അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ  ആദരവ് നൽകി

അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരവ് നൽകി

അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ തിരുവല്ല ഫയർ സ്റ്റേഷൻ ഓഫീസറും അണ്ടൂരിന്റെ അഭിമാനമായ ജെ രാജേന്ദ്രൻ നായർക്ക് ജന്മ നാടിന്റെ ആദരവ് നൽകി. പ്രശസ്ത കവിയും നാടക സിനിമ ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് ചന്ദ്രബാബു ജി എൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. ശ്രീകണ്ഠൻ നായർ ആമുഖപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല, മുളയറത്തലക്കാവ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വി കൃഷ്ണകുമാർ, പ്രസിഡന്റ് ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. ജെ.രാജേന്ദ്രൻ നായർ അനുമോദനത്തിന് മറുപടി പ്രസംഗം നടത്തി. യോഗത്തിന് രാജു അണ്ടൂർ സ്വാഗതവും അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് യോഗത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

മഹാത്മാ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്‌മരണവും സംഘടിപ്പിച്ചു

മഹാത്മാ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്‌മരണവും സംഘടിപ്പിച്ചു

വേങ്ങോട്: മഹാത്മാ അയ്യങ്കാളിയുടെ 163 -ാം ജന്മ ദിനത്തോട് അനുബന്ധിച്ച് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങോട് സ്‌ക്വയറിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. പോത്തൻ കോട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണി യുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് ഉദ്ഘാടനo ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജിത്ത് കല്ലുവെട്ടി, സജി കുടവൂർ, ഹുസൈൻ മൈതാനി തുടങ്ങിയവരും സാമൂഹ്യ പ്രവർത്തകരായ വേങ്ങോട് ഷാജി, അഡ്വ.ശശി തുടങ്ങിയവരും സംസാരിച്ചു.

വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം

വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം

ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് സംഭവം. പത്ത്, എട്ട്, ആറ് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ വീട്ടില്‍ വച്ചും മൂന്നാമത്തെ കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓഗസ്റ്റ് 23നാണ് കുട്ടികള്‍ വീട്ടില്‍ വച്ച് ഭക്ഷണം കഴിച്ചത്. അതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് ഓഗസ്റ്റ് 25നും 26നും ഇടയില്‍ വച്ചാണ് രണ്ട് കുട്ടികളും മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി സ്വന്തംനാടായ ഛത്തീസ്ഗഢിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മൂന്നാമത്തെ കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെവച്ച് മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി.

ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. കുട്ടികളുടെ പിതാവ് ഛത്തീസ്ഗഢ് സ്വദേശിയാണ്. ഇയാള്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവക്കാരനാണെന്നും പൊലീസ് പറഞ്ഞു,

ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കുട്ടികള്‍ മരിച്ച കാര്യം മതാപിതാക്കള്‍ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന മാവ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടാതെ മൂന്ന് പെണ്‍കുട്ടികളുടെ ആന്തരികാവയവങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണം കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

അത് സുകുമാരക്കുറുപ്പല്ല, തൃശൂർ സ്വദേശിയായ ദാമോദര മേനോനാണെന്ന് സഹോദരൻ

അത് സുകുമാരക്കുറുപ്പല്ല, തൃശൂർ സ്വദേശിയായ ദാമോദര മേനോനാണെന്ന് സഹോദരൻ

തൃശൂർ: കേരളത്തെ പതിറ്റാണ്ടുകളായി കുഴക്കുന്ന സുകുമാരക്കുറുപ്പ് തിരോധാന കേസിൽ പുതിയ ട്വിസ്റ്റ്. സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടിലെ ഫോട്ടോ തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് കുടുംബത്തിന്റെ സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരന്മാരായ കരുണാകരനും സുരേന്ദ്ര മേനോനുമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.

പാസ്‌പോർട്ടിൽ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും വർഷങ്ങളായി മലേഷ്യയിൽ പ്രവാസിയായ തന്റെ സഹോദരന്റേതാണെന്നും സുരേന്ദ്ര മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് ജോലിക്കായി പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം. അവിടെ പൗരത്വമുള്ളയാളാണ് ദാമോദര മേനോൻ.

നാട്ടിലെ കുടുംബാംഗങ്ങളുമായി ദാമോദര മേനോൻ നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും, ഒരു മാസം മുമ്പും അദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ അദ്ദേഹം എഴുന്നേൽക്കാൻ പോലും കഴിയാതെ കിടപ്പിലാണെന്നും കുടുംബം വ്യക്തമാക്കി. ദാമോദര മേനോന്റെ ചിത്രം വെച്ച് സുകുമാരക്കുറുപ്പാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെയുള്ള രോഷവും കുടുംബം പ്രകടിപ്പിച്ചു. ഇത് വെറും നുണപ്രചാരണമാണെന്നും ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സഹോദരൻ മുന്നറിയിപ്പ് നൽകി.

ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വില്‍പനയില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി സേൈപ്ലകാ. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള കാലയളവില്‍ 433.81 കോടി രൂപയാണ് സപ്ലൈകോയുടെ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത് 385 കോടി രൂപയുടെ വിറ്റുവരവായിരുന്നു. 48 കോടിയിലധികം രൂപയുടെ വര്‍ധനയാണ് ഇത്തവണ ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. അന്നേ ദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ രേഖപ്പെടുത്തിയത്. ഓണം ഫെയറുകളിലും വിവിധ സപ്ലൈക്കോ വില്‍പ്പനശാലകളിലും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെട്ടതും റെക്കോര്‍ഡ് വിറ്റുവരവിന് കാരണമായി.

35 ദിവസത്തെ ആകെ വിറ്റുവരവില്‍ 155.39 കോടി രൂപ സബ്‌സിഡി ഇനങ്ങളിലൂടെയും 278.42 കോടി രൂപ സബ്‌സിഡി ഇതര ഇനങ്ങളിലൂടെയുമാണ് ലഭിച്ചത്. ഈ കാലയളവില്‍ 53.86 ലക്ഷം പേരാണ് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകള്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഫെയറുകളില്‍ നിന്ന് മാത്രം 5.33 കോടി രൂപയുടെ വിറ്റുവരവുണ്ടായി.

ഒന്നും അവസാനിച്ചിട്ടില്ല… സുകുമാരക്കുറുപ്പ് ജീവനോടെ വിദേശത്ത്? രൂപസാദൃശ്യമുള്ളയാൾ നിരീക്ഷണത്തിൽ?

ഒന്നും അവസാനിച്ചിട്ടില്ല… സുകുമാരക്കുറുപ്പ് ജീവനോടെ വിദേശത്ത്? രൂപസാദൃശ്യമുള്ളയാൾ നിരീക്ഷണത്തിൽ?

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത്. 25 വർഷത്തിലേറെയായി വിദേശത്ത് ഒളിവ് ജീവിതം നയിക്കുകയാണ് സുകുമാരക്കുറുപ്പ്. ബ്രൂണയിലെ കൺസ്ട്രക്ഷൻ മേഖലിയിൽ ബിസിനസ് നടത്തുകയാണ് ഇയാൾ എന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഇൻ്റർപോൾ റിപ്പോർട്ട് പ്രകാരം രേഖകൾ കൊണ്ടും സുകുമാരക്കുറുപ്പാണിതെന്ന സംശയം ദൃഢപ്പെടുകയാണ്. സാദൃശ്യമുള്ള വയോധികൻ നിരീക്ഷണത്തിലാണ്. പുതിയ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. മുഖച്ഛായ മാറ്റിയതായും കാണാം.

സുകുമാരക്കുറുപ്പ് മരിച്ചെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ഇന്ന് രാവിലെ വാർത്തകൾ പുറത്ത് വന്നിരുന്നു. കേസ് അനവസാനിപ്പിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടെയാണ് ഇങ്ങനെയൊരു നിർണായക വിവരം കൂടി പുറത്ത് വരുന്നത്. 1991 മുതൽ ഇവിടെ കുറുപ്പെന്ന് സംശയിക്കുന്നയാൾ ഒളിവിൽ കഴിയുന്നതെന്നും വിവരങ്ങളുണ്ട്. കുടുംബവുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.