by Midhun HP News | Jan 2, 2026 | Latest News, ജില്ലാ വാർത്ത
മേഘാലയ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്.
ഡിസംബർ 18 നാണ് ജസ്‌റ്റിസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെൻ ചുമതലയേൽക്കുക.



by Midhun HP News | Jan 2, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികൾ ഉയർന്നതിനെ തുടർന്നു ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. നാട്ടുകാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.
പൈലിങ് ബന്ധപ്പെട്ടാണ് ജനങ്ങളുടെ ഇടയിൽ നിന്ന് പരാതികൾ ഉയർന്നുവന്നത്. ജനപ്രതിനിധികൾ നാട്ടുകാരുമായി സംസാരിക്കുകയും വിവരങ്ങൾ എംഎൽഎ ഉൾപ്പെടെയുള്ള അധികാരികളെ അറിയിക്കാമെന്നും ഉറപ്പു നൽകുകയും ചെയ്യുതു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വിമൽരാജ്, വിജയ് വിമൽ, ജയ ശ്രീരാമൻ, അതുല്യ എന്നിവരാണ് സന്ദർശിച്ചത്.



by Midhun HP News | Jan 2, 2026 | Latest News, കേരളം
കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നെത്തിയ സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം ലോട്ടറി വിൽപനക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു സീരിയൽ നടൻ. സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
തങ്കരാജ് മരിച്ച സാഹചര്യത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതിനെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാർഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പൊലീസ് ആണ് കേസെടുത്തത്.



by Midhun HP News | Jan 2, 2026 | Latest News, കേരളം
കൊച്ചി: മത – ജാതി വിവേചനങ്ങള്‍ നിലനിന്ന കാലത്തു കഥകളിയില്‍ പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിച്ചു ആസ്വാദക മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം ഹൈദരാലി. ഹരിപ്പാട്ടെ ഒരു ക്ഷേത്രത്തില്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് വലിച്ചുകെട്ടിയ സ്റ്റേജില്‍ പാടേണ്ടി വന്ന ഹൈദരാലിയെ പഴയ തലമുറയിലെ കഥകളി ആസ്വാദകര്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ആര്‍ദ്രമായ ശബ്ദം കൊണ്ട് മാമൂലുകളെ തിരുത്തിയെഴുതിയ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് ഇരുപതു വര്ഷം പിന്നിടുന്നു.
കഥകളി വേദിയില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റു വീശുന്ന വര്‍ത്തമാന കാലത്തില്‍ രണ്ടു മുസ്ലിം വനിതകളാണ് ഹൃദയം കീഴടക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സാബ്രി എന്ന പതിനാറുകാരി വിജയദശമി ദിനത്തില്‍ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ കഥകളി വേഷത്തില്‍ അരങ്ങേറ്റം കുറിച്ചു. 2023 ലാണ് കൊല്ലം അഞ്ചലിലെ ഫോട്ടോഗ്രാഫര്‍ നിസാമിന്റെയും അനീസയുടെയും മകളായ സാബ്രി കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ് പ്രവേശനം നേടിയത്.
സാബ്രിയയുടെ തുടര്‍ച്ചയായി ഫാത്തിമ ഇസ്തിക് എന്ന മലപ്പുറം വാണിയമ്പലംകാരി കഴിഞ്ഞ ഡിസംബര്‍ 27 നു പോരൂര്‍ ശിവക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗീത കച്ചേരി അവതരിപ്പിച്ച് ശ്രദ്ധ നേടി. വാണിയമ്പലത്തിലെ സ്‌കൂള്‍ അധ്യാപകനായ ഇസ്തികറുദീന്റെയും രജിതയുടെയും മകളായ ഫാത്തിമ ക്ഷേത്രം ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ചാണ് അര മണിക്കൂര്‍ കഥകളിപദ കച്ചേരി നടത്തിയത്. ലവണാസുരവധത്തില്‍ രാമനാല്‍ ഉപേക്ഷിക്കപ്പെട്ടു വാല്മീകിയുടെ ആശ്രമത്തില്‍ കഴിയുന്ന സീതയെ അശ്വമേധത്തിനിടെ ലവകുശന്മാരാല്‍ ബന്ധിതനായ ഹനുമാന്‍ കാണുന്ന വികാരതീവ്രമായ പദമാണ് ഫാത്തിമ അവതരിപ്പിച്ചത്. ദുബായില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്ന ഭര്‍ത്താവു നാജി റഹീമിനൊപ്പം കഴിയുന്ന ഫാത്തിമ ക്ഷേത്രത്തിലെ പരിപാടിക്കായാണ് നാട്ടില്‍ എത്തിയത്.
വണ്ടൂര്‍ ഡബ്ലിയു ഐ സി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലളിത സംഗീതം നന്നായി ആലപിച്ചിരുന്ന ഫാത്തിമയോട് അധ്യാപികയായ റഷീദ ടീച്ചര്‍ ആണ് അവളുടെ സ്വരം കഥകളി സംഗീതത്തിന് യോജിക്കും എന്ന് പറഞ്ഞത്. ‘ടീച്ചര്‍ ആണ് എന്നെ കഥകളി സംഗീതജ്ഞയായ ദീപ പാലനാടിനു പരിചയപ്പെടുത്തിയത്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ 2016 സ്‌കൂള്‍ യുവജനോത്സവത്തില്‍ സംസ്ഥാനതലം വരെ മല്‍സരിച്ചു. പിന്നീട് മഹാരാജാസ് കോളജില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദാനന്തര ബിരുദവും ലഭിച്ചു,’ ഫാത്തിമ പറഞ്ഞു.
കര്‍ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളും പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളും റീലുകളായി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു ആരാധക ശ്രദ്ധ നേടിയ ഫാത്തിമയ്ക്ക് ഒരു പ്രഫഷണല്‍ ഗായികയാവാനാണ് ആഗ്രഹം. ജനുവരി അഞ്ചിന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ ഫാത്തിമ കഥകളിപദ കച്ചേരി അവതരിപ്പിക്കും. മാര്‍ച്ചില്‍ വനിതാദിനത്തില്‍ സംഗീത നാടക അക്കാദമിയില്‍ കഥകളിക്ക് പാടാനുള്ള ഒരുക്കത്തിലാണ്.
by Midhun HP News | Jan 2, 2026 | Latest News, ദേശീയ വാർത്ത
ഷിംല: 78 വർഷം കാത്തിരുന്നു കിട്ടിയ റോഡും ആദ്യ ബസിന്റെ വരവും ആ ഗ്രാമ വാസികൾ ആഘോഷമാക്കി! ഹിമാചൽ പ്രദേശിലെ ചെറിയ ഗ്രാമങ്ങളിൽ ഒന്നായ മാണ്ഡി ജില്ലയിലെ ചവാസി പ്രദേശത്തുള്ള തുമാൻ ഗ്രാമത്തിലാണ് വാഹനങ്ങൾക്കു സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആദ്യ റോഡ് ലഭിച്ചത്. ഷാക്കേൾഡ് മുതൽ തുമാൻ വരെ 2.7 കിലോമീറ്റർ നീളമുള്ള റോഡ് പൊതുമരാമത്ത് വകുപ്പാണ് നിർമിച്ചത്. കാലങ്ങളായി അടിസ്ഥാന ഗതാഗത സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഗ്രാമം.
വർഷങ്ങളോളം കാത്തിരുന്ന ശേഷം റോഡ് ലഭിച്ചതിലുള്ള സന്തോഷം ഗ്രാമവാസികൾ ആഘോഷമാക്കി. റോഡിന്റെ ഉദ്ഘാടനവും ബസിന്റെ വരവും മധുരം വിതരണം ചെയ്തും സ്വീകരണച്ചടങ്ങു നടത്തിയുമാണ് ജനങ്ങൾ ആഘോഷിച്ചത്. ചടങ്ങിൽ ആളുകൾ കൈയടിച്ചും ആർപ്പു വിളിച്ചും പൂമാലകളുമായി ബസ് സ്വീകരിക്കാൻ കാത്തു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
റോഡ് തുറന്നതിനോടുബന്ധിച്ച് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എച്ആർടിസി) ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. ഗ്രാമവാസികൾ, നേതാക്കളെയും ഉദ്യോഗസ്ഥരെയും സ്വീകരിച്ചു. ഷാക്കേൾഡ് മുതൽ തുമാൻ വരെയും തിരിച്ചുമുള്ള പരീക്ഷണ ബസ് യാത്രയിൽ അവരോടൊപ്പം പങ്കെടുത്തു.
കാർസോഗ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗൗരവ് മഹാജൻ ഷാക്കേൾഡിൽ നിന്ന് തുമാൻ വരെയുള്ള ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മുൻ കാർസോഗ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പൃഥ്വി സിങ് നേഗി റോഡ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
by Midhun HP News | Jan 2, 2026 | Latest News, കേരളം
പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. ഡിസംബര്‍ 30ന് ക്ഷേത്രം നടതുറന്നതിന് ശേഷം ജനുവരി 1, വൈകുന്നേരം 6.50 വരെ 2,17,288 അയ്യപ്പ ഭക്തര്‍ സന്നിധാനത്തെത്തി.
ഡിസംബര്‍ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേര്‍ ദര്‍ശനം നടത്തി. വിര്‍ച്വല്‍ ക്യൂവിലൂടെ 20,477 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 4,401, പുല്‍മേട് വഴി 4,283 പേരുമാണ് സന്നിധാനത്ത് എത്തിയത്. ഡിസംബര്‍ 31ന് 90,350 പേര്‍ സന്നിധാനത്തെത്തി. വിര്‍ച്വല്‍ ക്യൂവിലൂടെ 26,870; സ്‌പോട്ട് ബുക്കിംഗ്: 7,318, പുല്‍മേട് വഴി 4,898. ഇന്ന് (ജനുവരി ഒന്ന് വൈകുന്നേരം 6.50 വരെ) 69,682 പേരും ശബരിമലയില്‍ ദര്‍ശനം നടത്തി.
ശബരിമലയില്‍ ശക്തമായ പരിശോധന നടപടികളുമായി എക്സൈസ് വകുപ്പ്
ഇത്തവണത്തെ തീര്‍ത്ഥാടനകാലത്ത് നട തുറന്നത് മുതല്‍ ശക്തമായ പരിശോധന നടപടികളുമായി എക്സൈസ് വകുപ്പും ശബരിമലയില്‍ സജീവമാണ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബര്‍ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി. ഇക്കാലയളവില്‍ 239 ഹോട്ടലുകള്‍/ വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിക്കുകയും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 19 സംയുക്ത പരിശോധനകളും നടത്തി. അനധികൃത പുകയില ഉപയോഗ/വില്പനയുമായി ബന്ധപെട്ട് 895 കേസുകളും രജിസ്റ്റര്‍ ചെയ്തു; 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും പിടിച്ചു. 1,79,000 രൂപ പിഴയും ഈടാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് പമ്പ എക്സൈസ് സി ഐ ശ്യാം കുമാര്‍ അറിയിച്ചു.



Recent Comments