ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ വാഹനാപകടത്തില്‍ മരിച്ചു

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരിക്കേറ്റു. ഗോപകുമാറിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയപ്പോള്‍ യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരനെതിരെ കേസ്

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയപ്പോള്‍ യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരനെതിരെ കേസ്

കൊച്ചി: കൊച്ചിയില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരനെതിരെ കേസ്. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെയാണ് ഹാര്‍ബര്‍ പൊലീസ് കേസെടുത്തത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയ ശേഷമായിരുന്നു വിജീഷിന്റെ അതിക്രമം.

വെരിഫിക്കേഷന്‍ നടപടിക്കിടെ കടന്നുപിടിക്കുകയായിരുന്നെന്ന യുവതിയുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് വിജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. വിജീഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. നേരത്തെയും വിജീഷിനെതിരെ സമാനപരാതി ഉയര്‍ന്നിരുന്നു.

+

‘ഇന്ത്യന്‍ ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി ഇപ്പോള്‍ ആവശ്യമില്ല’; ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍

‘ഇന്ത്യന്‍ ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി ഇപ്പോള്‍ ആവശ്യമില്ല’; ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍

മുംബൈ: ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറില്‍ നിന്ന് ടെസ്റ്റ് പരിശീലക സ്ഥാനം എടുത്തു മാറ്റേണ്ടതില്ലെന്ന് ഹര്‍ഭജന്‍ സിങ്. ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി സ്വീകരിക്കുന്നതില്‍ ദോഷമില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ലെന്നും പറഞ്ഞു.

ഗംഭീറിന്റെ പരിശീലനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം മോശം പ്രകടനം കാഴച്‌വെക്കുമ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതിനിടെയാണ് ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍ എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നവരോട് കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ റെഡ്-ബോള്‍ പ്രകടനം മോശമാണെങ്കിലും, വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍, പ്രത്യേകിച്ച് ടി20ഐ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2024 ലെ ടി20 ലോകകപ്പിന് ശേഷം ഗംഭീര്‍ ചുമതലയേറ്റതിനുശേഷം ഇന്ത്യ ഒരു ടി20ഐ പരമ്പര പോലും തോറ്റിട്ടില്ല.

‘ഇന്ത്യയില്‍, ടീം നന്നായി കളിച്ചാല്‍ എല്ലാവരും നിശബ്ദരായിരിക്കും, പക്ഷേ ടീം മോശമായി കളിച്ചാല്‍ ഉടന്‍ തന്നെ പരിശീലകനെതിരെ തിരിയും’ഹര്‍ഭജന്‍ പറഞ്ഞു. ‘ഗൗതം ഗംഭീര്‍ ഇന്ത്യയ്ക്കുവേണ്ടി വളരെ നന്നായി പ്രയത്‌നിച്ചു.എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം. ഒരു വൈറ്റ്-ബോള്‍ പരിശീലകനും ഒരു റെഡ്-ബോള്‍ പരിശീലകനും എന്ന നയം ഇപ്പോള്‍ സ്വീകരിക്കേണ്ടതില്ല. എന്നാല്‍ കാലക്രമേണ, ആവശ്യമെങ്കില്‍, തീര്‍ച്ചയായും ചെയ്യണം. അതില്‍ തെറ്റൊന്നുമില്ല, ‘ ഹര്‍ഭജന്‍ പറഞ്ഞു.

ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 9 വരെ നടക്കുന്ന ടി20 ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ ഒന്നാണ് ഇന്ത്യ. യുഎസ്എ, നമീബിയ, നെതര്‍ലാന്‍ഡ്സ്, പാകിസ്ഥാന്‍ എന്നി ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ലോകകപ്പിന് മുമ്പ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ എട്ട് വൈറ്റ്-ബോള്‍ മത്സരങ്ങളും കളിക്കുന്നുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന് തിരിച്ചടി; ജാമ്യമില്ല

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന് തിരിച്ചടി; ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡില്‍ ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പത്മകുമാറിന്റെ പങ്ക് സംബന്ധിച്ച എസ്‌ഐടിയുടെ വാദങ്ങളും തെളിവുകളും കണക്കിലെടുത്താണ് വിജിലന്‍സ് കോടതി നടപടി. സ്വര്‍ണക്കൊള്ള കേസില്‍ അന്നത്തെ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതോടെ കേസില്‍ പത്മകുമാര്‍ ജയിലില്‍ തന്നെ തുടരും.

പത്മകുമാറിനെതിരെ എസ്‌ഐടി
അതിനിടെ പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ധനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമടക്കമുള്ള പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.

സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. പാളികള്‍ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി.

കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്റെ വാദം എസ്‌ഐടി തള്ളി. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിന് രേഖയില്ല, തന്ത്രിയുടെ അഭിപ്രായവും തേടിയില്ല, മഹസറില്‍ തന്ത്രി ഒപ്പിട്ടില്ല, അനുമതി നല്‍കിയിട്ടില്ല തുടങ്ങിയ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രേഖകള്‍ പരിശോധിച്ചില്ലെന്നും പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ

കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ

വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ഡിസംബർ മുതലാണ് തിരിച്ചുവിളിക്കാൻ തുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളിൽ നിന്നാണ് ഉത്പന്നങ്ങൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്‌ലെ ഉത്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്‌ലെ വക്താവ് പറഞ്ഞു. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇവയടങ്ങിയവ കഴിച്ചാൽ കുട്ടികൾക്ക് ഓക്കാനം, ഛർദ്ദി എന്നിവയുണ്ടാകാൻ കാരണമാകും.

പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങൾക്ക് പാൽ ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിർവീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയി​ല്ലെന്ന് ബ്രിട്ടണിലെ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി പറഞ്ഞു.എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് നോർവേയിലെ ഭക്ഷ്യ സുരക്ഷാ ഏജൻസി അറിയിച്ചു.

അതേസമയം, കുട്ടികളുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമാണ് തങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് ഉത്പ്പന്നങ്ങൾ പിൻവലിച്ചുകൊണ്ടുള്ള കുറിപ്പില്‍ നെസ്‌ലെ വ്യക്തമാക്കി. നെസ്‌ലെ ബേബി ഫോര്‍മുല കഴിച്ചുകൊണ്ട് ഇതുവരെ കുഞ്ഞുങ്ങള്‍ക്കാര്‍ക്കും അസുഖമോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ലെന്നും ജാഗ്രത മുന്‍നിര്‍ത്തിക്കൊണ്ടാണ് നിലവിലെ തീരുമാനമെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇവ നേരത്തെ വാങ്ങിവെച്ചവരുണ്ടെങ്കില്‍ ഇനി കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തിലധികം ഫാക്ടറികളിൽ നിന്നുള്ള 800 ലധികം ഉൽപ്പന്നങ്ങളെ തിരിച്ചുവിളിക്കൽ ബാധിച്ചതായും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉൽപ്പന്ന തിരിച്ചുവിളിയാണിതെന്നും ഓസ്ട്രിയയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ നെസ്‌ലെ വക്താവ് ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല. ജനപ്രിയ ചോക്ലേറ്റായ കിറ്റ്കാറ്റ് മുതൽ നെസ്‌കഫെ വരെയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് നെസ്ലെ.

കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി

കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി

കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി. ബയോളജി അധ്യാപകനായ എൻ. ശാലുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു എന്ന പരാതിയിലാണ്. അറസ്റ്റ്.പരീക്ഷയുടെ തലേന്ന് ഫോണിൽ വിളിച്ചാണ് നഗ്നത പ്രദർശിപ്പിച്ചത് പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. കുടുംബം സ്കൂളിൽ പരാതി നൽകിയെങ്കിലും അധികൃതർ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നൽകുകയയിരുന്നു. സിഡബ്ല്യുസി നിർദേശപ്രകാരം കിളിമാനൂർ പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

അതേസമയം, സ്കൂൾ അധികൃതർ മകളെ മോശക്കാരിയാക്കാൻ ശ്രമിച്ചുവെന്നും സ്കൂളിലെ PTA പ്രസിഡന്റ്‌ കുട്ടിയുടെ പേരും ഐഡന്റിറ്റിയും വെളുപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു. സ്കൂളിനും പിടിഎ പ്രസിഡന്റിനുമെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.