by Midhun HP News | Dec 23, 2025 | Latest News, കായികം
ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. താരം ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കില്‍. കരിയറില്‍ ഇതാദ്യമായാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്.
അതേസമയം വനിതകളുടെ ഏകദിന ബാറ്റിങ് റാങ്കിങില്‍ ഇന്ത്യയുടെ സ്മൃതി മന്ധാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടാണ് പുതിയ ഒന്നാം സ്ഥാനക്കാരി. സ്മൃതി രണ്ടാം സ്ഥാനത്തേക്കിറങ്ങി.
ശ്രീലങ്കക്കെതിരായ ആദ്യ ടി20 പരമ്പരയില്‍ 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ദീപ്തി ഒരു വിക്കറ്റെടുത്തിരുന്നു. ഇതാണ് താരത്തിനു നേട്ടമായത്. ഈ പ്രകടനത്തിലൂടെ താരത്തിന്റെ റേറ്റിങ് പോയിന്റ് അഞ്ചിലേക്ക് ഉയര്‍ന്നതോടെയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡിനെ പിന്തള്ളിയാണ് ദീപ്തിയുടെ നേട്ടം. ഒറ്റ പോയിന്റ് വ്യത്യാസത്തിലാണ് ദീപ്തിയുടെ മുന്നേറ്റം.
ഇന്ത്യയുടെ ജെമിമ റോഡ്രിഗ്‌സും നേട്ടമുണ്ടാക്കിയിട്ടുണ്ട്. താരം ടി20 ബാറ്റര്‍മാരുടെ പട്ടികയില്‍ 9ാം സ്ഥാനത്തേക്ക് കയറി. 5 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത്. ജെമിമയ്ക്കും ശ്രീലങ്കക്കെതിരായ പോരാട്ടമാണ് തുണയായത്. മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ജെമിമ പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയാണ്.
സ്മൃതി മന്ധാന ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ മൂന്നാം സ്ഥാനം നില്‍നിര്‍ത്തി. അതേസമയം ഓപ്പണര്‍ ഷെഫാലി വര്‍മ പത്താം സ്ഥാനത്തേക്കിറങ്ങി. ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ധാന 15ാം റാങ്കില്‍ തുടരുന്നു.



by Midhun HP News | Dec 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. പിവി അന്‍വര്‍ എംഎല്‍എ സംയമനം പാലിക്കണമെന്നും മുന്നണിയിലെത്തുന്ന പി വി അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോടെയും ഇടപെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ കരുണാകരന്‍ അനുസ്മരണ പരിപാടിക്ക് എത്തിയതായിരുന്നു മുല്ലപ്പള്ളി.
യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



by Midhun HP News | Dec 23, 2025 | Latest News, കേരളം
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ ഭക്തജനത്തിരക്ക്. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റര്‍ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു. പൊലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ 8 വരെ 33,624 പേര്‍ ദര്‍ശനം നടത്തി. സ്‌കൂളുകളില്‍ ക്രിസ്മസ് അവധിയാകുന്നതോടെ തിരക്ക് ഇനിയും കൂടും.
കാനനപാതകളിലും തിരക്കേറി. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേട് വഴി 87,128 പേര്‍ സന്നിധാനത്ത് എത്തി. കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഇന്നലെ വരെ 49,666 പേരാണ് എത്തിയത്.
അരവണയ്ക്ക് നിയന്ത്രണം
കരുതല്‍ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് 10 ടിന്‍ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കരുതല്‍ ശേഖരം 5 ലക്ഷത്തില്‍ താഴെയായി കുറഞ്ഞതാണ് നിയന്ത്രണം കടുപ്പിക്കാന്‍ ഇടയായത്. 15 മുതല്‍ ഒരാള്‍ക്ക് 20 അരവണ എന്ന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതുകാരണം അരവണ കൗണ്ടറിനു മുന്‍പില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സന്നിധാനത്ത് ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്രയാണ്. ആപത്തുകൂടാതെ മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ അയ്യപ്പ സ്വാമിയോടുള്ള പ്രാര്‍ഥനയുമായി ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയായിട്ടാണ് കര്‍പ്പൂരാഴി ഘോഷയാത്ര നടക്കുന്നത്.
തങ്കഅങ്കി രഥഘോഷയാത്ര
അതിനിടെ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ച് കൊണ്ടുള്ള രഥഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ആഘോഷ പൂര്‍വം ഗുരുസ്വാമിമാര്‍ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും. വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും.
മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ ശനിയാഴ്ചയാണ്. പരീക്ഷകള്‍ അവസാനിച്ച് ക്രിസ്മസ് അവധിക്കാലം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിച്ചേക്കാം. മണ്ഡലപൂജ നടക്കുന്ന 27ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 27ന് രാവിലെയാണ് മണ്ഡലപൂജയെങ്കിലും അത്താഴപൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക.
ശനിയാഴ്ച രാവിലെ 10.10 നും 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30ന് പൂര്‍ത്തിയാകും. അന്നേദിവസം രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തി കുറിക്കും. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1973ല്‍ സമര്‍പ്പിച്ചതാണ് 420 പവന്‍ തൂക്കമുള്ള തങ്കഅങ്കി. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. അന്നു പ്രത്യേക പൂജകളില്ലെങ്കിലും ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും.
ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11നും. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയില്‍നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.



by Midhun HP News | Dec 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതായി സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. ഇതുസംബന്ധിച്ച ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആര്‍ഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കുന്നതിനിടെയാണ് ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.
ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും നീക്കിയ ശേഷമുള്ള ചായ സല്‍ക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു. ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ പാസാക്കുന്ന സര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നു പറഞ്ഞ ബ്രിട്ടാസ്, ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുമായി എന്താണ് ബന്ധമുള്ളതെന്നും ബ്രിട്ടാസ് ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ലീഡറോ, ഡെപ്യൂട്ടി ലീഡറോ, ചീഫ് വിപ്പോ പോലെയുള്ള യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരുന്നിട്ടും പ്രിയങ്ക ഗാന്ധി എന്തിനാണ് അവിടെ പോയതെന്നും ബ്രിട്ടാസ് ചോദിച്ചു.



by Midhun HP News | Dec 23, 2025 | Latest News, കേരളം
തിരുവനന്തപുരം: വെർച്വൽ അറസ്‌റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസിൽ രാജ്യത്ത് 22 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
തൃശൂർ സ്വദേശിയിൽ നിന്നാണ് ഒന്നര കോടി തട്ടിയത്. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്‌ഡ്. മൂന്ന് ദിവസം കൊണ്ടാണ് തൃശൂർ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്. ആദ്യം തൃശൂർ സൈബർ പൊലീസാണ് അന്വേഷിച്ചത്. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു.



by Midhun HP News | Dec 23, 2025 | Latest News, കേരളം
കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 30. അപേക്ഷകർക്ക് https://ktet.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓരോ കാറ്റഗറിയിലേക്കുമുള്ള അപേക്ഷാ യോഗ്യത, പരീക്ഷാ മാനദണ്ഡങ്ങൾ, ഫീസ് എന്നിവ വിശദമായി ഉൾപ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ, ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെ-ടെറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://ktet.kerala.gov.in , https://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് ലഭ്യമാകും. അപേക്ഷകർ സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.
Recent Comments