ക്രിസ്മസിന് സാന്റ ഓഫര്‍; 280 ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍; സപ്ലൈകോ ഫെയറുകള്‍ നാളെ മുതല്‍

ക്രിസ്മസിന് സാന്റ ഓഫര്‍; 280 ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍; സപ്ലൈകോ ഫെയറുകള്‍ നാളെ മുതല്‍

കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ നാളെ മുതല്‍. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ബഹു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വില്പന സ്വീകരിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍

പ്രമുഖ ബ്രാന്‍ഡുകളുടെ 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഇളവുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചുമുതല്‍ 50 ശതമാനംവരെ വിലക്കുറവുമുണ്ടാകും. സപ്ലൈകോയില്‍ നിലവിലുള്ള 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്കുമുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരുകിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫറായി 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേകകിറ്റുണ്ട്. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റിന് 500 രൂപയാണ്.

സപ്ലൈകോയുടെ പെട്രോള്‍പമ്പുകളില്‍നിന്ന് 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്കുമുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കും. 1000 രൂപയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഇളവ് ലഭിക്കും.

ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍! കൗമാരക്കാരുടെ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍! കൗമാരക്കാരുടെ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ദുബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന കിരീടത്തിനായി ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും നേര്‍ക്കുനേര്‍. ഇന്ന് രാവിലെ 10.30 മുതലാണ് പോരാട്ടം. സെമിയില്‍ ഇന്ത്യ ശ്രീലങ്കയേയും പാകിസ്ഥാന്‍ ബംഗ്ലാദേശിനേയും വീഴ്ത്തിയാണ് കലാശപ്പോരിനെത്തുന്നത്.

ടൂര്‍ണമെന്റില്‍ അപരാജിതരായാണ് ഇന്ത്യയുടെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തിയതിന്റെ ആത്മവിശ്വസവും ഇന്ത്യയ്ക്കു ബോണസായുണ്ട്. ബാറ്റിങ് കരുത്താണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. സ്‌ഫോടനാത്മക തുടക്കമിടുന്ന 14കാരന്‍ വൈഭവ് സൂര്യവംശി, മൂന്ന് അര്‍ധ സെഞ്ച്വറികളുമായി നിറഞ്ഞു കളിക്കുന്ന മലയാളി താരം ആരോണ്‍ ജോര്‍ജ്, ഇരട്ട സെഞ്ച്വറി നേടി വിസ്മയിപ്പിച്ച അഭിഗ്യാന്‍ കുണ്ഡു, സെമിയില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടിയ വിഹാന്‍ മല്‍ഹോത്ര എന്നിവരെല്ലാം മിന്നും ഫോമില്‍. ബൗളിങില്‍ ദീപേഷ് ദേവേന്ദ്രന്‍, ഇടംകൈയന്‍ സ്പിന്നര്‍ ഖിലന്‍ പട്ടേല്‍, ഓഫ് സ്പിന്നര്‍ കനിഷ്‌ക് ചൗഹാന്‍ എന്നിവരാണ് ഇന്ത്യയുടെ നിര്‍ണായക താരങ്ങള്‍.

ടൂര്‍ണമെന്റില്‍ പാകിസ്ഥാനും മികച്ച രീതിയിലാണ് കളിക്കുന്നത്. അവര്‍ക്ക് ഒരേയൊരു തോല്‍വിയേ നേരിടേണ്ടി വന്നിട്ടുള്ളു ഫൈനല്‍ എത്തും വരെ. അത് ഇന്ത്യയോടായിരുന്നു. സെമിയില്‍ ബംഗ്ലാദേശിനെ അനായാസം വീഴ്ത്താന്‍ പാക് ടീമിനായി.

സമീര്‍ മന്‍ഹാസ്, ഹംസ ഷഹൂര്‍, ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് എന്നിവരാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. പേസര്‍ അബ്ദുല്‍ സുബ്ഹാന്റെ പ്രകടനം പാക് ടീമിന് നിര്‍ണായകമാണ്.

സംസ്ഥാനത്ത് മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സംസ്ഥാനത്ത് മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

കൊച്ചി: സംസ്ഥാനത്ത് വിദേശ മദ്യ ​ഗോഡൗണുകളിൽ നിന്നു ബാറുകളിലേക്കും ബിവറേജസ് അടക്കം സർക്കാർ ഏജൻസികളിലെ വിൽപ്പനശാലകളിലേക്കുമുള്ള മദ്യ വിതരണം തടസപ്പെട്ടു. സർവർ തകരാറിനെ തുടർന്നാണ് തടസമുണ്ടായത്. ഇന്നലെ വൈകീട്ട് 5 വരെ മദ്യം എത്തിക്കാൻ സാധിച്ചിട്ടില്ല. ഇന്നലെ മാത്രം 50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

സർവർ തകരാറിനെ തുടർന്നു കഴിഞ്ഞ 3 ദിവസമായി ബില്ലടിക്കാൻ സാധിച്ചിട്ടില്ല. ഗോഡൗണുകൾക്ക് മുന്നിൽ ലോഡ് കയറ്റിയ ‌വാഹനങ്ങൾ നിരയായി കിടക്കുകയാണ്. കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ 8 ബിവറേജസ് ഔട്ട്ലറ്റുകളിലേക്കും നൂറിലധികം ബാറുകളിലേക്കും മദ്യമെത്തിക്കുന്നതു കൊച്ചിയിലുള്ള ഗോഡൗണിൽ നിന്നാണ്. ബില്ലടിക്കാൻ സാധിക്കാത്തതിനാൽ ഇവിടങ്ങളിൽ മാത്രം 10 കോടിയിലധികം രൂപയുടെ മദ്യമാണ് വിൽപ്പനയ്ക്ക് എത്തിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് സോഫ്റ്റ്‌വെയർ നിയന്ത്രിക്കുന്നത്. ക്രിസ്‌മസ്, പുതുവത്സരം പ്രമാണിച്ച് ബാറുകൾ, ബിവറേജസ് അടക്കമുള്ള സർക്കാർ മദ്യ ഔട്ട്ലറ്റുകളിൽ നിന്നും ഓർഡറുകളുണ്ട്. എന്നാൽ സർവർ തകരാർ മൂലം ബില്ലടിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; ശ്രീനിവാസന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; ശ്രീനിവാസന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

കൊച്ചി: സിനിമയിലൂടെ ചിരിപ്പിച്ച് ചിന്തിപ്പിച്ച മലയാളികളുടെ സ്വന്തം ശ്രീനി ഇനി ഓര്‍മത്തിരയില്‍. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 ന് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

കഴിഞ്ഞ 13 വര്‍ഷമായി താന്‍ ജീവിക്കുകയും സ്‌നേഹിക്കുകയും പണിയെടുക്കുകയും ചെയ്ത വീട്ടുവളപ്പിലാണ് അന്ത്യവിശ്രമം. 2012ലാണു കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകള്‍ പരന്നു കിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസന്‍ വാങ്ങുന്നത്. തരിശുപാടങ്ങളെ കൃഷിനിലങ്ങളാക്കി.

കണ്ണൂര്‍ പാട്യം സ്വദേശിയായ ശ്രീനിവാസന്‍ പിഎ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 1984 ല്‍ പ്രിയദര്‍ശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥ എഴുത്തിന്റെ തുടക്കം. 48 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 54 സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ശ്രീനിവാസന്‍ 2 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 54 ല്‍ 32 സിനിമകള്‍ സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനും വേണ്ടിയായിരുന്നു.

ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998 ല്‍ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.1989 ല്‍ വടക്കുനോക്കിയന്ത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മഴയെത്തും മുന്‍പേ, സന്ദേശം എന്നീ സിനിമകള്‍ക്ക് തിരക്കഥകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍. മരുമക്കള്‍: ദിവ്യ, അര്‍പ്പിത.

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു.

തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം / കൗണ്‍സിലര്‍ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. സര്‍ക്കാര്‍ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ മുന്‍പാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോര്‍പ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകലക്ടര്‍മാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികള്‍ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്.

ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 21 ന് രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക.

സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താം.

കൂമനെ ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞിട്ടില്ല, കൂട് വെച്ച് പിടികൂടും; കുടുംബത്തിന് 10 ലക്ഷം ധനസഹായം

കൂമനെ ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞിട്ടില്ല, കൂട് വെച്ച് പിടികൂടും; കുടുംബത്തിന് 10 ലക്ഷം ധനസഹായം

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കൂമന്‍ എന്ന മാരന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. കൂമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. ആറുലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. ആദിവാസികള്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയും ലഭ്യമാക്കും. മകന് താത്കാലിക ജോലി നല്‍കുമെന്ന് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം ജോഷില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏത് കടുവയാണ് കൂമനെ ആക്രമിച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള നടപടി തുടങ്ങുമെന്നും ജോഷില്‍ പറഞ്ഞു. പുല്‍പ്പള്ളിക്കടുത്തു ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ കൂമനെ വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കൂമനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ കാമറകള്‍ ഉടന്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാ ഉന്നതികളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശവും ആവശ്യമായ സംരക്ഷണവും നല്‍കാന്‍ വനം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

സഹോദരിയോടൊപ്പം പുഴയോരത്ത് വനമേഖലയോട് ചേര്‍ന്ന് വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് കടുവ ആക്രമിച്ചത്. വനപാലകരെ ഉടന്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടു കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറിച്ചിയാട് റേഞ്ചില്‍ പെട്ട പ്രദേശമാണിത്. തോളിലാണ് കടിയേറ്റത്.