by Midhun HP News | Mar 17, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനവും ഫ്ലഡ് ലൈറ്റ് സംവിധാനത്തിൻ്റെ സ്വിച്ച് ഓൺ കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കാര്യക്ഷമമായ ഇടപെടലാണ് കേരളത്തെ ഇന്ന് ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റിയത്.
എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കുവാനാണ് കെ.സി.എ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പിന് നിലവിലുള്ള നിയമങ്ങൾ തടസ്സമായിരുന്നു. നിയമങ്ങൾ സംസ്ഥാനത്തിൻ്റെ കായിക വികസനത്തിന് തടസ്സമാകരുതെന്ന ചിന്താഗതിയിൽ കെ.സി.എയ്ക്ക് ഇളവുകൾ അനുവദിച്ചതിൻ്റെ ഭാഗമായാണ് ഇന്ന് വിവിധയിടങ്ങളിൽ ഗ്രൗണ്ടുകൾ ഒരുക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിക്കറ്റ് ഗൗരവത്തോടെ പരിശീലിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കെ.സി.എയുടെ സ്നേഹാദരം മുഖ്യമന്ത്രി കൈമാറി. നിശ്ചയദാർഢ്യവും മനസ്സാന്നിധ്യവുമാണ് സഞ്ജുവിൻ്റെ വിജയമന്ത്രമെന്നും, കേരള ക്രിക്കറ്റിൻ്റെ തിളക്കമാർന്ന അടയാളമാണ് മലയാളിയുടെ അഭിമാനമായ സഞ്ജുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ ഗ്രൗണ്ട് പുതുതലമുറയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സ്നേഹാദരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു.
രണ്ടാംഘട്ടത്തിൻ്റെ ഭാഗമായുള്ള സ്റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയുടെയും ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൻ്റെയും നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
കെ.സി.എ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മംഗലപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, സി.ഇ.ഒ മിനു ചിദംബരം, ട്രിവാൻഡ്രം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ.കെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Mar 17, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,16,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 14,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാണ് തുടങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ പവന് 11,000 രൂപയിലധിക കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Mar 17, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബൈ വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചത്.
ഇന്നലെ പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനമാണ് ദുബൈയില്‍ ഇറങ്ങാതെ രാവിലെ 8.30ന് തിരിച്ചെത്തിയത്. യാത്രക്കാരെ വീടുകളിലേക്ക് അയച്ചു. മുന്നറിയിപ്പില്ലാതെയാണ് സുരക്ഷാ കാരണങ്ങളാല്‍ ദുബൈ വിമാനത്താവളം അടച്ചത്.
ഇന്ധന ടാങ്കിനടുത്ത് ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഓടിയെത്തിയ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലായാണ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനത്താവളത്തിലെ വിമാന സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
തിപിടിത്തമുണ്ടായത് മൂലം വിമാനത്താവളം അടച്ചതായി പൈലറ്റിന് സന്ദേശം ലഭിക്കുകയും വിമാനം കൊച്ചിയിലേക്ക് മടങ്ങുകയുമായിരുന്നു. വിമാനം ദുബൈയിലിറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കേ ആണ് മടക്കം. രാവിലെ എട്ടരയോടെ വിമാനം കൊച്ചിയിലിറങ്ങി. അരമണിക്കൂറോളം യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി.
യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വിസുകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈന്‍സുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക ചാനലുകളിലൂടെ ഉടന്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


by Midhun HP News | Mar 17, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടം ഉണ്ടായത് എന്നാണ് സംശയം. രണ്ടാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്.
50-ഓളം രോഗികളാണ് അപകട സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. അത്യാഹിത വിഭാഗത്തിലെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീന്‍ കത്തിയതാണ് അപകട കാരണം എന്നാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്ന് ഐസിയുവില്‍ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി.
തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഓക്‌സിജന്‍ ലീക്ക് ആയി പുക ഉയരുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോഗികള്‍ക്ക് ബുദ്ധിമുട്ടായതോടെ എല്ലാ രോഗികളേയും മാറ്റുകയായിരുന്നു. നിലവില്‍ ഒഴിപ്പിച്ച രോഗികള്‍ക്ക് വിശദ പരിശോധന നടത്തിവരികയാണ്. അപകടത്തിന് പിന്നാലെ മേയര്‍ വിവി രാജേഷ് മെഡിക്കല്‍ കോളജിലെത്തി. വെന്റിലേറ്ററിന്റെ ഉള്ളില്‍ നിന്നാണ് തീ കത്തിയതെന്നും ഉടന്‍ തന്നെ ഓക്‌സിജന്‍ കട്ട് ചെയ്തത് വലിയ അപകടം ഒഴിവാക്കിയെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.


by Midhun HP News | Mar 17, 2026 | Latest News, കേരളം
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കൻ തമിഴ്നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം മന്നാർ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ് ഒരു ന്യൂനമർദ്ദ പാത്തി. വടക്കൻ കർണാടകയുടെ ഉൾഭാഗം മുതൽ തെക്കൻ കർണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളിൽ മഴ ലഭിക്കുക എന്നും മുന്നറിയിപ്പിൽ പറയുന്നു.
by Midhun HP News | Mar 17, 2026 | Latest News, ജില്ലാ വാർത്ത
കൊല്ലം: കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കുടവട്ടൂര്‍ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.
2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി. കുടവട്ടൂര്‍ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞ് നിര്‍ത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. അധികം വൈകാതെ മരണം സംഭവിച്ചു.
ക്രൂരമായ കൊലപാതകത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
Recent Comments