മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല

മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല

സംസ്ഥാനത്ത് മില്‍മ പാലിന് ലിറ്ററിന് നാലുരൂപ കൂട്ടാന്‍ ധാരണ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം ഉടന്‍ നടപ്പിലാക്കില്ല. മില്‍മ ബോര്‍ഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം. മൂന്ന് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം.

വില ഇപ്പോള്‍ വര്‍ധിപ്പിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാകുമോ എന്നാണ് ബോര്‍ഡിന്റെ ആശങ്ക. ഈ വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍ തീരുമാനം ഇപ്പോള്‍ നടപ്പാക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് ചില യൂണിയനുകള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ മാറുകയാണെങ്കില്‍ വില വര്‍ധനയുടെ പഴി പുതിയ സര്‍ക്കാരിന്റെ തലയിലിട്ട് തടിതപ്പാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

യോഗം നടക്കുന്നതിനിടെ എറണാകുളം യൂണിയന്‍ ഭാരവാഹികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും പ്രതിഷേധിക്കുകയും ചെയ്തു. വില വര്‍ധനവ് ഉടന് നടപ്പിലാക്കാന്‍ തീരുമാനമെടുക്കാത്തതിനാലാണ് പ്രതിഷേധം. വില വര്‍ധനയുണ്ടാകുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ഡിസംബറില്‍ പറഞ്ഞിട്ട് പോലും ഇത് നടപ്പിലാക്കാത്തതിലാണ് എറണാകുളം യൂണിയന്‍ ഭാരവാഹികള്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. തത്വത്തില്‍ വില വര്‍ധന തീരുമാനിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഇത് നടപ്പിലാക്കുന്നില്ലെന്നാണ് ഇവരുന്നയിക്കുന്ന ചോദ്യം.

‘ഞാൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കു’മെന്ന് ചാക്കോച്ചൻ; ചിരിപ്പിച്ച് മമ്മൂ‌ട്ടിയുടെ മറുപടി

‘ഞാൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കു’മെന്ന് ചാക്കോച്ചൻ; ചിരിപ്പിച്ച് മമ്മൂ‌ട്ടിയുടെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പേട്രിയറ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയുണ്ടായ രസകരമായ സംഭാഷണമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഈ ഹൃദയസ്പർശിയായ നിമിഷം. ചിത്രത്തിന്റെ മുഴുവൻ ടീമും പങ്കെടുത്ത അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

“എന്റെ തലമുറ മുതൽ നമ്മൾ കണ്ടു വളർന്ന രണ്ട് പ്രതിഭകളാണ് മമ്മൂക്കയും ലാലേട്ടനും. ഞാൻ സിനിമയിലേക്ക് വരാൻ പ്രചോദനമായവരും ഇവർ തന്നെയായിരിക്കും. മമ്മൂക്ക ഇപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നു, പുതിയ രൂപങ്ങൾ കാണിച്ചു തരുന്നു, നമ്മളെ രസിപ്പിക്കുന്നു. എനിക്ക് ശേഷമെത്തിയവർക്കും അദ്ദേഹം ഒരു പ്രചോദനമാണ്.

നമ്മൾ കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് മമ്മൂക്ക” എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ഇതിന് മറുപടിയായി മമ്മൂട്ടി തന്റെ പതിവ് ഹാസ്യശൈലിയിൽ, “നന്ദി.. നന്ദി ഇതൊക്കെ ഞാൻ രാവിലെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ്”- എന്ന് പറഞ്ഞു ചിരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന എല്ലാവരെയും പോലെ സോഷ്യൽ മീഡിയയിലുമുള്ള ആരാധകരെയും ഈ മറുപടി ചിരിപ്പിച്ചു. താരപദവിക്ക് അപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും തന്നെയാണ് ആരാധകർ കൂടുതൽ ആഘോഷിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിൽ നയൻതാര, രേവതി, ഫഹദ് ഫാസിൽ, തുടങ്ങി വൻ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വെള്ളിക്കെട്ടൻ കടിച്ചാൽ വേദന അറിയില്ല, മൂർഖന്റെ വിഷം ബാധിക്കുക നാഡീവ്യൂഹത്തെ; പാമ്പുകടിയും പ്രഥമശുശ്രൂഷയും, തിരുത്തേണ്ട ചില തെറ്റിദ്ധാരണകളും

വെള്ളിക്കെട്ടൻ കടിച്ചാൽ വേദന അറിയില്ല, മൂർഖന്റെ വിഷം ബാധിക്കുക നാഡീവ്യൂഹത്തെ; പാമ്പുകടിയും പ്രഥമശുശ്രൂഷയും, തിരുത്തേണ്ട ചില തെറ്റിദ്ധാരണകളും

തിരുവനന്തപുരം ചിറയിൻകീഴിലും തൃശൂരിലുമായി രണ്ട് കുരുന്നുകളുടെയും, കണ്ണൂരിൽ ഒരു വയോധികയുടെയും ജീവൻ പാമ്പുകടിയേറ്റ് നഷ്ടപ്പെട്ടുവെന്ന വാർത്ത വലിയ വേദനയോടെയാണ് നാം കേട്ടത്. സംസ്ഥാനത്ത് അടുത്തടുത്ത ദിവസങ്ങളിലായി പത്തോളം പേർക്കാണ് പാമ്പുകടിയേറ്റത്.

കേരളത്തിൻ്റെ കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ജനവാസമേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം മുൻപത്തേക്കാൾ വർധിപ്പിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

പാമ്പുകടിയേറ്റാൽ സംഭവിക്കുന്ന മരണങ്ങളിൽ ഭൂരിഭാഗവും കൃത്യസമയത്ത് ആധുനിക വൈദ്യസഹായം ലഭിക്കാത്തതു കൊണ്ടോ, അശാസ്ത്രീയമായ പ്രഥമശുശ്രൂഷകൾ കൊണ്ടോ ആണ് സംഭവിക്കുന്നത്. അന്ധവിശ്വാസങ്ങൾ മാറ്റിവെച്ച്, ശാസ്ത്രീയമായ അറിവിലൂടെയും ജാഗ്രതയിലൂടെയും ഇത്തരം ദുരന്തങ്ങളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും.

കേരളത്തിലെ പ്രധാന വില്ലന്മാർ: ‘ദി ബിഗ് ഫോർ’
കേരളത്തിൽ കണ്ടുവരുന്ന പാമ്പുകളിൽ മനുഷ്യജീവന് ഭീഷണിയാകുന്ന പ്രധാന ഇനങ്ങൾ നാലെണ്ണമാണ്: മൂർഖൻ, വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ, അണലി, ചേനത്തണ്ടൻ അഥവാ രക്ത അണലി. ഇവയുടെ വിഷം മനുഷ്യ ശരീരത്തെ പ്രധാനമായും രണ്ട് രീതിയിലാണ് ബാധിക്കുന്നത്. മൂർഖന്റെയും വെള്ളിക്കെട്ടന്റെയും വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്.

ഇത് ശ്വാസകോശ പേശികളുടെ പ്രവർത്തനത്തെ സ്തംഭിപ്പിക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യും. എന്നാൽ അണലി വർഗ്ഗങ്ങളുടെ വിഷം രക്തചംക്രമണ വ്യവസ്ഥയെയാണ് ബാധിക്കുന്നത്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുകയും ആന്തരിക രക്തസ്രാവത്തിനും വൃക്കകളുടെ തകരാറിനും കാരണമാവുകയും ചെയ്യുന്നു.

ഒട്ടും നോവിക്കാത്ത കൊലയാളിയാണ് വെള്ളിക്കെട്ടൻ
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. വെള്ളിക്കെട്ടൻ കടിച്ചാൽ വേദന തീരെ അനുഭവപ്പെടാറില്ല, കടിയേറ്റ ഭാഗത്ത് നീറോ വീക്കമോ മറ്റ് അടയാളങ്ങളോ ഉണ്ടാകില്ല. ഇതുകൊണ്ട് പലരും പാമ്പുകടിയേറ്റത് അറിയാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു.

വളരെ വൈകിയാണ് ഇവർ ആശുപത്രിയിലെത്തുന്നത്. ഇത് അങ്ങേയറ്റം അപകടകരമാണ്. സാധാരണയായി രാത്രിയിൽ ഉറക്കത്തിൽ കടിക്കാറുള്ള ഈ പാമ്പിന്റെ വിഷം നാഡീവ്യൂഹത്തെ വളരെ വേഗം സ്തംഭിപ്പിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത വയറുവേദനയോ സന്ധിവേദനയോ ആയിട്ടാകും ഇതിന്റെ ലക്ഷണങ്ങൾ ആദ്യം പ്രകടമാകുക.

പാമ്പുകടിയുടെ പ്രധാന ലക്ഷണങ്ങൾ
വിഷം ശരീരത്തിൽ പ്രവേശിച്ചാൽ പലവിധ ലക്ഷണങ്ങളും പ്രകടമായേക്കാം. കടിയേറ്റ ഭാഗത്ത് കഠിനമായ വേദന, നീർവീക്കം, നിറവ്യത്യാസം എന്നിവയാണ് പ്രാഥമികമായി അനുഭവപ്പെടുന്നത്. ഇതിനുപുറമെ അമിതമായ ക്ഷീണം, തലകറക്കം, തുടർച്ചയായ ഛർദ്ദി എന്നിവയും ഉണ്ടാകാം.

വിഷബാധയുടെ തീവ്രതയനുസരിച്ച് കൺപോളകൾ തൂങ്ങുക (Ptosis), ശ്വാസതടസ്സം അനുഭവപ്പെടുക, കാഴ്ച മങ്ങുക എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. കൂടാതെ, മുറിവിൽ നിന്നോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നോ (പ്രത്യേകിച്ച് മൂത്രത്തിലൂടെയോ മോണകളിൽ നിന്നോ) നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.

ശാസ്ത്രീയ പ്രഥമശുശ്രൂഷ: പാലിക്കാം ‘R.I.G.H.T’ പ്രോട്ടോക്കോൾ
പാമ്പുകടിയേറ്റാൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രഥമശുശ്രൂഷാ രീതിയാണിത്.

R – Reassurance (ആശ്വാസം നൽകുക): രോഗി ഭയപ്പെടുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും അതുവഴി വിഷം രക്തത്തിലൂടെ വേഗത്തിൽ ശരീരമാകെ പടരാൻ കാരണമാവുകയും ചെയ്യും. അതിനാൽ രോഗിയെ ശാന്തനാക്കുക എന്നത് ഏറ്റവും പ്രധാനമാണ്.

I – Immobilize (ചലനം നിയന്ത്രിക്കുക): കടിയേറ്റ ഭാഗം ഒടിവുകൾക്ക് നൽകുന്നതുപോലെ സ്പ്ലിന്റുകൾ (കമ്പോ കാർഡബോർഡോ) ഉപയോഗിച്ച് അനക്കാതെ വയ്ക്കുക. പേശികളുടെ ചലനം വിഷം പടരുന്നത് വേഗത്തിലാക്കും. രോഗിയെ നടത്തിക്കരുത്.

G.H – Get to Hospital (ഉടൻ ആശുപത്രിയിലെത്തിക്കുക): ആന്റി സ്നേക്ക് വെനം (ASV) സൗകര്യമുള്ള, വെന്റിലേറ്റർ സജ്ജീകരണമുള്ള ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്രയും വേഗം രോഗിയെ എത്തിക്കുക.

T – Tell the Doctor (വിവരങ്ങൾ കൃത്യമായി നൽകുക): പാമ്പിനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറോട് പറയുക. ഇല്ലെങ്കിൽ ലക്ഷണങ്ങൾ കൃത്യമായി വിവരിക്കുക.

ജീവനെടുക്കുന്ന അശാസ്ത്രീയ രീതികൾ
പാമ്പുകടിയേറ്റാൽ ജീവനെടുക്കുന്ന ചില അശാസ്ത്രീയ രീതികൾ കർശനമായും ഒഴിവാക്കേണ്ടതുണ്ട്. കടിയേറ്റ ഭാഗത്തിന് മുകളിൽ ചരടോ തുണിയോ ഉപയോഗിച്ച് മുറുക്കിക്കെട്ടരുത്. ഇത് രക്തയോട്ടം പൂർണ്ണമായും തടയുകയും ആ അവയവം അഴുകിപ്പോകാനും പിന്നീട് അത് മുറിച്ചു മാറ്റേണ്ടി വരാനും കാരണമാകും.

അതുപോലെ തന്നെ സിനിമകളിൽ കാണുന്നതുപോലെ ബ്ലേഡ് കൊണ്ടോ മറ്റോ മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയാനോ, വായ് കൊണ്ട് വിഷം വലിച്ചെടുക്കാനോ ശ്രമിക്കാൻ പാടില്ല. ഇത്തരം പ്രവൃത്തികൾ മുറിവ് പഴുക്കാനും വലിച്ചെടുക്കുന്ന ആളുടെ ശരീരത്തിലേക്ക് കൂടി വിഷം പ്രവേശിക്കാനും കാരണമാകും.

ഇതിനെല്ലാം പുറമെ, മന്ത്രവാദം, പച്ചമരുന്ന്, വിഷക്കല്ല് തുടങ്ങിയ നാട്ടുചികിത്സകൾക്ക് പുറകെ പോയി ജീവൻ രക്ഷിക്കാൻ ലഭ്യമായ വിലപ്പെട്ട സമയം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ആന്റി സ്നേക്ക് വെനം (ASV) അല്ലാതെ മറ്റൊരു മരുന്നും പാമ്പിൻ വിഷത്തിന് ശാസ്ത്രീയമായ പ്രതിവിധിയല്ല എന്ന് എപ്പോഴും ഓർക്കുക.

ചത്ത പാമ്പും അപകടകാരി!
പാമ്പിനെ പിടിക്കാനോ കൊല്ലാനോ സമയം കളയാതെ രോഗിയെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പാമ്പിനെ കൈകൊണ്ട് തൊടുകയോ പിടിക്കുകയോ ചെയ്യരുത്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ചത്ത പാമ്പും അപകടകരമാണ് എന്നതാണ്; വെട്ടിമുറിച്ച തലപോലും റിഫ്ലക്സ് ആക്ഷൻ മൂലം മണിക്കൂറുകളോളം കടിക്കാൻ ശേഷിയുള്ളതാണ്. പാമ്പിനെ തിരിച്ചറിയണമെങ്കിൽ സുരക്ഷിതമായ അകലത്തിൽ നിന്ന് നിരീക്ഷിക്കുകയോ മൊബൈലിൽ ഫോട്ടോ എടുക്കുകയോ മാത്രം ചെയ്യുക.

സുവർണ്ണ മണിക്കൂറും നമ്മുടെ ഉത്തരവാദിത്തവും
പാമ്പുകടിയേറ്റാൽ ആദ്യത്തെ ഒരു മണിക്കൂർ വളരെ നിർണ്ണായകമാണ്. ഈ സുവർണ്ണ മണിക്കൂറിനുള്ളിൽ ആധുനിക ചികിത്സ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാനുള്ള സാധ്യത നൂറ് ശതമാനത്തിനടുത്താണ്. നമ്മുടെ നാട്ടിലെ സർക്കാർ താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള മിക്കവാറും എല്ലാ ആശുപത്രികളിലും പാമ്പിൻ വിഷത്തിനെതിരെയുള്ള ആന്റി സ്നേക് വെനം സൗജന്യമായി ലഭ്യമാണ്.

പരിഭ്രാന്തിയല്ല, ശാസ്ത്രീയമായ അവബോധവും സമയോചിതമായ ഇടപെടലുമാണ് പാമ്പുകടി മരണങ്ങൾ ഒഴിവാക്കാൻ നമുക്കാവശ്യം. ശരിയായ അറിവ് പങ്കുവെക്കാം, ജീവനുകൾ രക്ഷിക്കാം.

സി രവീന്ദ്രൻ നായർ (78) നിര്യാതനായി

സി രവീന്ദ്രൻ നായർ (78) നിര്യാതനായി

ആറ്റിങ്ങൽ: ചെമ്പകമംഗലം ശ്രീപാദത്തിൽ സി രവീന്ദ്രൻ നായർ (78) നിര്യാതനായി.

ഭാര്യ: അമ്മിണി ആർ നായർ
മക്കൾ: അരവിന്ദ് ആർ നായർ, ആനന്ദ് ആർ നായർ
മരുമക്കൾ: ലക്ഷ്മി അരവിന്ദ്, രശ്മി കൃഷ്ണൻ

കുളി അടിയന്തിര ചടങ്ങുകൾ മെയ് 10 ഞായറാഴ്ച

വേൾഡ് ഡേ ഫോർ സേഫ്റ്റി & ഹെൽത്ത് അറ്റ് വർക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

വേൾഡ് ഡേ ഫോർ സേഫ്റ്റി & ഹെൽത്ത് അറ്റ് വർക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വേൾഡ് ഡേ ഫോർ സേഫ്റ്റി & ഹെൽത്ത് അറ്റ് വർക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാത്തമ്പറ ഷിഫാ കോംപ്ലക്സിൽ വച്ച് ഡബ്ലിയു ഡി സി റെപ്രസന്ററ്റീവ്സ് ആയ ഡോക്ടർ പ്രിയ ലക്ഷ്മി, ഡോക്ടർ ഷെറിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ നടന്നത്.

സൈബർ സെക്യൂരിറ്റി ആൻഡ് സെൽഫ് ഡിഫൻസ് അവയർനസ്, എർഗണോമിക്സ് ടെന്റിസ്ട്രി എന്നീ വിഷയങ്ങളിൽ ജോബിൻ എം എസ്, യോഗേഷ് ആനന്ദ് പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. 20 ഓളം ഡെന്റിസ്റ്റുകൾ പങ്കെടുത്തു.

‘ആളുകൾ വിചാരിക്കും അത് വളരെ എളുപ്പമാണെന്ന്, പക്ഷേ എനിക്കേറ്റവും വെല്ലുവിളി ആ സ്റ്റെപ് ആയിരുന്നു’; ‘മൈക്കലി’നെക്കുറിച്ച് ജാഫർ ജാക്സൺ

‘ആളുകൾ വിചാരിക്കും അത് വളരെ എളുപ്പമാണെന്ന്, പക്ഷേ എനിക്കേറ്റവും വെല്ലുവിളി ആ സ്റ്റെപ് ആയിരുന്നു’; ‘മൈക്കലി’നെക്കുറിച്ച് ജാഫർ ജാക്സൺ

ബോക്സ് ഓഫീസിൽ ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ‘മൈക്കൽ’. പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ ബയോപിക് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഏപ്രിൽ 24 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 25.45 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. മൈക്കൽ ജാക്സന്റെ അനന്തരവൻ കൂടിയായ ജാഫർ ജാക്സൺ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

29 കാരനായ ജാഫറിന്റെ സിനിമാ അരങ്ങേറ്റം കൂടിയായിരുന്നു മൈക്കൽ. ചിത്രത്തെക്കുറിച്ച് ഇന്റർവ്യൂ മാ​ഗസിനോട് ജാഫർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ തനിക്കേറ്റവും ചലഞ്ചിങ് ആയി തോന്നിയത് കറങ്ങുന്ന സ്റ്റെപ് ചെയ്യാനായിരുന്നുവെന്ന് പറയുകയാണ് ജാഫർ.

“എനിക്ക് എല്ലാം വിശകലനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൈക്കലിൽ നിന്ന് ഞാൻ പഠിച്ച ഒരു കാര്യം അതാണ്. ഒരു ശാസ്ത്രജ്ഞനെപ്പോലെ അദ്ദേഹം എല്ലാം വിശകലനം ചെയ്യുമായിരുന്നു. എനിക്കെപ്പോഴും ഒരു താളബോധമുണ്ടായിരുന്നു. പക്ഷേ മൈക്കലിനെപ്പോലെ നൃത്തം ചെയ്യാൻ എനിക്കറിയില്ലായിരുന്നു.

അതുകൊണ്ട് ഞാൻ അതെന്റെ സ്വന്തം രീതിയിലും അഭിനയത്തിലും നൃത്തത്തിലും പ്രയോഗിച്ചു. വിശ്വസനീയമായ രീതിയിൽ അത് ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. നിങ്ങൾക്ക് മൂൺവാക്ക് ചെയ്യാൻ കഴിയും, പക്ഷേ അത് വിശ്വസനീയമാക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.

എനിക്ക് ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് കറങ്ങുന്ന (സ്പിൻ) സ്റ്റെപ് ചെയ്യുമ്പോഴായിരുന്നു. സ്വാഭാവികമായും, ഞാൻ കറങ്ങുമ്പോൾ ബാലൻസ് കിട്ടാനായി വലതു വശത്തേക്ക് കറങ്ങും. പക്ഷേ മൈക്കൽ ഇടതുവശത്തേക്കാണ് കറങ്ങുന്നത്. ഷൂട്ട് തുടങ്ങുന്നതിന് ഏകദേശം രണ്ട് മാസം മുൻപാണ് ഞാനത് സ്ഥിരമായി ചെയ്ത് തുടങ്ങിയത്.

അതിനായി മൂന്ന് വർഷത്തോളം ഞാൻ അത് പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നു. ആളുകൾ വിചാരിക്കും അത് ഭയങ്കര എളുപ്പമാണെന്ന്, പക്ഷേ അത് വളരെ സങ്കീർണ്ണമായിരുന്നു. വീണ്ടും വീണ്ടും ആവർത്തിച്ചു ചെയ്താണ് ഞാനത് പഠിച്ചത്. പിന്നെ അത് എനിക്കൊരു ആസക്തിയായി മാറി”.- ജാഫർ പറഞ്ഞു.