by Midhun HP News | May 18, 2026 | Latest News, കേരളം
തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനം ഉണ്ടാകണം. ആശാവര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപ വര്‍ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. പാചകതൊഴിലാളികളുടെ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ആയമാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.
നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന്‍ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മര്‍ദനത്തില്‍ സ്‌പെഷ്യല്‍ അന്വേഷണം നടത്തും.
ലോക്ഭവനില്‍നിന്ന് ചായസല്‍ക്കാരം കഴിഞ്ഞു മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും നോര്‍ത്ത് ബ്ലോക്കിലേക്ക് ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോള്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് മഴയിലും ചോരാത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വിഡി സതീശനെ ആദ്യമായി അനുമോദിച്ചത് മുഹമ്മദ് ഷിയാസ് എംഎല്‍എയാണ്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ബൊക്കെ നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷിയാക്കിയാണ് കേരളത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്ദേമാതരം ആലപിച്ചാണ് ആരംഭിച്ചത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി കെ ജയതിലക് വിഡി സതീശനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ദൈവനാമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.
മുഖ്യമന്ത്രിക്കു പിന്നാലെ മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പികെ കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതുമായി സത്യപ്രതിജ്ഞ ചെയ്തു. സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, എപി അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദീഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കെ മുരളീധരന്‍ ഇംഗ്ലിഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഷിബു ബേബി ജോണും സിപി ജോണും സഗൗരവവും മറ്റുള്ളവര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.

by Midhun HP News | May 18, 2026 | Latest News, കേരളം
ഇന്ത്യൻ റെയിൽവേയിൽ വീണ്ടും വൻ അവസരം. ടെക്നീഷ്യൻ തസ്തികകളിലായി 6,565 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ, ടെക്നീഷ്യൻ ഗ്രേഡ് III വിഭാഗങ്ങളിലായാണ് നിയമനം. 18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 30 മുതൽ ജൂലൈ 29 വരെ നൽകാം.
ഗ്രേഡ് I സിഗ്നൽ
ഒഴിവുകൾ- 323 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദ്യാഭ്യസ യോഗ്യത- ബിഎസ്.സി ഫിസിക്സ് /ഇലക്ട്രോണിക്സ് /കംപ്യൂട്ടർ സയൻസ് /ഐ ടി /ഇൻസ്ട്രുമെന്റഷൻ
അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യത ആവശ്യമാണ്.
പ്രായപരിധി- 18 മുതൽ 36 വയസ് വരെ
ശമ്പളം- 7th സിപിസി പ്രകാരം 29,200 രൂപ മുതൽ
ടെക്നീഷ്യൻ ഗ്രേഡ് III
ഒഴിവുകൾ- 6,242 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദ്യാഭ്യസ യോഗ്യത- പത്താം ക്ലാസ്, ITI ട്രേഡ് സർട്ടിഫിക്കറ്റ്
പ്രായപരിധി- 18 മുതൽ 33 വയസ് വരെ
ശമ്പളം- 7th സിപിസി പ്രകാരം 19,900 രൂപ മുതൽ
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി, ഇ ഡൗബ്ലു എസ് വിഭാഗങ്ങൾക്ക് 500 രൂപയും. SC, ST, PwD വിഭാഗങ്ങൾക്ക് 250 രൂപയുമാണ് ഫീസ്. ഓൺലൈൻ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
തെരഞ്ഞെടുപ്പ് പ്രക്രിയ
കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT), ഡോക്യുമെന്റ് വെരിഫിക്കേഷൻ , മെഡിക്കൽ ക്സാമിനേഷൻ എന്നിവയ്ക്ക് ശേഷമാണ് അന്തിമ പട്ടിക പ്രഖ്യാപിക്കുക.
ഓൺലൈൻ അപേക്ഷകൾ www.rrbapply.gov.in വഴി 30 ജൂൺ 2026 മുതൽ 29 ജൂലൈ 2026 വരെ സമർപ്പിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കേന്ദ്രികൃത വിജ്ഞാപനം (CEN 02/2026) പ്രകാരമാണ് നിയമന നടപടികൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് RRB ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

by Midhun HP News | May 18, 2026 | Latest News, കേരളം
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശ ചടങ്ങ് നടന്നു. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗൺഷിപ്പിലേക്ക് താമസം മാറിയ ആദ്യ കുടുംബം. സോൺ 1 ലെ ഡി ക്ലസ്റ്ററിലെ 38-ാം നമ്പർ വീട്ടിലാണ് ഇവരുടെ കുടുംബം താമസം ആരംഭിച്ചത്. വിജയന്റെ ഭാര്യ ലാലു, മകൻ കെ.വി. സ്മിജിത്ത്, മരു മകൾ സജിത, പേരക്കുട്ടികൾ എന്നിവരാണ് പുതിയ വീട്ടിലെ താമസക്കാർ.
ഇന്ന് രാവിലെ 10 മണിക്ക് നടന്ന ഗൃഹപ്രവേശ ചടങ്ങിൽ കുടുംബാംഗങ്ങളും നാട്ടുകാരും ജന പ്രതിനിധികളും പങ്കെടുത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബവുമായി അപ്രതീക്ഷിതമായി വിഡിയോ കോളിൽ സംസാരിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. സംഭാഷണത്തിനിടെ പിണറായി വിജയൻ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയും അവരുടെ ക്ഷേമത്തെക്കുറിച്ച് നേരിട്ട് അന്വേഷിക്കുകയും ചെയ്തു.
“ഇത്രയും മനോഹരമായ ഒരു വീട് ഞങ്ങൾക്ക് ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഇതുപോലൊരു വീട് നൽകുന്ന മറ്റൊരു സംസ്ഥാനമുണ്ടാകുമോ എന്ന് പോലും അറിയില്ല. സർക്കാരിനോട് എന്റെ കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു” വിജയൻ പറഞ്ഞു. ടൗൺഷിപ്പിലേക്ക് ആദ്യം താമസം മാറാനുള്ള തീരുമാനം മറ്റ് ഗുണഭോക്താക്കളെയും പുതിയ ജീവിതം ആരംഭിക്കാൻ പ്രചോദിപ്പിക്കുന്നതിന് വേണ്ടി ആണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സോണുകളിലായി വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പിൽ ആകെ 410 വീടുകളാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ 178 വീടുകളിൽ 159 എണ്ണം ഇതിനകം കൈമാറി. കിഫ്‌കോൺ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും ചേർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് വീടുകൾ കൈമാറിയത്. തിങ്കളാഴ്ച 19 വീടുകൾ കൂടി കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ശേഷിക്കുന്ന കുടുംബങ്ങളും വരും ദിവസങ്ങളിൽ ടൗൺഷിപ്പിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.

by Midhun HP News | May 18, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: കോഴ വിവാദങ്ങൾക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആരാധകർ കൈവിട്ട കാലത്താണ് സൗരവ് ഗാംഗുലി ക്യാപ്റ്റനായി എത്തുന്നത്. പിന്നീട് ഇന്ത്യൻ ടീമിനെ പോരാട്ട വീര്യമുള്ള സംഘമാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. ഇന്ത്യയുടെ ആദ്യ വിദേശ കോച്ചായ ജോൺ റൈറ്റുമായി ചേർന്നാണ് ഗാംഗുലി ടീമിൽ പരിവർത്തനം കൊണ്ടുവന്നത്. ആ കാലത്തെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ടുണ്ടായ വിവാദങ്ങളെക്കുറിച്ച് ഇപ്പോൾ ഗാംഗുലി മനസ് തുറന്നു.
രാഹുൽ ദ്രാവിഡിന്റെ ഏകദിന ടീമിൽ നിന്നു പുറത്താക്കാൻ സെലക്ടർമാർ തനിക്കുമേൽ സമ്മർദ്ദമുണ്ടാക്കിയെന്നും എന്നാൽ അദ്ദേഹത്തിന്റെ കരിയർ സംരക്ഷിക്കാനും രൂപപ്പെടുത്താനുമായി താൻ സെലക്ടർമാരുമായി നിരന്തരം ഫൈറ്റ് ചെയ്തിരുന്നുവെന്നും മുൻ ക്യാപ്റ്റൻ പറയുന്നു. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ഇന്ത്യൻ ടീമിലെ തന്റെ ക്യാപ്റ്റൻ കാലം ഗാംഗുലി ഓർത്തെടുത്തത്.
ദ്രാവിഡിന്റെ സ്ട്രൈക്ക് റേറ്റാണ് അന്ന് സെലക്ടർമാർ വലിയ പ്രശ്നമായി പറഞ്ഞത്. അദ്ദേഹം ടീമിൽ നിന്നു പുറത്താകുന്നതിന്റെ വക്കിലായിരുന്നു. ടീമിനു കൂടുതൽ അഗ്രസീവ് ബാറ്റിങ് ഓപ്ഷനുകൾ വേണമെന്ന നിലപാടിലായിരുന്നു അവർ. ഏകദിന ടീമിലെ ദ്രാവിഡിന്റെ സാന്നിധ്യം സെലക്ടർമാർ നിരന്തരം ചോദ്യം ചെയ്തു. എന്നാൽ ദ്രാവിഡിന്റെ മൂല്യം സ്ട്രൈക്ക് റേറ്റിനുമപ്പുറമാണെന്ന തന്റെ വിശ്വാസത്തിൽ ഗാംഗുലി ഉറച്ചു നിന്നു.
‘രാഹുൽ ദ്രാവിഡിന്റെ സ്ട്രൈക്ക് റേറ്റ് അത്ര നല്ലതല്ല. അതിനാൽ ഏകദിനത്തിൽ മറ്റാരെയെങ്കിലും നോക്കാൻ സെലക്ടർമാർ പറയുമായിരുന്നു. കൂടുതൽ അടിച്ചു കളിക്കുന്ന ആളുകൾ ഏകദിന ടീമിലേക്ക് വരട്ടെയെന്ന നിലപാടാണ് അവർക്കുണ്ടായിരുന്നത്. എന്നാൽ ആ സമ്മർദ്ദങ്ങളെ ഞാൻ അതിജീവിച്ചു. അദ്ദേഹത്തെ ടീമിൽ നിലനിർത്തി. ആ സമയത്ത് സെലക്ടർമാരുടെ വാക്കു കേട്ട് ഞാൻ ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഏകദിന കരിയർ അവിടെ തീരുമായിരുന്നു.’
‘ഞാൻ ദ്രാവിഡുമായി വ്യക്തിപരമായി ഏറെ സംസാരിച്ചു. ഏകദിന ക്രിക്കറ്റിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ബാറ്റിങ് ശൈലി മാറ്റിയെടുക്കാൻ പറഞ്ഞു. കുറച്ചുകൂടി വേഗത്തിൽ കളിക്കാൻ പറഞ്ഞു. അദ്ദേഹം മികച്ച ബാറ്ററായതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ അതിവേഗം തന്നെ തന്റെ ബാറ്റിങിലേക്ക് കൊണ്ടു വരാൻ ദ്രാവിഡിനു സാധിച്ചു. പിന്നീട് ഇന്ത്യക്കായി അദ്ദേഹം ഏകദിനത്തിൽ അഞ്ചാം നമ്പറിൽ സ്ഥിരമായി ബാറ്റ് ചെയ്തു. മാത്രമല്ല വിക്കറ്റ് കീപ്പറുടെ അധിക ജോലി ഏറ്റെടുക്കുകയും ചെയ്തു.’
ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കാനുള്ള തീരുമാനവും ആ കാലത്ത് വലിയ കോലാഹലമുയർത്തിയിരുന്നു. അന്ന് അടിസ്ഥാനപരമായി വിക്കറ്റ് കീപ്പറായ താരങ്ങളെ പരിഗണിക്കാതെ പകരക്കാരനായി മാത്രം വിക്കറ്റ് കീപ്പറാകുന്ന ദ്രാവിഡിനെ നിർബന്ധിച്ച് മുഴവൻ സമയ കീപ്പറാക്കി എന്നതായിരുന്നു ഗാംഗുലിക്ക് നേരെ ഉയർന്ന നിഗമനം. എന്നാൽ അന്ന് അങ്ങനെയൊരു തീരുമാനം എടുത്തതിനു പിന്നിലും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു എന്നാണ് ദാദ പറയുന്നത്.
‘ബാറ്റ് ചെയ്യാൻ അറിയുന്ന ഒരു വിക്കറ്റ് കീപ്പറെ അന്ന് ടീമിന് ആവശ്യമുണ്ടായിരുന്നു. ദ്രാവിഡിനെ കീപ്പറാക്കി ആ പ്രശ്നം പരിഹരിച്ചതോടെ മുഹമ്മദ് കൈഫിനെ അധിക ബാറ്ററായി ടീമിൽ ഉൾപ്പെടുത്താൻ ഞങ്ങൾക്കു സാധിച്ചു.
‘അന്ന് ടീം നേരിട്ട മറ്റൊരു പ്രശ്നം ഓൾ റൗണ്ടർമാരുടെ അഭാവമായിരുന്നു. നല്ല ടീമുകൾക്ക് മികച്ച വിക്കറ്റ് കീപ്പറും ഓൾ റൗണ്ടറുമുണ്ടാകും. എന്നാൽ ഇന്ത്യക്ക് ഇതു രണ്ടും ഉണ്ടായിരുന്നില്ല. ഒരു ടീമിനെ കെട്ടിപ്പടുക്കാൻ ഇത് രണ്ടും അനിവാര്യമായിരുന്നു. അതിനാൽ രണ്ടിനും പരിഹാരം കണ്ടെത്തേണ്ടിയിരുന്നു- ഗാംഗുലി കൂട്ടിച്ചേർത്തു.
കൃത്യമായ ഓൾറൗണ്ട് ഓപ്ഷനുകളുടെ കുറവ് നികത്താൻ ബാറ്റിങ് നിരയിലെ മറ്റുള്ളവർ പന്തെറിയാനുള്ള ഉത്തരവാദിത്വം കൂടി എറ്റെടുത്തു. പ്രോപ്പർ ഓൾ റൗണ്ടർ അന്നു ടീമിലുണ്ടായിരുന്നില്ല. അതിനാൽ ഞാനും സച്ചിനും സെവാഗും യുവിയും എല്ലാവരും പന്തെറിഞ്ഞു. സാഹചര്യങ്ങൾ വരുമ്പോൾ അതിനനുസരിച്ച് മാറാൻ കെൽപ്പുള്ള താരങ്ങളാണ് ശക്തമായ ഒരു ടീമിന്റെ നെടുംതൂണുകൾ. കണിശമായ നിയമങ്ങളേക്കാൾ ഫ്ലക്സിബിലിറ്റിയുള്ള ടീമാണ് വിജയങ്ങൾക്ക് ആധാരം.
by Midhun HP News | May 18, 2026 | Latest News, കേരളം
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ടെത്തിയ യുവനേതാവ് ആണ് പി സി വിഷ്ണുനാഥ്. ആ നന്ദി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഷ്ണുനാഥ് ആത്മാര്‍ഥമായി കാണിച്ചതും രാഷ്ട്രീയ കേരളം കണ്ടു. സോളാര്‍ കേസ് കൊടുമ്പിരിക്കൊണ്ടുനിന്ന നാളുകളിൽ പ്രതിരോധത്തിലായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിരോധക്കോട്ട തീര്‍ത്തതോടെയാണ് വിഷ്ണുനാഥ് എന്ന നേതാവിന്റെ ഉയര്‍ച്ചയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇത്തവണ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് കുണ്ടറ എംഎല്‍എയ്ക്ക് മന്ത്രിയാകാനുള്ള നിയോഗം ലഭിച്ചത്.
ലാളിത്യം മുഖമുദ്രയാക്കിയ യുവനേതാവാണ് പി സി വിഷ്ണുനാഥ്. രാഷ്ടീയത്തിലും ജീവിതത്തിലും ഉമ്മന്‍ ചാണ്ടി ശൈലി പിന്തുടരുന്നു. ശാസ്താംകോട്ട ഡി ബി കോളേജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയില്‍ നിന്ന് കേരളത്തിന്റെ മന്ത്രിയിലേക്കുള്ള വിഷ്ണുനാഥിന്റെ വളര്‍ച്ച പോരാട്ടങ്ങളുടേത് കൂടിയാണ്. തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിരയില്‍ പിസി ഉണ്ടായിരുന്നു. 2006ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായി. അതേവര്‍ഷം തന്നെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. അന്നത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി. 2011ലും വിജയം ആവര്‍ത്തിച്ചു. നര്‍മ്മം കലര്‍ന്ന വാക്ചാതുര്യം സഭാതലത്തിലും മൂര്‍ച്ചയുള്ള ആയുധമായി.
2016ല്‍ പരാജയപ്പെട്ടെങ്കിലും സംഘടന രംഗത്ത് വിഷ്ണുനാഥിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ണാടക, തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചു. ഇടത് തരംഗം ആഞ്ഞടിച്ച 2021ല്‍ മന്ത്രി ജെ മേഴ്‌സികുട്ടിഅമ്മയെ കുണ്ടറ മണ്ഡലത്തില്‍ തോല്‍പ്പിച്ച് പി സി വിഷ്ണുനാഥ് വമ്പന്‍ തിരിച്ചുവരവ് നടത്തി. ഇക്കുറിയും വന്‍ ഭൂരിപക്ഷത്തിലാണ് വിജയം ആവര്‍ത്തിച്ചത്. ജല അതോറിറ്റി ജീവനക്കാരനായിരുന്ന ചെല്ലപ്പന്‍ പിള്ളയുടെയും ലീലയുടെയും ഇളയ മകനാണ് കൊല്ലം പുത്തൂര്‍ മാവടി സ്വദേശിയായ പി സി വിഷ്ണുനാഥ്. കന്നഡ കവയിത്രി കനകഹാമ ആണ് ഭാര്യ. അന്നപൂര്‍ണ്ണേശ്വരി ദേവിയാണ് മകള്‍.
പ്രണയവിവാഹം
വിഷ്ണുനാഥിന്റേത് പ്രണയ വിവാഹമായിരുന്നു. ജീവിതത്തില്‍ യാദൃച്ഛികതയക്ക് വലിയ സ്ഥാനമുണ്ട്. അത്തരമൊരു യാദൃച്ഛികതയാണ് ഇവരെ തമ്മില്‍ ഒന്നിപ്പിച്ചത്. 2005 മാര്‍ച്ച് 12-ന് കനകഹാമ ഗുജറാത്തിലെ ആനന്ദിലായിരുന്നു. മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദണ്ഡി യാത്രയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അവര്‍ മുംബൈയില്‍ നിന്ന് എത്തിയത്. അവിടെവച്ച് കനകയെയും സഹപ്രവര്‍ത്തകരെയും കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍ക്ക് പരിചയപ്പെടുത്തി. അതില്‍ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരനായ പി സി വിഷ്ണുനാഥും ഉണ്ടായിരുന്നു.
അന്ന് രാത്രി 8 മണിക്ക്, കനക തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഒരു കിലോമീറ്റര്‍ അകലെയാണെങ്കിലും, റോഡില്‍ നല്ല വെളിച്ചമുണ്ടായിരുന്നതിനാല്‍ അവര്‍ നടന്നുപോകാന്‍ തന്നെ തീരുമാനിച്ചു. അന്ന് വിഷ്ണുനാഥിനോട് വരുന്നുണ്ടോ എന്ന് ചുമ്മാ ചോദിച്ചെങ്കിലും അദ്ദേഹം ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്ന് കനകഹാമയും കൂട്ടുകാരും പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി.
അവിടെ നല്ല തിരക്കായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കനക തിരിഞ്ഞുനോക്കിയപ്പോള്‍ വിഷ്ണുനാഥ് തൊട്ടടുത്ത് നില്‍ക്കുന്നത് കണ്ടു. കനകഹാമ തനിച്ചാണ് പോയതെന്ന തോന്നലിലാണ് വിഷ്ണുനാഥും അവിടേയ്ക്ക് പോയത്. അവരെ ശ്രദ്ധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായാണ് വിഷ്ണുനാഥ് കണ്ടത്.
അതിനുശേഷം, അടുത്ത 22 ദിവസങ്ങളില്‍ അവര്‍ അഹമ്മദാബാദില്‍ നിന്ന് ദണ്ഡി വരെ 268 കിലോമീറ്റര്‍ ഒരുമിച്ച് നടന്നു. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ലാളിത്യമുള്ള വിനയമുള്ള ഒരു വ്യക്തിയായാണ് വിഷ്ണുനാഥിനെ കനകഹാമയ്ക്ക് തോന്നിയത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളായി.യാത്ര അവസാനിച്ചതിനുശേഷം അവര്‍ രണ്ടു വഴിക്കായെങ്കിലും പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും ഫോണില്‍ സംസാരിക്കുകയും പരസ്പരം കത്തുകള്‍ എഴുതുകയും ചെയ്യുമായിരുന്നു. 2006-ല്‍ വിഷ്ണുനാഥ് ചെങ്ങന്നൂര്‍ എംഎല്‍എ ആയി.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വിഷ്ണുനാഥിന്റെ വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം കനകയെ ഫോണില്‍ വിളിച്ച് തനിക്ക് ഇഷ്ടമാണെന്ന് പറയുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. കനക അതിനെക്കുറിച്ച് ആലോചിച്ച് സമ്മതം മൂളി. അതിനുശേഷമാണ് തനിക്ക് കനകയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന കാര്യം വിഷ്ണുനാഥ് മാതാപിതാക്കളെ അറിയിച്ചത്. തുടക്കത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എതിര്‍ത്തു.
അവര്‍ നായര്‍ സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെക്കൊണ്ട് അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാനാണ് ആഗ്രഹിച്ചത്. ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമായ ഹാലകെരെയില്‍ താമസിക്കുന്ന തന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍, ഇതിനെക്കുറിച്ച് നന്നായി ചിന്തിക്കാന്‍ അവര്‍ കനകയോട് ആവശ്യപ്പെട്ടു. എങ്കിലും ഒടുവില്‍ പ്രണയം വിജയിച്ചു. 2007 ഓഗസ്റ്റ് 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അവര്‍ വിവാഹിതരായി.

by Midhun HP News | May 18, 2026 | Latest News, കേരളം
കൊല്ലം: ജീവിതം കരുപ്പിടിപ്പിക്കാനായി അച്ഛന്‍ തുടങ്ങിയ ചായക്കടയിലെ പാത്രം കഴുകല്‍കാരിയായിരുന്നു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അഡ്വ. ബിന്ദുകൃഷ്ണ. ചായക്കടയിലെ ജോലിക്കു പുറമേ വീട്ടുജോലികളെല്ലാം തീര്‍ത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്കും കോളജിലേക്കും പോയിരുന്നത്.
ബിന്ദു കൃഷ്ണയുടെ അച്ഛന്‍ പി സുകുമാരന് ആദ്യകാലത്ത് ചിട്ടിയായിരുന്നു. അമ്മ ബി വസുമതി കശുവണ്ടി തൊഴിലാളിയും. രണ്ടാം ക്ലാസുവരെ ബിന്ദുവിന് കാര്യമായ കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നില്ല. അതിനിടെ ജില്ലാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാകുന്നത്. പിന്നീട് അമ്മയുമായി ആശുപത്രികള്‍ തോറുമുള്ള ഓട്ടത്തിലായിരുന്നു അച്ഛന്‍. ബിന്ദു കൃഷ്ണയ്ക്കും ചേട്ടനും പിന്നീട് തണലായത് അച്ചാമ്മ മാത്രമാണ്.
അമ്മയുടെ ചികിത്സ ഫലം കണ്ടില്ല. നേരിയ ഭാരം പോലും എടുക്കാന്‍ കഴിയാതെ വന്നു. അതോടെ അടുക്കള ജോലികളെല്ലാം തീര്‍ത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്ക് പോയിരുന്നത്. ജീവിതം തിരിച്ചുപിടിക്കാന്‍ അച്ഛന്‍ ചായക്കട തുടങ്ങിയതോടെ ബിന്ദുവും ഒപ്പം കൂടി. രാത്രി ചായക്കടയിലെ ജോലി തീര്‍ത്തിട്ടാണ് ബിന്ദു പഠിച്ചിരുന്നത്. കോളജ് കാലത്ത് കെഎസ്‌യു നേതാവായപ്പോഴും അച്ഛന്റെ ചായക്കയില്‍ ബിന്ദു പതിവ് ജോലിയില്‍ എത്താതിരുന്നില്ല.
കോളജ് യൂണിയന്‍ മുതല്‍ പാര്‍ലമെന്റിലേക്ക് വരെ മത്സരിച്ചിട്ടുള്ള ബിന്ദുവിന്റെ ആദ്യ നിയമസഭാ വിജയമായിരുന്നു കൊല്ലത്തേത്. കൊല്ലം എസ് എന്‍ കോളജില്‍ യുയുസി, കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്കും ആറ്റിങ്ങലില്‍ നിന്ന് പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. 2021ല്‍ കൊല്ലത്ത് എം മുകേഷിനോട് 2072 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

Recent Comments