ഇന്ത്യ-ന്യൂസിലന്റ് ക്രിക്കറ്റ് മത്സരം കണ്ട് മടങ്ങുന്നതിനിടെ അപകടം; യുവാക്കളുടെ മരണത്തില്‍ നടുങ്ങി നാട്

ഇന്ത്യ-ന്യൂസിലന്റ് ക്രിക്കറ്റ് മത്സരം കണ്ട് മടങ്ങുന്നതിനിടെ അപകടം; യുവാക്കളുടെ മരണത്തില്‍ നടുങ്ങി നാട്

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ കണ്ടു മടങ്ങും വഴിയുണ്ടായ ബൈക്ക് അപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. കളി കണ്ട് മടങ്ങി വരുമ്പോഴാണ് കുളപ്പടയ്ക്കു സമീപം എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കലിലാണ് സംഭവം.

കുളപ്പട മൊണ്ടിയോട് മേക്കുംകര വീട്ടില്‍ രാജേഷ് (20), ഉഴമലയ്ക്കല്‍ വാലൂക്കോണം പാലക്കുഴി പുത്തന്‍ വീട്ടില്‍ എസ്.ബിനോയ്(20), കുളപ്പട പാതാരിമൂല ശ്രുതി ഭവനില്‍ എം.ശ്രീലാല്‍(28)എന്നിവര്‍ക്ക് സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി ബൈബിള്‍ കോളജിന് സമീപം എബിഎസ് വില്ലയില്‍ ബി അഭിനവ്(21) തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

വേളി ഐഎസ്ആര്‍ഒയിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നു രാജേഷും ബിനോയിയും. ജോലിക്കു പോകുന്നതും ഒരുമിച്ചായിരുന്നു. ഇരുവരുടെയും വീടുകള്‍ തമ്മിലും 2 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. രണ്ട് കുടുംബങ്ങളേയും താങ്ങി നിര്‍ത്തുന്നവരായിരുന്നു മരിച്ച യുവാക്കള്‍. ഷീറ്റുമേഞ്ഞ വീടിനു പകരം അടച്ചുറപ്പുള്ള വീടു പണിയണമെന്ന മോഹം ബാക്കിയാക്കിയാണ് രാജേഷിന്റെ വിയോഗം. പെയ്ന്റിങ് തൊഴിലാളിയായ അച്ഛന്‍ സതികുമാറിനെ സഹായിക്കാനാണ് രാജേഷ് ചെറുപ്പത്തിലേ ജോലി തേടിയിറങ്ങിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ബിനോയിയുടെ അമ്മ സുധ കേള്‍വി പരിമിതിയുള്ളയാളാണ്. സുധയുടെ സഹോദരി സൂസമ്മയാണ് ബിനോയിയെ പഠിപ്പിച്ചതും വളര്‍ത്തിയതും. ജോലി ചെയ്തു മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനുള്ള ശ്രമത്തിനിടെയാണ് ബിനോയിയുടെ വേര്‍പാട്. എം ശ്രീലാലും അഭിനവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിയോഗത്തിന്റെ നടുക്കത്തിലാണു നാട്ടുകാര്‍.

ആര്‍.ബിനു- എസ്.ഷാനി ദമ്പതികളുടെ മകനാണ് അഭിനവ്. സഹോദരന്‍:ബി.ആകാശ്. സതികുമാര്‍-മിനി ദമ്പതികളുടെ മകനായ രാജേഷ് ഐഎസ്ആര്‍ഒയിലെ താല്‍ക്കാലിക ജോലിക്കാരനായിരുന്നു. പരേതനായ സുരേന്ദ്രന്‍-സുധ ദമ്പതികളുടെ മകനായ എസ്.ബിനോയ് ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ഥിയും ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമായിരുന്നു. സഹോദരി: ബിന്‍സി. പരേതനായ മണിലാല്‍-മായ ദമ്പതികളുടെ മകനാണ് എം ശ്രീലാല്‍. സഹോദരി: ശ്രുതി. മരിച്ച 4 പേരും അവിവാഹിതരാണ്.

രാജേഷ്, ബിനോയ്, ശ്രീലാല്‍ എന്നിവരുടെ മൃതദേഹം സംസ്‌കരിച്ചു. അഭിനവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍. ഒരു വര്‍ഷത്തിനിടെ 10 പേരാണ് മേഖലയില്‍ അപകടത്തില്‍ മരിച്ചത്. വാഹന പരിശോധനയും ബോധവല്‍ക്കരണവും കുറഞ്ഞതാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇരുചക്രവാഹനങ്ങളില്‍ മൂന്നും നാലും പേര്‍ ചേര്‍ന്നു സഞ്ചരിക്കുന്നതും അമിതവേഗവും അശ്രദ്ധയുമെല്ലാം അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഞെട്ടി!, തുറന്നുവന്നത് മ്യൂസിക് വിഡിയോ

സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഞെട്ടി!, തുറന്നുവന്നത് മ്യൂസിക് വിഡിയോ

ഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറില്‍ കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് ചര്‍ച്ചയാകുന്നു. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ പഴയ മ്യൂസിക് വിഡിയോ തുറന്നുവന്നതായാണ് ചിലരുടെ അവകാശവാദം. മാത്തമാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ് പരീക്ഷ രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയായിരുന്നു.

ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചു. ചോദ്യപേപ്പറിന്റെ മുകളില്‍ ഇടത് മൂലയില്‍ അച്ചടിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോഴാണ് മ്യൂസിക് വിഡിയോയിലേക്ക് പോയതെന്ന് സോഷ്യല്‍മീഡിയ കമന്റുകള്‍ വ്യക്തമാക്കുന്നു. പേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള സുരക്ഷാ നടപടിയായി സിബിഎസ്ഇ 2018ലാണ് ചോദ്യപേപ്പറുകളില്‍ ക്യൂആര്‍ കോഡ് അവതരിപ്പിച്ചത്.

മാര്‍ച്ച് ഒമ്പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ഇന്റര്‍നെറ്റില്‍ ആളുകളെ കബളിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘റിക് റോളിങ്’ എന്ന ലിങ്കാണ് ഔദ്യോഗിക പരീക്ഷാ പേപ്പറില്‍ കടന്നുകൂടിയത്. പ്രതീക്ഷിച്ച വിവരങ്ങള്‍ക്ക് പകരം റിക് ആസ്റ്റ്‌ലിയുടെ ‘Never Gonna Give You Up’ എന്ന ഗാനത്തിന്റെ യൂട്യൂബ് വീഡിയോയിലേക്കാണ് പോയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചോദ്യപേപ്പറുകളിലെ ക്യുആര്‍ കോഡുകള്‍ വളരെ കൃത്യതയോടെ പരിശോധിക്കേണ്ടതാണെന്നിരിക്കെ, എങ്ങനെയാണ് ഇത്തരമൊരു അപ്രസക്തമായ ലിങ്ക് ഔദ്യോഗിക രേഖയില്‍ വന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് സാങ്കേതികമായ പിഴവാണോ അതോ ബോധപൂര്‍വം ചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര ചോദ്യപേപ്പര്‍ യഥാര്‍ത്ഥമാണെന്നും പരീക്ഷയുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

കേരളത്തിൽ പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു

കേരളത്തിൽ പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു

പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. നേരത്തേ പൊതുവിപണിയിൽ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 72 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 45 രൂപ വരെയായി. ഉൽപാദനം കൂടിയതും തമിഴ്നാട്ടിൽനിന്നു കൂടുതൽ തേങ്ങയെത്തുന്നതുമാണു വില കുറയാൻ കാരണമായി പറയുന്നത്.

കിലോഗ്രാമിന് 57 രൂപയ്ക്കാണു കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കേരഫെഡ് ചെറുപുഴയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചപ്പോൾ കിലോഗ്രാമിന് 78 രൂപ വരെ ലഭിച്ചിരുന്നു. പൊതുവിപണിയെക്കാൾ 5 രൂപ അധികം നൽകിയാണു കേരഫെഡ് തേങ്ങ സംഭരിക്കുക. വിലവർധനയുണ്ടായില്ലെങ്കിൽ നാളെമുതൽ സംഭരണകേന്ദ്രത്തിൽ കിലോഗ്രാമിന് 50 രൂപയേ ലഭിക്കൂ. ചൊവ്വാഴ്ചകളിലാണു കേരഫെഡ് വില പുതുക്കുക.

പൊതുവിപണി വിലയ്ക്കനുസരിച്ച് കേരഫെഡ് വില കുറയ്ക്കുന്നതു കർഷകർക്കു തിരിച്ചടിയാണ്. മഴക്കാലത്ത് ഉൽപാദനം കുറഞ്ഞപ്പോഴാണു തേങ്ങയ്ക്കു 78 രൂപ വരെ കിലോഗ്രാമിനു ലഭിച്ചത്. വേനലായതോടെ കേരളത്തിൽ ഉൽപാദനം കൂടേണ്ടതാണെങ്കിലും കാലാവസ്ഥ തിരിച്ചടിയായി. ഇതിനുപുറമേ, തെങ്ങുകയറ്റത്തിനും പൊതിക്കുന്നതിനുമുള്ള കൂലി കൂടി നൽകിയാൽ കർഷകർക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്.

‘പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത?’; ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ അനുമോള്‍

‘പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത?’; ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ അനുമോള്‍

കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍. പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാലാണോ സമൂഹം മിണ്ടാതിരിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്. ആരും ഒന്നും ചോദിക്കുന്നില്ല, പ്രതിഷേധിക്കുന്നില്ല എന്ന്ത വേദനിപ്പിക്കുന്നതാണെന്നും താരം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

18 വയസ്സ് മാത്രം പ്രായമുള്ള ഒരു മകനെ നാലുപേര്‍ ചേര്‍ന്ന് തലക്ക് അടിച്ച് കൊന്നിരിക്കുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അവന്‍. അച്ഛനും അമ്മക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബം. ആ വീട്ടിന്റെ പ്രതീക്ഷയായിരുന്ന ഒരു ജീവന്‍ ഇങ്ങനെ അവസാനിച്ചു.

പക്ഷേ അതില്‍ വേദനകരമായത് എന്താണെന്നറിയാമോ? സമൂഹം മിണ്ടാതിരിക്കുന്നു. ആരും ചോദിക്കുന്നില്ല.. ആരും പ്രതിഷേധിക്കുന്നില്ല. ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യ ജീവിതം നോക്കാനും വിമര്‍ശിക്കാനും സമയം ഒരുപാടുണ്ട് ഉണ്ട്. പക്ഷേ ഒരു 18 വയസ്സുകാരന്റെ ജീവന്‍ പോയപ്പോള്‍ ആ വേദനയെ കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും സമയം ഇല്ല. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത? ഒരു മനുഷ്യന്റെ ജീവന് വില ഇത്രയാണോ? നമ്മള്‍ ഇന്ന് മിണ്ടാതിരുന്നാല്‍ നാളെ മറ്റൊരു 18 വയസ്സുകാരന്‍ കൂടി ഇങ്ങനെ കൊല്ലപ്പെടും. അപ്പോള്‍ കൂടി സമൂഹം മിണ്ടാതിരിക്കുമോ?

ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഹരി കൃഷ്ണന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അഞ്ചു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മര്‍ദനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു.

കണ്ണൂരില്‍ ഉത്സവത്തിനിടെ സിപിഎം – ബിജെപി സംഘര്‍ഷം: ലാത്തി വീശി അടിച്ചോടിച്ച് പൊലീസ്

കണ്ണൂരില്‍ ഉത്സവത്തിനിടെ സിപിഎം – ബിജെപി സംഘര്‍ഷം: ലാത്തി വീശി അടിച്ചോടിച്ച് പൊലീസ്

കണ്ണൂര്‍ : മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘര്‍ഷം. ചേരി തിരിഞ്ഞ് ഇരുവിഭാഗവും കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശനിയാഴ്ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമാണ് ചൊവ്വാഴ്ച. പുലര്‍ച്ചെ 2.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. ചേരി തിരിഞ്ഞ് ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമായതോടെയാണ് പൊലീസ് ഇടപെട്ടത്. കഴിഞ്ഞ വര്‍ഷവും ക്ഷേത്രത്തില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പനാമ കപ്പല്‍ കസ്റ്റഡിയില്‍, വിഴിഞ്ഞം പുറംകടലിലെത്തിച്ചു

മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പനാമ കപ്പല്‍ കസ്റ്റഡിയില്‍, വിഴിഞ്ഞം പുറംകടലിലെത്തിച്ചു

വിഴിഞ്ഞം: മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പനാമ കപ്പലിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്(ഡിജി ഷിപ്പിങ്) അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ എം ടി സോളിസ് എന്ന എണ്ണക്കപ്പലിനെയാണ് കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ചത്.

അപകടത്തെത്തുടര്‍ന്ന് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ സുരേഷ് കുറുപ്പിനോട് ഡി.ജി. ഷിപ്പിങ് അധികൃതര്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തു നല്‍കാനായി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോസ്റ്റ്ഗാര്‍ഡിന്റെ അനഘ് എന്ന കപ്പല്‍ എം.ടി. സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിക്കുകയായിരുന്നു. കൊച്ചിയില്‍നിന്നെത്തിയ ഡി ജി ഷിപ്പിങ്ങിന്റെ ചീഫ് സര്‍വേയര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥസംഘം കപ്പലിലെത്തി പ്രാഥമിക സര്‍വേ നടത്തി.

ഇന്ന് രാവിലെയോടെ മുംബൈയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എംഎംഡി) അധികൃതരെത്തി കപ്പല്‍ പരിശോധിക്കും. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനു സമീപത്തായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണം. ഇത് സ്ഥിരീകരിക്കുന്നതിന് കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെട്ട 20 അംഗ ജീവനക്കാരില്‍നിന്നു വിവരശേഖരണം നടത്തും.

ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. കൊല്ലം നീണ്ടകരയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്കു മീന്‍പിടിത്തത്തിനുപോയ മരുത്തടിയില്‍ ചിറക്കര പുതുവലില്‍ രാജേഷ് മാത്യുവിന്റെ സെയ്ന്റ് ജോസഫ് എന്ന ട്രോളിങ് ബോട്ടാണ് എണ്ണക്കപ്പലിടിച്ച് തകര്‍ന്ന് മുങ്ങിപ്പോയത്. ബോട്ടിലുണ്ടായിരുന്ന 11 പേരില്‍ ഒന്‍പതുപേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചിരുന്നു. രണ്ടുപേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് കേസെടുത്തിട്ടുണ്ട്.