by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ബൊഗോട്ട: കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം. 125 സൈനികരും ജീവനക്കാരുമായി പറന്ന വിമാനം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി മേഖലയായ പ്യൂര്‍ട്ടോ ലെഗ്യൂസാമോയിലാണ് തകര്‍ന്നുവീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇക്വഡോറിന്റെയും പെറുവിന്റെയും തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള പ്യൂര്‍ട്ടോ ലഗ്യൂസാമോയില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 58 സൈനികര്‍ മരിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തിന് പിന്നാലെ വനത്തില്‍ വിമാനാവശിഷ്ടങ്ങള്‍ കത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച ഹെര്‍കുലിസ് സി-130 വിമാനമാണ് തകര്‍ന്നതെന്ന് കൊളംബിയ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു അപകടം.
വിമാനത്തിലുണ്ടായിരുന്ന ആയുധസാമഗ്രികള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നുമില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അപകടത്തിന്റെ കാരണം എന്തെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Mar 24, 2026 | Latest News, സിനിമ
ബോളിവുഡില്‍ സജീവമായി മാറുകയാണ് പാര്‍വതി തിരുവോത്ത്. പാര്‍വതി അഭിനയിക്കുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് സ്റ്റോം. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ നിര്‍മാതാവായ സീരീസ് ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ആമസോണ്‍ പ്രൈം വിഡിയോ.
വ്യത്യസ്തരായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അഞ്ച് സ്ത്രീകളിലൂടെയാണ് സീരീസ് കഥ പറയുന്നത്. പാര്‍വതിയ്ക്ക് പുറമെ സബാ ആസാദ്, അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശര്‍മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുംബൈ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സീരീസ് ക്രൈം ത്രില്ലറായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.
കോഹ്‌റയിലൂടെ താരമായ സുവിന്ദര്‍ വിക്കിയും സ്‌റ്റോമിലുണ്ട്. എച്ച്ആര്‍എക്‌സിന്റെ ബാനറില്‍ ഹൃത്വിക് റോഷനും ഇഷാന്‍ റോഷനും ചേര്‍ന്നാണ് സീരീസിന്റെ നിര്‍മാണം. അജിത്പാല്‍ സിങ് ആണ് സംവിധാനം. അജിത്തും ഫ്രാങ്കോയ്‌സ് ലുണലും സ്വാതിദാസും ചേര്‍ന്നാണ്. റിലീസ് തിയ്യതി പുറത്തു വിട്ടിട്ടില്ല.
അതേസമയം പാര്‍വതിയുടെ ആദ്യ ഹിന്ദി സീരീസാണ് സ്റ്റോം. നേരത്തെ ദൂത എന്ന തെലുങ്ക് സീരീസില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഹെര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഐ, നോബഡിയാണ് പാര്‍വതിയുടേതായി അണിയറയിലുള്ള പുതിയ മലയാള ചിത്രം. പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രവും അണിയറയിലുണ്ട്.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ. കല്ലേറു കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.
ചെന്നൈ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ക്കു സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) ഗവ. റെയില്‍വേ പൊലീസും (ജിആര്‍പി) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി കാമറകള്‍ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ എറിയുന്ന കല്ലുകള്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.


by Midhun HP News | Mar 24, 2026 | Latest News, കേരളം
തൃശൂര്‍: ആറാട്ടുപുഴ പൂരത്തിനുള്ള കൈപ്പന്തങ്ങള്‍ ഒരുങ്ങി. രണ്ട് വീതം ഒറ്റപ്പന്തങ്ങളും മുപ്പന്തങ്ങളും 18 ആറ് നാഴി പന്തങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ മുല്ലമൊട്ടിന്റെ ആകൃതിയില്‍ ചുറ്റി തയ്യാറാക്കിയിട്ടുള്ളത്.
ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടര്‍ന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കല്‍ പൂരം, ആറാട്ടുപുഴ പൂരം എന്നി ദിവസങ്ങളിലും പന്തം കത്തിക്കും. ഓരോ എഴുന്നള്ളിപ്പ് കഴിയുമ്പോഴും പന്തങ്ങള്‍ വീണ്ടും ചുറ്റി തയ്യാറാക്കും.
ശാസ്താവ് എഴുന്നള്ളുമ്പോള്‍ തിരുമുമ്പില്‍ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക. ഓടില്‍ തീര്‍ത്ത പന്തത്തിന്റെ നാഴികള്‍ ഓരോ വര്‍ഷവും പോളീഷ് ചെയ്യും. മനോഹരമായി പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും. ഇതിനായി തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി മന്ദാരകടവില്‍ വെച്ച് പുഴുങ്ങി അലക്കി ഉണക്കിയെടുക്കുകയാണ് ചെ
യ്യുക. വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലങ്ങളില്‍ വൃശ്ചിക മാസത്തില്‍ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച് വെയ്ക്കാറുണ്ടായിരുന്നു. ഇതില്‍ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാന്‍ ഉപയോഗിക്കാറ്. ഒരു ആറ് നാഴി പന്തം മൂന്ന് മണിക്കൂര്‍ കത്തണമെങ്കില്‍ 15 കിലോ വെളിച്ചെണ്ണ വേണ്ടി വരും. എഴുന്നള്ളിപ്പ് സമയത്ത് ഇരുപത് മിനിറ്റ് കൂടുമ്പോള്‍ പന്തം വെളിച്ചെണ്ണയില്‍ നനച്ചു കൊണ്ടിരിക്കും. ഇലക്ട്രിസിറ്റി സാര്‍വ്വത്രികമാകുന്നതിന് മുമ്പ് കൈപ്പന്തത്തിന്റെ പ്രകാശത്തിലാണ് പൂരം നടത്തി വന്നിരുന്നത്. കോലവും തിടമ്പും ആനച്ചമയങ്ങളും മറ്റും കൂടുതല്‍ ശോഭയോടെയും തിളക്കത്തോടെയും ദര്‍ശിക്കുന്നതിനു വേണ്ടിയാണ് പന്തങ്ങള്‍ വെളിച്ചെണ്ണയില്‍ കത്തിക്കുന്നത്.
ഊരകം എം എസ് ഭരതന്റെ നേതൃത്വത്തില്‍ ശശി, കുട്ടപ്പന്‍ എന്നിവരാണ് ആറാട്ടുപുഴ പത്തായപ്പുരയില്‍ വെച്ച് കൈപ്പന്തങ്ങള്‍ തയ്യാറാക്കിയത്.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ടെക്‌സസ് തീരത്തിനടുത്തുള്ള പോര്‍ട്ട് ആര്‍തറിലെ വലേറോ റിഫൈനറിയില്‍ സ്ഫോടനം. ശക്തമായ പുക ഉയരുകയും സമീപസ്ഥലത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയും ചെയ്തു. ഹൂസ്റ്റണില്‍ നിന്ന് ഏകദേശം 145 കിലോമീറ്റര്‍ അകലെയാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് മേയര്‍ ഷാര്‍ലറ്റ് എം മോസസ് പറഞ്ഞു. സമീപപ്രദേശത്തുള്ളവര്‍ അവരുടെ വീടുകളില്‍ വലിയ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ക്രൂ സംഭവ സ്ഥലത്ത് എത്തിയത്.
വ്യാവസായിക ഹീറ്ററിലെ സാങ്കേതിക തകരാര്‍ മൂലമാണ് സ്‌ഫോടനമെന്ന് പ്രാഥമിക നിഗമനമെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി ഷെരീഫ് സെന്‍ സ്റ്റീഫന്‍സ് പറഞ്ഞു. പക്ഷേ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കൂ. ചുറ്റുമുള്ള പ്രദേശത്തെ താമസക്കാര്‍ വീടിനുള്ളില്‍ തന്നെ തുടരാനും ജനാലകളും വാതിലുകളും അടച്ചുപൂട്ടാനും ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ് പാലിക്കാനും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി, ജെഫേഴ്‌സണ്‍ കൗണ്ടി ഉദ്യോഗസ്ഥര്‍ സ്റ്റേറ്റ് ഹൈവേ 82, 87 എന്നിവ അടച്ചു.
റിഫൈനറിയില്‍ ഏകദേശം 770 ജീവനക്കാരുണ്ട്. പ്രതിദിനം 435,000 ബാരല്‍ എണ്ണ സംസ്‌കരിക്കാന്‍ കഴിയും. സ്‌ഫോടനാത്കമായ ശബ്ദം കേട്ടെന്നും ജനാലകള്‍ ഇളകി വീഴുന്നത് കണ്ടുവെന്നും അവിടുത്തെ താമസക്കാര്‍ പറയുന്നു. എല്ലാം പഴപടി ആകുന്നതുവരെ നിലവില്‍ മാറ്റിപ്പാര്‍പ്പിച്ചിടത്തു തന്നെ തുടരാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പുറത്തിറങ്ങരുതെന്നും ജനലുകളും വാതിലുകളും അടച്ചിടാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


by Midhun HP News | Mar 24, 2026 | Latest News, കേരളം
ഇന്ന് ലോക ക്ഷയരോഗദിനം. എല്ലാ വർഷവും മാർച്ച് 24നാണ് ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. 2024-ൽ രാജ്യത്ത് ഒരു ലക്ഷം ആളുകളിൽ 187 പേർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡബ്യൂഎച്ച്ഒ വ്യക്തമാക്കുന്നു.
ആഗോള ക്ഷയരോഗ റിപ്പോർട്ട് 2025 പ്രകാരം, അന്താരാഷ്ട്രതലത്തിൽ ക്ഷയരോഗബാധിതരുടെ 67 ശതമാനം എട്ട് രാജ്യങ്ങളിലായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 25 ശതമാനം ഇന്ത്യയിലാണ്. ഇന്തോനേഷ്യയിൽ 10 ശതമാനവും ഫിലിപ്പീൻസിൽ 6.8 ശതമാനവും ചൈനയിൽ 6.5 ശതമാനവുമാണ് കണക്ക്.
ക്ഷയരോഗം എന്ന പകർച്ചവ്യാധി
മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ ആണ് ക്ഷയരോഗം ഉണ്ടാക്കുന്നത്. 18-19 നൂറ്റാണ്ടുകളിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും ലക്ഷണക്കണക്കിന് ജീവൻ അപഹരിച്ചുകൊണ്ട് ലോകത്തെ ആകെ ഈ പകർച്ചവ്യാധി ആശങ്കയിലാക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിയോഫിൽ ലെനെ എന്ന ഗവേഷകൻ ഇത് ബാക്ടീരിയ മൂലമുണ്ടാകുന്നതാണെന്ന് നീരിക്ഷിച്ചു.
1882-ൽ റോബർട്ട് കോച്ച് എന്ന ഗവേഷകനാണ് മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ് രോഗകാരിയെന്ന് കണ്ടെത്തുന്നത്. 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ തന്നെ ക്ഷയരോഗ ചികിത്സയ്ക്കുള്ള പഠനങ്ങൾ ആരംഭിച്ചു.
ക്ഷയരോഗം എങ്ങനെ പകരുന്നു
പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം. കാലക്രമേണ ഇത് മറ്റ് അവയവങ്ങളെയും ബാധിക്കാം. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ബാക്ടീരിയകളുടെ ചെറിയ കണികകൾ വായുവിലേക്ക് പടരുന്നു. ഈ കണികകൾ ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.
ക്ഷയരോഗ ലക്ഷണങ്ങൾ
ശരീരത്തിൽ രോഗാണുക്കൾ വികസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു.
രണ്ട് മുതൽ മൂന്ന് ആഴ്ച വരെ നീണ്ടു നിൽക്കുന്ന ചുമയും നെഞ്ചുവേദനയും.
വിട്ടുമാറാത്ത ക്ഷീണം
വിറയൽ, പനി, വിശപ്പില്ലായ്മ
ശരീരഭാരം കുറയുക.
കൂടാതെ, ക്ഷയരോഗം വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയ്ക്കും കാരണമാകും.
തുടക്കത്തിലേ കണ്ടെത്തിയാൽ ക്ഷയരോഗം ചികിത്സിക്കാം. നേരത്തെ രോഗനിർണയം നടത്തുന്നത് ടിബി ബാധിച്ച ആളുകൾക്ക് ടിബിയിൽ നിന്നുള്ള സങ്കീർണതകൾ തടയാൻ സഹായകമാണ്.
ലോക ക്ഷയരോഗ ദിനത്തിന്റെ ചരിത്രം
യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, 1882 മാർച്ച് 24 ന് ആണ് ഡോക്ടർ റോബർട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന മൈക്രോ ബാക്ടീരിയ ക്ഷയരോഗ ബാക്ടീരിയയെ കണ്ടെത്തിയത്. റോബർട്ട് കോച്ചിന്റെ ഈ കണ്ടെത്തൽ പിന്നീട് ക്ഷയരോഗ ചികിത്സയിൽ വളരെ സഹായകരമാണെന്ന് തെളിഞ്ഞു.
1905-ൽ റോബർട്ട് കോച്ചിന് നൊബേൽ സമ്മാനം ലഭിച്ചു. ക്ഷയരോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് മാർച്ച് 24 തിരഞ്ഞെടുത്തത്. അതിനുശേഷം എല്ലാവർഷവും മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.


Recent Comments