നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. ഇന്ത്യയില്‍ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷയ്ക്കായി ഒരിക്കിയിട്ടുള്ളതെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പറയുന്നു.

ഇത്തവണ സുതാര്യവും നീതിയുക്തവും വിദ്യാര്‍ഥിസൗഹൃദവുമായി പരീക്ഷ സംഘടിപ്പിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എന്‍ടിഎ ആവര്‍ത്തിച്ചു. 51,311 ജാമറുകളും 1,38,560 സിസിടിവികളുമാണ് പരീക്ഷാ നടത്തിപ്പിനായി തയാറാക്കിയിട്ടുള്ളത്. പരീക്ഷ നടക്കുന്ന 95,000 മുറികളിലും സിസിടിവി കാമറയും രണ്ട് ഇന്‍വിജിലേറ്റര്‍മാരുമുണ്ടാകും. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പത്തിലേറെ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ സെന്ററുകളിലും 40-50 സുരക്ഷാ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംശയാസ്പദമായ സാഹചര്യമുണ്ടായാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എഐയുടെ സഹായം തേടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ദേഹപരിശോധന ഇത്തവണ ശക്തമാക്കും. ബയോമെട്രിക് വെരിഫിക്കേഷന്‍ പരിശോധിക്കാന്‍ 48,448 ഉദ്യോഗസ്ഥരെയും ദേഹപരിശോധനയ്ക്കായി 38,795 ജീവനക്കാരെയുമാണ് നിയോഗിച്ചിരിക്കുന്നത്.

22 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഉച്ചക്കഴിഞ്ഞ് രണ്ടുമുതല്‍ 5.15 വരെയാണ് പരീക്ഷ. രാവിലെ 11.30 മുതല്‍ പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം. 1.30ന് കൃത്യം വാതിലടയ്ക്കും. അതിന് ശേഷമെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ്, സാധുവായ ഒരു ഫോട്ടോ ഐഡി, രണ്ട് പാസ്പോര്‍ട്ട് ഫോട്ടോകള്‍ എന്നിവ കൊണ്ടുവരണം.

വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍, വാലറ്റുകള്‍ അല്ലെങ്കില്‍ ലഞ്ച് ബോക്‌സുകള്‍ എന്നിവ കൊണ്ടുവരാന്‍ പാടില്ല.

‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി ‘പണികിട്ടി’! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി

‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി ‘പണികിട്ടി’! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി

സാമൂഹ്യ മാധ്യമങ്ങളിലൂടെ മില്‍മയുടെ പേരില്‍ വ്യാപ്തമായി പ്രചരിക്കുന്ന ആകര്‍ഷകമായ സമ്മാന പദ്ധതി സന്ദേശങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. ‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന വ്യാജേന പ്രത്യേക വെബ് ലിങ്കുകള്‍ സഹിതമാണ് വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴി തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പടരുന്നത്. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പൊതുജനങ്ങള്‍ ആരും തന്നെ കെണിയില്‍ വീഴരുതെന്നും കബളിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും മില്‍മ മാനേജ്‌മെന്റ് കര്‍ശന മുന്നറിയിപ്പ് നല്‍കി.

വാട്സ്ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും, അതിന് പിന്നാലെ ചോദിച്ച വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറുകയും ചെയ്ത ചിലര്‍ക്ക് വലിയ രീതിയില്‍ പണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പണം നഷ്ടമായെന്ന് കാണിച്ച് ഇരകളായവര്‍ നേരിട്ട് മില്‍മയ്ക്ക് പരാതി നല്‍കിയതോടെയാണ് ഔദ്യോഗിക വിശദീകരണവുമായി അധികൃതര്‍ അടിയന്തരമായി രംഗത്തെത്തിയത്. നിലവില്‍ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വ്യക്തികള്‍ വഴിയും ഈ തട്ടിപ്പ് ലിങ്ക് വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇത് വ്യാജമാണെന്നും ആരും ഇത്തരം ലിങ്കുകള്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 46 വര്‍ഷത്തെ നീണ്ട പാരമ്പര്യമുള്ള മില്‍മയുടെ വിപണിയിലെ വിശ്വാസ്യതയെ തകര്‍ക്കാനും ബ്രാന്‍ഡ് നാമം ഉപയോഗിച്ച് പൊതുജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യാനുമാണ് തട്ടിപ്പുകാര്‍ ഇതിലൂടെ ശ്രമിക്കുന്നത്.

പൊതുജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി മില്‍മ അറിയിച്ചു. സൈബര്‍ തട്ടിപ്പിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മില്‍മ അധികൃതര്‍ പോലീസിനും സൈബര്‍ സെല്ലിനും ഔദ്യോഗികമായി പരാതി കൈമാറിയിട്ടുണ്ട്. ഔദ്യോഗികമായ അറിയിപ്പുകള്‍ ഇല്ലാതെ വരുന്ന ഇത്തരം ലിങ്കുകളോട് പൊതുജനങ്ങള്‍ അകലം പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

ജി ഗീതാകുമാരി (71) നിര്യാതയായി

ജി ഗീതാകുമാരി (71) നിര്യാതയായി

ആലങ്കോട് വഞ്ചിയൂർ മേലെ പൂക്കാട്ട് വീട്ടിൽ പരേതരായ എസ്‌ സുകുമാരപിള്ള ബി ഗോമതിയമ്മയുടെ മകൾ ജി ഗീതാകുമാരി(71) നിര്യാതയായി. ഭർത്താവ് ആർ രാജൻ നായർ( റിട്ടയേഡ് കൊട്ടുക്കൽ കൃഷി ഭവൻ മക്കൾ ആർ മഞ്ജു ആർ അഞ്ചു. മരുമക്കൾ ഷാജി റ്റി. (എക്സ് ആർ മി)അനീഷ് കുമാർ ജെ എക്സ് ആർമി. സഞ്ചയനം 25/06/2026വ്യാഴം രാവിലെ 8മണിക്ക്.

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ അവയവക്കടത്ത്; ഇഡി വലയിൽ പ്രമുഖ ആശുപത്രികളും ഡിടിപി കേന്ദ്രങ്ങളും

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ അവയവക്കടത്ത്; ഇഡി വലയിൽ പ്രമുഖ ആശുപത്രികളും ഡിടിപി കേന്ദ്രങ്ങളും

കൊച്ചി: കേരളത്തിൽ വൻ തോതിൽ നടന്നുവന്ന നിയമവിരുദ്ധ അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത് മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിലാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ ചൂഷണം ചെയ്ത് വൻ ലാഭമുണ്ടാക്കിയ സംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചു.

കേരള പൊലീസിന്റെ എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്ത കേന്ദ്ര ഏജൻസി, കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ കേരളത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയിലൂടെ ജീവകാരുണ്യപരമായ അവയവദാനമെന്ന വ്യാജേനയാണ് ഈ അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കേറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ഇഡി വ്യക്തമാക്കി.

5 ലക്ഷത്തിന് വാങ്ങി 35 ലക്ഷത്തിന് വിൽപ്പന

കണ്ണൂർ സ്വദേശിയായ മുഖ്യസൂത്രധാരൻ മുഹമ്മദ് നജീബ് കെ., പങ്കാളി റഷീദ എഎ. എന്നിവരുടെ നേതൃത്വത്തിൽ ‘കല്ലത്തറാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വ്യാജ കമ്പനി വഴിയാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. വിവിധ ഏജന്റുമാരെയും ഇടനിലക്കാരെയും ഉപയോഗിച്ച് കടുത്ത കടബാധ്യതയുള്ള പാവപ്പെട്ട മനുഷ്യരെ കണ്ടെത്തി 5 ലക്ഷം മുതൽ 15 ലക്ഷം വരെ നൽകിയാണ് ഇവർ അവയവങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ അവയവം സ്വീകരിക്കുന്ന രോഗികളിൽ നിന്നും 20 ലക്ഷം മുതൽ 35 ലക്ഷത്തിലധികം രൂപ വരെ ഈ സംഘം ഈടാക്കിയിരുന്നു.

ജില്ലാതല അനുമതി കമ്മിറ്റികളുടെ അംഗീകാരം നേടിയെടുക്കുന്നതിനായി ഇവർ വ്യാജരേഖകൾ നിർമ്മിച്ചിരുന്നു. പൊലീസിന്റെ പേരിൽ വ്യാജ ജീവകാരുണ്യ സർട്ടിഫിക്കറ്റുകൾ, ജനപ്രതിനിധികളുടെ ശുപാർശ കത്തുകൾ, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡുകൾ എന്നിവയെല്ലാം ഇവർ വ്യാജമായി ചമച്ചതായും ഇഡി കണ്ടെത്തി.

എറണാകുളത്തെ ഡിടിപി കേന്ദ്രങ്ങൾ റെയ്ഡ് ചെയ്തു

എറണാകുളം ജില്ലയിലെ പള്ളിക്കരയിലുള്ള ‘സൺ കമ്മ്യൂണിക്കേഷൻസ് ഡിടിപി സെന്റർ’, ‘സൈൻ എച്ച്.ഡി ഡിജിറ്റൽ സ്റ്റുഡിയോ’ എന്നിവടങ്ങളിൽ വെച്ചാണ് ഈ വ്യാജരേഖകളെല്ലാം നിർമ്മിച്ചിരുന്നതെന്ന് ഇഡി പ്രസ്താവനയിൽ അറിയിച്ചു. തുടർന്ന് എറണാകുളത്തെ പ്രമുഖ കോർപ്പറേറ്റ് ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകൾ സുഗമമായി നടപ്പാക്കിയിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന വ്യാപക റെയ്ഡുകളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ തെളിവുകളും പണം കൈമാറിയതിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ഇവരുടെ പേരിലുള്ള ഭൂമിയുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം തന്നെ ഇഡി മരവിപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ നിന്നും പിടിയിലായ മുഖ്യസൂത്രധാരൻ മുഹമ്മദ് നജീബടക്കം ആറ് പേരെയാണ് ഈ കേസിൽ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കൊല്ലം ചാത്തന്നൂർ..കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് ഡിവിഷൻ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ. തഴുത്തല സ്വദേശി നസീറിനെയാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ചാത്തന്നൂരിൽ വെച്ച് പിടികൂടിയത്.
ഒരു യുവ സംരംഭകൻ തന്റെ പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ ആവശ്യപ്പെട്ട് ആറുമാസം മുമ്പ് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അസിസ്റ്റന്റ് എഞ്ചിനീയറായ നസീർ രണ്ടുതവണ കെട്ടിടത്തിൽ എത്തി പരിശോധന നടത്തിയെങ്കിലും കണക്ഷൻ അനുവദിച്ച് നൽകാൻ തയ്യാറായില്ല. തുടർന്ന് ‘നടപടിക്രമങ്ങൾ അറിയില്ലേ?’ എന്ന് ചോദിച്ച് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി യുവാവ് വിജിലൻസിന് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഓഫീസിൽ വെച്ച് കൈക്കൂലി പണം വാങ്ങുന്നതിനിടെ നസീറിനെ വിജിലൻസ് പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അധികൃതർ വ്യക്തമാക്കി.