ഒറ്റയടിക്ക് 1040 രൂപ കുറഞ്ഞു; അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 20,000 രൂപയുടെ ഇടിവ്

ഒറ്റയടിക്ക് 1040 രൂപ കുറഞ്ഞു; അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 20,000 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 1040 രൂപയാണ് കുറഞ്ഞത്. 1,11,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഏകദേശം അഞ്ചുദിവസത്തിനിടെ 20,000 രൂപയോളമാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. ഇന്നലെ സ്വര്‍ണവിലയെ സംബന്ധിച്ച് ചാഞ്ചാട്ടത്തിന്റെ ദിവസമായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകീട്ടും രാത്രിയുമായി തിരിച്ചുകയറുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായത്. ഇന്നലെ രണ്ടു തവണകളായി പതിനായിരത്തോളം രൂപ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെയും രാത്രിയോടെയും അയ്യായിരം രൂപയാണ് തിരിച്ചുകയറിയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കീം 2026: അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി ആറ് വരെ നീട്ടി

കീം 2026: അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി ആറ് വരെ നീട്ടി

ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറ് വരെ നീട്ടി

ഫെബ്രുവരി ആറിന് വൈകുന്നേരം അഞ്ച് മണിവരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.പ്രവേശനത്തിനായി ഇതിനകം സമർപ്പിച്ച അപേക്ഷയിൽ പുതിയ കോഴ്സുകൾ കൂടി ചേർക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും.

നേരത്തെ ജനുവരി31ന് വൈകിട്ട് അഞ്ചുവരെ ആണ് കീമിന് അപേക്ഷിക്കാൻ സമയം അനുവദിച്ചിരുന്നത്.

പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in-ലെ ‘കീം 2026 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംവരണം, ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം. ഏപ്രിൽ ആദ്യ ആഴ്ചയാകും പരീക്ഷ നടക്കുക.

വിശദവിവരങ്ങൾക്ക്: ഔദ്യോഗിക വെബ് സൈറ്റ് www.cee.kerala.gov.in,
ഫോൺ: 0471-2332120.

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

ഡല്‍ഹി: കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്. മംഗലാപുരം- ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളുടെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മൂന്നാം നാലും പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.

ഷൊര്‍ണൂര്‍- എറണാകുളം മൂന്നാം പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ അന്തിമ നടപടികളിലാണ്. എറണാകുളം- കായംകുളം മൂന്നാം പാത ( കോട്ടയം വഴി) ട്രാഫിക് സര്‍വേ പൂര്‍ത്തിയായി. കായംകുളം- തിരുവനന്തപുരം മൂന്നാം പാതയുടെ ട്രാഫിക് സര്‍വേ പൂര്‍ത്തിയായി അലൈന്‍മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. ഡിപിആര്‍ ഉടന്‍ തയ്യാറാക്കും. തിരുവനന്തപുരം – നാഗര്‍കോവില്‍ സര്‍വേ നടക്കുകയാണ്.

തുറവൂര്‍- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലില്‍ സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഏറെ സുപ്രധാനമായ ശബരിപാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി. അങ്കമാലി ശബരിപാതയ്ക്ക് സ്ഥലമേറ്റെടുക്കല്‍ തുടങ്ങി. ഗുരുവായൂര്‍- തിരുനാവായ പാതയുടെ നടപടികള്‍ ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ട്. പദ്ധതിക്കായി 1975 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.റെയില്‍വേ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെയില്‍വേ നടപടി ആരംഭിച്ചിട്ടുണ്ട്. 105 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും തേടിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും വേണം.

മെട്രോ മാൻ ഇ ശ്രീധരന്റെ കണ്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.. കേരളത്തിലെ റെയില്‍വേ വികസനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ ശ്രീധരന്റെ അതിവേഗ റെയില്‍പാത സംബന്ധിച്ച ചോദ്യങ്ങളില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമായ മറുപടി നല്‍കിയില്ല.

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; അയോഗ്യത നിലനില്‍ക്കും

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; അയോഗ്യത നിലനില്‍ക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ താല്‍ക്കാലിമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി.

അതേസമയം കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന കീഴ്‌ക്കോടതി വിധി നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. നിയമസഭ സാമാജിക പദവിയില്‍ നിന്നും അയോഗ്യനാക്കിയ നടപടിയും തുടരുമെന്ന് സെഷന്‍സ് കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 ന് തീരുമാനമെടുക്കും. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കേസിലാണ് മുന്‍ മന്ത്രിയും ഇടതു എംഎല്‍എയുമായിരുന്ന ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ ശിക്ഷാവിധിക്കെതിരെയാണ് ആന്റണി രാജു സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കുംഭമേളയ്ക്ക് നാളെ സമാപനം; 2028ല്‍ മഹാകുംഭമേള നടത്തുമെന്ന് സംഘാടകര്‍

കുംഭമേളയ്ക്ക് നാളെ സമാപനം; 2028ല്‍ മഹാകുംഭമേള നടത്തുമെന്ന് സംഘാടകര്‍

മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് നടന്ന കേരളത്തിന്റെ കുംഭമേള നാളെ സമാപിക്കും. നാളെ രാവിലെ യോഗീശ്വര പൂജയും തുടര്‍ന്ന് സന്യാസിമാരും ഭക്തരും ചേര്‍ന്നുള്ള അമൃത സ്‌നാനവും നടക്കും. ഉച്ചയ്ക്ക് അന്നപ്രസാദമുണ്ടാകും. വൈകിട്ട് നിളാ ആരതിയോടെ സമാപിക്കും. അടുത്ത വര്‍ഷവും ഇതേ രീതിയില്‍ കുംഭമേളയുണ്ട്. 2028ല്‍ മഹാകുംഭമേള നടക്കും. 13 അഖാഡകളും ശങ്കരാചാര്യന്മാരും 2028ല്‍ നിളാ തീരത്തെ മഹാകുംഭമേളയില്‍ പങ്കെടുക്കും.

ഇന്ന് പ്രഥമ തിഥിയും ആയില്യം നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസം രാവിലെ 6 മുതല്‍ പ്രത്യേക പൂജകള്‍ നടക്കും. തൃപ്രങ്ങോട്ടപ്പന്‍, തളി ശിവന്‍, ബ്രഹ്മാവ്, മഹാലക്ഷ്മി, നവാമുകുന്ദന്‍, തിരുമാന്ധാംകുന്നിലമ്മ എന്നീ ദേവീദേവന്മാര്‍ക്ക് പൂജ നടത്തും. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കും. വൈകിട്ട് കുളപ്പുറത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സര്‍പ്പബലിയുമുണ്ട്. ഇന്നലെ തൈപ്പൂയാഘോഷത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ പൂജ, മഹാഗണപതി ഹോമം, കാവടിയാട്ടം എന്നിവ നടന്നു. സൂര്യകാലടി മന പരമേശ്വരന്‍ ഭട്ടതിരിപ്പാട് മഹാഗണപതി ഹോമത്തിന് കാര്‍മികത്വം വഹിച്ചു. രാവിലെ നടന്ന കാവടിയാട്ടത്തിന് ആര്‍.രജിത് കുമാറും വൈകിട്ട് സന്ദീപ് നെടുമ്പാളും നേതൃത്വം നല്‍കി. ജ്യോതിസ് കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റും നടന്നു.

രാജകുമാരി ഗ്രൂപ്പിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽ ബോധവത്കരണ റാലി നടത്തി

രാജകുമാരി ഗ്രൂപ്പിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽ ബോധവത്കരണ റാലി നടത്തി

രാജകുമാരി ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയായ “കനിവിനൊരു കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി, You & RK Blood Donation വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട ടൗണിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു.

രക്തദാനത്തിന്റെ മഹത്വം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്. ഇതോടൊപ്പം തന്നെ മദ്യവും മയക്കുമരുന്നുകളുടെയും ഉപയോഗത്തിനെതിരായ ശക്തമായ സന്ദേശങ്ങൾ നൽകുന്ന പ്ലക്കാഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പങ്കാളികൾ റാലിയിൽ അണിനിരന്നത്.

സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും യുവതലമുറയെ ലഹരിമുക്തമായ വഴിയിലേക്ക് നയിക്കാനും ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

രാജകുമാരി ഗ്രൂപ്പിന്റെ കൈത്താങ്ങ് പദ്ധതി വഴി സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങൾ തുടർന്നും പത്തനംത്തിട്ടയിൽ ശക്തിപ്പെടുത്തുമെന്നും, രക്തദാനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് സ്ഥിരമായ പിന്തുണ നൽകുമെന്നും നേതൃത്വം അറിയിച്ചു. റാലിയുടെ ഉദ്‌ഘാടനം പത്തനംത്തിട്ട DYSP എസ്.നുഅ്മാൻ അവർകൾ നിർവഹിച്ചു. വെരി റവ.ജോൺസൺ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പ (ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി) പത്തനംത്തിട്ട എസ്.എച്ച്.ഒ അരുൺ അലങ്കാർ ഗ്രുപ്പ് എംഡി അഷ്‌റഫുദീൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാർ രാജകുമാരി ഗ്രൂപ്പ് ജീവനക്കാർ ഉൾപ്പെടെ ഇരുന്നുറിലധികം പേർ റാലിയിൽ പങ്കെടുത്തു.