by Midhun HP News | Apr 28, 2026 | Latest News, കേരളം
തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ വരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Apr 28, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം അസത്യമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ എ ചന്ദ്രശേഖര്‍. മാനസിക വെല്ലുവിളി, നേരിടുന്ന കശ്മീരി യുവാവിനെ ഗുരുവായൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതില്‍ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. മാനസിക വെല്ലുവിളി ഉള്ളതിനാല്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് കശ്മീര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കശ്മീര്‍ പൊലീസ് ഇവിടെ എത്തിയിട്ടുണ്ട്. യുവാവിനെ കശ്മീര്‍ പൊലീസിന് കൈമാറുമെന്നും റാവാഡ എ ചന്ദ്രശേഖര്‍ പറഞ്ഞു.
ഗുരുവായൂരില്‍ സുരക്ഷയുടെ കാര്യത്തില്‍ എല്ലാ മുന്‍കരുതലും പൊലീസ് എടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയതാണ് സംസ്ഥാന പൊലീസ് മേധാവി. തൃശൂര്‍ റേഞ്ച് ഡിഐജി ടി നാരായണന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ആദിത്യ എന്നിവരും പൊലീസ് മേധാവിക്കൊപ്പം ഉണ്ടായിരുന്നു.

by Midhun HP News | Apr 28, 2026 | Latest News, ദേശീയ വാർത്ത
ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും ചുമന്ന് ചുട്ടുപൊള്ളുന്ന വെയിലില്‍ മൂന്ന് കിലോമീറ്റര്‍ നടന്ന് ബാങ്കിലെത്തി വയോധികന്‍. ഒഡിഷയിലെ ക്യോന്‍ജര്‍ ജില്ലയിലെ ദിയാനാലി ഗ്രാമവാസിയായ ജീതു മുണ്ടയാണ് ഈ ദയനീയ സാഹചര്യം നേരിട്ടത്.
ജീതുവിന്റെ സഹോദരി കല്‍റ മുണ്ടയ്ക്ക് മാലിപാസിയിലെ ഒഡിഷ ഗ്രാമീണ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ടു മാസം മുമ്പാണ് കല്‍റ മരിച്ചത്. ഇവരുടെ ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചതിനാല്‍ ജീതു മാത്രമായിരുന്നു ഏക ബന്ധു. സഹോദരിയുടെ അക്കൗണ്ടിലുള്ള 20,000 രൂപ പിന്‍വലിക്കാന്‍ ജീതു ബാങ്കിനെ സമീപിച്ചപ്പോള്‍, അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്നോ അല്ലെങ്കില്‍ നിയമപരമായ അവകാശ രേഖകള്‍ ഹാജരാക്കണമെന്നോ പറഞ്ഞ് ബാങ്ക് മാനേജര്‍ അത് നിരസിച്ചു. നിരക്ഷരനായ ജീതുവിന് സഹോദരിയുടെ മരണ സര്‍ട്ടിഫിക്കറ്റോ പിന്തുടര്‍ച്ചാവകാശ രേഖകളോ ഉണ്ടായിരുന്നില്ല. സഹോദരി മരിച്ചെന്ന് ജീതു പറഞ്ഞിട്ടും അധികൃതര്‍ കേള്‍ക്കാന്‍ തയാറായില്ല. തുടര്‍ന്ന് പലതവണ ജീതു ബാങ്കിലെത്തിയെങ്കിലും അധികൃതര്‍ ഇതേ മറുപടി ആവര്‍ത്തിച്ചു. ബാങ്കിലെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ അദ്ദേഹം നിസ്സഹായനായി മടങ്ങി.
തുടര്‍ന്ന് തിങ്കളാഴ്ച, ജീതു ഗ്രാമത്തിലെ ശ്മശാനത്തില്‍ പോയി സഹോദരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തു. അസ്ഥികൂടം തുണിയില്‍ പൊതിഞ്ഞ് തോളിലേറ്റി കഠിനമായ ചൂടില്‍ മൂന്ന് കിലോമീറ്റര്‍ നടന്ന് അദ്ദേഹം ബാങ്കിലെത്തി. ബാങ്കിന് മുന്നിലെ ഈ കാഴ്ച നാട്ടുകാരെ ഞെട്ടിച്ചു. ചിലര്‍ സങ്കടം കൊണ്ട് കരഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ബാങ്ക് അധികൃതരുടെ നടപടിയില്‍ ക്ഷുഭിതരായി. ഒരു പാവപ്പെട്ടവന് തന്റെ പണം ലഭിക്കാന്‍ ഇത്രയധികം കഷ്ടപ്പെടണോ എന്ന് ഗ്രാമവാസികള്‍ ചോദിച്ചു. പഞ്ചായത്ത് പ്രസിഡന്റുമായി (സര്‍പഞ്ച്) ബന്ധപ്പെട്ടോ അല്ലെങ്കില്‍ നേരിട്ട് അന്വേഷണം നടത്തിയോ ബാങ്കിന് ഇത് ബോധ്യപ്പെടാമായിരുന്നുവെന്നും എന്നാല്‍ സഹാനുഭൂതിയേക്കാള്‍ രേഖകള്‍ക്കാണ് ബാങ്ക് പ്രാധാന്യം നല്‍കിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീതുവിനെ ആശ്വസിപ്പിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും ചെയ്തു. പണം പിന്‍വലിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ചും നോമിനിയെക്കുറിച്ചും ജീതുവിനെ പറഞ്ഞു മനസ്സിലാക്കാന്‍ ബാങ്ക് അധികൃതര്‍ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ലെന്ന് പട്ടാന പൊലീസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ പ്രസാദ് സാഹു പറഞ്ഞു. കല്‍റയുടെ നോമിനിയും മരിച്ചുപോയ സാഹചര്യത്തില്‍, ഏക അവകാശി എന്ന നിലയില്‍ ജീതുവിന് പണം കൈമാറാനുള്ള നടപടികള്‍ ബാങ്കുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Apr 28, 2026 | Latest News, കേരളം
മോഹൻലാൽ – സുചിത്ര വിവാഹക്കഥ ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. 38-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് മോഹൻലാലും സുചിത്രയും. വിവാഹ വാര്‍ഷിക ദിനത്തില്‍ സുചിത്രയ്ക്കൊപ്പമുള്ള ഒരു ഫോട്ടോയ്ക്കൊപ്പം മോഹൻലാൽ പങ്കുവച്ച കുറിപ്പും ആരാധകരുടെ മനം കവരുകയാണ്.
“38 വര്‍ഷങ്ങൾക്ക് ശേഷവും എങ്ങനെയോ ഇപ്പോഴും ഇത് ഒരു തുടക്കം പോലെ തോന്നുന്നുവെന്നാണ്”, മോഹന്‍ലാല്‍ കുറിച്ചത്. നിലവില്‍ അമേരിക്കയിലാണ് ഇരുവരും. താരം ഫോട്ടോ പങ്കുവച്ചതോടെ സഹ പ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസയുമായി എത്തിയിരിക്കുന്നത്.
1988 ഏപ്രില്‍ 28 ന് തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മുൻപ് തന്നെ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. ഈ ആരാധനയാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. ഒരു വിവാഹത്തിന് പോയപ്പോഴാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് വച്ച് ആദ്യമായി കാണുന്നതെന്നും അതിന് മുന്‍പ് അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണാറുണ്ടെന്നും സുചിത്ര പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന മൂലം എസ് കെ പി ( സുന്ദര കുട്ടുപ്പന്‍) എന്നായിരുന്നു സുചിത്ര താരത്തെ വിശേഷിപ്പിച്ചിരുന്നത്. മോഹൻലാലിന് അക്കാലത്ത് സ്ഥിരമായി കാർഡ് അയക്കുമായിരുന്നു. ഒരു ദിവസം തന്നെ അഞ്ച് കാർഡുകളൊക്കെ അയച്ചിരുന്നെന്നും സുചിത്ര പറഞ്ഞു. കാർഡിൽ ഇഷ്ടമുണ്ടെന്ന് തുടങ്ങി പല കാര്യങ്ങളും ഉണ്ടാവുമായിരുന്നെന്നും പക്ഷേ അതിൽ പേരോ, ഒപ്പോ ഒന്നും കൊടുത്തിരുന്നില്ല.
പിന്നീട് ആരാണ് കാര്‍ഡുകള്‍ അയച്ചതെന്ന് മോഹൻലാൽ കണ്ടെത്തിയെന്നും എന്നാല്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് അതൊക്കെ കണ്ടുപിടിച്ചെന്നായിരുന്നു മറുപടിയെന്നും സുചിത്ര ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

പേട്രിയറ്റ്, ദൃശ്യം 3 എന്നിവയാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളും മേയിൽ ആണ് റിലീസിനെത്തുന്നത്. പേട്രിയറ്റ് മേയ് 1നും ദൃശ്യം 3 മേയ് 21 നുമാണ് റിലീസ് ചെയ്യുക.
by Midhun HP News | Apr 28, 2026 | Latest News, കേരളം
കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളുടെ പ്രഖ്യാപന തീയതികൾ നിശ്ചയിച്ചു. എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-നും, ഹയർ സെക്കൻഡറി (പ്ലസ് ടു) /വിഎച്ച്എസ്ഇ ഫലം മെയ് 22-നും ഔദ്യോഗികമായി പ്രഖ്യാപിക്കും.
പരീക്ഷാ ബോർഡ് യോഗങ്ങൾ പൂർത്തിയാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂല്യനിർണ്ണയ ക്യാമ്പുകൾ പൂർത്തിയായിയായി വരുന്നു. ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.
ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് results.kite.kerala.gov.in, prd.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും.
ഏപ്രിൽ മാസത്തിൽ പരീക്ഷകൾ അവസാനിച്ചതിനെത്തുടർന്ന് വളരെ വേഗത്തിലാണ് ഇത്തവണ മൂല്യനിർണ്ണയ നടപടികൾ പൂർത്തിയാക്കിയത്. മെയ് അവസാന വാരത്തോടെ ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

by Midhun HP News | Apr 28, 2026 | Latest News, കേരളം
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍. വീടിന് സമീപത്തെ മലയിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടാണ് സജി വീട്ടില്‍ നിന്നും ഒളിവില്‍ പോയത്. വീടിന് സമീപത്തു താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി സംസാരിക്കുന്നതിനിടെ, നെടുങ്കണ്ടം പൊലീസും വീട്ടിലേക്കെത്തി.
പൊലീസ് ജീപ്പ് കണ്ടതോടെ, സജി തന്ത്രത്തില്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ഇന്നലെ മുഴുവന്‍ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും സജിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഡ്രോണും ഡോഗ് സ്‌ക്വാഡും അടക്കം തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് വീടിന് സമീപത്തു നിന്നും സജിയുടെ ബാഗ് കണ്ടെടുത്തിരുന്നു. ഇന്നു രാവിലെയും പല സംഘങ്ങളായി തിരിഞ്ഞ് വീടിന് സമീപത്തു പൊലീസ് പരിശോധന നടത്തിയിരുന്നു.
തോട്ടുവക്കടയിലെ സജിയുടെ വീടിന് പിന്നിലെ മലയില്‍ നിന്നാണ് സജിയെ പിടികൂടുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സജിയെ കണ്ടെത്തുന്നത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി ചെക്‌പോസ്റ്റിലും, തമിഴ്‌നാട് പൊലീസിനും സജിയുടെ ചിത്രങ്ങളും വിവരവും നെടുങ്കണ്ടം പൊലീസിന് കൈമാറിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇയാളാണോയെന്ന് ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടേയും റെജിയുടേയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിൽ ഇന്നലെയാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ടുമുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയെന്നാണ് പൊലീസ് കരുതുന്നത്. അവിവാഹിതരായ മൂത്തമകന്‍ റെജി, ഇളയ മകന്‍ സജി (43) എന്നിവര്‍ക്കൊപ്പമാണ് മേരിക്കുട്ടി താമസിച്ചിരുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ ദുരൂഹമായ തിരോധാനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2018 ലാണ് റെജിയുടേയും സജിയുടേയും പിതാവായ മാത്യുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. ഈ കേസില്‍, അദ്ദേഹം ഒരു ബസില്‍ കയറി പോകുന്നത് കണ്ടുവെന്ന തരത്തിലാണ് അന്വേഷണം വന്നു നിന്നത്. തുടര്‍ന്ന് അന്വേഷണം മുന്നോട്ടുപോയില്ല. വീട്ടുവളപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ, മാത്യുവിനെയും സമാനരീതിയില്‍ അപായപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ ഇതിന് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു.
Recent Comments