by Midhun HP News | May 11, 2026 | Latest News, കേരളം
കോഴിക്കോട്: വൻ നവീകരണ അവകാശവാദങ്ങളോടെ കോഴിക്കോട് കല്ലുത്താൻകടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ചോർന്നൊലിക്കുന്നു. ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ വ്യാപാരികൾ പൂർണ്ണമായി മാറുന്നതിന് മുമ്പേയാണ് ചോർച്ച അനുഭവപ്പെട്ടത്. സീലിംഗിലെ പ്ലാസ്റ്ററിംഗ് പലയിടത്തും പൊളിഞ്ഞുവീഴുകയും ഓപ്പൺ ടെറസിൽ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചോർച്ചയ്ക്ക് കാരണം. അറ്റകുറ്റപ്പണികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും നിയമലംഘനം നടന്നതായും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ സീലിംഗിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്ററിംഗ് പൊളിഞ്ഞുവീണതിനെ തുടർന്ന് വെള്ളം ചോർന്നുവരുന്ന നിലയാണ്. ഓപ്പൺ ടെറസ് ഭാഗങ്ങളിലാണ് പ്രധാനമായുംപ്രശ്നം കണ്ടെത്തിയത്. ടെറസിന്റെ പല ഭാഗങ്ങളിലും വെള്ളംകെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചോർച്ച പരിഹരിക്കുന്നതിനായി പ്ലാസ്റ്ററിംഗ് ഉൾപ്പെടെയുള്ള പ്രാഥമിക അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂ പാളയം മാർക്കറ്റിന്റെ നിർമാണത്തിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കക്ഷിനേതാവ് സയ്ദ് ശമീൽ ആരോപിച്ചു.
“പാളയം മാർക്കറ്റിന്റെ 5.5 ഏക്കർ സ്ഥലം ഒഴിപ്പിച്ച് സ്വകാര്യ കമ്പനികൾക്ക് കൈമാറണമെന്ന ലക്ഷ്യത്തോടെയാണ് കല്ലുത്താൻകടവിൽ പുതിയ മാർക്കറ്റ് നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിൽ ചോർച്ച ആരംഭിച്ചു. മുകളിലെ ടെറസിൽ കയറി നോക്കിയാൽ പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് കാണാം. വേനൽമഴയിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോർച്ച ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും,” ശമീൽ പറഞ്ഞു.
ഇതിനിടെ, പുതിയ മാർക്കറ്റ് സമുച്ചയത്തിലേക്ക് വ്യാപാരികൾ ഇനിയും മാറിത്തുടങ്ങിയിട്ടില്ല. ഉയർന്ന വാടകയാണ് പ്രധാന പ്രശ്നമെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട വ്യാപാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ കെട്ടിടത്തിൽ ഇല്ലെന്നും അവർ ആരോപിക്കുന്നു.
അതേസമയം, പഴയ പാളയം മാർക്കറ്റിനെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളോടെയാണ് ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതെന്നായിരുന്നു കോഴിക്കോട് കോർപ്പറേഷൻറെ വിശദീകരണം. അഞ്ചര ഏക്കർ സ്ഥലത്ത് കല്ലുത്താൻകടവ് ഡെവലപ്‌മെന്റ് സൊസൈറ്റി (കാഡ്കോ) ഏകദേശം 100 കോടി രൂപ ചെലവഴിച്ച് ആറു ബ്ലോക്കുകളുള്ള സമുച്ചയമാണ് നിർമ്മിച്ചത്.
മൂന്നര ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടത്തിൽ ഏകദേശം 300 ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കടകളുണ്ട്. 300-ലധികം കടമുറികളിൽ താഴത്തെ നിലയിലെ 153 കടമുറികളാണ് പാളയത്തെ പഴയ മാർക്കറ്റിലെ വ്യാപാരികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. അനുബന്ധ കച്ചവടങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.
ഒരേസമയം 500-ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്കായി ശീതീകരിച്ച വിശ്രമകേന്ദ്രം,ശുചിമുറികൾ, വിനോദസൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.
by Midhun HP News | May 11, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിക്കു പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനു വേണ്ടിയും കോണ്‍ഗ്രസില്‍ ചരടുവലികള്‍ സജീവം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന നേതാവായ തനിക്ക് കെപിസിസി അധ്യക്ഷസ്ഥാനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ പലതവണ മാറ്റിനിര്‍ത്തപ്പെടുകയാണ് ഉണ്ടായത്. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അര്‍ഹമായ പദവി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ഖാര്‍ഗെയെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനുമായുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.
നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായതോടെയാണ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി ചരടുവലികള്‍ മുറുകിയത്. കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ എംപിമാരായ ആന്റോ ആന്റണി, ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുന്‍ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമാണ് ബെന്നി ബെഹനാന്‍.
പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയുടെ പേര് സണ്ണി ജോസഫിനൊപ്പം നേരത്തെയും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. ക്രൈസ്തവ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ബെന്നിയുടേയും ആന്റോയുടേയും പേര് ഉയര്‍ത്തുന്നത്. ദലിത് പ്രാതിനിധ്യമാണ് കൊടിക്കുന്നില്‍ സുരേഷ് ഉന്നയിക്കുന്നത്. യുവനേതാക്കളായ റോജി എം ജോണ്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

by Midhun HP News | May 11, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: വിവാഹ വിരുന്നിനിടെ വസ്ത്രത്തില്‍ അബദ്ധത്തില്‍ ചിക്കന്‍ കറി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷമായി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗൊരഖ്പൂര്‍ സ്വദേശിയായ സുമിത് കുമാര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഷാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിച്ചിയ പ്രദേശത്തെ മാരേജ് ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശുചീകരണ തൊഴിലാളിയായ സമീര്‍ കുമാറിന്റെ വിവാഹ ഘോഷയാത്ര ജംഗിള്‍ തുളസിറാം ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഡിജെ സംഗീതത്തിനൊപ്പം അതിഥികള്‍ നൃത്തം ചെയ്യുന്നതിനിടെയാണ് അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. നൃത്തത്തിനിടയില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് ഭക്ഷണഹാളിലേക്കും നീങ്ങുകയായിരുന്നു. വിരുന്നിനിടെ ചിക്കന്‍ കറി വിളമ്പുമ്പോള്‍ അബദ്ധത്തില്‍ ഒരാളുടെ ഷര്‍ട്ടില്‍ തെറിക്കുകയായിരുന്നു. ഇത് വലിയ തര്‍ക്കമാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കല്യാണഹാളിന് സമീപം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ സ്ഥലം ഇഷ്ടികകഷണങ്ങളാല്‍ നിറഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഇഷ്ടികയും ബെല്‍റ്റും വടികളും ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച പൊലീസ് ഇന്‍സ്പകെടറെ സസ്‌പെന്‍ഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

by Midhun HP News | May 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനകള്‍ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകള്‍ ആണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വര്‍ക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭ്യര്‍ഥിച്ചിരുന്നു.
‘സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വര്‍ഷത്തിനുള്ളില്‍ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു’ രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. യുദ്ധം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്തെപ്പോലെ, ഇന്ധനം ലാഭിക്കുന്നതിനായി കഴിയുന്നവരെല്ലാം വര്‍ക് ഫ്രം ഹോമിലേക്ക് മാറണമെന്നാണ് ഞായറാഴ്ചത്തെ പ്രസംഗത്തില്‍ മോദി അഭ്യര്‍ഥിച്ചത്. പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കാന്‍ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

by Midhun HP News | May 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും തുടര്‍ച്ചയായി സ്വര്‍ണ വില കുറഞ്ഞു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13945 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 0.23 ശതമാനം ഇടിവുണ്ടായി. 4,675.23 ഡോളറാണ് വില.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ടുതവണ വീതം വില കൂടിയ ശേഷമാണ് വെള്ളിയാഴ്ച മുതല്‍ വില കുറഞ്ഞു തുടങ്ങിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമായിരുന്നു അന്നത്തെ വില. ശനിയാഴ്ച പവന് 11,1720 രൂപയായി കുറഞ്ഞു. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടര്‍ന്നു. ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വര്‍ധിച്ചത്.
2026 ജനുവരി 29നാണ് കേരളത്തിലെ സ്വര്‍ണ വില റെക്കോഡില്‍ എത്തിയത്. അന്ന് ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.
by Midhun HP News | May 11, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളി. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം തള്ളിയത്. മധ്യസ്ഥര്‍ മുഖേന ഇറാന്‍ സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും എന്നാല്‍ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ വ്യക്തമാക്കി.
ഇറാന്റെ ഭരണപ്രതിനിധികള്‍ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പ്രതിനിധികളുടെ മറുപടി വായിച്ചു. തികച്ചും അസ്വീകാര്യമാണ്. ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാകിസ്ഥാന്‍ വഴിയാണ് ഇറാന്‍ മറുപടി നല്‍കിയത്.
ഇറാന്‍റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്‌റാൻ ശക്തമായി എതിർക്കുന്നു. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തൽ സാധ്യത ദുഷ്കരമാക്കുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
ഇറാന്റെ പ്രതികരണം ലഭിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു. യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഉള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.

Recent Comments