by Midhun HP News | Mar 28, 2026 | Latest News, കേരളം
കണ്ണൂര്‍: വേനലവധി ആഘോഷമാക്കാന്‍ വ്യത്യസ്ത പാക്കേജുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. കണ്ണൂരില്‍ നിന്ന് ഏപ്രില്‍ 10, 24 തീയതികളില്‍ വൈകീട്ട് ആറിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ഏപ്രില്‍ 13, 27 തീയതികളില്‍ രാവിലെ എട്ടിന് കണ്ണൂരില്‍ തിരിച്ചെത്തുന്നരീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.
11-ന് രാവിലെ ഗോവയില്‍ എത്തിച്ചേര്‍ന്നശേഷം പ്രാതല്‍ കഴിച്ച് അഗോഡ ഫോര്‍ട്ട്, കാലങ്ങുട്ട ബീച്ച്, അഞ്ചുനാ ബീച്ച്, വാഗതര്‍ ബീച്ച് എന്നിവ സന്ദര്‍ശിച്ച് അന്നേദിവസം ഗോവയില്‍ താമസിക്കും. രണ്ടാമത്തെ ദിവസം പഞ്ചിം സിറ്റി, മിരാമര്‍ ബീച്ച്, ഗോവന്‍ ചര്‍ച്ചസ്, ഡോണാ ബോള ജെട്ടി എന്നിവ സന്ദര്‍ശിച്ച് ഡിന്നറും കഴിഞ്ഞ് രാത്രി കണ്ണൂരിലേക്ക് തിരിക്കും.
കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് കാസര്‍കോട് വരെ കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് ഗോവയിലേക്ക് അത്യാധുനിക ആഡംബര എസി ബസുകളിലുമാണ് യാത്ര.കേരളത്തിനകത്തെ ഭക്ഷണച്ചെലവ് യാത്രക്കാര്‍ വഹിക്കണം. എന്നാല്‍ കാസര്‍കോട് മുതല്‍ ഗോവ വരെയും തിരിച്ചുമുള്ള ഭക്ഷണച്ചെലവ് പാക്കേജിന്റെ ഭാഗമാണ്. യാത്രയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 1 മുതല്‍ 80 വയസ്സുവരെയുള്ളവര്‍ക്ക് 10 ലക്ഷം രൂപയുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജും കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നു.


by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാർഖണ്ഡ് സ്വദേശിനിയായ യുവതി മരിച്ചു. വെഞ്ഞാറമൂട് തമ്പുരാൻപൊയ്ക കെട്ടിട നിർമ്മാണ സ്ഥാപനത്തിലെ തൊഴിലാളി ലാലി ബഹാദൂറിന്റെ ഭാര്യ മിലൻ കുമാരി (23) ആണ് മരിച്ചത്.
24-നാണ് അപകടം നടന്നത്. യുവതിയെ കിണറ്റിൽ നിന്നും കരയ്ക്കെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്നലെ മരിച്ചു.


by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: റ്റി ബി ജംഗ്ഷൻ വാഴപ്പള്ളി ലൈൻ അമ്പാടി വീട്ടിൽ സുധാകരൻ (85) അന്തരിച്ചു. ഇന്ന് രാവിലെ 7. 30ന് ആണ് അന്ത്യം സംഭവിച്ചത്. റിട്ടയേർഡ് മിലിട്ടറി, കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ്.
ഭാര്യ: പരേതയായ സരോജിനി.
മക്കൾ: എസ് എസ് ബൈജു, എസ് എസ് മനോജ്, എസ് എസ് സിജി, എസ് എസ് ഉണ്ണികൃഷ്ണൻ.
മരുമക്കൾ: ജീന, മീര, സജു, ലീന.
by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ), പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട, ഇ വെയ്സ്റ്റ്, ബയോ മെഡിക്കൽ, രാസവസ്തുക്കൾ പോലുള്ള മാലിന്യങ്ങൾ എന്നിങ്ങനെയാണു തരംതിരിക്കേണ്ടത്.
കേന്ദ്ര സർക്കാരിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളും ഫെബ്രുവരി 19 ലെ സുപ്രീം കോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണിത്. ഇവ നടപ്പാക്കാൻ ശുചിത്വമിഷൻ നിർദേശിച്ചു.
ഹോട്ടലുകൾ, വൻകിട സമുച്ചയങ്ങൾ, മാർക്കറ്റുകൾ, ബിസിനസ്- വ്യവസായ സ്ഥാപനങ്ങൾ എന്നിങ്ങനെ വൻതോതിൽ മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങളെ (ബൾക് വേസ്‌റ്റ് ജനറേറ്റേഴ്സ്) നിശ്ചയിക്കാൻ 3 മാനദണ്ഡങ്ങളും പരിഷ്കരിച്ച ചട്ടത്തിലുണ്ട്. 20,000 ചതുരശ്ര മീറ്ററോ കൂടുതലോ തറ വിസ്തീർണമുള്ള കെട്ടിടങ്ങൾ, പ്രതിദിനം 40,000 ലിറ്ററോ കൂടുതലോ വെള്ളം ഉപയോഗിക്കുന്നവർ, പ്രതിദിനം 100 കിലോഗ്രാമിൽ അധികം ഖരമാലിന്യം തള്ളുന്നവർ എന്നിവയിൽ ഏതെങ്കിലുമൊന്നു ബാധകമാകുന്നവരാണ് ഈ വിഭാഗത്തിൽ. അവർ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മാലിന്യങ്ങൾ അംഗീകൃത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംസ്കരിക്കണം. പുതുതായി തുടങ്ങുന്ന വൻകിട സ്ഥാപനങ്ങൾ നിർബന്ധമായും ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കണം.
ഭക്ഷണാവശിഷ്ടങ്ങൾ, ഡിസ്പോസബിൾ പ്ലേറ്റുകൾ, കപ്പുകൾ, കാനുകൾ, കവറുകൾ, ചിരട്ടകൾ, പച്ചക്കറി പഴ അവശിഷ്ടങ്ങൾ തുടങ്ങിയവ ശേഖരിക്കാനായി ഉചിതമായ കണ്ടെയ്നറുകൾ തെരുവു കച്ചവടക്കാർ കരുതണം. നൂറിലധികം പേരുള്ള പരിപാടികൾ നടത്തുമ്പോൾ 3 പ്രവൃത്തി ദിനം മുൻപ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം. പുനരുപയോഗിക്കാനോ ഊർജാവശ്യങ്ങൾക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാൻ അനുവാദമുള്ളൂ.


by Midhun HP News | Mar 28, 2026 | Latest News, കേരളം
തിരുവല്ല നിരണം സ്വദേശികൾക്ക് ഈ കാഴ്ച ഹൃദയഭേദകമാണ്. വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ട പിതാവ് പി.ജി. ഡാനിയേലിനെ അവസാനമായി ഒരുനോക്ക് കാണാനും ആ അന്ത്യയാത്രയിൽ കൂട്ടുനിൽക്കാനുമാണ് മകൻ എബ്രഹാം ദുബായിൽ നിന്നും ഓടിയെത്തിയത്. എന്നാൽ ശനിയാഴ്ച പിതാവിന്റെ സംസ്കാരം നടക്കാനിരിക്കെ, ആരെയും സങ്കടക്കടലിലാഴ്ത്തിക്കൊണ്ട് വെള്ളിയാഴ്ച പുലർച്ചെ എബ്രഹാമും വിടവാങ്ങി.
കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥനകളിൽ പങ്കുചേർന്ന് ഉറങ്ങാൻ കിടന്ന എബ്രഹാമിനെ ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് മരണം തട്ടിയെടുത്തത്. പിതാവിന്റെ ചേതനയറ്റ ശരീരത്തിനരികിൽ മകനും എത്തുമ്പോൾ ആ വീടിനും നാടിനും അത് താങ്ങാവുന്നതിലും അധികമായി. ഒരേ വീട്ടുമുറ്റത്ത്, ഒരേ പന്തലിൽ വെച്ച് പിതാവിനും മകനും നാട് വിടചൊല്ലുകയാണ്.


by Midhun HP News | Mar 28, 2026 | Latest News, കേരളം
‘പ്രതിഛായ’ മികച്ച സിനിമയാണെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. നല്ലൊരു ഒറിജിനലാറ്റി ഈ സിനിമയ്ക്ക് ഉണ്ടെന്നും സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പയാണ് തന്റെ ഹീറോയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രതിഛായ സിനിമ കണ്ടിറങ്ങിയ ശേഷം ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “മികച്ച ഒരു പടം തന്നെയാണ്.
പൊളിറ്റിക്കൽ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും, അതായത് നമ്മുടെ നാട്ടിൽ നടന്ന ചില സംഭവങ്ങളുടെ ഫിൽമി ക്രിയേഷൻ. ഇതൊരു ഫിക്ഷനും കൂടിയാണ്. അതിനെ അങ്ങനെ തന്നെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഫിക്ഷനായിട്ട് തന്നെയാണ് കഥ. പക്ഷേ ഒരു കാര്യം എനിക്ക് ഇഷ്ടപ്പെട്ടു. നല്ലൊരു ഒറിജിനാലിറ്റി ഈ സിനിമയ്ക്കുണ്ട്.
നല്ലൊരു എഫേർട്ട് ഈ സിനിമയ്ക്ക് വേണ്ടി എടുത്തിട്ടുണ്ട്. സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ. സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ. നിവിനൊക്കെ വളരെ റിയൽ ആക്ടിങ് ആയിരുന്നു”. – ചാണ്ടി ഉമ്മൻ പറഞ്ഞു.
നിവിൻ പോളി, ഷറഫുദ്ദീൻ, ബാലചന്ദ്ര മേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘പ്രതിഛായ’. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്.
കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ കേരളം ഭരിക്കുന്ന പാർട്ടിയുടെ മുഖ്യമന്ത്രി കെ എൻ വർഗീസിന്റെ ജീവിതമാണ് പ്രതിഛായ പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഘ തോമസ്, ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Recent Comments