വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ പിടിയിൽ; അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും

വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ പിടിയിൽ; അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും

വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. വർക്കലയിൽ നിന്ന് 66 കിലോ ചന്ദനത്തടികളുമായി കടന്നവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും ഉണ്ട്. വർക്കല സ്വദേശി നിഷാദ് അയിരൂർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ കരം, വർക്കല – ശിവഗിരി സ്വദേശി നസറുള്ള, ഇടവ സ്വദേശികളായ നൗഫൽ, ഹുസൈൻ എന്നിവരാണ് പിടിയിലായത്.

പിടിയിലായവരുടെ പ്രധാന ജോലി ചന്ദന മോഷണവും ചന്ദന കളളക്കടത്തുമാണെന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നാം പ്രതിയും പ്രധാന കണ്ണിയുമായ ‘പട്ടി നിഷാദ്’ എന്നറിയപ്പെടുന്ന വർക്കല സ്വദേശി നിഷാദ് അയിരൂർ, പരവൂർ, വർക്കല , കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 15ൽ അധികം കേസുകളിലെ പ്രതിയാണ്. മോഷണം, ഭവനഭേദനം, ക്രിമിനൽ കേസ്, പിടിച്ച് പറി ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണിയാള്‍.

വക്കം ജിവിഎച്ച്എസ്എസ്സിൽ നൂറ്റി ഇരുപത്തിഅഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘രുചിമേളം’ ഫുഡ്‌ ഫെസ്റ്റ് നടന്നു

വക്കം ജിവിഎച്ച്എസ്എസ്സിൽ നൂറ്റി ഇരുപത്തിഅഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘രുചിമേളം’ ഫുഡ്‌ ഫെസ്റ്റ് നടന്നു

വക്കം ജി വി എച്ച് എസ് എസ്സിൽ നൂറ്റി ഇരുപത്തിഅഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രുചിമേളം ഫുഡ്‌ ഫെസ്റ്റ് നടന്നു. സ്കൂളിലെ മൊത്തം കുട്ടികളും നാട്ടുരുചികളുടെയും പുത്തൻ രുചികളുടെയും വളരെ വലിയ ഒരു കലവറ തന്നെയാണ് ഒരുക്കിയത്. കുട്ടികളും രക്ഷകർത്താക്കളും സ്റ്റാഫും പിടിഎയും എല്ലാം ഒരുമിച്ചു പങ്കെടുത്ത ഈ ഫുഡ്‌ ഫെസ്റ്റ് വക്കം സ്കൂളിന്റെ ഈ വർഷത്തെ ശ്രെദ്ധേയമായ വേറിട്ട ഒരു പ്രവർത്തനമായി മാറി.

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2680 രൂപ

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 1, 02,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് വര്‍ധിച്ചത്. 12,785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2680 രൂപയാണ് പവന് കൂടിയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.

കീം അപേക്ഷയ്ക്ക് ചെലവ് കൂടും; ഫീസ് കൂട്ടി

കീം അപേക്ഷയ്ക്ക് ചെലവ് കൂടും; ഫീസ് കൂട്ടി

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള കീം അപേക്ഷാഫീസില്‍ വര്‍ധന. ജനറല്‍ വിഭാഗത്തിനും എസ്സി വിഭാഗത്തിനും ഫീസ് വര്‍ധിപ്പിച്ചു. വ്യത്യസ്ത കോഴ്‌സുകള്‍ക്ക് ഒന്നിച്ച് ഫീസടച്ച് അപേക്ഷിക്കുന്ന രീതിയും നിര്‍ത്തലാക്കി. എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് കഴിഞ്ഞ വര്‍ഷം 875 രൂപയായിരുന്നത് ഇത്തവണ 925 രൂപയാക്കി. എസ്സി വിഭാഗത്തിന്റെ ഫീസ് 375ല്‍നിന്ന് 400 രൂപയാക്കി.

കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ്ങിനും ഫാര്‍മസിക്കും ജനറല്‍ വിഭാഗത്തിന് ഒന്നിച്ച് 1125 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഇത് വെവ്വേറെ 925 രൂപ അടച്ച് അപേക്ഷിക്കണം. എസ്.സി വിഭാഗത്തിന് രണ്ട് കോഴ്‌സുകള്‍ക്കും ഒന്നിച്ച് 500 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നത് ഇത്തവണ 400 രൂപ വീതം വെവ്വേറെ അടക്കണം. മെഡിക്കല്‍, അനുബന്ധ കോഴ്‌സുകള്‍ക്കും ആര്‍ക്കിടെക്ചറിനും കഴിഞ്ഞവര്‍ഷം ജനറല്‍ വിഭാഗത്തിന് 625 രൂപ ഫീസുണ്ടായിരുന്നത് ഇത്തവണ 650 രൂപയാക്കി. എസ്.സി വിഭാഗത്തിന് ഇത് 250 രൂപയുള്ളത് 260 ആക്കി.

എന്‍ജിനീയറിങ്, മെഡിക്കല്‍ സ്ട്രീമുകളിലെ കോഴ്‌സുകള്‍ക്ക് കഴിഞ്ഞവര്‍ഷം 1125 രൂപ അടച്ച് ഒന്നിച്ച് അപേക്ഷിക്കാന്‍ അവസരമുണ്ടായിന്നു. ഇത്തവണ അതും നിര്‍ത്തലാക്കി. പകരം രണ്ടിനും വെവ്വേറെ (925, 650 രൂപ) ഫീസടച്ച് അപേക്ഷിക്കണം. ഫലത്തില്‍ ഒന്നിലധികം സ്ട്രീമുകളിലെ കോഴ്‌സുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇരട്ടിയാണ് ഫീസ് വര്‍ധന. യു.എ.ഇ പരീക്ഷാകേന്ദ്രമായി അപേക്ഷിക്കുന്നവര്‍ അധികം അടക്കേണ്ട തുക 15,000ല്‍നിന്ന് 16,000 ആയി വര്‍ധിപ്പിച്ചിലട്ടുണ്ട്.

പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ എസ്‌ഐടി. പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ധനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമടക്കമുള്ള പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.

സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. പാളികള്‍ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്റെ വാദം എസ്‌ഐടി തള്ളി. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിന് രേഖയില്ല, തന്ത്രിയുടെ അഭിപ്രായവും തേടിയില്ല, മഹസറില്‍ തന്ത്രി ഒപ്പിട്ടില്ല, അനുമതി നല്‍കിയിട്ടില്ല തുടങ്ങിയ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രേഖകള്‍ പരിശോധിച്ചില്ലെന്നും പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ശബരിമല കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെ അട്ടിമറി നടത്താന്‍ പ്രതികള്‍ ബംഗലൂരുവില്‍ ഒത്തുകൂടിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

ബലാത്സംഗക്കേസില്‍ രാഹുലിന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസില്‍ രാഹുലിന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് അപേക്ഷയും പരിഗണിക്കുക.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.എസ്ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുംവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ തന്നെയും കക്ഷിചേര്‍ക്കണമെന്നും തന്നെ കേള്‍ക്കണമെന്നും സൈബര്‍ ആക്രമണം നേരിടുന്നതായും അതിജീവിത പരാതിയില്‍ പറയുന്നു.