മംഗലപുരത്ത് വയോധികയെ കത്തി കാട്ടി ബലാത്സംഗം ചെയ്തതായി പരാതി

മംഗലപുരത്ത് വയോധികയെ കത്തി കാട്ടി ബലാത്സംഗം ചെയ്തതായി പരാതി

മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടി ആയിരുന്നു സംഭവം.

ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം പൊലീസ് 65കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെപ്പറ്റി സൂചന കിട്ടിയതായി മംഗലപുരം പൊലീസ് അറിയിച്ചു. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ക്ഷേത്ര വികസനത്തിന് ഭൂമി ദാനം: ആലംകോട് സ്വദേശി അബ്ദുൽ ഗഫാർ മാതൃകയായി

ക്ഷേത്ര വികസനത്തിന് ഭൂമി ദാനം: ആലംകോട് സ്വദേശി അബ്ദുൽ ഗഫാർ മാതൃകയായി

ആലംകോട്: മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി അബ്ദുൽ ഗഫാർ. ആലംകോട് കൊച്ചുവിള പ്ലാക്കോട് നെട്ടറഅപ്പൂപ്പൻ നടദേവീ ക്ഷേത്രത്തിന്റെ വികസനത്തിനായി അര സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകി ഞാറവിള മുസ്ല്യാർ മൻസിലിൽ അബ്ദുൽ ഗഫാർ ശ്രദ്ധേയനായി.

ക്ഷേത്രത്തിന് സമീപമുള്ള സ്വന്തം പുരയിടത്തിൽ നിന്നാണ് അദ്ദേഹം വികസന ആവശ്യങ്ങൾക്കായി ഭൂമി നൽകിയത്. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ഉദാഹരണമായി ഈ നടപടി വിലയിരുത്തപ്പെടുന്നു. ആരാധനാലയത്തെ ബഹുമാനിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്ത അബ്ദുൽ ഗഫാറിനോട് ക്ഷേത്രരക്ഷാധികാരി ഗോപാലൻ, പൂജാരി സന്തോഷ്, ശശി എന്നിവർ നന്ദി അറിയിച്ചു. ഇത് സമൂഹത്തിൽ മതസൗഹാർദ്ദം ശക്തിപ്പെടുത്തുന്ന മഹത്തായ മാതൃകയാണെന്ന് പൊതുപ്രവർത്തകരായ മോഹനൻ നായർ (സോൾവില്ല), ഷാഹുൽ ഹമീദ് (ഞാറവിള) എന്നിവർ അഭിപ്രായപ്പെട്ടു.

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഐപിഎല്‍ 19-ാം സീസണിന് ഇന്ന് കൊടിയേറും

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഐപിഎല്‍ 19-ാം സീസണിന് ഇന്ന് കൊടിയേറും

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഐപിഎല്‍ 19-ാം സീസണിന് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറ്റം. രാത്രി 7:30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB), സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (SRH) നേരിടും. കന്നിക്കിരീടം നിലനിര്‍ത്താന്‍ ആര്‍സിബിയും കിരീടം തിരിച്ചുപിടിക്കാന്‍ ഹൈദരാബാദും ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.

സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി. വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പടിധാര്‍ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ജിതേഷ് ശര്‍മയും ടിം ഡേവിഡും ഫിനിഷര്‍മാരായി എത്തുമ്പോള്‍ ക്രുനാല്‍ പണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനം ടീമിന് കരുത്താകും.

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍ എന്നിവരടങ്ങുന്ന ടോപ്പ് ഓര്‍ഡര്‍ ഏത് ബൗളിംഗ് നിരയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. നിതീഷ് കുമാര്‍ റെഡ്ഡി, ലിയം ലിവിംഗ്സ്റ്റണ്‍ എന്നിവരും ടീമിന് വേഗതയേറിയ സ്‌കോര്‍ സമ്മാനിക്കാന്‍ പ്രാപ്തരാണ്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ഇത്തവണ ഹൈദരാബാദിനെ നയിക്കുന്നത്.

ഇരുടീമുകളെയും അലട്ടുന്നത് പ്രമുഖ ബൗളര്‍മാരുടെ അഭാവമാണ്. പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നിരയിലും ജോഷ് ഹെയ്സല്‍വുഡ് ബെംഗളൂരു നിരയിലും ഇന്നുണ്ടാകില്ല. ബാറ്റര്‍മാരെ തുണയ്ക്കുന്ന ചിന്നസ്വാമിയിലെ ചെറിയ ബൗണ്ടറികള്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകും. ഈ മൈതാനത്തെ ശരാശരി സ്‌കോര്‍ 166 റണ്‍സാണ്.

ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ 25 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 14 ജയവുമായി ഹൈദരാബാദ് മുന്നിട്ടുനില്‍ക്കുന്നു. 11 മത്സരങ്ങളിലാണ് ബെംഗളൂരുവിന് വിജയിക്കാനായത്.

എണ്ണവില കുതിക്കുന്നു, 112 ഡോളര്‍ കടന്നു; നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍

എണ്ണവില കുതിക്കുന്നു, 112 ഡോളര്‍ കടന്നു; നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുകയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില. നിലവില്‍ ബാരലിന് 112.6 ഡോളറാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. ഒരു ദിവസത്തിനിടെ ഏകദേശം അഞ്ചുശതമാനത്തോളമാണ് വില ഉയര്‍ന്നത്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതാണ് വില ഉയരാന്‍ കാരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് അനൗദ്യോ​ഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു വശത്ത് സംഘർഷം തുടരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് വില ഉയരാൻ കാരണം. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വന്‍ മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ആണവായുധങ്ങള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേല്‍ നീക്കം.

ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. രണ്ട് വന്‍കിട ഉരുക്ക് ശാലകള്‍, ഒരു പവര്‍ സ്റ്റേഷന്‍, സിവിലിയന്‍ ആണവ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇസ്രായേല്‍ തീ കൊണ്ട് കളിച്ചെന്ന് ഐആര്‍ജിസി എയറോസ്പേസ് കമാന്‍ഡര്‍ സെയ്ദ് മാജിദ് മൂസവി പറഞ്ഞു.’ഞങ്ങളുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നു. മുമ്പ് ഇത് നിങ്ങള്‍ പരീക്ഷിച്ചതാണ്, ഇനി വിട്ടുവീഴ്ചയില്ല. കണ്ണിന് കണ്ണ് എന്ന തത്വം ഞങ്ങള്‍ പാലിക്കില്ല’ കാത്തിരുന്നു കാണുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.

സമ്മര്‍ ബംപര്‍: പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 ന്

സമ്മര്‍ ബംപര്‍: പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 ന്

തിരുവനന്തപുരം: സമ്മര്‍ ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്‌. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേര്‍ക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാര്‍ഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകള്‍ക്കും ലഭിക്കും.

വർക്കലയിൽ പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ മാതാവിനെതിരെ കേസ്

വർക്കലയിൽ പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ മാതാവിനെതിരെ കേസ്

വർക്കല: പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ മാതാവിനെതിരെ കേസ്. വർക്കല ചിലക്കൂർ സ്വദേശിനിയായ 38 വയസ്സുകാരിയായ മാതാവിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ ദിവസം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വർക്കല ടൗണിലൂടെ 15 വയസ്സുകാരൻ അമിതവേഗത്തിൽ ഇരുചക്രവാഹനം ഓടിച്ചു വന്നപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അനധികൃതമായി വാഹനത്തിൽ രൂപരേഖകൾ വരുത്തി നമ്പർ പ്ലേറ്റുകൾ പതിപ്പിച്ചിട്ടില്ലാതെയും വാഹനം ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് മോട്ടോർ വാഹന നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം മാതാപിതാക്കൾ നൽകുന്നത് ഗൗരവമായ നിയമലംഘനം ആണെന്നും വർക്കലയിൽ വരും ദിവസങ്ങളിൽ പോലീസിന്റെ ശക്തമായ പരിശോധന നടത്തുമെന്ന് അറിയിച്ചു.