by Midhun HP News | Sep 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി സമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എംഎൽഎ. ഡൽഹിയിലാണെന്ന് അറിയിച്ച രമ്യ, ഞായറാഴ്ച രാത്രി രഹസ്യമായി പാലക്കാട്ടെത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി.
തനിക്കെതിരെയും പാർട്ടിതലത്തിൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനകൾ ശക്തമായതോടെയാണ് നേതൃത്വത്തിന്റെ അതൃപ്തി മറികടക്കാനും സംരക്ഷണം ഉറപ്പാക്കാനുമാണ് എഐസിസിയുടെ സംഘടനാകാര്യ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലുമായി എംഎൽഎ കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കെ.സി. വേണുഗോപാൽ എംപി രാത്രിയിൽ ജില്ലയിലെത്തിയത്. ഈ സന്ദർശനം മുതലെടുത്താണ് രമ്യ ഹരിദാസ് പാലക്കാട്ടെത്തി അദ്ദേഹത്തെ നേരിൽ കണ്ടത്. അതേസമയം, രമ്യയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അവർ ഡൽഹിയിലായതിനാൽ മടങ്ങിയെത്തിയ ശേഷം നേരിൽ മൊഴിയെടുക്കുമെന്നുമായിരുന്നു അന്വേഷണ സമിതി അധ്യക്ഷൻ എംഎം ഹസൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത്.രമ്യ ഹരിദാസിൻറെ പേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ ഒപ്പം കൊണ്ടുനടന്നിരുന്ന പാളയം പ്രദീപിനെ സംഘർഷത്തിൽ പങ്കാളിയായതിന് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.

പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് കെപിസിസി അധ്യക്ഷൻ തന്നെ പരസ്യപ്രതികരണം നടത്തിയ ചിറയിൻകീഴിലെ സംഘർഷത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ നേരിട്ടുള്ള അച്ചടക്ക നടപടിക്ക് സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം.
രമ്യയ്ക്ക് പുറമെ സംഘർഷത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലത്തിനെതിരെയും കെപിസിസി അന്വേഷണ സമിതി കടുത്ത നടപടികൾ ശുപാർശ ചെയ്യില്ലെന്നാണ് സൂചന.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കെതിരെ പരസ്യമായ നടപടികൾ കൈക്കൊള്ളുന്നത് പൊതുസമൂഹത്തിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.രമ്യയുടെ ഭാഗം നേരിട്ട് കേട്ട ശേഷം മാത്രം അന്തിമ അന്വേഷണ റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറുകയുള്ളൂവെന്ന നിലപാടിലാണ് എംഎം ഹസനെന്നാണ് അറിയുന്നത്.


by Midhun HP News | Sep 7, 2026 | Latest News, കേരളം
പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.
1996 മുതല്‍ 2016 വരെ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനീധികരിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്‍റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയല്‍ അംഗമാകാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്നുവച്ച കോണ്‍ഗ്രസ് നേതാവ് കൂടിയാണ് കെ അച്യുതന്‍. മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുത് മകനാണ്.



by Midhun HP News | Sep 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വർഗീയ നിലപാടുകളെ തുറന്നുകാട്ടുകയും പ്രതിരോധിക്കുകയും ചെയ്തവരെ പൊലീസ് സംവിധാനം ഉപയോഗിച്ച് വേട്ടയാടുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിന് പരസ്യ മുന്നറിയിപ്പ് നൽകി ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ്. ബിഗ് ടിവി സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അപർണ കുറുപ്പ് നൽകിയ പരാതിയിൽ ഡോ. അബ്ദുള്ള ബാസിലിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനെതിരെയാണ് മുസ്ലിം ലീഗ് എംഎൽഎമാരായ പി.കെ. ഫിറോസും നജീബ് കാന്തപുരവും രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.അബ്ദുള്ള ബാസിലിനെതിരായ കേസ് അടിയന്തരമായി പിൻവലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.കെ. ഫിറോസ് എംഎൽഎ വ്യക്തമാക്കി.

അബ്ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പികെ ഫിറോസ് എംഎൽഎ വ്യക്തമാക്കി. ആ കേസ് പിൻവലിക്കണമെന്ന് പറയാനാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അധികാരത്തിലിരിക്കുന്നതെന്നും അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും ഫിറോസ് ഒരു പ്രസംഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷം ചെയ്തതു പോലെ കേരളത്തിൽ അനാവശ്യമായി വർഗീയത പറയുന്ന ഒരാളെയും നമ്മളാരും സംരക്ഷിക്കില്ല, ഒരു സംശയവും വേണ്ട. പക്ഷേ വർഗീയത പറഞ്ഞവരുടെ യാഥാർഥ്യം പുറത്തുപറഞ്ഞതിൻറെ പേരിൽ ഒരാള്ക്കെതിരെയം കേസ് ചുമത്താൻ മുസ്ലിംലീഗ് അധികാരത്തിലിരിക്കുന്ന കാലത്തോളം സമ്മതിക്കില്ലെന്നും പികെ ഫിറോസ് മുന്നറിയിപ്പു നൽകി.

വർഗീയ നിലപാടുകളെ തുറന്നെതിർത്ത ഒരാളെ നിയമം ഉപയോഗിച്ച് വേട്ടയാടാനാണ് നീക്കമെങ്കിൽ അത് അംഗീകരിച്ചു നൽകാനാകില്ലന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നജീബ് കാന്തപുരം വ്യക്തമാക്കിയത്. വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയും, വർഗീയത പ്രചരിപ്പിക്കുന്നവരുടെ മുഖംമൂടി തുറന്നു കാണിക്കുകയും ചെയ്തതിന്റെ പേരിൽ ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വർഗീയ നിലപാടുകളെ തുറന്നെതിർത്ത ഒരാളെ നിയമം ഉപയോഗിച്ച് വേട്ടയാടാനാണ് നീക്കമെങ്കിൽ അത് അംഗീകരിച്ചു നൽകാനാകില്ല.അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങളെ ഇത്തരത്തിൽ വക്രീകരിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കേണ്ടി വരുമെന്നും പോസ്റ്റ് മുന്നറിയിപ്പു നൽകുന്നു.


by Midhun HP News | Sep 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സ്‌കാനിങ്ങിലൂടെ അല്ലാതെ പണം അടച്ചാല്‍ തുക നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകളില്‍ എത്തില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). യാത്രികര്‍ അടക്കുന്ന പണം സ്വകാര്യ അക്കൗണ്ടുകളില്‍ എത്തുകയും അധികൃതര്‍ വ്യാജ രസീതുകള്‍ നല്‍കുന്നതായുമാണ് ഇഡി കണ്ടെത്തല്‍.

പണം നല്‍കുന്ന വാഹനയാത്രികര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കാന്‍ ടോള്‍ ഓപ്പറേറ്റര്‍മാര്‍ ‘മൊബ്ഡാറ്റ’, ‘എനി’ എന്നിവയുള്‍പ്പെടെയുള്ള അനധികൃത മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചതായും ഇഡി കണ്ടെത്തി. ഇങ്ങനെ നല്‍കുന്ന തുകകള്‍ എന്‍എച്ച്എഐയുടെ ഔദ്യോഗിക കണക്കുകളില്‍ വരില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്ലാസകളില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫാസ്ടാഗിലേക്ക് പൂര്‍ണ്ണമായും മാറാത്ത പഴയ വാഹനങ്ങളുടെയും ട്രക്കുകളുടെയും ബിസിനസ് സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരുമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. സ്‌കാനിങ് നടക്കാതെ വരുമ്പോഴോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറുകള്‍ വരുമ്പോളോ സാധുവായ ടാഗുകളുള്ള മോട്ടോര്‍ വാഹന ഉടമകള്‍ പോലും ചിലപ്പോള്‍ പണം നല്‍കാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടും. മിര്‍സാപൂരിലെ ആട്രൈല ടോള്‍ പ്ലാസയിലും രാജ്യത്തുടനീളമുള്ള മറ്റ് ടോള്‍ പ്ലാസകളിലും വന്‍തോതില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് തട്ടിപ്പു നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധനയില്‍ ഏകദേശം 100 പ്ലാസകളില്‍ അനധികൃത ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇഡി ഇതുവരെ നടത്തിയ പരിശോധനകളില്‍ ഏകദേശം 1.03 കോടി രൂപയാണ് കണ്ടെടുത്തത്. ഇടനിലക്കാരും എന്‍എച്ച്എഐ ചുമതലപ്പെടുത്തിയ ചില ടോള്‍ ഓപ്പറേറ്റര്‍മാരും ഇഡിയുടെ നിരീക്ഷണത്തിലാണ്.

by Midhun HP News | Sep 7, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂടിന്റെ പിടിയില്‍. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. ശരാശരിയെക്കാള്‍ 4.4 ഡിഗ്രി കൂടുതലാണിത്. കോട്ടയം 35, തൃശൂര്‍, പാലക്കാട് 34.3 എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.


by Midhun HP News | Sep 7, 2026 | Latest News, കേരളം
തൃശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കി.
കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനാകും. രാസലഹരി ഉപയോഗത്തെ കുറിച്ച് അറിയാനുള്ള പരിശോധനകളും നടത്തുന്നുണ്ട്.
അതിനിടെ വിദ്യാർഥികളുടെ സംഘം തളിക്കുളത്തെ ഹോട്ടലിൽ വെച്ച് അവിടെയുണ്ടായിരുന്നവരുമായി തർക്കവും കൈയാങ്കളിയും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. വിവരമറിഞ്ഞ് വാടാനപ്പള്ളി പോലീസ് എത്തുമെന്നായതോടെ സംഘം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ 12 മണിയോടെ കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഡിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
Recent Comments