കലോത്സവ വേദിയുടെ പേര് വിവാദത്തിന് വിരാമം, വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

കലോത്സവ വേദിയുടെ പേര് വിവാദത്തിന് വിരാമം, വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വേദികള്‍ക്ക് പൂക്കളുടെ പേര് നല്‍കിയപ്പോള്‍ താമര ഒഴിവാക്കിയെന്ന വിവാദത്തിന് വിരാമം. വേദികളില്‍ ഒന്നിന് താമര എന്ന് പേര് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15-ാമത്തെ വേദിക്കാണ് ആണ് താമര എന്ന പേര് നല്‍കിയത്.

കലോത്സവം നന്നായി നടത്തി എല്ലാവരുമായി സഹകരിച്ച് പോകാനാണ് ആഗ്രഹമെന്നും പേരുമാറ്റം വിശദീകരിച്ച് മന്ത്രി പറഞ്ഞു. ഒരു വഴക്കിനും വാക്കേറ്റത്തിനും ഇല്ല. താമര വിവാദം ആക്കേണ്ട കാര്യം ഇല്ല. കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടി വഴക്കും വക്കാണത്തിലും അല്ല നടത്തേണ്ടത്. വേദി 15ന് ഡാലിയ എന്നായിരുന്നു മുന്നേ നിശ്ചയിച്ച പേര്. അത് മാറ്റി താമര എന്നാക്കിയിട്ടുണ്ട്. ആർക്കും വഴങ്ങിയിട്ടല്ല, വിവാദം തീർക്കാനാണ് ശ്രമിക്കുന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപിച്ച് ബിജെപി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേരുകള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുല്‍മോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പല്‍പ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്.

അതേസമയം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി തൃശൂര്‍ പൂര്‍ണസജ്ജമായതായും മന്ത്രി അറിയിച്ചു. ‘ഉത്തരവാദിത്ത കലോത്സവം’ എന്ന ആശയത്തിലൂന്നി ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും മേള നടക്കുക. വേദികളുടെയും പന്തലുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭ്യമാക്കും. ദീപാലങ്കാരം, കുറ്റമറ്റ ശബ്ദസംവിധാനം എന്നിവയെല്ലാം സജ്ജമാണ്. ലോത്സവത്തിനെത്തുന്നവര്‍ക്ക് നമ്മുടെ രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ വിപുലമായ കലവറ ഒരുങ്ങിക്കഴിഞ്ഞു. താമസ സൗകര്യമൊരുക്കുന്ന സ്‌കൂളുകളില്‍ വെളിച്ചം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.

മത്സരാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും യാത്ര ചെയ്യാന്‍ ആവശ്യമായ വാഹന സൗകര്യങ്ങള്‍ ഉറപ്പാക്കി. വേദികളിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കും. സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര, വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ്, സാംസ്‌കാരിക ഘോഷയാത്ര എന്നിവയോടെ കലോത്സവം വന്‍ വിജയമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒപ്പം ഏവരുടെയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മോഹൻലാലിനെതിരെയുള്ള കേസ് റദ്ദാക്കി; പരസ്യത്തിലെ വാ​ഗ്ദാനത്തിന് നടന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

മോഹൻലാലിനെതിരെയുള്ള കേസ് റദ്ദാക്കി; പരസ്യത്തിലെ വാ​ഗ്ദാനത്തിന് നടന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടത്തിയ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. എന്നാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പരാതിക്കാരും ബ്രാൻഡ് അംബാസഡറായിരുന്ന മോഹൻലാലും തമ്മിൽ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് റദ്ദാക്കിയത്.

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം വാഗ്ദാനം ചെയ്ത സേവനം ലഭ്യമായിട്ടില്ലെങ്കിൽ ഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതിൽ ഹർജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരസ്യത്തിൽ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കിൽ നിന്നു ലഭിച്ചില്ലെന്നും ഇതിനു ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് ഇടപാട് വേളയിൽ അധികൃതർ പരസ്യം കാണിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി വ്യക്തമാക്കി.

സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉപഭോക്തൃ സംരക്ഷണത്തിെലെ 21ാം വകുപ്പ് പ്രകാരം പരാതിക്കാർക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

‘തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാന്‍’; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമെന്ന് രാജീവ് ചന്ദ്രശേഖര്‍

‘തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാന്‍’; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

‘കേസില്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ് പിന്നില്‍’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരായ സമരമെന്ന നിലയില്‍ ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിയിക്കും. എന്‍ഡിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ എസ്‌ഐടി നടപടികള്‍ ദുരൂഹമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു. അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമെന്ന് പരാതി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഈ അറസ്റ്റ് എന്ന് സംശയിക്കപ്പെടുന്നു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് കടകംപള്ളിയെന്നും പ്രതികളുമായി അദ്ദേഹത്തിന് വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളുണ്ടെന്നും ആരോപണമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രന്റെയും പിഎസ് പ്രശാന്തിന്റെയും പേര് പറഞ്ഞു. തന്ത്രിക്ക് ഭണ്ഡാരം സൂക്ഷിക്കാന്‍ അധികാരമില്ല. കൊള്ള നടന്നതിന്റെ ഉത്തരവാദി ദേവസ്വം ബോര്‍ഡാണ്. ആചാരം ലംഘിച്ചതിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന ഭിന്നശേഷി സർഗോത്സവം ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത്

സംസ്ഥാന ഭിന്നശേഷി സർഗോത്സവം ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത്

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ കലാ, കായിക, സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സർഗോത്സവമായ ‘സവിശേഷ – കാർണിവൽ ഓഫ് ഡിഫറന്റ് ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും.

കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളാണ് സവിശേഷ സ്പോർട്സിൽ പങ്കെടുക്കുക. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഭിന്നശേഷി സ്പോർട്സ് ഇനത്തിൽ ജില്ലയിൽ അദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർ, സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തവർ, ദേശീയ അന്തർദേശീയ തലത്തിൽ പങ്കെടുത്തവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒരാൾക്ക് അത് ലറ്റിക് വിഭാഗത്തിൽ രണ്ട് ഇനങ്ങളിൽ മാത്രമേ മത്സരിക്കുവാൻ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് 400 മീറ്റർ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയിൽ മാത്രമാണ് അവസരം. ഡ്വാർഫ് കാറ്റഗറിയിൽപ്പെട്ടവർ ഷോട്ട്പുട്ടിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്ത് അംഗീകരിച്ച ഭിന്നശേഷിക്കാർക്ക് മാത്രമേ മത്സര ഇനത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു.

ജില്ലകളിൽ ജനുവരി 14വരെ രജിസ്ട്രേഷൻ നടത്താം. സ്പോർട്സ് ഇനത്തിൽ ജില്ലയിൽ നിന്നും താരങ്ങളെ തിരഞ്ഞെടുക്കുന്ന ചുമതല ജില്ലാ സാമൂഹ്യനീതി ഓഫീസറിൽ നിക്ഷിപ്തമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. dctvmsid@gmail.com എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8281483887.

‘ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ‍ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി’; വെളിപ്പെടുത്തി ഇന്ത്യൻ താരം

‘ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ‍ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി’; വെളിപ്പെടുത്തി ഇന്ത്യൻ താരം

മുംബൈ: പത്താം വയസിൽ താൻ മരണത്തെ മുഖാമുഖം കണ്ടെന്നു വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോ‍ഡ്രി​​ഗ്സ്. ഒരു ഓഡിറ്റോറിയത്തിന്റെ ഒന്നാം നിലയിൽ നിന്നു താൻ താഴേക്കു വിണിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. പത്ത് വയസുള്ളപ്പോൾ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടുകരെല്ലാം ഭയന്നു പോയി. ഭാ​ഗ്യത്തിനു അപകടത്തിൽ ​ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും ജെമിമ വെളിപ്പെടുത്തി. ഒരഭിമുഖത്തിനിടെയാണ് താരം കുട്ടിക്കാല അനുഭവം പറഞ്ഞത്.

;എനിക്ക് അന്ന് എട്ടോ, പത്തോ വയസാണ്. പള്ളിയിലെ ഒരു പരിപാടിയുടെ ഭാഗമായി ബന്ധുക്കളെല്ലാം ഓഡിറ്റോറിയത്തിലായിരുന്നു. ഞങ്ങൾ കുട്ടികൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ഒരു പെട്ടിയിൽ ചവിട്ടിയതും ഞാന്‍ ഒന്നാം നിലയിൽ നിന്നു താളേക്ക് പതിച്ചു. താഴെ ഇരുന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ തലയിലേക്കാണു ഞാൻ വീണത്. എനിക്കൊപ്പമുണ്ടായിരുന്ന കുട്ടികൾ ഞാൻ മരിച്ചു പോയെന്നാണ് കരുതിയത്. ആ വീഴ്ച അത്തരത്തിലായിരുന്നു. എന്നാൽ എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ല’- ജെമിമ വ്യക്തമാക്കി.

നിലവിൽ വനിതാ പ്രീമിയർ ലീ​ഗ് കളിക്കുകയാണ് താരം. ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ജെമിമയാണ്.

ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമിയിൽ താരം ഐതിഹാസിക ഇന്നിങ്സ് കളിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. താരം നേടിയ 127 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഫൈനലുറപ്പിച്ചതും ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് ഉയർത്തിയതും. 25 വകാരിയായ താരം. ഇന്ത്യയ്ക്കായി 115 ടി20യും 59 ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.

അണ്ടൂർകോണത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ് യുവാവ് മരിച്ചു

അണ്ടൂർകോണത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ് യുവാവ് മരിച്ചു

അണ്ടൂർകോണത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ് യുവാവ് മരിച്ചു. അണ്ടൂർക്കോണം എ എസ് മൻസിലിൽ അൻഷാദ് (45) ആണ് മരിച്ചത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ഓടയിലാണ് അൻഷാദ് വീണത്.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. അണ്ടൂർകോണം എൽ പി എസിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന അൻഷാദ് വളവിൽ വച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിന്റെ ലൈറ്റിന്റെ പ്രകാശം കണ്ട് പിന്നീട് അതുവഴി വന്ന യാത്രക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേർന്നാണ് അൻഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ ജീവനക്കാരനാണ് മരിച്ച അൻഷാദ്. മംഗലപുരം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.