പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

കോട്ടയം: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്.

ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി ആണ്. കേരള കോണ്‍ഗ്രസിലൂടെയാണ് ഡിജോ കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. 1982 ല്‍ കേരള സര്‍വകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പന്‍, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിരുന്നു.

വണ്ടാനത്ത് ബൈക്കില്‍ ലോറിയിടിച്ചു; രണ്ടുമരണം

വണ്ടാനത്ത് ബൈക്കില്‍ ലോറിയിടിച്ചു; രണ്ടുമരണം

ആലപ്പുഴ: വണ്ടാനത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ അര്‍ത്തുങ്കല്‍ സ്വദേശി അഖില്‍ കൃഷ്ണ (22), ചേര്‍ത്തല സ്വദേശിനി അച്ചു എസ് ദാസ് ( 20) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11.50 ഓടെയായിരുന്നു അപകടം. വണ്ടാനത്തു വെച്ച് ദേശീയപാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കില്‍ ലോറി തട്ടുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. പെണ്‍കുട്ടി അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

ഒപ്പമുണ്ടായിരുന്ന അഖില്‍ കൃഷ്ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാര്‍ത്താണ്ഡത്ത് മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് അച്ചു. സുഹൃത്തായ പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചേര്‍ത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

‘മകൻ ആത്മഹത്യ ചെയ്യില്ല’; ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

‘മകൻ ആത്മഹത്യ ചെയ്യില്ല’; ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. രണ്ടാംവർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയായ തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വിവരമാണ് ആദ്യം കുടുംബത്തിന് ലഭിച്ചത്. ഉടൻ തന്നെ കുടുംബം ബംഗളൂരുവിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ന് രാവിലെ കോളേജിൽ എത്തിയപ്പോഴാണ് ആദിത്യന്‍റെ മരണവിവരം കുടുംബം അറിയുന്നത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, മകന് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. തലേ ദിവസം മകൻ വിഡിയോ കോൾ ചെയ്തിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. മകൻ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നും പിതാവ് പ്രദീപ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം

തൃശൂർ: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ഇന്ന് ആശുപത്രി വിട്ടിരുന്നു. സംഭവത്തിൽ സഹോദരൻ അൽജോ മരിച്ചതിന്റെ വിഷമം ഇപ്പോഴും അനോഷിൻറെ മനസിലുണ്ട്. സഹോദരന്റെ ഓര്‍മകൾ നിറഞ്ഞ് നിൽക്കുന്ന കോടാലായിലെ വീട്ടിലേക്ക് തത്കാലം അനോഷില്ല.

പകരം, കൊരട്ടി വഴിച്ചാല്‍ വാപറമ്പിലുള്ള ബന്ധുവായ പയ്യപ്പിള്ളി ജോജോയുടെ വീട്ടില്‍ കുറച്ചു നാൾ താമസിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ചികിത്സ പൂർത്തിയാക്കി ഇന്നാണ് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അനോഷിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. അനോഷിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചാണ് ആശുപത്രി അധികൃതർഅനോഷിനെ യാത്രയാക്കിയത്. പ്രശസ്ത ഫുട്‌ബോള്‍ കമന്റേറിയന്‍ ഷൈജു ദാമോദരന്‍ അനോഷിന് പിറന്നാള്‍ സമ്മാനമായി ജേഴ്‌സിയും ഫുട്‌ബോളും നൽകി.

തുടര്‍ന്ന്, ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി. പള്ളി വികാരിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് അനോഷിന് നൽകിയത്. കൊരട്ടിമുത്തിയുടെ പ്രധാന വഴിപാടായ പൂവൻകുല തുലാഭാരവും നടത്തി. തിരികള്‍ കത്തിച്ചും പള്ളിയിൽ കയറി പ്രാര്‍ത്ഥിച്ചും അനോഷിന്റെ കുടുംബം കുറച്ചധികം സമയം പള്ളിയിൽ ചെലവിട്ടു.

ഇക്കഴിഞ്ഞ 18ന് പുലര്‍ച്ചെയാണ് കോടാലിയിലെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന അനോഷിനും സഹോദരന്‍ അല്‍ജോയ്ക്കും പാമ്പുകടിയേറ്റത്. കുട്ടികള്‍ അസ്വസ്ഥതകള്‍ കാണിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. തുടര്‍ന്ന് കുട്ടികള്‍ കുഴഞ്ഞുവീണു. ഇതിനിടെ വീടിനകത്ത് വെള്ളികെട്ടന്‍ ഇനത്തില്‍പെട്ട പാമ്പിനെ കണ്ടെത്തി.

ഉടന്‍ തന്നെ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അൽജോയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. ഗുരുതരാവസ്ഥയിലായിരുന്ന അനോഷിന് പ്രാഥമിക ചികിത്സ നൽകി കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തെ ചികിത്സ കഴിഞ്ഞതോടെ കുട്ടി അപകടനില തരണം ചെയ്തു. തുടര്‍ന്ന് പൂർണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു

കെ. രവീന്ദ്രൻ നായർ  (റിട്ടയേർഡ് പി&റ്റി) (80) അന്തരിച്ചു

കെ. രവീന്ദ്രൻ നായർ (റിട്ടയേർഡ് പി&റ്റി) (80) അന്തരിച്ചു

ആറ്റിങ്ങൽ: മാമം കുറുപ്പ് ലൈൻ അഭയം വീട്ടിൽ (സി.റ്റി.ആർ.എ:21) കെ രവീന്ദ്രൻ നായർ (റിട്ടയേർഡ് പി&റ്റി)(80) അന്തരിച്ചു.

ഭാര്യ: എം പത്മകുമാരി അമ്മ (റിട്ടയേർഡ് പി&റ്റി).
മക്കൾ: ആർ അരുൺ കുമാർ (താലൂക്ക് ഓഫീസ്, ആറ്റിങ്ങൽ), ആർ കിരൺ കുമാർ (വിജിലൻസ് ഓഫീസ്, തിരുവനന്തപുരം), പി പൂർണ്ണിമ (അധ്യാപിക, ഡയറ്റ്, ആറ്റിങ്ങൽ).
മരുമക്കൾ: റ്റി ബിജുകുമാർ (സെക്രട്ടറിയേറ്റ്), ജി.എൽ ശ്രീപത്മം (അധ്യാപിക, എസ്.എൻ.വി എച്ച്.എസ്.എസ്,പനയറ), വി.കെ രേവതി (അധ്യാപിക, ഗവ:യു.പി.എസ് കൈലാത്തുകോണം).

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.

വേനല്‍മഴ ശക്തമാകുന്നു; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

വേനല്‍മഴ ശക്തമാകുന്നു; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് പുറമെ, ഇടിമിന്നലിനും, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.