by Midhun HP News | Oct 13, 2025 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍ എന്ന വിവരങ്ങള്‍ പുറത്ത്. 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവേക് കിരണിന് ഇഡി 2023ല്‍ സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് കിരണ്‍ ഇഡിയുടെ മുന്നില്‍ ഹാജരായിരുന്നില്ല.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സാക്ഷി എന്ന നിലയിലാണ് വിവേക് കിരണിന് ഇഡി സമന്‍സ് നല്‍കിയതെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഉള്‍പ്പടെ കള്ളപ്പണം കടത്തിയെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2006ല്‍ ക്രൈംനന്ദകുമാര്‍ ഇഡിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി 2020ല്‍ ഈ പരാതിയില്‍ ഇഡി അന്വേഷണവുമായി വീണ്ടും രംഗത്തെത്തിയത്. പരാതിയില്‍ 2021ല്‍ ഇഡി ക്രെംനന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ലാവ്‌ലിന്‍ കമ്പനിയുടെ മുന്‍ ഡയറക്ടറായിരുന്ന ദിലീപ് രാഹുലനുമായി മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് അടുപ്പമുണ്ടെന്ന മൊഴി ഇഡിക്ക് ലഭിച്ചു. തുടര്‍ന്നാണ് വിവേക് കിരണിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചതെന്നാണ് വിവരം.
ദിലീപ് രാഹുലന്‍ പിണറായി വിജയന്റെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴിയും ഇസിഐആറില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സമന്‍സില്‍ പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. സമന്‍സ് അനുസരിച്ച് ഇഡി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല എന്നാണ് വിവരം.


by Midhun HP News | Oct 13, 2025 | Latest News, ദേശീയ വാർത്ത
ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗാസ സമാധാനകരാറിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായാണ് ഹമാസ് ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിച്ചത്. ഇതോടെ രണ്ട് വര്‍ഷമായി ഹമാസ് ബന്ദികളാക്കി വച്ചിരുന്നവരില്‍ ജീവനോടെ ബാക്കിയുള്ള എല്ലാവരും മോചിപ്പിക്കപ്പെട്ടു.
രാവിലെ 11 മണിയോടെ തന്നെ ആദ്യഘട്ടമായി 7 പേരെ ഹമാസ് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് രണ്ടാം ഘട്ടമായി 13 പെരെ കൂടി മോചിപ്പിച്ചത്. 20 ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ പിടികൂടിയ 1,900-ലധികം പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.
ബാര്‍ എബ്രഹാം കുപ്പര്‍ഷൈന്‍, എവ്യാതര്‍ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കല്‍ഫോണ്‍, അവിനാറ്റന്‍ ഓര്‍, എല്‍ക്കാന ബോബോട്ട്, മാക്‌സിം ഹെര്‍ക്കിന്‍, നിമ്രോഡ് കോഹന്‍, മതാന്‍ ആംഗ്രെസ്റ്റ്, മതാന്‍ സാന്‍ഗൗക്കര്‍, ഈറ്റന്‍ ഹോണ്‍, ഈറ്റന്‍ എബ്രഹാം മോര്‍, ഗാലി ബെര്‍മന്‍, സിവ് ബെര്‍മന്‍, ഒമ്രി മിറാന്‍, അലോണ്‍ ഒഹെല്‍, ഗൈ ഗില്‍ബോവ-ദലാല്‍, റോം ബ്രാസ്ലാവ്സ്‌കി, ഏരിയല്‍ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് ഹമാസ് മോചിപ്പിക്കുന്ന ഇസ്രയേലികള്‍. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തിനിടെ ആയിരുന്നു ഇസ്രയേല്‍ പൗരന്‍മാരെ ഹമാസ് ബന്ധികളാക്കിയത്.
അതിനിടെ, ഇസ്രയേലിലുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഗാസ സമാധാന ഉച്ചകോടിക്കായി അദ്ദേഹം ഈജിപ്തിലേക്ക് പോകും.


by Midhun HP News | Oct 13, 2025 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി സജി ചെറിയാന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹറിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹറിൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം.
നാളെ വൈകീട്ടാണ് ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ബഹറിനിലെത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നും സൗദിയിലേക്ക് റോഡു മാർഗം പോകാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ യാത്രയ്ക്ക് അനുമതി ലഭിക്കാത്തതിനാൽ 16 ന് മുഖ്യമന്ത്രി കൊച്ചിയിൽ തിരിച്ചെത്തും. 22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയിൽ പങ്കെടുക്കും. 25 ന് സലാലയിലെ പരിപാടിയിലും പങ്കെടുക്കും. അതിന് ശേഷം 26 ന് കൊച്ചിയിലെത്തി 28 ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം. 30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടർന്ന് നവംബർ അഞ്ചിന് കുവൈറ്റിലേക്ക് പോകും. കുവൈറ്റിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി അബുദാബിയിലെത്തും. അബുദാബിയിലും മുഖ്യമന്ത്രി വിവിധ പരിപാടികളിൽ സംബന്ധിക്കും. അഞ്ചു ദിവസം മുഖ്യമന്ത്രി അബുദാബിയിൽ ഉണ്ടാകും. മകൻ വിവേക് കിരൺ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.


by Midhun HP News | Oct 13, 2025 | Latest News, കേരളം
ഇടക്കാലത്ത് പൊതുവിദ്യാലയങ്ങൾ പൂട്ടുന്ന കഥകളും പൂട്ടാനൊരുങ്ങുന്ന കഥകളും കൊണ്ട് നിറഞ്ഞു നിന്ന കേരളത്തിൽ, ഇന്ന് ആ സ്കൂളുകൾ തേടിയെത്തുന്ന രക്ഷിതാക്കളുടെ എണ്ണം വർദ്ധിച്ചു. ഒന്നാം ക്ലാസിൽ മുതൽ പത്താം ക്ലാസ് വരെയുള്ള ഘട്ടങ്ങളിൽ സ്കൂളുകളിൽ കുട്ടികൾ ചേരുന്നതിൽ പൊതുവിദ്യാലയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കുറച്ചുകാലമായി വർദ്ധന കാണിക്കുന്നുണ്ട്.
മൂന്ന് ഘട്ടമായാണ് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ചേരുന്നത്. ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണമാണ് കൂടുതൽ. പിന്നെ രണ്ട് ഘട്ടങ്ങൾ വരുന്നത് നാല് വരെ, മറ്റ് സിലബസുകളിൽ പഠിച്ചശേഷം അഞ്ചാം ക്ലാസിൽ സർക്കാർ സ്കൂളിലേക്ക് വരുക. ഏഴ് വരെ മറ്റ് സിലബസുകളിൽ പഠിച്ച ശേഷം എട്ടാം ക്ലാസിൽ സ്റ്റേറ്റ് സിലബസിലേക്ക് മാറുക എന്നതാണ്.
രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിലേക്ക് മാറി ചേരുന്ന കുട്ടികളുടെ എണ്ണം 2024-25ൽ 32,259 ആയിരുന്നു 2025-26ൽ 31,352 കുട്ടികളായി. തിരുവനന്തപുരം, കൊല്ലം എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്.
2024 ൽ എട്ടാം ക്ലാസിൽ 9,564ഉം അഞ്ചാം ക്ലാസിൽ 6,994 ഉം കുട്ടികളും 2025-2026 എട്ടിൽ 9,066 പേരും അഞ്ചിൽ 6,600 കുട്ടികളുമെത്തി. മറ്റ് ക്ലാസുകളിലും പുതുതായി കുട്ടികൾ മറ്റ് സിലബസുകളിൽ നിന്ന് മാറി ചേർന്നിട്ടുണ്ട്. പക്ഷേ അവരുടെ എണ്ണം പൊതുവിൽ കുറവാണ്.
കേരളത്തിലെ ജനനനിരക്കിൽ വന്നിട്ടുള്ള കുറവ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഓരോ വർഷവും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഈ കുറവ് സ്കൂളുകളിൽ മാറി ചേരുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും വരുന്ന വ്യത്യാസത്തിന് കാരണം.
വളരെ പെട്ടെന്ന് ഉണ്ടായ മാറ്റമായാണ് പലരും ഇതിനെ കാണുന്നത്. നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സർക്കാർ, എയിഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലെന്ന് വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അഞ്ചിലും എട്ടിലും മറ്റ് ക്ലാസുകളിലേതിനേക്കാൾ കൂടുതൽ കുട്ടികൾ മറ്റ് സിലബസുകളിൽ നിന്നും മാറി ചേരാറുണ്ട്.
അതിന് പ്രധാന കാരണം ഒരു സെഗ്മെന്റ് കഴിഞ്ഞ് മാറാം എന്ന വിചാരമാണ്. ഒന്ന് മുതൽ നാല് വരെ പ്രൈമറി സെക്ഷൻ കഴിയും. അപ്പോൾ അഞ്ചിൽ പുതുതായി ചേരാം. എട്ടിലും അതു തന്നെയാണ് കാര്യം. യുപി സെക്ഷൻ ഏഴാം ക്ലാസിൽ അവസാനിക്കും അതിന് ശേഷം ഹൈസ്കൂൾ ക്ലാസിൽ പുതിയ സിലബസിലേക്ക് മാറാം എന്ന് കരുതുന്നു.
പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ മാറുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി വർദ്ധിച്ച് തുടങ്ങിയിരുന്നു. പ്രധാനമായും സർക്കാർ, പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കിയിരുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനസൗകര്യങ്ങളും വർദ്ധിപ്പിച്ചു.
അദ്ധ്യാപക പരിശീലനം ശക്തമാക്കി. ഓരോ വിഷയവും പഠിപ്പിക്കുന്നതിന്, പ്രത്യേകിച്ച് ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷാ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് അതേ വിഷയത്തിൽ യോഗ്യതയുള്ളവരെ നിയമിക്കാൻ തീരുമാനിച്ചു. ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പ്രത്യേക ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകി, സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ വർദ്ധിപ്പിച്ചു. എന്നിവയൊക്കെ ഇതിന് സഹായകമായി.
ഇതിനെല്ലാം പുറമെ പ്രധാന ഘടകമായി മാറിയത് സ്കൂളുകളിലെ സാമ്പത്തിക ചെലവാണ്. സ്വകാര്യ സ്കൂളുകളിൽ, പ്രത്യേകിച്ച് മറ്റ് സിലബസുകളിൽ പഠിപ്പിക്കുന്ന കുട്ടികൾ ചെലവാകുന്ന ഫീസിനേക്കൾ തുലോം കുറവാണ് പൊതുവിദ്യാലയങ്ങളിലെ ഫീസ് ഘടന.
സ്കൂൾ വിദ്യാഭ്യാസത്തിനായി ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് ചെലവുള്ള സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സർക്കാർ നടത്തിയ പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെലവ് കുറഞ്ഞതിന് കാരണം, പൊതുവിദ്യാലയങ്ങളിലെ ഫീസ് നിരക്കിലെ വൻകുറവാണെന്ന് വിദ്യാഭ്യാസമേഖലയിലുള്ളവർ പറയുന്നു.
കോവിഡ് കാലം മുതൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും കൂടുതൽ ആശ്വാസം പകരുന്നത് സർക്കാർ സ്കൂളുകളായി മാറി. പഠനരീതിയിലായാലും അതിന് വരുന്ന ചെലവിലായാലും അവർക്ക് താങ്ങാനാകുന്ന നിലയിൽ കാര്യങ്ങൾ പുനർ നിർവചിക്കാൻ സർക്കാർ സംവിധാനങ്ങൾ സാധ്യമായി. ഫീസിലെ കുറവ് മാത്രമല്ല, കുട്ടികളെ പഠന കാര്യത്തിൽ പിന്തുണയ്ക്കുന്നതിൽ മിക്ക സ്കൂളുകളിലും തദ്ദേശ സ്ഥാപനങ്ങളും അദ്ധ്യാപക-രക്ഷാകതൃ സംവിധാനങ്ങളും സജീവമായി ഇടപെടുന്നു എന്നതും ഇതിന് കാരണമായിട്ടുണ്ട്.


by Midhun HP News | Oct 13, 2025 | Latest News, കേരളം
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഇമെയില്‍ വഴി ഇത്തരമൊരു സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം ഇടുക്കി ജില്ലാ കലക്ടറെ അറിയിക്കുകയായിരുന്നു.
മുല്ലപ്പെരിയാര്‍ ഡാം ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. എങ്കിലും പ്രദേശത്ത് പരിശോധന തുടരുകയാണ്. ഇതൊരു വ്യാജസന്ദേശമാകാമെന്ന വിലയിരത്തിലിലാണ് അധികൃതര്‍. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ഇടുക്കി ജില്ലാ ഭരണകൂടം സംസ്ഥാന പൊലീസ് മേധാവിയെയും വനംവകുപ്പ് മേധാവിയെയും തമിഴ്‌നാട് ഡിജിപിയെയും തേനി ജില്ലാ കലക്ടറയും അറിയിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം തന്നെയാണ് ബോംബുവച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.


by Midhun HP News | Oct 13, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: യു എ ഇയിലെ അൽ മംസാർ ബീച്ചിൽ ചത്ത പശുവിനെ കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുവിന്റെ ജഡം കെട്ടികിടന്നത് കൊണ്ട് പൊതുജനാരോഗ്യത്തിനോ പരിസ്ഥിതിക്കോ കുഴപ്പമുണ്ടാകില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ചയാണ് സംഭവം നടന്നത്, ദുബൈയിലെ അൽ മംസാർ ബീച്ച് സന്ദർശിക്കാൻ എത്തിയവരാണ് പാറക്കെട്ടുകൾക്കിടയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. ഉടൻ തന്നെ സഞ്ചാരികൾ അധികൃതരെ വിവരമറിയിച്ചു. ദുബൈ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും അതിവേഗം സ്ഥലത്ത് എത്തുകയും ജഡം അവിടെ നിന്ന് മാറ്റുകയും ചെയ്തു.
സംഭവം വലിയ ചർച്ച വിഷയമായതോടെ ബീച്ച് സന്ദർശിക്കാൻ പലർക്കും ഭയമായി. പ്രത്യേകിച്ചും വെള്ളത്തിൽ ഇറങ്ങിയാൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടാകുമോ എന്ന പേടി ആയിരുന്നു പലർക്കും. എന്നാൽ ആശങ്കപെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ഇതിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രശ്നവുമില്ല.
കപ്പലിൽ പശുക്കളെ കൊണ്ട് പോകുന്നത് സാധാരണയാണ്. അതിൽ നിന്ന് ഒരു പശു കടലിൽ വീണതാകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുക ആണെന്നും അധികൃതർ വ്യക്തമാക്കി.


Recent Comments