by Midhun HP News | May 10, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡ് പോരിനിടെ, മറ്റൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപത്താണ് ഫല്ക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ ആണെന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ ഉള്ളടക്കം.
പട നയിച്ച ആളെന്നും, പട ഒരുക്കിയ ആളെന്നും, പരിചയ സമ്പത്തുള്ള ആളെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കേരളത്തിലും ഡല്‍ഹിയിലും വരെ നേതാക്കള്‍ക്കായി ചേരിതിരിഞ്ഞ് ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം നടന്നിരുന്നു. തുടര്‍ന്ന് ബോര്‍ഡുകളെല്ലാം മാറ്റണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
ഈ ബോര്‍ഡുകളെല്ലാം പ്രവര്‍ത്തകര്‍ മാറ്റുന്നതിനിടെയാണ്, തരൂരിനായി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന്റെ എതിര്‍വശത്താണ് ശശി തരൂരിനെ അനുകൂലിച്ചുകൊണ്ടുള്ള ബോര്‍ഡ് വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ എന്നാണ് ബോര്‍ഡിലെ തലക്കെട്ട്. കെജിഡിഎഫ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി എം ഷഹാബ്ദീന്‍ എന്നയാളുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

by Midhun HP News | May 10, 2026 | Latest News
തൃശൂര്‍: അരിയന്നൂരില്‍ ഡോക്ടറിന്റെ വീട്ടില്‍ വന്‍ മോഷണം. പത്ത് പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. വീടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. മോഷ്ടാവ് വീട്ടില്‍ കയറി പരിശോധന നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൂണ്ടല്‍- ഗുരുവായൂര്‍ ഹൈവേയില്‍ അരിയന്നൂര്‍ പൊന്നരാശേരി മോട്ടോര്‍ വര്‍ക്ക് ഷോപ്പിന് എതിര്‍വശത്തു താമസിക്കുന്ന പോക്കാക്കില്ലത്ത് ഡോ. അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഡോക്ടറായ അബൂബക്കറും കുടുംബവും താമസിക്കുന്ന വീട്ടില്‍ എട്ടിന് രാത്രി 12.50-ഓടെയാണ് സംഭവം നടന്നത്.
ഡോക്ടറുടെ ഭാര്യ ഡോ. ബുഷറയുടെ രണ്ട് വളകള്‍, രണ്ട് മാലകള്‍, മൂന്ന് ജോഡി കമ്മലുകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോകാന്‍ ഒരുങ്ങുന്നതിനിടെ സ്വര്‍ണം എടുക്കാന്‍ നോക്കിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. മുകള്‍ നിലയിലെ ബെഡ്‌റൂമിലെ അലമാരയിലാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മുകള്‍ നിലയിലെ വാതില്‍ അടച്ചിരുന്നില്ലെന്നും സ്വര്‍ണം സൂക്ഷിച്ചിരുന്ന അലമാര താക്കോല്‍ ഉപയോഗിച്ച് പൂട്ടിയിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.
വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അലമാരയില്‍ സ്വര്‍ണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല.

by Midhun HP News | May 10, 2026 | Latest News, കേരളം
കൊച്ചി: സപ്ലൈകോയുടെ ജനപ്രിയ ന്യായവില അരി പദ്ധതിയിൽ വില വർധന. കിലോ ഗ്രാമിന് രണ്ട് രൂപയാണ് കൂട്ടിയത്. 25 രൂപ നിരക്കിൽ 20 കിലോഗ്രാം നൽകിയിരുന്നതിന് ഇനി 27 രൂപ നൽകണം. എഫ്സിഐയിൽ നിന്ന് വാങ്ങുന്ന അരിയുടെ വിലയിൽ വന്ന മാറ്റമാണ് പ്രധാന കാരണമായി പറയുന്നത്.
22.50 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഈ മാസത്തേക്ക് വാങ്ങിയപ്പോൾ 23.25 ആയി. 75 പൈസ മാത്രമാണ് വർധന. ചെലവ് കൂടിയെങ്കിലും കുറേക്കാലത്തിന് ശേഷമാണ് വില കൂട്ടിയതെന്നാണ് എഫ്സിഐയുടെ വിശദീകരണം. സംസ്ഥാനം ഇപ്പോൾ ഓരോ മാസത്തേക്കുള്ള അരിയാണ് എഫ്സിഐയിൽ നിന്ന് എടുക്കുന്നത്. സംസ്ഥാനത്ത് താല്പര്യമുള്ള ആന്ധ്ര അരിയും മറ്റും അതത് മാസത്തെ വരവ് നോക്കി വാങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് മാറ്റം.

by Midhun HP News | May 10, 2026 | Latest News, കേരളം
തൃശൂർ: തൃക്കൂരിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിനെ (37) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ തൃക്കൂർ മരത്താക്കര നെല്ലിച്ചോട് വെച്ചായിരുന്നു ആക്രമണം.
ജിമ്മിൽ നിന്നിറങ്ങിയ ബിനസിനെ പുറകിൽ നിന്ന് വന്ന ആൾ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് നിലത്ത് വീണ യുവാവിൻ്റെ തലയിൽ വീണ്ടും ഇയാൾ രണ്ട് തവണ ചുറ്റിക കൊണ്ട് അടിച്ചു.നാട്ടുകാരാണ് ബിനസിനെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവ ശേഷം പ്രതി ഓടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | May 10, 2026 | Latest News, കേരളം
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കു നേരെ ലൈംഗികാതിക്രമം. ഇന്ന് പുലർച്ചെയാണ് ഭിക്ഷാടകയായ സ്ത്രീക്കു നേരെ അതിക്രമമുണ്ടായത്. കെഎസ്ആർടിസി ഡിപ്പോ ഓഫീസിനു മുന്നിലെ ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു സ്ത്രീയെയാണ് പിഡീപ്പിച്ചത്.
ക്രിമിനൽ കേസുകളിൽ പ്രതിയായ പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബു ആണ് സ്ത്രീയെ പീഡിപ്പിച്ചതെന്നു തിരിച്ചറിഞ്ഞു. ഷിബു പ്രദേശത്തെ പ്രധാന ലഹരി ഡീലർ ആണ്. സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി.
കാട്ടാക്കട പൊലീസ് സംഭവ സ്ഥലത്തു പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെന്നു പൊലീസ് വ്യക്തമാക്കി.
by Midhun HP News | May 10, 2026 | Latest News, കേരളം
കൊച്ചി: ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മുഹമ്മദന്‍സിനെ നേരിടും. വൈകിട്ട് 5 മണിക്ക് കലൂർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുകൾ മാത്രമാണ് മുഹമ്മദന്‍സിന്റെ സമ്പാദ്യം. ഈ സീസൺ മുതൽ പോയിന്റ് ടേബിളിൽ ഏറ്റവും താഴെ വരുന്ന ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തുമെന്ന് എഐഎഫ്എഫ് നേരത്തെ അറിയിച്ചിരുന്നു. ഈ സീസണിൽ മറ്റ് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ മുഹമ്മദന്‍സ് ഐഎസ്എല്ലിൽ നിന്ന് പുറത്താകും.
മറുഭാഗത്ത്, കിരീട പ്രതീക്ഷകൾ അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് വരാനിരിക്കുന്ന മത്സരങ്ങൾ കൂടി വിജയിച്ച ശേഷം സീസൺ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 11 കളിയില്‍ നിന്ന് മൂന്നു ജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തുടര്‍ച്ചയായ രണ്ടു മത്സരങ്ങൾ വിജയിക്കാൻ ആയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ തോല്‍വികള്‍ക്കു പിന്നാലെ ക്ലബ് തരം താഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് ടീമിനെ കരകയറ്റാൻ ആഷ്‌ലി വുഡെന്ന ഇംഗ്ലീഷ് പരിശീലകനെ എത്തിച്ചതാണ് ക്ലബിന് ഗുണകരമായത്. വിക്ടര്‍ ബെര്‍തോമ്യു, മത്തിയാസ് ഹെര്‍ണാണ്ടസ്, നിഹാല്‍ സുധീഷ്, വിപിന്‍ മോഹനന്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

Recent Comments