പാഠ പുസ്തകം ‘മൈക്രോ’ ആക്കും; കോപ്പിയടിക്കാൻ സ​ഹായം; 2 ടെല​ഗ്രാം ചാനലുകൾ നിരീക്ഷണത്തിൽ

പാഠ പുസ്തകം ‘മൈക്രോ’ ആക്കും; കോപ്പിയടിക്കാൻ സ​ഹായം; 2 ടെല​ഗ്രാം ചാനലുകൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെല​ഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ 10 ശതമാനം വലിപ്പത്തിലേക്ക് ചുരുക്കിയാണ് ഈ ചാനലുകളിലൂടെ നൽകുന്നത്. മൈക്രോ പ്രിന്റ് എന്നാണ് കുട്ടികൾക്കിടയിൽ ഇത് അറിയപ്പെടുന്നത്. അര ലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്.

കഴിഞ്ഞ വർഷവും സമാന രീതിയിലുള്ള കോപ്പിയടി ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇത്ര വ്യാപകമായിരുന്നില്ല. വാട്സ്ആപ്പിലൂടെ കിട്ടുന്നവയുടെ പ്രിന്റ് എടുത്ത് കുട്ടികൾ തന്നെ വിൽക്കുകയും പ്രചരിപ്പിക്കുകയുമാണ് കഴിഞ്ഞ വർഷം ചെയ്തിരുന്നത്. ഇത്തവണ ടെല​ഗ്രാം ചാനലിൽ ഇവ ലഭിക്കുമെന്നായതോടെ വിഷയവും പാഠ ഭാ​ഗവും ആവശ്യപ്പെട്ടുള്ള രീതിയിലേക്കാണ് മാറിയത്.

ടെലഗ്രാം ചാനലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് സൈബർ പൊലീസിന്റെ സഹായം തേടുമെന്നാണ് റിപ്പോർട്ടുകൾ. ഐടി നിയമത്തിന്റെ വകുപ്പുകൾ കൂടി ഉപയോഗപ്പെടുത്താനാകുമോ എന്ന കാര്യവും വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്.

ഇപ്പോൾ നടക്കുന്ന പരീക്ഷകൾ ഓരോ ദിവസവും അവസാനിക്കുമ്പോൾ സ്‌കൂൾ പരിസരങ്ങളിൽ മൈക്രോ പ്രിന്റുകൾ ഉപേക്ഷിച്ച നിലയിൽ കാണുന്നതായി അധ്യാപകർ പറയുന്നുണ്ട്. ചില ഫോട്ടോസ്റ്റാറ്റ് കടക്കാർ പ്രിന്റ് എടുത്തു നൽകാറില്ല. എന്നാൽ സ്വാധീനമുപയോഗിച്ച് ചില കടക്കാരെക്കൊണ്ട് കോപ്പി എടുപ്പിക്കുകയാണ് ചെയ്യുന്നത്. ലാമിനേറ്റ് ചെയ്ത മൈക്രോ പ്രിന്റുകളും ഇക്കുറി കണ്ടു തുടങ്ങി. ഇക്കൊല്ലം ഉപയോഗിച്ച ശേഷം അടുത്ത കൊല്ലത്തേക്ക് വിൽപ്പനയ്ക്ക് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് കരുതുന്നത്.

ഒരു പേജ് 10 ശതമാനത്തിലേക്ക് ചുരുക്കുമ്പോൾ അക്ഷരങ്ങൾ തീരെ ചെറുതാകും. പക്ഷേ അത് വായിച്ചെടുക്കാനുള്ള വൈദഗ്ധ്യം പരീക്ഷയ്ക്കു മുമ്പ് നേടിയെടുക്കുന്നതാണ് കണ്ടുവരുന്നത്. കഴിഞ്ഞവർഷം എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിൽ 10 പാഠഭാഗങ്ങളുടെ പ്രിന്റുകൾ വരെ ഒരു കുട്ടി കൊണ്ടുവന്നത് പിടികൂടിയിരുന്നു. ഗ്രാമ പ്രദേശങ്ങളിൽ മൈക്രോ പ്രിന്റുകൾ വ്യാപകമല്ല. നഗരങ്ങളിലും നഗര സ്വഭാവമുള്ള ഗ്രാമ പ്രദേശങ്ങളിലും ഇത് വ്യാപകമാണ്.

സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 760 രൂപ കുറഞ്ഞു

സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 760 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,080 രൂപയാണ്. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,635 രൂപയാണ്.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില ഇടിഞ്ഞത്. ഇന്നലെ ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായിലെത്തിയിരുന്നു. ഇന്നലെ മാത്രം 1,120 രൂപയാണ് പവന് കുറഞ്ഞത്.

ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു, 10 കോടി രൂപ അധിക സഹായം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു, 10 കോടി രൂപ അധിക സഹായം

തിരുവന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡിആര്‍ എന്നിവയില്‍ എഴ് ശതമാനം വര്‍ദ്ധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോര്‍പറേഷന് സര്‍ക്കാര്‍ നല്‍കി.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2022 ജനുവരി മുതല്‍ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്‌കരിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ട് ഗഡു ഡിഎ, ഡിആര്‍ അനുവദിക്കുന്നത്.

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1,574 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു.

ബസ് വാങ്ങുന്നത് ഉള്‍പ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റ് വകയിരുത്തല്‍ 1035 കോടി രൂപയും. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സഹായമായും മൂലധന സഹായമായും 9,015 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയത്.

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

പാലക്കാട്: വാളയാര്‍, പന്നിയങ്കര ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക് കൂടുന്നു. ഈ മാസം 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത മുന്നില്‍ കണ്ടാണ് നേരത്തെ ഉത്തരവിറക്കിയത്.

കാറുകള്‍, ചെറിയ ചരക്കു വണ്ടികള്‍ എന്നിവയ്ക്ക് 5 രൂപ (3 ശതമാനം) കൂടും. അതേ ദിവസം തിരിച്ചുള്ള യാത്രയ്ക്കും 5 രൂപ കൂട്ടി. ചെറിയ ചരക്കു വാഹനങ്ങള്‍, മിനി ബസുകള്‍ എന്നിവയുടെ നിരക്ക് 130ല്‍ നിന്നു 135 ആക്കി. ട്രക്ക്, ബസ് എന്നിവയ്ക്കും ഒറ്റത്തവണ യാത്രയ്ക്കും ഇതേ നിരക്കിലാണ് വര്‍ധന.

മൂന്ന് മുതല്‍ ആറ് ആക്‌സില്‍ വരെയുള്ള ലോറികളുടെ നിരക്കില്‍ 10 രൂപ കൂടും. ഏഴോ അതില്‍ കൂടുതലോ ആക്‌സിലുള്ള വലിയ വാഹനങ്ങള്‍ക്ക് 15 രൂപയാണ് വര്‍ധിപ്പിച്ചത്.

മാസത്തില്‍ 50 ഒറ്റത്തവണ യാത്രയ്ക്കുള്ള പാസിന് കാറുകള്‍ക്കും മറ്റ് ചെറു വാഹനങ്ങള്‍ക്കും 2,710 രൂപയില്‍ നിന്നു 2,775 രൂപയാക്കി. പ്രദേശവാസികള്‍ക്കുള്ള പ്രതിമാസ പാസ് തുക 350 രൂപയില്‍ നിന്നു 360 ആക്കി.പുതുക്കിയ നിരക്ക് ഇങ്ങനെ

കാര്‍, ജീപ്പ്, വാന്‍: 80 രൂപയില്‍ നിന്ന് 85 ആക്കി, അതേ ദിവസം തിരിച്ചുള്ള യാത്ര 120ല്‍ നിന്ന് 125

ചെറിയ ചരക്ക് വാഹനം: മിനി ബസ്: 130ല്‍ നിന്നു 135, തിരിച്ചുള്ള യാത്ര 195ല്‍ നിന്ന് 200

ട്രക്ക്, ബസ് (2 ആക്‌സില്‍): 275 ല്‍ നിന്നു 280, തിരിച്ചുള്ള യാത്ര 410ല്‍ നിന്ന് 425

ഹെവി വാഹനം (3 മുതല്‍ 6 വരെ ആക്‌സില്‍): 430ല്‍ നിന്ന് 440, തിരിച്ചുള്ള യാത്ര 640ല്‍ നിന്ന് 665

ഹെവി വാഹനം (7 അതിനു മുകളില്‍ ആക്‌സില്‍): 525ല്‍ നിന്ന് 540, തിരിച്ചുള്ള യാത്ര 785ല്‍ നിന്ന് 805.

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെ എസ് യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. ഇവര്‍ക്ക് ജയിലിനുപുറത്ത് വലിയ സ്വീകരണം നല്‍കിയാണ് കെ എസ് യു സ്വീകരിച്ചത്. ഇന്നലെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി പ്രവര്‍ത്തകരെ പുറത്തിറക്കാനായത്. മന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തില്‍ ആയുധം ഉപയോഗിച്ചതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്.

‘സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ തിരക്കഥയില്‍, ഗണ്‍മാന്റെ സംവിധാനത്തില്‍ മന്ത്രി നിറഞ്ഞാടിയ സിനിമ പൊട്ടിപ്പാളീസായെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ജയിലിനു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഞങ്ങളെ ജയിലിലടച്ചു. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസുകള്‍, കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പതാകകള്‍ തുടങ്ങിയവ നശിപ്പിച്ചു.

കരിങ്കൊടി പ്രതിഷേധവുമായാണ് കെഎസ്യു പ്രവര്‍ത്തകര്‍ വന്നതെന്ന് പൊലീസ് എസ്‌ഐ തന്നെ മൊഴി നല്‍കി. ഭരണകൂട വേട്ടയാണ് നടത്തുന്നത്. കേന്ദ്രത്തില്‍ മോദി എങ്ങനെയാണോ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത് അതേ രീതിയിലാണ് ഇടതുപക്ഷ സര്‍ക്കാരും പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത്. ജയിലറകള്‍ ഏറെ കണ്ടതാണ്. പ്രതിഷേധവുമായി കെഎസ്യു രംഗത്തുണ്ടാകും’ അതുല്‍ പറഞ്ഞു.അതുലിനൊപ്പം വി വി അക്ഷയ്, സി എച്ച് മുബാസ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസിന്‍ എന്നിവരും ജയില്‍ മോചിതരായി.

അതേസമയം മന്ത്രിക്ക് ആയുധം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പരിക്ക് ഏറ്റതായി ജില്ലാ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കഴുത്തിന്റെ വലതുഭാഗത്തും പുറകുവശത്തും ചെവിയുടെ പുറകിലും വലതുകൈ മുട്ടിനും വേദനയുണ്ടെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്ന് ഇന്നലെ കോടതി ചോദിച്ചു.

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂര്‍: വെള്ളറക്കാട് എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മറ്റ് രണ്ട് വളര്‍ത്തുനായ്ക്കളെ ഈ നായ കടിച്ചിരുന്നു. കടിയേറ്റ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.

കിടപ്പുരോഗിയായ വയോധികയെയാണ് തെരുവുനായ കടിച്ചു കൊന്നത്. 84 വയസുള്ള കാര്‍ത്തികയാണ് മരിച്ചത്. കാര്‍ത്യായനിയുടെ 60 വയസുള്ള മാനസികവെല്ലുവിളി മകനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം. നാട്ടുകാരും നായപിടുത്തക്കാരും സംയുക്തമായാണ് പുലര്‍ച്ചയോടെ വയോധികയെ കടിച്ച നായയെ പിടികൂടിയത്. കിടപ്പു രോഗിയായ കാര്‍ത്യായനി അമ്മയ്ക്കും മാനസികവെല്ലുവിളി നേരിടുന്ന മകനുമുള്ള ഭക്ഷണവുമായി കാര്‍ത്യായനിയമ്മയുടെ ഇളയ മകന്‍ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.