by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊച്ചി: പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്. വിവിധ കമ്പനികള്‍ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി ഹോട്ടല്‍ മേഖലയെയും താമസസ്ഥലങ്ങളെയും ബാധിച്ചു എന്നാണ് ടെക്‌നോ പാര്‍ക്ക് പുറത്തിറക്കിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ 21 വരെ ഒരാഴ്ച വര്‍ക്ക് ഫ്രം ഹോം ആയിരിക്കും എന്നാണ് അറിയിപ്പ്.
എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകള്‍ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ കൃത്യമായി എത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.

രാജ്യത്ത് ഗ്രാമമേഖലകളില്‍ എല്‍പിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.
അതേസമയം യുഎസ്, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയില്‍ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിര്‍മ്മാണ ചെലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്.

by Midhun HP News | Mar 14, 2026 | Latest News, ദേശീയ വാർത്ത
ദോഹ : ഇറാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഖത്തറിലെ ചില പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നു. പൊതുജന സുരക്ഷയുടെ ഭാഗമായാണ് ഒഴിപ്പിക്കൽ നടക്കുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും പുലർച്ചെ പൊതുജനങ്ങൾക്ക് അടിയന്തര സന്ദേശം വന്നു.
അതേ സമയം, ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യാക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റു, ഇതിൽ 10 പേരും ഇന്ത്യക്കാരാണ്.
പരിക്കേറ്റവരിൽ അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്.


by Midhun HP News | Mar 14, 2026 | Latest News, ദേശീയ വാർത്ത
ഭോപാല്‍: കേരളത്തില്‍ വിവാഹിതയായ കുംഭമേളയിലെ ‘വൈറല്‍ പെണ്‍കുട്ടി’ മോണലിസയെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യവുമായി പിതാവ് ജയ്‌സിങ് ഭോസ്ലെ. ഇക്കാര്യം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് ജയസിങ് ഭോസ്ലെ പരാതി നല്‍കി. മകളെ മതംമാറ്റാനായി തട്ടിയെടുത്തു എന്നാണ് പിതാവിന്റെ ആരോപണം.
കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ ഖര്‍ഗാവ് സ്വദേശിനിയായ മോണലിസ ഭോസ്ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫര്‍മാനുമായുള്ള (25) വിവാഹം നടന്നത്. തിരുവനന്തപുരം പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു വീട്ടുകാര്‍ തടസ്സം നില്‍ക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹത്തിന് പിന്നാലെ ലൗജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. കാമുകനും നടനും മോഡലുമായ ഫര്‍മാന്‍ ഖാനുമായി മകള്‍ വിവാഹിതയായ സംഭവത്തില്‍ പ്രതികരിക്കുന്ന ജയ്‌സിങ് ഭോസ്ലെയുടെ വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു. അഭിനയിക്കാനായി ആളുകള്‍ തന്റെ മകളെ സമീപിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നതായും, എന്നാല്‍ പിന്നീട് കുടുംബത്തിന്റെ അറിവില്ലാതെ അവള്‍ വിവാഹം കഴിച്ചെന്നുമാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പിതാവ് പറയുന്നത്.

by Midhun HP News | Mar 14, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാചക വാതക ബുക്കിംഗ് നടപടികൾ ലളിതമാക്കി ഇൻഡെയ്ൻ ഗ്യാസ്. ഇനി മുതൽ ഏജൻസികളിൽ നേരിട്ട് പോകാതെയും വിതരണക്കാരെ വിളിക്കാതെയും വാട്ട്‌സ്ആപ്പ് വഴി നിമിഷങ്ങൾക്കുള്ളിൽ സിലിണ്ടറുകൾ ബുക്ക് ചെയ്യാം. ദശലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാണ് ഈ പുതിയ സംവിധാനം.
വാട്ട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യേണ്ട വിധം
ഇൻഡെയ്‌നിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ബുക്കിംഗ് നമ്പറായ 7588888824 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. വാട്ട്‌സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് ഒരു സന്ദേശം അയക്കുക.
ഗ്യാസ് കണക്ഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് REFILL എന്ന് ടൈപ്പ് ചെയ്ത് അയക്കുക.
നിങ്ങളുടെ വിവരങ്ങൾ സിസ്റ്റം പരിശോധിച്ച ശേഷം ബുക്കിംഗ് സ്വീകരിച്ചതായും അത് സംബന്ധിച്ച സ്ഥിരീകരണ സന്ദേശവും ഉടൻ തന്നെ ലഭിക്കും.
വാട്ട്‌സ്ആപ്പ് ബുക്കിംഗിന് നിരവധി ഗുണങ്ങളുണ്ട്. ഉപഭോക്തൃ സേവന കോളുകൾക്കായി കാത്തിരിക്കേണ്ടി വരുന്നില്ല എന്നത് സമയലാഭം നൽകുന്നു. എപ്പോൾ വേണമെങ്കിലും എവിടെയിരുന്നും ബുക്കിംഗ് നടത്താം എന്നതും തൽക്ഷണ സ്ഥിരീകരണം ലഭിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. സങ്കീർണ്ണമായ വെബ്‌സൈറ്റുകളോ ആപ്പുകളോ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും ലളിതമായ ഈ സംവിധാനം പ്രയോജനപ്പെടുത്താം.
ഗ്യാസ് കണക്ഷനിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. നിങ്ങളുടെ നമ്പർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അടുത്തുള്ള വിതരണക്കാരെ സമീപിച്ച് നമ്പർ അപ്‌ഡേറ്റ് ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം.
വാട്ട്‌സ്ആപ്പിന് പുറമെ Indane മൊബൈൽ ആപ്പ്, വെബ്‌സൈറ്റ്, ഐ.വി.ആർ.എസ് (IVRS) എന്നീ വഴികളിലൂടെയും നിലവിൽ ബുക്കിംഗ് സൗകര്യമുണ്ട്. എങ്കിലും ഏറ്റവും വേഗത്തിലുള്ള മാർഗ്ഗമെന്ന നിലയിൽ കൂടുതൽ ആളുകൾ ഇപ്പോൾ വാട്ട്‌സ്ആപ്പ് സേവനത്തെയാണ് ആശ്രയിക്കുന്നത്.


by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊച്ചി: വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ മെനഞ്ഞ യുവതിക്കെതിരെ എളമക്കര പൊലിസ് കേസെടുത്തു. കൊച്ചിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന യുവതിയാണ് പൊലീസിനെയും കാമുകനെയും ഒരുപോലെ വട്ടംകറക്കിയത്. ഒടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ യുവതിയുടെ നാടകം പൊളിയുകയായിരുന്നു.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങും വഴി തന്നെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നാണു പൊലീസിനു യുവതി വ്യാജമൊഴി നല്‍കിയത്. മൊഴിയില്‍ പൊരുത്തക്കേട് തോന്നിയതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണു കള്ളി വെളിച്ചത്തായത്. ജോലി കഴിഞ്ഞു കാമുകനെ കാണാന്‍ പോയ യുവതിയെ മറ്റൊരു കാമുകന്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ താന്‍ എവിടെയാണുള്ളതെന്ന വിവരം വെളിപ്പെടുത്തിയാല്‍ ആ ബന്ധം തകരുമെന്ന് മനസിലാക്കിയ യുവതി തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. സുഹൃത്തിനെകൊണ്ട് പൊലീസ് കണ്‍ട്രോള്‍ നമ്പറായ 112ല്‍ വിളിച്ചാണു യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി അറിയിച്ചത്.
വീട്ടിലേക്കു പോകുമ്പോള്‍ റെയില്‍വേ ക്രോസ് കഴിഞ്ഞിട്ടുള്ള ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലേക്കു തന്നെ പിടിച്ചുകയറ്റി ഓടിച്ചുപോയെന്നാണു യുവതി പൊലീസിനു മൊഴി നല്‍കിയത്. കാറില്‍ വച്ച് ഉപദ്രവിച്ചുവെന്നും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും യുവതി പൊലീസിനോടു പറഞ്ഞു. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ യുവതിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ഒന്നു വിരട്ടിയതോടെ കാമുകന്മാരെ കബളിപ്പിക്കാനാണ് കഥ മെനഞ്ഞതെന്നു സമ്മതിച്ചു. വ്യാജ വിവരം നല്‍കിയെന്ന വകുപ്പിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് ജ്യാമത്തില്‍ വിട്ടു.


by Midhun HP News | Mar 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാള്‍ എസ്ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക പ്രഖ്യാപനമുണ്ടായേക്കും.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം. ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് സാധ്യത.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെയും കലക്ടര്‍മാരുടെ യോഗം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര കമ്മീഷന്‍ വിശദമായി പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കുക.


Recent Comments