച്ചു.

നിര്‍ഭാഗ്യവശാല്‍, നിങ്ങളുടെ സംസ്ഥാനത്ത്, നിങ്ങള്‍ ഓരോരുത്തരും രാഷ്ട്രീയ ഭാഷ സംസാരിക്കുന്നു. അതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. ഇത്രയും ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനത്തെ ഇതുവരെ കണ്ടിട്ടില്ല’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പശ്ചിമ ബംഗാള്‍ അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞത് അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. ബംഗാള്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുടെ പ്രവര്‍ത്തനം പരിതാപകരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

5000 രൂപ വരെ ചാര്‍ജ് ചെയ്യാം; കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് പരിധി ഉയര്‍ത്തി

5000 രൂപ വരെ ചാര്‍ജ് ചെയ്യാം; കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് പരിധി ഉയര്‍ത്തി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന്റെ റീ ചാര്‍ജ് പരിധി ഉയര്‍ത്തി. മൂവായിരം രൂപയില്‍ നിന്നും 5000 രൂപയായാണ് ഉയര്‍ത്തിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റിന് പണം നല്‍കുന്നതിന് പകരം കാര്‍ഡ് ഉപയോഗിക്കാം.

എടിഎം കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാര്‍ട്ട് കാര്‍ഡിലും ഉപയോഗിക്കുന്നത്. 1000 രൂപ മുതല്‍ 1999 രൂപ വരെയുള്ള റീ ചാര്‍ജിന് 40 രൂപ അധികം ലഭിക്കും.2000 രൂപ മുതല്‍ 100 രൂപയും 3000 രൂപ മുതല്‍ 150 രൂപയും 4000 രൂപ മുതല്‍ 200 രൂപയും കൂടുതലായി ലഭിക്കും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷമാണ് കാാവധി ലഭിക്കുക.