by Midhun HP News | Apr 15, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മ്മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി ഒരുക്കിയും പടക്കങ്ങൾ പൊട്ടിച്ചും കൈനീട്ടം കൊടുത്തും മലയാളികൾ വിഷു ആഘോഷമാക്കുന്നു. വിഷുക്കണി ദർശനത്തിന് ക്ഷേത്രങ്ങളിൽ വൻ തിരക്ക് ആണ് അനുഭവപ്പെട്ടത്.
വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. ശബരിമലയിലും ഗുരുവായൂരിലും അടക്കം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.ശബരിമലയിൽ വിഷുകണി ദർശനം നടത്താൻ നിരവധി പേരാണ് എത്തിയത്. രാത്രി മേൽശാന്തിയും കീഴ്ശാന്തിയും ചേർന്നു വിഷുക്കണി ഒരുക്കി നട അടയ്ക്കും. വിഷു ദിനത്തിൽ പുലർച്ചെ 4ന് നട തുറന്ന് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തരെയും. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.


by Midhun HP News | Apr 15, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയില്‍ ആയിരങ്ങള്‍ വിഷുക്കണി ദര്‍ശിച്ച് സായൂജ്യം നേടി. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നാലിനാണ് നട തുറന്നത്. 4.05 മുതല്‍ ഏഴുവരെ വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് അഭിഷേകവും ഉഷപൂജയും നെയ്യ് അഭിഷേകവും നടക്കും.
17ന് സഹസ്ര കലശപൂജയും 18ന് സഹസ്ര കലശാഭിഷേകവുമുണ്ട്. വിഷു മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി പത്തിന് നടയടക്കും. മേടമാസ പൂജകളോടനുബന്ധിച്ച് ദര്‍ശനം നടത്താനെത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് (www.sabarimalaonline.org) വഴി ദര്‍ശനത്തിനായുള്ള സ്ലോട്ട് ഉറപ്പാക്കണം.


by Midhun HP News | Apr 15, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ, ഇറാന്‍-അമേരിക്ക ചര്‍ച്ച വീണ്ടും നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാംഘട്ട ചര്‍ച്ച വ്യാഴാഴ്ച നടന്നേക്കുമാണ് സൂചന. ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്ക് പോകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും ഇരുപക്ഷവും തമ്മിലുള്ള പുതിയ സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഒരു സാധ്യതയും അവസാനിപ്പിച്ചിട്ടില്ലെന്നും ട്രംപ് സൂചിപ്പിച്ചു. പാകിസ്ഥാൻ സേനാ മേധാവി അസിം മുനീർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇസ്ലാബാദിൽ നടന്ന ആദ്യ ചർച്ചയിൽ ഇറാനും യുഎസും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും പറഞ്ഞിരുന്നു. ചർച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കേണ്ട കാലാവധിയെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടത്. തുടര്‍ന്ന് ഇറാന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.


by Midhun HP News | Apr 15, 2026 | Latest News, കേരളം
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്. വിസി ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു.
അതിനിടെ സര്‍വകലാശാല അന്വേഷണ സമിതി കോളജില്‍ നാളെ തെളിവെടുപ്പ് നടത്തും. വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും. രണ്ടു ദിവസം സമിതി ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഇന്നലെ രാവിലെ ആരോഗ്യസര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളും മറ്റു ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് വൈസ് ചാന്‍സലര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
സംഭവത്തില്‍ സര്‍വകലാശാല അന്വേഷണ സമിതിയെ നിയോഗിച്ച കാര്യം വിസി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അറിയിച്ചു. അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ്. അതിനാല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി. പ്രതിസ്ഥാനത്ത് ആരായാലും ഒരു ദാക്ഷിണ്യവും വേണ്ടെന്നാണ് നിര്‍ദേശം നല്‍കിയത്.
നിതിനെ ജാതീയമായി അധിക്ഷേപിച്ച, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ അധ്യാപകരായ റാമും സംഗീതയും ഒളിവില്‍ തുടരുകയാണ്. നിതിന്റെ മരണത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കേരളീയരുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് വിഷു. ഐശ്വര്യം, പ്രതീക്ഷ, സമാധാനം എന്നീ മൂല്യങ്ങളെ ഒരുമിപ്പിക്കുന്ന ഈ ഉത്സവം സാധാരണയായി മലയാള മാസമായ മേടത്തിന്റെ ഒന്നാം തീയതിയിലാണ് പതിവായി ആഘോഷിക്കുന്നത്. അപൂര്‍വമായി അത് രണ്ടാം തീയതി ആവാറുണ്ട്. പ്രകൃതിയില്‍ രാവും പകലും ഏകദേശം തുല്യമായിരിക്കുന്ന ദിവസം ആയിരുന്നു മുമ്പ് വിഷു ആഘോഷിച്ചിരുന്നത്. ഇപ്പോള്‍ അത് പുതുവര്‍ഷത്തോടൊപ്പം ആഘോഷിക്കുന്നു എന്നു മാത്രം. ഓണത്തിന് ശേഷം മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി വിഷുവിനെ വിശേഷിപ്പിക്കാം.
വിഷു ഒരു ഉത്സവം മാത്രമല്ല, പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകവുമാണ്. അടുത്ത ഒരു വര്‍ഷത്തെ ജീവിതഫലത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഈ ദിവസം ഒരു തുടക്കമാകുന്നു. ഇതിനെ “വിഷുഫലം” എന്നുവിളിക്കുന്നു. ഓരോരുത്തരും മനസ്സില്‍ പുതുവത്സര പ്രതീക്ഷകള്‍ നിറച്ച് പുതിയ ദിനത്തെ വരവേല്‍ക്കുന്നു.
വിഷുവിന്റെ പ്രധാന ആചാരങ്ങളില്‍ “വിഷുക്കണി” ഒരുക്കലാണ് ഏറ്റവും പ്രധാനപ്പെട്ടത്. കണി കാണുന്നത് ദിനത്തിന്റെ തുടക്കം ശുഭകരമാക്കുമെന്ന് വിശ്വാസമുണ്ട്. കൂടാതെ കൈനീട്ടം വാങ്ങല്‍, പുതുവസ്ത്രങ്ങള്‍ ധരിക്കല്‍, കുടുംബാംഗങ്ങള്‍ ഒരുമിച്ച് വിഷു സദ്യ ആസ്വദിക്കല്‍ എന്നിവയും ഈ ദിനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. കൊന്നമരവും അതിന്റെ മഞ്ഞ പൂക്കളായ കണിക്കൊന്നയും വിഷുവിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. ഈ പൂക്കള്‍ സമൃദ്ധിയുടെയും ശുഭതയുടെയും അടയാളമാണ്.
കേരളത്തില്‍ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലെയും ചില പ്രദേശങ്ങളിലും വിഷു ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ ആഘോഷങ്ങള്‍ ഉണ്ടാകുന്നത് പണ്ടുകാലത്ത് നിലനിന്നിരുന്ന പഞ്ചാംഗക്രമ പ്ര കാരമുള്ള വര്‍ഷാരംഭവുമായി ബന്ധപ്പെട്ടാണ്.
വിഷുവിന് മതപരമായും വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ശ്രീകൃഷ്ണന്റെ ആരാധനയുമായി ഈ ഉത്സവം അടുത്ത ബന്ധമുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം പോലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മേടവിഷു വലിയ ഭക്തിസാന്ദ്രതയോടെ ആഘോഷിക്കപ്പെടുന്നു. ആയിരക്കണക്കിന് ഭക്തര്‍ വിഷു ദര്‍ശനത്തിനായി എത്തിച്ചേരുന്നുണ്ട്. ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഈ ദിവസം പ്രത്യേക പൂജകളും ദര്‍ശനവും നടത്തപ്പെടുന്നു.തുളുനാട്ടില്‍ ആഘോഷിക്കുന്ന “ബിസു പര്‍ബ” എന്ന ഉത്സവം വിഷുവിനോട് ഏറെ സാമ്യമുള്ളതാണ്. ഇത് സംസ്‌കാരപരമായ സാമ്യതകളുടെ ഒരു തെളിവായി കണക്കാക്കപ്പെടുന്നു.
വിഷുവിനെക്കുറിച്ചുള്ള നിരവധി ഐതിഹ്യങ്ങളും ജനവിശ്വാസങ്ങളും നിലവിലുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമാണ് വിഷുവെന്നൊരു വിശ്വാസമുണ്ട്. അതുപോലെ രാമന്‍ രാവണനെ ജയിച്ച ദിനമായും വിഷുവിനെ ചിലര്‍ കണക്കാ ക്കുന്നു. മറ്റൊരു വിശ്വാസപ്രകാരം, രാവണന്റെ മരണം കഴിഞ്ഞശേഷമാണ് സൂര്യന്‍ വീണ്ടും സ്വതന്ത്രമായി ഉദിച്ചത്, അതാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്.
വിഷുവുമായി ബന്ധപ്പെട്ട ഒരു മനോഹരമായ ഐതിഹ്യം കണിക്കൊന്നയെക്കുറിച്ചാണ്. ശ്രീ കൃഷ്ണനെ തന്റെ കൂട്ടുകാരനായി സ്‌നേഹിച്ച ഒരു ബാലന്റെ കഥയാണ് ഇത്. ബാലന്റെ നിര്‍മലമായ പ്രാര്‍ത്ഥനയില്‍ സംതൃപ്തനായ ശ്രീകൃ ഷ്ണന്‍ ബാല രൂപത്തില്‍ അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സന്തോഷഭരിതനായ ബാലന് തന്റെ അരയില്‍ അണിഞ്ഞിരുന്ന അരഞ്ഞാണം സമ്മാനമായി നല്‍കി. എന്നാല്‍ ഗ്രാമവാസികള്‍ അത് വിശ്വസിക്കാതെ ബാലനെ കുറ്റപ്പെടുത്തുകയും അവ നെ അപമാനിക്കുകയും ചെയ്തു. ദുഃഖിതയായ അമ്മ ബാലനെ ശാസിക്കുന്നതിനിടെ, ഒരു ചങ്ങല കൊന്നമരത്തില്‍ കുടുങ്ങി. അതോടെ മരം പെട്ടെന്ന് മഞ്ഞപ്പൂക്കള്‍ കൊണ്ട് നിറഞ്ഞു വിരിഞ്ഞു. ആ മരമാണ് പിന്നീട് “കണിക്കൊന്ന” എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് എന്നാണ് ഐതിഹ്യം.
ഇങ്ങനെ, വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഒരു സമഗ്രമായ സാംസ്‌കാരിക അനുഭവമാണ് വിഷു. മലയാളികളുടെ ഹൃദയത്തില്‍ ഐശ്വര്യത്തിന്റെ വെളിച്ചം നിറയ്ക്കുന്ന ഈ ഉത്സവം, ഓരോ വര്‍ഷവും പുതിയ പ്ര തീക്ഷകളോടും സന്തോഷത്തോടും കൂടി വരവേല്‍ക്കപ്പെടുന്നു.


by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്താന്‍ പോലീസ് കിണഞ്ഞു ശ്രമിക്കുമ്പോള്‍, സേനയ്ക്കുള്ളിലെ പുഴുക്കുത്തുകള്‍ ക്രിമിനലുകള്‍ക്ക് പരവതാനി വിരിക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പോലീസ് സ്റ്റേഷനുള്ളില്‍ ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കിയ സി.പി.ഒ ശ്രീകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയിലൂടെ, സേനയിലെ ഗുണ്ടാബന്ധത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക്.
അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പുത്തന്‍പാലം രാജേഷിനെ പേട്ട സ്റ്റേഷനിലെത്തിച്ച വിവരം അറിഞ്ഞാണ് സി.പി.ഒ ശ്രീകുമാര്‍ ഓടിയെത്തിയത്. അന്ന് ഇയാള്‍ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ലെന്നതാണ് കമ്മീഷണറുടെ അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പുത്തന്‍പാലം രാജേഷിന്റെ ഉറ്റ സുഹൃത്തായ ഒരു ഗുണ്ടയുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീകുമാര്‍ അതിരാവിലെ തന്നെ സ്റ്റേഷനിലെത്തി പ്രതിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത്.
സ്റ്റേഷനിലെ ജി.ഡി ചാര്‍ജ് ഉള്ള ഉദ്യോഗസ്ഥന്റെ ഫോണ്‍ വാങ്ങിയാണ് രാജേഷിന് ശ്രീകുമാര്‍ നല്‍കിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് തന്നെ പുറംലോകവുമായി ബന്ധപ്പെടാനും കേസ് ഒതുക്കാനുള്ള കരുനീക്കങ്ങള്‍ നടത്താനും രാജേഷിന് ഇതിലൂടെ സാധിച്ചു. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തതോടെ ശ്രീകുമാര്‍ കുടുങ്ങുകയായിരുന്നു.
ആദ്യം നിസ്സാര വകുപ്പുകള്‍ ചുമത്തി രാജേഷിനെ രക്ഷിക്കാന്‍ പേട്ട പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ കമ്മീഷണര്‍ ഇടപെട്ട് വധശ്രമം ഉള്‍പ്പെടെയുള്ള ഗൗരവകരമായ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കുറ്റവാളികളോട് വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാടാണ് കമ്മീഷണര്‍ സ്വീകരിച്ചത്. ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും സ്റ്റേഷനിലെത്തി പ്രതിയെ സഹായിച്ച ശ്രീകുമാറിന്റെ നടപടി സേനയ്ക്ക് തന്നെ അപമാനമാണെന്ന് കമ്മീഷണര്‍ വിലയിരുത്തി.
അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുത്തന്‍പാലം രാജേഷിനെ ‘ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ’ ഭാഗമായി അതിസാഹസികമായാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പോലീസുകാരന്റെ വഴിവിട്ട സഹായം പുറത്തുവന്നത്. സസ്പെന്‍ഷനിലായ ശ്രീകുമാറിന് ഗുണ്ടാസംഘങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

പോലീസിലെ കള്ളനാണയങ്ങളെ കണ്ടെത്തി പുറത്താക്കാനുള്ള കമ്മീഷണറുടെ ഈ നീക്കം സേനയ്ക്കുള്ളില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്ക് സഹായം നല്‍കുന്നവര്‍ ആരായാലും കടുത്ത നടപടി നേരിടേണ്ടി വരുമെന്ന സന്ദേശമാണ് സസ്‌പെന്‍ഷനിലുള്ളത്.

Recent Comments