നാലാം ദിവസവും സ്വര്‍ണവില താഴോട്ട്; ഇന്ന് നേരിയ കുറവ്

നാലാം ദിവസവും സ്വര്‍ണവില താഴോട്ട്; ഇന്ന് നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും തുടര്‍ച്ചയായി സ്വര്‍ണ വില കുറഞ്ഞു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13945 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 0.23 ശതമാനം ഇടിവുണ്ടായി. 4,675.23 ഡോളറാണ് വില.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ടുതവണ വീതം വില കൂടിയ ശേഷമാണ് വെള്ളിയാഴ്ച മുതല്‍ വില കുറഞ്ഞു തുടങ്ങിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമായിരുന്നു അന്നത്തെ വില. ശനിയാഴ്ച പവന് 11,1720 രൂപയായി കുറഞ്ഞു. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടര്‍ന്നു. ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വര്‍ധിച്ചത്.

2026 ജനുവരി 29നാണ് കേരളത്തിലെ സ്വര്‍ണ വില റെക്കോഡില്‍ എത്തിയത്. അന്ന് ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

‘തീര്‍ത്തും അസ്വീകാര്യം’, ഇറാന്റെ മറുപടി തള്ളി ട്രംപ്; പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു

‘തീര്‍ത്തും അസ്വീകാര്യം’, ഇറാന്റെ മറുപടി തള്ളി ട്രംപ്; പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളി. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം തള്ളിയത്. മധ്യസ്ഥര്‍ മുഖേന ഇറാന്‍ സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും എന്നാല്‍ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ വ്യക്തമാക്കി.

ഇറാന്റെ ഭരണപ്രതിനിധികള്‍ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പ്രതിനിധികളുടെ മറുപടി വായിച്ചു. തികച്ചും അസ്വീകാര്യമാണ്. ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാകിസ്ഥാന്‍ വഴിയാണ് ഇറാന്‍ മറുപടി നല്‍കിയത്.

ഇറാന്‍റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്‌റാൻ ശക്തമായി എതിർക്കുന്നു. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തൽ സാധ്യത ദുഷ്കരമാക്കുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.

ഇറാന്റെ പ്രതികരണം ലഭിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു. യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഉള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.

‘മുഖമടച്ച് ഒരെണ്ണം കൊടുത്തു, കുഞ്ഞിനെ പിടിച്ചു വാങ്ങി, ഇനി അയാള്‍ ഇതു ചെയ്യരുത്’; പാലരുവി എക്സ്പ്രസിൽ സംഭവിച്ചത് ഇതാണ്

‘മുഖമടച്ച് ഒരെണ്ണം കൊടുത്തു, കുഞ്ഞിനെ പിടിച്ചു വാങ്ങി, ഇനി അയാള്‍ ഇതു ചെയ്യരുത്’; പാലരുവി എക്സ്പ്രസിൽ സംഭവിച്ചത് ഇതാണ്

കൊല്ലം: പാലരുവി എക്സ്പ്രസ് ട്രെയിനിൽ വെച്ച് ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് ഒരു യുവതി ആയിരുന്നു. കൊട്ടാരക്കര കോട്ടാത്തല വയലിക്കട വീണാഭവനത്തിൽ വീണ (33) ആയിരുന്നു പിഞ്ചുകുഞ്ഞിന് തുണയായി എത്തിയ ആ യുവതി.

പ്രതിയായ കൊല്ലം സ്വദേശി സാനിഷിനെ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടതോടെ ഉടൻ തന്നെ ഇടപെട്ടു. ആദ്യം പ്രതിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്തിട്ടാണ് കുട്ടിയെ രക്ഷപെടുത്തിയത് എന്നും വീണ പറയുന്നു. തിരുനെൽവേലിയിലെ കണ്ണാശുപത്രിയിലേക്ക് പോകാനായി അമ്മയോടൊപ്പമാണ് വീണ കൊട്ടാരക്കരയിൽ നിന്നും പാലരുവി എക്സ്പ്രസിൽ കയറിയത്. ട്രെയിനിൽ കയറിയ ഉടൻ തന്നെ പ്രതി തൊട്ടടുത്തിരിക്കാൻ ക്ഷണിച്ചു. എന്നാൽ അയാൾക്ക് എതിർവശത്തെ സീറ്റിലാണ് ഇരുന്നതെന്നും വീണ പറഞ്ഞു.

” രാത്രിയിലെപ്പോഴോ അയാൾ കാലിൽ സ്പർശിക്കുന്നുവെന്നു തോന്നി. കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒന്നുമറിയാത്തതുപോലെ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. വീണ്ടും ആവർത്തിച്ചപ്പോൾ താക്കീതു നൽകി” അവർ വ്യക്തമാക്കി.

രാത്രിയിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഉറങ്ങി എന്നുറപ്പാക്കിയതിന് ശേഷമാണ് പ്രതി സീറ്റിൽ നിന്ന് എഴുന്നേറ്റത്. മുത്തച്ഛനൊപ്പം നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെ പുതപ്പോടെ അയാൾ എടുത്ത് കൊണ്ട് വന്നു. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ കുഞ്ഞിനെ പ്രതി താലോലിക്കുകയും ചെയ്തെന്നും വീണ പറയുന്നു. ” കുഞ്ഞ് അയാളുടേത് ആണോ എന്ന് ഞാൻ അടുത്തിരുന്ന തമിഴ്‌നാട് സ്വദേശിയോടു ചോദിച്ചു. അല്ലെന്ന് അയാൾ പറഞ്ഞതോടെ എനിക്ക് സംശയം കൂടി. പ്രതി അറിയാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. പുതപ്പുകൊണ്ട് വലതു കൈയും കുഞ്ഞിനെയും മറച്ച് അയാൾ ഉറങ്ങുന്നതുപോലെ നടിച്ചു. അപ്പോഴാണ് പുതപ്പിനടിയിൽ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയാണ് എന്ന് എനിക്ക് മനസിലായത്” വീണ പറഞ്ഞു.

ആ നിമിഷം തന്റെ മനസിൽ കുഞ്ഞിനെ രക്ഷിക്കണം എന്നൊരു തോന്നൽ ഉണ്ടായെന്നും പ്രതിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്ത ശേഷം കുഞ്ഞിനെ പിടിച്ചു വാങ്ങുക ആയിരുന്നു എന്നും അവർ വ്യക്തമാക്കി. ” ഒരു പക്ഷെ, ആ സമയത്ത് പ്രതികരിച്ചില്ലെങ്കിൽ അയാൾ കുഞ്ഞുമായി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയേനെ. ബഹളംകേട്ട് ഉണർന്നെത്തിയവരെല്ലാം അക്രമിയെ കൈകാര്യംചെയ്യാൻ മുന്നോട്ട് വന്നു. ഒടുവിൽ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുക ആയിരുന്നു. ഇനിയൊരിക്കലും അയാൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്. ഇത്തരക്കാർക്ക് വധശിക്ഷ തന്നെ നൽകണം” വീണ പറഞ്ഞു.

വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം; സ്വർണം വാങ്ങരുത് : പ്രധാനമന്ത്രി മോദി

വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം; സ്വർണം വാങ്ങരുത് : പ്രധാനമന്ത്രി മോദി

ലോകമാകെ ഇന്ധന പ്രതിസന്ധി ഉണ്ടായിരിക്കെ ശ്രദ്ധേയമായ പ്രതികരണവുമായി പ്രധാനമന്ത്രി. വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന.

ഇന്ധനച്ചെലവ് കുറക്കാൻ ഇത് സഹായിക്കും. നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

ദേശീയതാൽപര്യം മുൻനിർത്തി വർക്ക് ഫ്രം ഹോം, ഓൺലൈൻ കോൺഫറൻസ്, വിർച്വൽ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോൾ, ഡീസൽ വില വലിയ രീതിയിൽ ഉയരുകയാണ്. ഈയൊരു സാഹചര്യത്തിൽ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയിൽ എണ്ണ വില വലിയ രീതിയിൽ ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭ്യർഥന.

അസാമാന്യ ധൈര്യം! ഉപദ്രവിക്കാന്‍ വന്ന പുലിയുടെ കഴുത്തിന് പിടിച്ച് 13 കാരന്‍

അസാമാന്യ ധൈര്യം! ഉപദ്രവിക്കാന്‍ വന്ന പുലിയുടെ കഴുത്തിന് പിടിച്ച് 13 കാരന്‍

ഭോപ്പാല്‍: ചില സമയങ്ങളില്‍ അസാമാന്യ ധൈര്യം കാണിക്കുന്ന കുട്ടികളുടെ വാര്‍ത്തകള്‍ വരാറുണ്ട്. മധ്യപ്രദേശില്‍ നിന്നാണ് അത്തരത്തിലൊരു വാര്‍ത്ത വരുന്നത്. കുര്‍സി ഖാപ ഗ്രാമത്തില്‍ തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ചു നിര്‍ത്തുകയായിരുന്നു പതിമൂന്നുകാരന്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സത്യ ഠാക്കൂര്‍ വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് വൈകിട്ട് ഏഴുമണിയോടെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടില്‍നിന്നു ചാടിവീണ പുള്ളിപ്പുലി ആക്രമിച്ചത്.

സത്യ അതിന്റെ കഴുത്തില്‍ പിടിച്ചു നിര്‍ത്തി. കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരുക്കേറ്റിട്ടും പിടിവിട്ടില്ല. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. പുലിയും സത്യയും തമ്മില്‍ മല്‍പ്പിടിത്തം നടത്തുകയായിരുന്നു അപ്പോള്‍. എല്ലാവരും ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.

സത്യയുടെ വയറിനും കൈകാലുകള്‍ക്കും പുലിയുടെ നഖം കൊണ്ട് പരിക്ക് പറ്റിയിട്ടുണ്ട്. പിപാരിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ പുള്ളിപ്പുലികളുടെ സാന്നിധ്യം അപൂര്‍വമല്ലെങ്കിലും, കുട്ടികള്‍ക്കു നേരേ ഇത്തരം ആക്രമണങ്ങള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

മലപ്പുറം: മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണമാലയും പണവും ബൈക്കും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ‌. മസാജ് സെന്റർ നടത്തിപ്പുകാരനും രണ്ട് ജീവനക്കാരികളുമാണ് പിടിയിലായത്. തിരൂർ എറ്റിരിക്കടവിലുള്ള ഓറ വെൽനെസ് സെന്ററിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചതിന് പരാതിക്കാരനെതിരെയും കേസെടുത്തു. തലക്കാട് തെക്കൻ കുറ്റൂർ കരിമ്പന സ്വദേശിയായ മനോജിൽനിന്നാണ് ഒന്നര പവൻ സ്വർണമാലയും 28,500 രൂപയും രൂപയും ബൈക്കും കവർന്നത്. തിരൂർ എറ്റിരിക്കടവി‍ലെ ആയുർവേദ മസാജ് സെന്ററിൽ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് മനോജ് എത്തിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു.

വസ്ത്രം മാറിയ ഉടനെ യുവാവിന്റെ ചിത്രം പകർത്തിയശേഷം 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്നതോടെ, പഴ്സിലുണ്ടായിരുന്ന 28,500 രൂപയും കഴുത്തിലെ സ്വർണമാലയും കയ്യിലുണ്ടായിരുന്ന പവർ ബാങ്കും ബൈക്കും തട്ടിയെടുത്തുവെന്നും യുവാവ് പരാതിയിൽ പറയുന്നു. വിരലിലെ മോതിരം ഊരിയെടുക്കാനും ശ്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ സൗദ് പത്തോളം കേസിലെ പ്രതിയാണെന്നും, മാലയും ബൈക്കും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.