by Midhun HP News | Jan 7, 2026 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: തൃശൂരില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അടാട്ട് അമ്പലക്കാവിലാണ് സംഭവം. ശില്‍പ (30), അക്ഷയജിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മോഹിത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനിയായതിനാല്‍ രണ്ടുദിവസമായി മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ ശില്‍പ വാതില്‍ തുറക്കാത്തതിനാല്‍ മോഹിത്തിന്റെ അമ്മ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി ജനലിന്റെ ഗ്ളാസ് തകര്‍ത്ത് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനൊടുക്കുന്നുവെന്ന് വെളിപ്പെടുത്തി ഫോണില്‍ റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
സാമ്പത്തികമായി കുടുംബത്തിന് പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ശില്‍പ പിഎസ്സി പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. പേരാമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



by Midhun HP News | Jan 7, 2026 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്. ദേവരാജ് അരസിന്റെ റെക്കോര്‍ഡാണ് ബുധനാഴ്ച സിദ്ധരാമയ്യ മറികടന്നത്. മുഖ്യമന്ത്രി പദത്തില്‍ 2793 ദിവസം ആയതോടെയാണ് 77 കാരനായ സിദ്ധരാമയ്യ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
2792 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന ദേവരാജ് അരശിന്റെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ്. ജനുവരി ആറിനാണ് സിദ്ധരാമയ്യ അരസിനൊപ്പമെത്തിയത്. സംസ്ഥാനത്ത് സാമൂഹ്യനീതിയുടേയും ഭൂപരിഷ്‌കരണത്തിന്റെയും നായകനായി കരുതപ്പെടുന്ന അരസ് രണ്ടു തവണ കര്‍ണാടക മുഖ്യമന്ത്രിയായിട്ടുണ്ട്.
1972 മാര്‍ച്ച് 20 മുതല്‍ 1977 ഡിസംബര്‍ 31 വരെ 2113 ദിവസവും, പിന്നീട് 1978 ഫെബ്രുവരി 28 മുതല്‍ 1980 ജനുവരി ഏഴു വരെ 679 ദിവസവുമാണ് അരസ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത്. സിദ്ധരാമയ്യയും രണ്ടാം തവണയാണ് കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഡി കെ ശിവകുമാറുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സിദ്ധരാമയ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യയ്ക്ക് ഗുഡ് ലക്ക് ആശംസകള്‍ നേരിട്ടുണ്ട്.



by Midhun HP News | Jan 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ( എസ്‌ഐആര്‍ ) കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുറത്തായത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍, 2.89 കോടി വോട്ടര്‍മാര്‍, അതായത് ഉത്തര്‍പ്രദേശിലെ മൊത്തം വോട്ടര്‍മാരുടെ 18.70 ശതമാനമാണ് ഒഴിവാക്കപ്പെട്ടത്. മരണം, സ്ഥിരമായ താമസമാറ്റം, ഇരട്ട വോട്ട് തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും വോട്ടുകള്‍ ഒഴിവാക്കപ്പെട്ടതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ വ്യക്തമാക്കി.
ഇതോടെ, SIR ന്റെ പ്രാരംഭ ഘട്ടത്തിന് ശേഷം രാജ്യത്ത് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് ഒന്നാമതെത്തി. കരട് വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ 12.55 കോടി വോട്ടര്‍മാരുണ്ട്. അതായത് നേരത്തെ പട്ടികയിലുണ്ടായിരുന്ന ആകെ 15.44 കോടി വോട്ടര്‍മാരില്‍, 12.55 കോടി വോട്ടര്‍മാരും കരട് വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ 75 ജില്ലകളിലെയും 403 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്‍മാരാണ് പട്ടികയിലുള്ളതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ പറഞ്ഞു.
ഒഴിവാക്കപ്പെട്ടവരില്‍ 46.23 ലക്ഷം വോട്ടര്‍മാര്‍ (2.99 ശതമാനം) മരിച്ചതായി കണ്ടെത്തി. 2.57 കോടി വോട്ടര്‍മാര്‍ (14.06 ശതമാനം) സ്ഥിരമായി താമസം മാറിയവരോ, പരിശോധനാ പ്രക്രിയയില്‍ ലഭ്യമല്ലാത്തതോ ആണ്. 25.47 ലക്ഷം വോട്ടര്‍മാര്‍ (1.65 ശതമാനം) ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും നവ്ദീപ് റിന്‍വ പറഞ്ഞു. കരടു പട്ടികയില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ജനുവരി ആറു മുതല്‍ ഫെബ്രുവരി ആറു വരെ പരാതി ഉന്നയിക്കാം. ഈ കാലയളവില്‍ വോട്ടര്‍മാര്‍ക്ക് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തല്‍, തിരുത്തല്‍ തുടങ്ങിയവയ്ക്കായി അപേക്ഷിക്കാവുന്നതാണെന്നും നവ്ദീപ് റിന്‍വ പറഞ്ഞു.



by Midhun HP News | Jan 7, 2026 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. വർക്കലയിൽ നിന്ന് 66 കിലോ ചന്ദനത്തടികളുമായി കടന്നവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും ഉണ്ട്. വർക്കല സ്വദേശി നിഷാദ് അയിരൂർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ കരം, വർക്കല – ശിവഗിരി സ്വദേശി നസറുള്ള, ഇടവ സ്വദേശികളായ നൗഫൽ, ഹുസൈൻ എന്നിവരാണ് പിടിയിലായത്.
പിടിയിലായവരുടെ പ്രധാന ജോലി ചന്ദന മോഷണവും ചന്ദന കളളക്കടത്തുമാണെന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നാം പ്രതിയും പ്രധാന കണ്ണിയുമായ ‘പട്ടി നിഷാദ്’ എന്നറിയപ്പെടുന്ന വർക്കല സ്വദേശി നിഷാദ് അയിരൂർ, പരവൂർ, വർക്കല , കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 15ൽ അധികം കേസുകളിലെ പ്രതിയാണ്. മോഷണം, ഭവനഭേദനം, ക്രിമിനൽ കേസ്, പിടിച്ച് പറി ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണിയാള്‍.



by Midhun HP News | Jan 7, 2026 | Latest News, ജില്ലാ വാർത്ത
വക്കം ജി വി എച്ച് എസ് എസ്സിൽ നൂറ്റി ഇരുപത്തിഅഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രുചിമേളം ഫുഡ് ഫെസ്റ്റ് നടന്നു. സ്കൂളിലെ മൊത്തം കുട്ടികളും നാട്ടുരുചികളുടെയും പുത്തൻ രുചികളുടെയും വളരെ വലിയ ഒരു കലവറ തന്നെയാണ് ഒരുക്കിയത്. കുട്ടികളും രക്ഷകർത്താക്കളും സ്റ്റാഫും പിടിഎയും എല്ലാം ഒരുമിച്ചു പങ്കെടുത്ത ഈ ഫുഡ് ഫെസ്റ്റ് വക്കം സ്കൂളിന്റെ ഈ വർഷത്തെ ശ്രെദ്ധേയമായ വേറിട്ട ഒരു പ്രവർത്തനമായി മാറി.



by Midhun HP News | Jan 7, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 1, 02,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് വര്‍ധിച്ചത്. 12,785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2680 രൂപയാണ് പവന് കൂടിയത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.



Recent Comments