by Midhun HP News | Mar 7, 2026 | Latest News, കേരളം
കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. നീര്‍ക്കുന്നം സ്വദേശി രഞ്ജനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ‘സെന്റ് സേവ്യര്‍’ എന്ന ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പൊലീസ് അറിയിച്ചു.
അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കരയ്‌ക്കെത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും രഞ്ജന്റെ ജീവന്‍ രക്ഷിക്കാനായില്ല. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അപകടത്തിന്റെ കാരണം വ്യക്തമല്ല.


by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് നടക്കുന്നത്. അതിനിടെ മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ പട്ടിക ഐസിസി പുറത്തിറക്കി.
മത്സരത്തിനായി ഐസിസിയുടെ എമിറേറ്റ്സ് എലിറ്റ് പാനൽ ഓഫ് മാച്ച് ഒഫീഷ്യൽസിൽ നിന്നുള്ള പരിചയസമ്പന്നരായ അംപയർമാരെയാണ് നിയമിച്ചിരിക്കുന്നത്. ഇംഗ്ലണ്ടുകാരായ റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത്,അലക്സ് വാർഫ് എന്നിവർ ആയിരിക്കും ഓൺ ഫീൽഡ് അംപയർമാർ. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അല്ലാഹുദിൻ പലേക്കർ ആണ് മത്സരത്തിൽ തേർഡ് അംപയർ. ഫോർത്ത് അംപയർ അഡ്രിയാൻ ഹോൾഡ്‌സ്റ്റോക്കും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റുമാണെന്ന് ഐസിസി അറിയിച്ചു. റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് തുടർച്ചയായ രണ്ടാം തവണയാണ് ടി20 ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നത്. 2024ലെ ക്രിസ് ഗഫാനിയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം ടി20 ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ചത്. ഈ മത്സരത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കപ്പ് നേടിയിരുന്നു. ഇതിനുമുമ്പ് ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് 2023 ഫൈനലിലും ചാംപ്യൻസ് ട്രോഫി 2025 ഫൈനലിലും അംപയറിങ് ടീമിന്റെ ഭാഗമായും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് പ്രവർത്തിച്ചിരുന്നു.


by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 90 ഡോളര്‍ കടന്ന് കുതിച്ചു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. സംഘര്‍ഷം വരുംദിവസങ്ങളിലും തുടരുകയാണെങ്കില്‍ ഗള്‍ഫിലെ എല്ലാ എണ്ണ, വാതക കയറ്റുമതിക്കാരും ദിവസങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വിലയിലെ കുതിപ്പ്.
ആഗോള ഊര്‍ജ്ജ വിതരണത്തിലും ഷിപ്പിങ് റൂട്ടുകളിലും പ്രധാന പങ്ക് വഹിക്കുന്ന മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ലോകത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍-കാബി പറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ വെള്ളിയാഴ്ച മാത്രം ഒന്‍പത് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 93 ഡോളറിലെത്തി. 2023ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്.
എണ്ണവില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണെങ്കില്‍, യുകെ, യുഎസ് പോലുള്ള പ്രധാന ലോക സമ്പദ്വ്യവസ്ഥകളില്‍ പണപ്പെരുപ്പം ഉയരാന്‍ കാരണമായേക്കാം. ഇറാന്‍ സംഘര്‍ഷം വരുന്ന ആഴ്ചകളിലും തുടര്‍ന്നാല്‍ എണ്ണ വില ബാരലിന് 150 ഡോളറിലെത്തുമെന്നും കാബി പ്രവചിച്ചു. ഈ യുദ്ധം ഏതാനും ആഴ്ചകള്‍ തുടര്‍ന്നാല്‍, ലോകമെമ്പാടുമുള്ള ജിഡിപി വളര്‍ച്ചയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 12.2 ശതമാനം ഉയര്‍ന്ന് ബാരലിന് 90ന് മുകളില്‍ എത്തിയിരിക്കുകയാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്. 2020 ഏപ്രിലിന് ശേഷം ഒരാഴ്ച ഉണ്ടാവുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.


by Midhun HP News | Mar 7, 2026 | Latest News, കായികം, ദേശീയ വാർത്ത
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകൾ അല്ല നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉള്ളത്.2023-ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തോറ്റത് ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. അന്നത്തെ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർക്ക് യാതൊരു ആനുകൂല്യവും പിച്ചിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇതിൽ ബൗളർമാർ നിരാശരാകുന്നതും മത്സരത്തിനിടെ കണ്ടിരുന്നു. ഇതിന് പുറമേ, ഈ ടൂർണമെന്റിലെ സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 70 റൺസിലധികം വ്യത്യാസത്തിൽ തോൽവി നേരിട്ടതും ഇതേ ഗ്രൗണ്ടിൽ ആയിരുന്നു.
മോദി സ്റ്റേഡിയത്തിലെ കറുത്ത മണ്ണ് കൊണ്ട് നിർമിക്കുന്ന പിച്ചിൽ ഇത്തവണ മാറ്റം വരുത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കറുത്ത മണ്ണ് കൊണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പിച്ചുകൾ ക്രമേണ മത്സരം മന്ദഗതിയിലാക്കുമെന്നും അത് ബാറ്റിങ് ടീമിന് ബുദ്ധിമുട്ടാകും എന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഫൈനലിനായി ഉപയോഗിക്കാനിരിക്കുന്ന സെൻറർ പിച്ച് ചുവപ്പ് മണ്ണും കറുത്ത മണ്ണും ചേർന്ന മിക്‌സ്‌ഡ് സോയിൽ ആണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഈ മിക്സിങ്ങിൽ ചുവപ്പ് മണ്ണിന്റെ അളവ് കൂടുതലാണെന്നാണ് സൂചന. ചുവന്ന മണ്ണ് കൂടുതലുള്ള പിച്ചുകൾ സാധാരണയായി ബാറ്റർമാർക്ക് അനുകൂലമാണ്. കാരണം ഇത്തരം ട്രാക്കുകളിൽ പന്തിന് ബൗൺസ് ലഭിക്കാറുണ്ട്. അതിനാൽ ബാറ്റർമാർക്ക് വലിയ ഷോട്ടുകൾ കളിക്കാൻ കൂടുതൽ സൗകര്യം ലഭിക്കും. അതേസമയം ബൗളർമാരെയും പിച്ച് സഹായിക്കുമെങ്കിലും അധികം സ്വിങ് ലഭിക്കാൻ സാധ്യതയില്ല.

മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിൽ ഉപയോഗിച്ച പിച്ചിനോട് ഏറെ സാമ്യമുള്ളതായിരിക്കും ഫൈനലിനായി തയ്യാറാക്കുന്ന ട്രാക്ക് എന്ന് തന്നെ പറയാം. ഇത്തരം സാഹചര്യത്തിൽ ഫൈനലിലെ ശരാശരി സ്കോർ ഏകദേശം 200 റൺസിനടുത്തായിരിക്കാമെന്നാണ് വിലയിരുത്തൽ. ബാറ്റിംഗ് അനുകൂലമായ പിച്ചായതിനാൽ ടോസ് നേടിയ ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു.

by Midhun HP News | Mar 7, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് ഉയര്‍ന്നത്. 15,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്നലെ വരെ ഇടിവ് രേഖപ്പെടുത്തിയത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Mar 7, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: അങ്കമാലി മോണിങ് സ്റ്റാര്‍ കോളജ് വിദ്യാര്‍ഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോര്‍ജിനെ പിടികൂടാന്‍ സഹായകമായത് ഹോംസ്‌റ്റേ ഉടമയുടെ ജാഗ്രത. വാഗമണ്ണിലെ കണ്ണംകുളം മാസ്‌കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്‌റ്റേയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ബുധനാഴ്ച രാത്രി ഹോംസ്‌റ്റേയില്‍ എത്തിയിട്ടും ഇയാള്‍ പുറത്തേയ്ക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോള്‍ മുതല്‍ മാസ്‌ക് ധരിച്ചിരുന്നു. രാത്രിയില്‍ മുറിയില്‍ ലൈറ്റും ഇട്ടില്ല. ഇതോടെ ഇയാള്‍ എന്തെങ്കിലും കുറ്റം ചെയ്തിട്ട് വന്നതാകാമെന്ന ഹോംസ്‌റ്റേ ഉടമയുടെ ഭയമാണ് സിറിയക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

അതിനിടെ, സിറിയക്കിന്റെ ബന്ധുവിന് വാഗമണ്ണില്‍ റിസോര്‍ട്ട് ഉണ്ടെന്ന് അറിഞ്ഞു. ഈ റിസോര്‍ട്ടിന്റെ പേര് സാമൂഹിക മാധ്യമങ്ങളില്‍ തിരഞ്ഞപ്പോള്‍ സിറിയക്കിന്റെ ചിത്രം കണ്ടു. ആ ചിത്രത്തിന് ഹോംസ്‌റ്റേയില്‍ താമസിക്കുന്ന വ്യക്തിയുടെ രൂപവുമായി സാമ്യം തോന്നിയതോടെ ഹോംസ്‌റ്റേ ഉടമ വാഗമണ്‍ സിഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മഫ്തിയില്‍ ഹോംസ്‌റ്റേയില്‍ എത്തി. പൊലീസാണ് എത്തിയതെന്ന് മനസിലാക്കിയ പ്രതി ഇവരെ വെട്ടിച്ച് ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
കേസില്‍ ജാമ്യം കിട്ടുന്നതുവരെ ആരും കാണാതെയും പൊലീസിന് പിടികൊടുക്കാതെയും കഴിയാന്‍ ഒരിടം തേടിയാണ് സിറിയക് വാഗമണ്ണില്‍ എത്തിയത്. വാഗമണ്ണില്‍ റിസോര്‍ട്ടും ട്രാവല്‍ ഏജന്‍സിയുമുള്ള ഇയാളുടെ ബന്ധു മുഖാന്തരം ഇവിടെ തന്നെ കണ്ണംകുളം ഭാഗത്തുള്ള വിജനമായ സ്ഥലത്ത് സുരക്ഷിതമായ ഒളിത്താവളം ഒരുക്കുകയായിരുന്നു. എന്നാല്‍ വാഗമണ്ണിലേക്കുള്ള രാത്രിയാത്രയില്‍ പൊലീസിന്റെ ഹൈവേ പട്രോളിങ്ങും പരിശോധനയും ശക്തമാണെന്ന് ഇവര്‍ക്കറിയാമായിരുന്നു. കൂടാതെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലടക്കം സിറിയക്കിന്റെ ചിത്രം സഹിതം പ്രചരിച്ചതോടെ രൂപമാറ്റം വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ ആരും തിരിച്ചറിയാതിരിക്കാന്‍ താടിയും മീശയും വടിച്ചു. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പമാണ് ഇയാള്‍ കാറില്‍ ഹോംസ്‌റ്റേയിലെത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോഴും കെയര്‍ടേക്കറോട് സംസാരിച്ചപ്പോഴും ഇയാള്‍ മാസ്‌ക് വച്ചിരുന്നു. ഇയാള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും കെയര്‍ടേക്കറെ സുഹൃത്ത് അറിയിച്ചിരുന്നു. സിറിയക്കിന്റെ പെരുമാറ്റത്തിലെ ദുരൂഹതയാണ് കുരുക്കായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാര്‍ ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തു. എടവനക്കാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ ജോണ്‍സന്റെയും ലിമയുടെയും മകളാണ് ജാസ്ലിയ ജോണ്‍സണ്‍. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജാസ്ലിയ കോളജ് ഹോസ്റ്റലില്‍ താമസിച്ച് പാര്‍ട്ട് ടൈമായി ജോലിയും നോക്കിയിരുന്നു. ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് വരുമ്പോഴാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്.
Recent Comments