ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ

ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ

ഗുരുവായൂർ: ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി മഹോത്സവം ആഗസ്റ്റ് 30 ഞായറാഴ്ച ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകൾ നടക്കുക.തൃപ്പുത്തരി ദിനത്തിൽ ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിനായി 2200 കദളിപ്പഴവും 22 കിലോ ശുദ്ധമായ നെയ്യും പ്രത്യേക ചേരുവകളായി ഉപയോഗിക്കും.

പുത്തരി പായസത്തിനുള്ള ടിക്കറ്റുകൾ നാളെ (ആഗസ്റ്റ് 29, ശനിയാഴ്ച) വൈകുന്നേരം നാലു മണി മുതൽ ക്ഷേത്രത്തിലെ തെക്കേനട ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.

250 മില്ലിലിറ്റർ പായസത്തിന് 60 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരാൾക്ക് പരമാവധി 120 രൂപയുടെ പായസം വരെ ശീട്ടാക്കാൻ സാധിക്കും. പായസം വാങ്ങുന്നതിനുള്ള ഡബ്ബയ്ക്ക് 20 രൂപ അധികം നൽകണം. ആഗസ്റ്റ് 30-ന് ഉച്ചപൂജയ്ക്ക് ശേഷമായിരിക്കും ഭക്തർക്ക് പ്രസാദ വിതരണം നടത്തുക.

ഇന്ന് ഗുരുദേവ ജയന്തി; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകള്‍

ഇന്ന് ഗുരുദേവ ജയന്തി; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകള്‍

തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും. ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശിതരൂര്‍ എം.പി, കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ എന്നിവര്‍ സംസാരിക്കും. രാവിലെ 10ന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ മേയര്‍ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും ശ്രീനാരായണഗുരു വിശ്വസംസ്‌കാരഭവന്‍ സെക്രട്ടറി സ്വാമി ശങ്കരാനന്ദയും പ്രഭാഷണം നടത്തും.

ശിവഗിരിയിലെ തിരുജയന്തി സമ്മേളനം രാവിലെ 9.30ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, അടൂര്‍ പ്രകാശ് എം.പി, വി.ജോയ് എം.എല്‍.എ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാഹേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

11.30ന് ശ്രീനാരായണധര്‍മ്മ ചര്‍ച്ചാസമ്മേളനം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അംബികാനന്ദ, ബി.ബി.ഗോപകുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.വൈകിട്ട് 5ന് പുറപ്പെടുന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ എഴുന്നള്ളിക്കുന്ന ഗുരുദേവ റിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, മുത്തുക്കുടകള്‍, ഗുരുദേവ വിഗ്രഹം വഹിക്കുന്ന കമനീയമായ രഥം, ശിങ്കാരിമേളം, കലാരൂപങ്ങള്‍, ഗുരുദേവദര്‍ശനത്തെ ആസ്പദമാക്കിയുള്ള പ്ലോട്ടുകള്‍ തുടങ്ങിയവ അണിനിരക്കും.

വർക്കല മുത്താനയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത് മുൻ വൈരാഗ്യം കാരണം

വർക്കല മുത്താനയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത് മുൻ വൈരാഗ്യം കാരണം

തിരുവോണ ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ വർക്കല മുത്താനയിൽ നാടിനെ നടുക്കിയ ഒരു കൊലപാതകം നടന്നു. മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മുത്താന സ്വദേശിയായ പ്രജി എന്ന യുവാവാണ് ദാരുണമായി കുത്തേറ്റു മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന പ്രജിയുടെ അടുത്തേക്ക് ഗൗരി കൃഷ്ണൻ, അമ്പാടി എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കടന്നുവരികയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും, ഒന്നാം പ്രതിയായ ഗൗരി കൃഷ്ണൻ തൻ്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രജിയുടെ നെഞ്ചിലും പുറത്തും അതിക്രൂരമായി കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച ഗൗരി കൃഷ്ണനെ വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ കല്ലമ്പലം പോലീസ് അതിവിദഗ്ധമായി പിടികൂടി. ഇയാളെ കൂടാതെ കൊലപാതകത്തിൽ പങ്കുള്ള അമ്പാടി എന്ന ഷൈജു, കണ്ണൻ, മനു, രജിത്ത് എന്നീ മറ്റു നാല് പ്രതികളെയും മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ അഞ്ച് പ്രതികളെയും കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട പ്രജിയുടെ മൃതദേഹം തുടർനടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ മുൻ സെക്രട്ടറി അഡ്വ. നാവായിക്കുളം എസ് ഷിബു അന്തരിച്ചു

ആറ്റിങ്ങൽ ബാർ അസോസിയേഷൻ മുൻ സെക്രട്ടറി അഡ്വ. നാവായിക്കുളം എസ് ഷിബു അന്തരിച്ചു

ആറ്റിങ്ങൽ ബാർ അസോസിയേഷൻ മുൻ സെക്രട്ടറി അഡ്വക്കേറ്റ് നാവായിക്കുളം എസ് ഷിബു അന്തരിച്ചു.നാവായിക്കുളം പറകുന്ന് സ്വദേശിയാണ്.

‘ആര് കാറി തുപ്പി ?’ ‘ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ’; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ടീസർ

‘ആര് കാറി തുപ്പി ?’ ‘ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ’; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ടീസർ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ റിലീസ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 1994 ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ പ്രിയദർശന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് 4K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും, വരും തലമുറയ്ക്ക് മുന്നിൽ വലിയ സ്ക്രീനിൽ അവർ വീണ്ടും ഈ സെപ്റ്റംബറോടെ എത്തും. മോഹൻലാൽ, നെടുമുടി വേണു, ശോഭന, പപ്പു, ശ്രീനിവാസൻ, സുകുമാരി, കവിയൂർ പൊന്നമ്മ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

മാറ്റിനി നൗ പങ്കുവച്ചിരിക്കുന്ന കുറിപ്പ്

പ്രിയപ്പെട്ട പ്രേക്ഷകരേ,

1994-ൽ, പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ സംഗീതവും ഒത്തുചേർന്ന ഒരു സിനിമ നമ്മെ തേടിയെത്തി ‘തേന്മാവിൻ കൊമ്പത്ത്’. നമ്മൾ ആ സിനിമ കണ്ടു ചിരിച്ചു… സങ്കടപ്പെട്ടു… അതിലെ ഓരോ പാട്ടുകളും നമ്മുടെ കല്യാണവീടുകളിലും ആഘോഷങ്ങളിലും പാടി, ആസ്വദിച്ചു. അങ്ങനെ, അറിയാതെ തന്നെ നമ്മൾ വളർന്നു. പക്ഷേ, എന്തോ… ആ സിനിമയ്ക്ക് നമ്മളോടൊപ്പം പ്രായമായില്ല.

ഇന്നും അതിലെ ഓരോ ഫ്രെയിമും, ഓരോ കഥാപാത്രവും, ഓരോ പാട്ടും, ഓരോ ചിരിയും നമ്മുടെ ഓർമ്മകളിൽ അതേ പുതുമയോടെ തന്നെയുണ്ട്. കഴിഞ്ഞ ഒരു വർഷമായി, ആ ഓർമ്മകളെ വീണ്ടും വലിയ സ്ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഒരു യാത്രയിലായിരുന്നു ഞങ്ങൾ ” മാറ്റിനി നൗ”.

ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് 4Kയിൽ സ്കാൻ ചെയ്ത്, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും സ്നേഹത്തോടെ പുതിയൊരു ജീവൻ നൽകി, Dolby Atmos-ൽ മിക്സ് ചെയ്ത്, ഇതിഹാസതുല്യനായ സംവിധായകൻ പ്രിയദർശനും അദ്ദേഹത്തിന്റെ സംഘവും അന്ന് ഉദ്ദേശിച്ചതുപോലെ തന്നെ, ആ സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതെ ഞങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നു.

ഈ സിനിമയുടെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും, ഈ സെപ്റ്റംബറിൽ, കുറച്ചു നേരത്തേക്ക് അവർ വീണ്ടും വലിയ സ്ക്രീനിലെത്തും. നമ്മെ വീണ്ടും ചിരിപ്പിക്കാൻ…ആർപ്പുവിളിപ്പിക്കാൻ…ചിലപ്പോൾ കണ്ണുനിറയിക്കാനും… അവരോടൊപ്പം ഒരിക്കൽ കൂടി നമുക്ക് സഞ്ചരിക്കാം, ഒരിക്കൽ കൂടി ‘തേന്മാവിൻ കൊമ്പത്ത്’ കാണാം.

കുടുംബത്തെയും കൂട്ടി വരൂ! ഒരുമിച്ചിരുന്ന് ചിരിക്കാനും പാടാനും ഓർമ്മകൾ പങ്കിടാനും വരൂ. ഈ സിനിമ പുറത്തിറങ്ങിയ കാലത്തിന് ശേഷം ജനിച്ചവരോട് ഒരു ചെറിയ അഭ്യർത്ഥന കൂടി “നിങ്ങളുടെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും ഈ സിനിമയെ ഇത്രമേൽ സ്നേഹിച്ചത് എന്തുകൊണ്ടാണെന്ന്, നിങ്ങൾക്കും അറിയേണ്ടേ? വരൂ, വന്ന് കണ്ടറിയൂ.”

‘തേന്മാവിൻ കൊമ്പത്ത്’ — 4K Dolby Atmos-ൽ, ഈ സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ. ചില സിനിമകൾ വെറുമൊരു സിനിമയല്ല. അവ നമ്മുടെ ഓർമ്മകളാണ്. നമ്മുടെ ബാല്യമാണ്. നമ്മുടെ കുടുംബത്തിന്റെ കഥകളാണ്. ചില സിനിമകൾ ഒരുമിച്ചിരുന്ന് തന്നെ കാണേണ്ടവയാണ്.

വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ദുബൈ: അല്‍ ഐനിലെ പാര്‍ക്കിന് സമീപമുള്ള പൊതു വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന കുട്ടിയാണ് മരിച്ചത്. വീടിന് സമീപത്തെ പാര്‍ക്കില്‍ ജ്യേഷ്ഠനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കാനിറങ്ങിയതായിരുന്നു വലീദ്. ഇതിനടുത്തുള്ള വീടിന് പുറത്തുവച്ചിരുന്ന വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കുട്ടി വൈദ്യുതാഘാതമേറ്റ് വീണു. ഇത് തമാശയാണെന്ന് കരുതി അടുത്തേക്ക് ചെന്ന വലീദ് വാട്ടര്‍ കൂളറില്‍ തൊട്ടതോടെയാണ് അപകടമുണ്ടായത്.

പുതിയ അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ ബാഗും പഠനോപകരണങ്ങളും വാങ്ങി സ്‌കൂളില്‍ പോകാനിരിക്കെയാണ് കുട്ടിയുടെ മരണം. അപകടത്തിന് പിന്നാലെ വലീദിന്റെ സഹോദരന്‍ ഓടിയെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ കുടുംബം കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ കൂളറില്‍ നിന്ന് പലരും സാധാരണയായി വെള്ളം കുടിക്കാറുള്ളതാണ്. സംഭവത്തിന് പിന്നാലെ പൊതുസ്ഥലങ്ങളിലും വീടുകള്‍ക്ക് പുറത്തുമുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും വാട്ടര്‍ കൂളറുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.