ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായി

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായി

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു സമീപത്തായി രൂപം കൊണ്ട ന്യൂനമർദം തീവ്രമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുംദിനങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കുന്നതിനാൽ 9,10,11 തീയതികളിൽ സംസ്ഥാനത്ത് ഇടത്തരം മഴയ്ക്കും തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്കും സാധ്യത. നാളെമുതൽ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി മേഖല എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആറ്റിങ്ങൽ നഗരത്തിൽ വാഹനാപകടം. രണ്ടുപേർക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ നഗരത്തിൽ വാഹനാപകടം. രണ്ടുപേർക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ: നഗര മധ്യത്തിൽ വാഹനാപകടം, രണ്ട് പേർക്ക് ഗുരുതര പരുക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽ ഐ സി ഓഫീസിന് എതിർവശത്ത് ഇന്ന് വൈകുന്നേരം മൂന്നോടെയാണ് അപകടം. നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ കോരാണി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഇടിച്ച് കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. യാത്രക്കാർ രണ്ടു പേരും തകർന്ന വാഹനത്തിന് ഉള്ളിൽ കുടുങ്ങി പോയി. ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി വാഹനം പൊളിച്ചാണ് ഡ്രൈവറെയും യാത്രക്കാരിയെയും പുറത്തെടുത്തത്. തുടർന്ന് വലിയകുന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കടിക്കാതിരിക്കാന്‍ ഇനി കൗണ്‍സലിങ് നല്‍കാം; തെരുവുനായകള്‍ക്ക് ഏത് മൂഡ് എന്ന് എങ്ങനെ അറിയും?, പരിഹാസവുമായി സുപ്രീം കോടതി

കടിക്കാതിരിക്കാന്‍ ഇനി കൗണ്‍സലിങ് നല്‍കാം; തെരുവുനായകള്‍ക്ക് ഏത് മൂഡ് എന്ന് എങ്ങനെ അറിയും?, പരിഹാസവുമായി സുപ്രീം കോടതി

ഡല്‍ഹി: രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ മൃഗസ്്നേഹികള്‍ക്കെതിരെ പരിഹാസവുമായി സുപ്രീംകോടതി. കടിക്കാതിരിക്കാന്‍ ഇനി നായകള്‍ക്ക് കൗണ്‍സലിങ് നല്‍കുക മാത്രമാണ് ബാക്കിയുള്ളതെന്ന് പറഞ്ഞ സുപ്രീം കോടതി തെരുവുനായകള്‍ക്ക് ഏത് മൂഡ് ആണെന്ന് എങ്ങനെ അറിയുമെന്നും ചോദിച്ചു. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദത്തിനിടെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യങ്ങള്‍ ഉണ്ടായത്.

സ്വമേധയാ എടുത്ത കേസിലാണ് ജസ്സ്റ്റിസ് വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ച് വാദം കേട്ടത്. തെരുവുനായ്ക്കളോട് നിലവില്‍ കാണിക്കുന്നത് ‘വളരെ ക്രൂരമായ’ പെരുമാറ്റമാണെന്നും അതിനാല്‍ കേസ് എത്രയും വേഗം പരിഗണിക്കണമെന്നും കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിച്ച ജസ്റ്റിസ് മേത്ത, അടുത്ത വാദത്തിനിടെ കോടതി ഒരു ‘വീഡിയോ പ്രദര്‍ശിപ്പിക്കുമെന്നും എന്നിട്ട് മനുഷ്യത്വം എന്നാല്‍ എന്താണെന്ന് ചോദിക്കുമെന്നും’ അഭിപ്രായപ്പെട്ടു. കേസില്‍ നാളെയും വാദം തുടരും.

നായ്ക്കളെ പരിപാലിക്കുന്ന എന്‍ജിഒയ്ക്ക് വേണ്ടി കപില്‍ സിബല്‍, കെകെ വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകകരാണ് ഹാജരായത്. കപില്‍ സിബലിന്റെ വാദം കേള്‍ക്കുന്നതിനിടെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്തയുടെ ഭാഗത്ത് നിന്ന് ചില പരിഹാസരൂപേണെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. അപകടകാരികളായ തെരുവുനായകളെ എബിസി സെന്ററില്‍ കൊണ്ടുപോയി വന്ധ്യംകരണം നടത്തിയാല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലന്ന് കപില്‍ സിബല്‍ പറഞ്ഞപ്പോള്‍, നായയകള്‍ക്ക് ഒരു കൗണ്‍സലിങ് കൂടി നടത്തുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് കോടതി പരിഹസിച്ചു. കപില്‍ സിബല്‍ സ്‌കൂട്ടര്‍ ഓടിക്കാറുണ്ടോയെന്നും കോടതി ചോദിച്ചു. ഇരുചക്രയാത്രികര്‍ക്ക് തെരുവുനായകള്‍ കാരണം പല അപകടങ്ങളും ഉണ്ടാകാറുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു

രാവിലെ തെരുവുനായക്ക് ഏത് മൂഡാണെന്ന് എങ്ങനെ അറിയുമെന്ന് ജസ്്റ്റിസ് വിക്രംനാഥ് ചോദിച്ചു. ചട്ടങ്ങളും നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും, കേസുമായി ബന്ധപ്പെട്ട് മറുപടി നല്‍കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.

മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ട്‌സ് പ്രകാരം 2025-26 വർഷത്തെ രണ്ട് വർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് എൽ ബി എസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. ജനുവരി 7 മുതൽ ജനുവരി 24 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്.

വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്‌ലോഡ്‌ ചെയ്യണം.

അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച ബി എസ് സി ഒപ്‌റ്റോമെട്രി കോഴ്‌സ് അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദമുള്ളവരായിരിക്കണം.

പൊതുവിഭാഗത്തിന് 50 ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ/എസ്.ഇ.ബി.സി. വിഭാഗത്തിന് 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനസമയത്ത് യോഗ്യതാ പരീക്ഷാ വിജയിച്ചിരിക്കണം.

യോഗ്യതാ പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ ബി എസ് സെന്റർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

‘പോറ്റിയെ കേറ്റിയേ.. പാട്ട് വെച്ചത് ചോദ്യംചെയ്തു; സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം, അന്വേഷണം

‘പോറ്റിയെ കേറ്റിയേ.. പാട്ട് വെച്ചത് ചോദ്യംചെയ്തു; സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം, അന്വേഷണം

കണ്ണൂര്‍: ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് വെച്ചത് ചോദ്യം ചെയ്ത സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം. സിപിഎം ലോക്കല്‍ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശി മനോഹരനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

മയ്യില്‍ അരിമ്പ്രയിലെ റേഷന്‍ കടയില്‍ ഭാസ്‌കരന്‍ എന്നയാള്‍ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വെച്ചത്. ഇത് കേട്ടു പ്രകോപിതനായമനോഹരന്‍ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ഭാസ്‌കരനെ ചോദ്യം ചെയ്തു.

എന്നാല്‍ പാട്ട് നിര്‍ത്താന്‍ തയ്യാറാകാതെ ഇയാള്‍ കുറച്ചുകൂടി ഉച്ചത്തില്‍ പാട്ട് വെച്ചു. ഇതിനെയും മനോഹരന്‍ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്‌കരന്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളിയുണ്ടാകുകയും ഭാസ്‌കരന്‍ മനോഹരന്റെ കഴുത്തിന് പിടിച്ച് മര്‍ദിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ ഭാസ്‌കരനെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മയ്യില്‍ ഡിവിഷനും തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്തും ഇത്തവണ യുഡിഎഫ് പിടിച്ചിരുന്നു. സിപിഎം ആധിപത്യമുള്ള പ്രദേശങ്ങളായിരുന്നു ഇവ.

42 മണിക്കൂര്‍ അഥവാ ഒന്നര ദിവസം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍; നഷ്ടപരിഹാരം വിധിച്ചു

42 മണിക്കൂര്‍ അഥവാ ഒന്നര ദിവസം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍; നഷ്ടപരിഹാരം വിധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളില്‍ നിന്ന് നിയമാനുസൃതം ഈടാക്കാവുന്നതാണ്. ലിഫ്റ്റിന്‍റെ സർവ്വീസ് നടത്തുന്ന കമ്ബനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്.

നഷ്ടപരിഹാരം നല്‍കിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസില്‍ സമർപ്പിക്കണം. രവീന്ദ്രൻ നായർക്ക് ലിഫ്റ്റില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നല്‍കണം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ ആവശ്യമുണ്ടെങ്കില്‍ അതും ലഭ്യമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവില്‍ പറഞ്ഞു.

സംഭവം കഴിഞ്ഞ വർഷം ജൂലൈയില്‍

രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13ന് രാവിലെ 11.15 മുതല്‍ ജൂലൈ 15 രാവിലെ ആറുവരെ ലിഫ്റ്റില്‍ കുടുങ്ങിയെന്ന വസ്തുതയില്‍ എതിർകക്ഷികള്‍ക്ക് തർക്കമില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കല്‍ കോളേജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാല്‍ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.

അപ്പോള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ദിവസവും ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കല്‍ കോളേജില്‍ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മീഷൻ കാണുന്നു. രവീന്ദ്രൻ നായരുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു.

ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്നസംഭവത്തില്‍ ജീവനക്കാരുടെ ഉത്തരവാദിത്വം പോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാൻ പരാതിക്കാരന് അർഹതയുണ്ടെങ്കിലും ആവശ്യപ്പെട്ട തുക യുക്തിസഹമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവില്‍ പറഞ്ഞു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമെ രവീന്ദ്രൻ നായരും പരാതി നല്‍കിയിരുന്നു.