പൊലീസ് ജീപ്പ് ഓവര്‍ടേക്ക് ചെയ്ത് ആൾട്ടോ കാർ കുറുകെയിട്ടു; പിന്നാലെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരുടെ കേട്ടാലറയ്ക്കുന്ന തെറിവിളിയും ഭീഷണിയും

പൊലീസ് ജീപ്പ് ഓവര്‍ടേക്ക് ചെയ്ത് ആൾട്ടോ കാർ കുറുകെയിട്ടു; പിന്നാലെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരുടെ കേട്ടാലറയ്ക്കുന്ന തെറിവിളിയും ഭീഷണിയും

പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയപ്പോൾ, പൊലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കൂടുതൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: നഗരൂർ ജംഗ്ഷന് സമീപം പൊലീസിന് നേരെ സിപിഎം – ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പരാക്രമം. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലീസ് ജീപ്പിനെ ആൾട്ടോ കാറിലെത്തിയ സംഘം ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. സിനിമാ സ്റ്റൈലിൽ പൊലീസ് ജീപ്പിന് കുറുകെയിട്ട കാറിൽ നിന്നും ഇറങ്ങിയ സംഘം എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

പ്രദേശത്തെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികൾക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി മടങ്ങുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ പൊലീസ് പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. പൊലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്.എച്ച്.ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ സമരത്തിലാണ്. സ്റ്റേഷൻ പരിസരത്ത് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും പ്രവർത്തകർക്കെതിരെ കൂടുതൽ കേസുകൾ എടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

സംഭവത്തിൽ ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

‘കേരള സ്റ്റോറി 2’ അപ്പീല്‍ പരിഗണിച്ച ജഡ്ജിക്ക് പ്രമോഷന്‍; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

‘കേരള സ്റ്റോറി 2’ അപ്പീല്‍ പരിഗണിച്ച ജഡ്ജിക്ക് പ്രമോഷന്‍; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സുശ്രുത് എ ധർമാധിക്കാരിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ. നിലവിലെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് 5 ന് വിരമിക്കുന്നതിനാൽ മാർച്ച് 6 മുതൽ സുശ്രുത് എ ധർമാധിക്കാരിയുടെ നിയമനം പ്രാബല്യത്തിൽ വരും. ഫെബ്രുവരി 26 ന് ചേർന്ന കൊളീജിയം മീറ്റിങ്ങിലാണ് ഈ ശുപാർശ ഉണ്ടായത്.

‘കേരള സ്റ്റോറി 2’ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ജസ്റ്റിസ് സുശ്രുത് എ ധർമാധിക്കാരി.

സിനിമയുടെ പ്രദര്‍ശനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇന്നലെ രാത്രി അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധര്‍മാധികാരിയും ജസ്റ്റിസ് പിവി ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷം അപ്പീല്‍ ഉത്തരവിനായി മാറ്റിയത്. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജിയുടെ സ്വഭാവമുള്ളതാണെന്നും, അങ്ങനെയെങ്കില്‍ സിംഗിള്‍ ബെഞ്ച് ഇത് എങ്ങനെ പരിഗണിച്ചുവെന്നും ഡിവിഷന്‍ ബെഞ്ച് ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ നിര്‍മാതാവായ വിപുല്‍ അമൃത്‌ലാല്‍ ഷാ ആവശ്യപ്പെട്ടതുപോലെ സ്റ്റേ നീക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവൊന്നും കോടതി പുറപ്പെടുവിച്ചില്ല.

1966 ജൂലൈ 8 ന് റായ്പുരില്‍ ജനിച്ച ജസ്റ്റിസ് സുശ്രുത് എ. ധര്‍മാധികാരി 1992 ല്‍ നിയമരംഗത്ത് ഔദ്യോഗിക ജീവിതം ആരംഭിച്ചു. സിവില്‍, ക്രിമിനല്‍, ഭരണഘടനാ നിയമങ്ങളില്‍ 24 വര്‍ഷത്തിലേറെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. 2000 മുതല്‍ 2015 വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലായി സേവനമനുഷ്ഠിച്ചു, ആദായനികുതി വകുപ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര എക്സൈസ് (സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ എന്ന നിലയില്‍), നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധീകരിച്ചു. 2016 ഏപ്രില്‍ 7 ന് അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2018 മാര്‍ച്ച് 17 ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. 2025 ഏപ്രില്‍ 23 നാണ് കേരള ഹൈക്കോടതിയില്‍ എത്തിയത്.

‘ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ല’; ‘കേരളാ സ്റ്റോറി 2’വിന് പ്രദര്‍ശാനുമതി

‘ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ല’; ‘കേരളാ സ്റ്റോറി 2’വിന് പ്രദര്‍ശാനുമതി

കൊച്ചി: ‘കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി. റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ രാത്രിയില്‍ അടിയന്തര വാദം കേട്ടിരുന്നു. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന നിര്‍മാതാക്കളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പിവി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിങ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്. ചിത്രത്തില്‍ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട് എന്ന് പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ ‘കേരള സ്റ്റോറി 2’ റിലീസ് കേരള ഹൈക്കോടതി തടഞ്ഞിരുന്നു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാക്കള്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ചിത്രത്തിനെതിരെ ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെ ഒന്നാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദി കേരള സ്റ്റോറി 2’. കേരളം വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവത്തിനു ഫെബ്രുവരി 28ന് തുടക്കമാകും

ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവത്തിനു ഫെബ്രുവരി 28ന് തുടക്കമാകും

ശ്രീ പുല്ലയിൽവീട് ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവവും പുന: പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 28, മാർച്ച് 1, 2 തീയതികളിൽ നടക്കും.

28ന് രാവിലെ നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകും. വൈകുന്നേരം 4. 30ന് സമൂഹ പൊങ്കാല, രാത്രി എട്ടുമണിക്ക് സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ് 2k26

മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 11 മണിക്ക് സമൂഹസദ്യ ഉണ്ടായിരിക്കും. വൈകുന്നേരം 7 മണിക്ക് കൈകൊട്ടിക്കളി,

മാർച്ച് 2നു രാവിലെ 11ന് നാഗരൂട്ട്, വൈകുന്നേരം 5.30ന് താലപ്പൊലിയും വിളക്കും, രാത്രി 9. 30ന് മെഗാ ഗാനമേള, രാത്രി 12ന് ഗുരുസിയോടെ ഉത്സവത്തിന് സമാപനമാകും.

വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ വിളംബര ജാഥ സംഘടിപ്പിച്ചു

വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ വിളംബര ജാഥ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. വക്കം ചന്തവിള ജംഗ്ഷനിൽ നിന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്ത വിളംബര ജാഥ ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ, എന്നീ മണ്ഡലങ്ങളിൽ കൂടി സഞ്ചരിച്ചു ആറ്റിങ്ങൽ നഗരസഭ ഉൾപ്പെട്ടു വരുന്ന മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സമാപിച്ചു.

സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എൻ. ബിഷ്‌ണു അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി റ്റി.പി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് രാജ്, ബ്ലോക്ക് ഭാരവാഹികളായ കവലയൂർ മുരുകൻ, വിനയകുമാർ, ബിജി ഉണ്ണി, അശോക് കുമാർ, വക്കം സലിം രാജ്, വക്കം അശോകൻ, ആറ്റിങ്ങൽ ബ്ലോക്കിൽ പെട്ട കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാർ, കോൺഗ്രസ്‌ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ, ബൂത്ത്‌ ഭാരവാഹികൾ തുടങ്ങിയവർ വിളംബര ജാഥയിൽ പങ്കെടുത്തു.

ബംഗ്ലാദേശില്‍ ഭൂകമ്പം, കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ തുടര്‍ചലനം, പുറത്തേക്കോടി ജനങ്ങള്‍

ബംഗ്ലാദേശില്‍ ഭൂകമ്പം, കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ തുടര്‍ചലനം, പുറത്തേക്കോടി ജനങ്ങള്‍

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഭൂചലനമുണ്ടായതിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും. ബംഗ്ലാദേശില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ പശ്ചിമ ബംഗാളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.22 ന് കൊല്‍ക്കത്തയിലും ബംഗാളിലെ വിവിധ ജില്ലകളിലും അനുഭവപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ ബംഗ്ലാദേശിലെ നയാബസാര്‍ എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഭൂചലനത്തില്‍ ആള്‍നാശമോ, മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

10 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം കൊല്‍ക്കത്തയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി തുറസായ സ്ഥലങ്ങളിലേക്കിറങ്ങി ഓടി. സര്‍ക്കാര്‍ ഓഫീസുകള്‍, നിയമസഭാ മന്ദിരം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പരിഭ്രാന്തരായി, തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത മുന്‍നിര്‍ത്തി ജീവനക്കാര്‍ പുറത്തേക്ക് ഓടി മണിക്കൂറുകളോളം തെരുവുകളില്‍ തുടര്‍ന്നു. സാള്‍ട്ട് ലേക്ക് നഗരത്തിലെ ഐടി ഹബ്ബിലും കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിലുള്ള ബഹുനില കെട്ടിടങ്ങളിലും സമാനമായ ദൃശ്യങ്ങള്‍ കണ്ടു.