by Midhun HP News | Mar 7, 2026 | Latest News, കേരളം
ആലപ്പുഴ: എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു നേരത്തെ തന്നെ എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് കനഗോലു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ സംഘടനപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാല്‍ സജീവമാണെന്നതും സ്ഥാനാര്‍ഥായാകുമെന്നതിന്റെ സൂചനയാണ് വിലയിരുത്തുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും വിജയസാധ്യത മാത്രമാണ് പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം ആയില്ല. പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായെന്നും ജനങ്ങള്‍ക്കിടയിലെ പ്രതീക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍. രാജ്യത്തെ ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 55 പാക് രൂപയാണ് പാകിസ്ഥാനില്‍ ഒറ്റയടിക്ക് കൂട്ടിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ശേഖരം ഉണ്ടെന്ന് പെട്രോളിയം മന്ത്രി അലി പര്‍വൈസ് മാലിക്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദര്‍, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വില വര്‍ധന നിലവില്‍ വന്നത്.
വില വര്‍ധനയോടെ പാകിസ്ഥാനിലെ അതിവേഗ ഡീസലിന്റെ എക്‌സ്-ഡിപ്പോ വില 335 പാകിസ്ഥാന്‍ രൂപയായി വര്‍ധിച്ചു. പെട്രോളിന്റെ എക്‌സ്-ഡിപ്പോ വില ലിറ്ററിന് 266. 17 പാകിസ്ഥാന്‍ രൂപയായിരുന്നതില്‍ നിന്ന് 321.17 ആയി പുതുക്കി നിശ്ചയിച്ചു. ഏകദേശം 17 ശതമാനം വര്‍ദ്ധനവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മുഴുവന്‍ മേഖലയിലും അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നും ആഗോള ഊര്‍ജ്ജ വിതരണത്തെയും വിലകളെയും ഇത് ബാധിച്ചതിന്റെ ഫലമാണ് വിലവര്‍ധനയെന്നാണ് നടപടിക്ക് നല്‍കുന്ന വിശദീകരണം. അതിനിടെ, പാകിസ്ഥാനിലെ ഇന്ധന വില പരിഷ്‌കരിക്കരണം എല്ലാ ആഴ്ചയിലും നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. മന്ത്രിമാരുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി മൂലമുണ്ടാകുന്ന വിതരണ പ്രതിസന്ധി മറികടക്കാന്‍ നടപടികള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. വില വര്‍ധന പ്രഖ്യാപിച്ചതോടെ രാജ്യത്ത് പ്രെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പുതിയ വില പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഇന്ധനം ശേഖരിക്കാനുള്ള തിരക്കായിരുന്നു പമ്പുകളില്‍ രൂപം കൊണ്ടത്.


by Midhun HP News | Mar 7, 2026 | Latest News, ജില്ലാ വാർത്ത
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകന്റെ മകൾ കൊല്ലപ്പെട്ടു; മതിൽ ചാടുന്ന ജോലിക്കാരിയുടെ ദൃശ്യം പുറത്ത്.!
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകന്റെ മകൾ കസ്തൂരി. ജി.കുട്ടിയെ (82) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എവിപി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിയെ കാണാതായിരുന്നു. കൈകാലുകൾ ബന്ധിച്ച്, വായിൽ പ്ലാസ്‌റ്റർ ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.
വീട്ടുജോലിക്കാരി സുർജ(38)യടക്കം നാലുപേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയതോടെ പ്രതികളാരെന്നതിൽ വ്യക്‌തമായി. വില്ലയിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 12.20നു 3 യുവാക്കൾ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങളുണ്ട്. 12.56നു സുർജയും യുവാക്കളും ബാഗുമായി മതിൽ ചാടി തിരികെപ്പോകുന്ന ദൃശ്യങ്ങളുമുണ്ട്. സംഭവത്തിൽ വീട്ടുജോലിക്കാരിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
കോയമ്പത്തൂരിലെ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെസ്ലെയിലെ വീട്ടിൽ ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.
കസ്തൂരിയുടെ ഭർത്താവ് ഗോപാലൻകുട്ടി മരിച്ചശേഷം മകനും എവിപി ഡയറക്‌ടറുമായ ഡോ. രാംകുമാർ കുട്ടിക്കൊപ്പമാണ് കസ്തൂരി താമസിച്ചുവന്നത്. കൊലപാതകം നടക്കുമ്പോൾ രാംകുമാർ കുട്ടി വിദേശത്തായിരുന്നുവെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ സിങ്കാനല്ലൂരിൽ താമസിക്കുന്ന മകൾ സുജാത രാവിലെ പതിവുപോലെ കസ്തൂരിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് വീടു പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയിൽ കസ്തൂരിയുടെ മൃതദേഹം കണ്ടെത്തിയത്. കസ്തൂരിയുടെ കഴുത്തിലെ സ്വർണമാല കാണാതായിട്ടുണ്ട്. മറ്റെന്തെങ്കിലും നഷ്ടപ്പെട്ടോയെന്ന് മകൻ മടങ്ങിയെത്തിയ ശേഷമേ വ്യക്തമാവുകയുള്ളൂ. കോയമ്പത്തൂർ ഡപ്യൂട്ടി കമ്മിഷണർ ജി.കാർത്തികേയന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തി. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള വില്ലയാണിത്. വീട്ടിൽ നിന്നു കാണാതായ സുർജ 4 മാസം മുൻപാണു സ്വകാര്യ ഏജൻസി വഴി കസ്തൂരിയെ ശുശ്രൂഷിക്കാനായി ജോലിക്കെത്തിയത്. വീടിന്റെ പരിസരത്തു നിന്നു സുർജയുടെ മൊബൈൽ ഫോൺ കണ്ടെത്തി. മതിൽ ചാടിക്കടക്കുന്നതിനിടെ വീണുപോയതാകാമെന്നു കരുതുന്നു.


by Midhun HP News | Mar 7, 2026 | Latest News, ജില്ലാ വാർത്ത
അഖില്‍മാരാരുടെ ആരോപണത്തിന് മറുപടിയുമായി ഷിയാസ് കരീം. ഷിയാസ് തന്റെ ഉമ്മയെ അടിച്ചിറക്കിയെന്ന് കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ ആരോപിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അഖില്‍ മാരാരുടെ ആരോപണം. സ്വന്തം ഉമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ അവന്റെ വാക്ക് ആര് വിശ്വസിക്കാനാണ് എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഷിയാസ് ഉമ്മയെ വീട്ടില്‍ നിന്നും അടിച്ചിറക്കിയെന്ന് പെരുമ്പാവൂരുകാര്‍ തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളവരാണ് അഖില്‍ മാരാരും ഷിയാസ് കരീമും. അഖില്‍ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിക്കുന്ന ഷിയാസിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍. ഉമ്മയോടൊപ്പം വിഡിയോയിലെത്തിയാണ് ഷിയാസ് അഖില്‍ മാരാരുടെ ആരോപണത്തിന് മറുപടി നല്‍കുന്നത്.
”ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാള്‍ ആഴമേറിയതാണ്. അതാണ് എന്റെ പൊന്നുമ്മയോട് ജനിച്ചിന്നോളം എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതും. എന്റെ ഇടനെഞ്ചില്‍ പച്ചക്കുത്തിയ ആ സ്‌നേഹത്തെ എന്നെ കണ്ടും കേട്ടും അനുഭവിച്ചും വന്ന എന്റെ നാട്ടുകാര്‍ ചാണകം ചവിട്ടി കോട്ടത്തലയോട് പറഞ്ഞെത്രെ ഞാന്‍ തള്ളി പറഞ്ഞെന്ന്. ഞാന്‍ വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കി എന്ന് .കുടുംബ ബന്ധത്തിന്റെ വിലയറിയുന്ന അമ്മമാരോട് സ്‌നേഹമുള്ള ഏതേലും ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന കാര്യമാണോ കോട്ടതല്ല ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്?” എന്നാണ് ഷിയാസ് പറയുന്നത്.
”എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട് . എനിക്കെന്നും എപ്പോഴും താങ്ങായ്, തണലായ്, ഊര്‍ജ്ജമായ്. പേപ്പട്ടികള്‍ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും. ആ പേപ്പട്ടിയുടെ കുരയ്ക്കുള്ള മറുപടിയാണിത്. നീ കൊണ്ട് പോയി തിന്ന് കോട്ടത്തലേ” എന്നും ഷിയാസ് വിഡിയോയ്‌ക്കൊപ്പം കുറിക്കുന്നുണ്ട്. അഖില്‍ മാരാരെ ചാണകപ്പുഴു എന്നാണ് ഷിയാസ് കരീം വിഡിയോയില്‍ വിളിക്കുന്നത്. തന്നെ ഷിയാസ് പുറത്താക്കിയിട്ടില്ലെന്നും ആരും അങ്ങനെ പറയരുതെന്ന് ഷിയാസിന്റെ ഉമ്മയും വിഡിയോയില്‍ പറയുന്നുണ്ട്.


by Midhun HP News | Mar 7, 2026 | Latest News, കേരളം
കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാകമ്മിറ്റിയംഗവും മുന്‍ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന വെള്ളൂരിലെ വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ കണ്ണൂര്‍ ജില്ലാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ വി രാമചന്ദ്രന്‍(87) പ്രഭാത സവാരിക്കിടെ കാറിടിച്ച് മരിച്ചു. വെള്ളൂരിലെ ആദ്യകാല കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു.
ഇന്ന് പുലര്‍ച്ചെ പതിവുപോലെ പ്രഭാത സവാരിക്കിടയില്‍ പുതിയങ്കാവ് കാറമേല്‍ റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്മ്യൂണിസ്റ്റുകാരനായതിനെ തുടര്‍ന്ന് മിലിട്ടറിയില്‍നിന്നും പിരിച്ചുവിടപ്പെട്ട ഇദ്ദേഹം പിന്നീട് പയ്യന്നൂര്‍ റൂറല്‍ ബാങ്കിലും ജില്ലാ ബാങ്കിലുമായി മുപ്പതുവര്‍ഷത്തിലധികം കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വെള്ളൂര്‍ ചന്തന്‍ കുഞ്ഞി സ്മാരക ഹാളിലാണ് പൊതുദര്‍ശനം. വൈകുന്നേരം 6 മണിക്ക് വെള്ളൂരില്‍ സംസ്‌കാരം.

കാറമേലില്‍ പ്രവര്‍ത്തിച്ചിരുന്ന ഐക്യനാണയ സംഘം വെള്ളൂരിലേക്ക് കൊണ്ടുവന്ന് വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കായി ഉയര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ: പി ടി ജാനകി. മക്കള്‍: പ്രൊഫ: പി ടി ജയചന്ദ്രന്‍ (യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൂണ്‍സ്വിക് കാനഡ), പി ടി ശ്രീലത (റിട്ട. അദ്ധ്യാപിക, മുത്തത്തി എസ് വിയുപി സ്‌കൂള്‍), അഡ്വ. പിടി സുധീര്‍ കുമാര്‍ (പയ്യന്നൂര്‍). മരുമക്കള്‍: ദീപ (വാരം) മുരളീചന്ദ്രന്‍ (റിട്ട. സീനിയര്‍ മാനേജര്‍ എസ്ബിഐ), ബേബി രൂപശ്രീ (ജിഎം യുപി സ്‌കൂള്‍ പെരുമ്പ). മറ്റു സഹോദരങ്ങള്‍: വി. നാരായണന്‍ (പ്രസിഡണ്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രി), പരേതയായ വണ്ണാടില്‍ മാധവി (കരിവെള്ളൂര്‍ നിടുവപ്പുറം).

by Midhun HP News | Mar 7, 2026 | Latest News, ജില്ലാ വാർത്ത
മുതലപ്പൊഴി ഹാർബർ വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുവാൻ ഇടപെടൽ നടത്തണമെന്ന ആവിശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് നിവേദനം നൽകിയത്.
കേന്ദ്ര ഫിഷറീഷ് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിൽ 177 കോടി രൂപയുടെ പദ്ധതിക്ക് 60:40 അനുപാതത്തിൽ കേന്ദ്ര സർക്കാർ അംഗീകാരം നല്‍കിയിരുന്നു. ( 106.2 കോടി കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പിഎംഎംസി) വഴിയും ബാക്കി തുക സംസ്ഥാന സർക്കാരും) പദ്ധതി പ്രകാരം – പുലിമുട്ട് വിപുലീകരണം, ഇന്റേണല്‍ റോഡ് നവീകരണം, പാര്‍ക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം, വാര്‍ഫ് വിപുലീകരണം, ലേല ഹാള്‍, ഓവര്‍ഹെഡ്വാട്ടര്‍ ടാങ്ക് നിര്‍മ്മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലേല ഹാള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാര്‍ഡ്ലൈറ്റിംഗ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍, സ്മാര്‍ട്ട് ഗ്രീന്‍ തുറമുഖം, തീരദേശ സംരക്ഷണം തുടങ്ങിയ മുതലപ്പൊഴി തുറമുഖത്തിന്റെ അടിസ്ഥാന വികസനമായിരുന്നു ലക്ഷ്യം.

എന്നാൽ ഈ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്, നിലവിൽ പുലിമുട്ട് ആശാസ്ത്രീയത പരിഹരിക്കാനായുള്ള പ്രവർത്തികൾ മാത്രമാണ് നടന്നു വരുന്നത് ഇതാകട്ടെ, പൂർണ്ണ തോതിൽ നടക്കുന്നുമില്ല. മാത്രവുമല്ല, ഈ നിർമ്മാണ പ്രവർത്തികളിൽ കൂടുതൽ അപകടകരമായ സ്ഥിതിക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ ഇതിനോടകം രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. ഇതോടെ വരുന്ന മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷവും ഇവിടെ വൻതോതിൽ അപകടങ്ങളും മരണങ്ങളും ഉണ്ടാകുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികൾ. വീണ്ടും അഴിമുഖം മൂടുവാനും ഇത്, സമീപ പഞ്ചായത്ത്കളെ വെള്ളത്തിൽ നിക്കുന്നതിനും കാരണമായിത്തീരുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത് തീരപ്രദേശത്തെ വീണ്ടും പട്ടിണിയിലേക്ക് നയിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഉടൻ തന്നെ മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ പരിശോധിച്ച് ആവിശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നിവേദനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കൈമാറുകയായിരുന്നു. ബിഎംഎസ് മത്സ്യത്തൊഴിലാളി യൂണിയൻ അഞ്ചുതെങ്ങ് പ്രതിനിധി അലോഷ്യസ് ഒപ്പമുണ്ടായിരുന്നു.

Recent Comments