‘ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമങ്ങളുമായി വരുമാനം പങ്കിടണം; തയ്യാറല്ലെങ്കിൽ നിയമം’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

‘ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമങ്ങളുമായി വരുമാനം പങ്കിടണം; തയ്യാറല്ലെങ്കിൽ നിയമം’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: വാര്‍ത്താ മാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമ സ്ഥാപനങ്ങളുമായി വരുമാനം പങ്കിടണമെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. സ്വമേധയാ വരുമാനം പങ്കിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ഇതിനായി നിയമ നിര്‍മാണം നടത്തിയ കാര്യവും മന്ത്രി ഓര്‍മിപ്പിച്ചു.

ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഡിഎന്‍പിഎ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ മുതല്‍ ഉള്‍പ്രദേശങ്ങളിലെ സ്വതന്ത്ര സ്രഷ്ടാക്കള്‍ വരെ ഇക്കാര്യം ശ്രദ്ധിക്കണം. മാധ്യമ പ്രവര്‍ത്തകര്‍, പരമ്പരാഗത മാധ്യമങ്ങള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, പ്രൊഫസര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ക്കെല്ലാം ഇതു ബാധകമാകണം.

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ആരുടെയും അനുമതിയില്ലാതെ ഒരാളുടെ മുഖം, ശബ്ദം എന്നിവയുപയോഗിച്ച് സിന്തറ്റിക്ക് കണ്ടന്റ് സൃഷ്ടിക്കരുത്. അത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അവരുടെ അനുമതി ആവശ്യമാണ്- മന്ത്രി വ്യക്തമാക്കി.

ഈ ട്രെയിനുകള്‍ ഇനി ‘സ്‌പെഷ്യല്‍’ അല്ല; സ്ഥിരമാകുന്നു

ഈ ട്രെയിനുകള്‍ ഇനി ‘സ്‌പെഷ്യല്‍’ അല്ല; സ്ഥിരമാകുന്നു

കണ്ണൂര്‍: കേരളത്തിലെ ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരമാകുന്നു. ട്രെയിനുകള്‍ സ്ഥിരമാക്കിയ വിവരം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യനു നല്‍കിയ കത്തിലാണ് സൂചിപ്പിച്ചിട്ടുള്ളത്. നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരമാക്കിയതായി കൊടിക്കുന്നില്‍ സുരേഷ് എംപിയും സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനുകള്‍ സ്ഥിരമായി ഓടിത്തുടങ്ങുമ്പോള്‍ തുടക്കത്തിലെ പൂജ്യം നമ്പര്‍ മാറും. ഒപ്പം സ്‌പെഷ്യല്‍ എന്നത് എക്‌സ്പ്രസ് എന്നായും മാറും.

സ്ഥിരമാകുന്ന ട്രെയിനുകള്‍

പാലക്കാട്- കണ്ണൂര്‍ (16611), കണ്ണൂര്‍- കോഴിക്കോട് (56632), തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു അന്ത്യോദയ (16313/ 16314), കൊല്ലം- എറണാകുളം മെമു (66327/66328), എറണാകുളം- വേളാങ്കണ്ണി (16363/16364), വിശാഖപട്ടണം- കൊല്ലം (18501/ 18502).

സമ്പൂര്‍ണ ‘ചന്ദ്രഗ്രഹണം’ മാര്‍ച്ച് 3 ന്; സമയം അറിയാം

സമ്പൂര്‍ണ ‘ചന്ദ്രഗ്രഹണം’ മാര്‍ച്ച് 3 ന്; സമയം അറിയാം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്നിന്. പടിഞ്ഞാറേയറ്റത്തുള്ള പ്രദേശങ്ങള്‍ ഒഴിച്ചുള്ള മിക്കയിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രകടമാകും. ഗ്രഹണം ഏതാണ്ട് 3 മണിക്കൂര്‍ 27 മിനിറ്റ് നീണ്ടുനില്‍ക്കും.

വൈകീട്ട് 3.20 മുതല്‍ 6.48 വരെയാണ് ഗ്രഹണ സമയം. പൂര്‍ണതോതില്‍ ദൃശ്യമാകുക 4.34നും 5.33നും ഇടയ്ക്കുള്ള സമയത്താകും.

വീണാ ജോര്‍ജിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെഎസ് യു നേതാവിന്റെ വീടിന് നേരെ ബോംബേറ്

വീണാ ജോര്‍ജിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെഎസ് യു നേതാവിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് : കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെ എസ് യു നേതാവിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേര്‍ക്കാണ് ആക്രമണം.

ഇന്ന് പുലര്‍ച്ചെ 2.37ന് ആണ് സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിതുല്‍ ബാലന്‍ കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. കെഎസ്‌യു നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിയുന്ന അക്രമികളുടെ സിസിടിവി ദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ കണ്ണൂരില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലു മണിയോടെ റോഡ് മാര്‍ഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.

അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്‌യു പ്രതിഷേധം നടന്ന സ്ഥലത്തെ കാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്‍പിഎഫിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം ‘ന്യൂട്രിലെവല്‍’ വിപണിയില്‍

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം ‘ന്യൂട്രിലെവല്‍’ വിപണിയില്‍

തിരുവനന്തപുരം: മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പന്നമായ ‘ന്യൂട്രിലെവല്‍’ ആണ് ഇതിലൊന്ന്. ഇതോടെ ആരോഗ്യസംരക്ഷണ ഉല്‍പന്ന വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മില്‍മ.

ന്യൂട്രിലെവലിന്റെ വിപണനോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി, മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക് നല്‍കി നിര്‍വഹിച്ചു. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പോഷകസമൃദ്ധവും ഗുണമേന്‍മയേറിയതുമായ ഉല്‍പ്പന്നമാണ് ‘ന്യൂട്രിലെവല്‍’. സ്‌പോര്‍ട്‌സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.

കഫേ മോക്ക, കോള്‍ഡ് കോഫി എന്നി മില്‍ക്ക്‌ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി. 2030ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലാഭത്തിന്റെ 85 ശതമാനം ക്ഷീരകര്‍ഷകക്ഷേമത്തിന് ക്ഷീരസഹകരണ സംഘങ്ങള്‍ വഴി ചെലവഴിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.