സ്വര്‍ണവില ഒരു ലക്ഷം തൊടുമോ?, ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു

സ്വര്‍ണവില ഒരു ലക്ഷം തൊടുമോ?, ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000 രൂപ കടന്ന് കുതിച്ചു. ഇന്ന് പവന് 800 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവന്‍ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി.

ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

വിദേശത്തേക്ക് മടങ്ങാനിരിക്കെ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

വിദേശത്തേക്ക് മടങ്ങാനിരിക്കെ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: വിദേശത്തേക്ക് തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടെ പെരിനാട് സ്വദേശിനിയായ വീട്ടമ്മ വാഹന അപകടത്തിൽ മരിച്ചു. പെരിനാട് ചെമ്മക്കാട് സ്വദേശിനി ബിന്ദു ആണ് കിഴക്കേകല്ലട ചന്തമുക്കിലുണ്ടായ അപകടത്തിൽ തൽക്ഷണം മരിച്ചത് 48 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം കൊല്ലം തേനി ദേശീയ പാതയിലായിരുന്നു അപകടം നടന്നത്.

​വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഈ മാസം 23ന് തിരികെ പോകാനിരിക്കുകയായിരുന്നു. യാത്ര ചോദിക്കുന്നതിനായി തന്റെ ഭർത്താവ് അനിൽ കുമാറിനൊപ്പം സ്കൂട്ടറിൽ മുതുപിലാക്കാട്ടുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഫെഡറൽ ബാങ്കിന് സമീപം വെച്ച്, മുന്നിലുണ്ടായിരുന്ന KSRTC ബസിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു.
​ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു..

​സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് ആരോപിച്ച് നാട്ടുകാർ വലിയ പ്രതിഷേധം നടത്തി. ജനക്കൂട്ടം ബസിന്റെ ചില്ലുകൾ അടിച്ച് തകർത്തു. അപകടത്താല്‍ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു..

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും.

കരട് പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (ഡിഇഒ) ഒന്നാം അപ്പീല്‍ നല്‍കാം. ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ ഡിഇഒയുടെ ഒന്നാം അപ്പീല്‍ ഉത്തരവ് തീയതിമുതല്‍ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.

അതിനിടെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുകയാണെന്ന പരാതിയുമായി രാഷ്ട്രീയകക്ഷികള്‍ രംഗത്തു വന്നു. മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍, സ്ഥിരമായി താമസംമാറിയവര്‍, ഇരട്ടവോട്ടുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി 24 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയതെന്ന് രാഷ്ട്രീയകക്ഷികള്‍ ആരോപിക്കുന്നു.

ഇരട്ടവോട്ടിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍ എന്നിവരുടെ എണ്ണമെടുത്തതില്‍ ഗുരുതര പിഴവുകളുണ്ടെന്നാണ് ആക്ഷേപം. ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തെക്കുറിച്ചും അവ്യക്തതയുണ്ട്.

കരടുവോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണു പാര്‍ട്ടികളുടെ തീരുമാനം. കണ്ടെത്താന്‍ സാധിക്കാത്തവരായി കമ്മിഷന്‍ രേഖപ്പെടുത്തിയ പലരുമായും തങ്ങള്‍ നേരിട്ടു സംസാരിച്ചെന്നാണ് പാര്‍ട്ടികളുടെ അവകാശവാദം.

നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ 575 ഒഴിവുകൾ; കേരളത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം

നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ 575 ഒഴിവുകൾ; കേരളത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം

തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. 575 ഒഴിവുകളാണ് ഉള്ളത്. ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗത്തിലാണ് ഒഴിവുകൾ. ഡിപ്ലോമ,ബിരുദം എന്നിവ ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02-01-2026.

ഒഴിവുകൾ & എണ്ണം (ഗ്രാജുവേറ്റ്, ടെക്നീഷ്യൻ)
മെക്കാനിക്കൽ എഞ്ചിനീയറിങ് – 151

ഇലക്ട്രിക്കൽ എഞ്ചിനീയറിങ് – 159
സിവിൽ എഞ്ചിനീയറിങ് – 49

ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് – 24

കെമിക്കൽ എഞ്ചിനീയറിങ് – 9

മൈനിംഗ് എഞ്ചിനീയറിങ് – 81

കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് – 62

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് – 19

ഇൻഫർമേഷൻ ടെക്‌നോളജി – 6

മെഡിക്കൽ ലാബ് ടെക്‌നോളജി / മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി – 5

കാറ്ററിംഗ് ടെക്‌നോളജി ആൻഡ് ഹോട്ടൽ മാനേജ്മെന്റ് – 5

ഫാർമസിസ്റ്റ് – 5

ആകെ ഒഴിവുകൾ: 575

യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ നിയമപരമായ സർവകലാശാല നൽകുന്ന (ഫുൾ ടൈം) എഞ്ചിനീയറിങ് അല്ലെങ്കിൽ ടെക്‌നോളജി ബിരുദം.

അപേക്ഷകർ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെയും സ്വദേശികളായിരിക്കണം.

2021മുതൽ 2025 വരെയുള്ള വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിവർ ആയിരിക്കണം.

സ്റ്റൈപ്പന്റ്
ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റിസ് ട്രെയിനിക്ക് പ്രതിമാസം ₹15,028/-

ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനിക്ക് പ്രതിമാസം ₹12,524/-

കൂടുതൽ വിവരങ്ങൾക്ക് https://www.nlcindia.in/website/en/ സന്ദർശിക്കുക.

ലക്ഷദ്വീപിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്; 30,000 രൂപ ശമ്പളം

ലക്ഷദ്വീപിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്; 30,000 രൂപ ശമ്പളം

നാഷണൽ ഹെൽത്ത് മിഷൻ ലക്ഷദ്വീപ് (NHM Lakshadweep) ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ തസ്തികയിൽ നിയമനം നടത്തുന്നു. അകെ ഒരു ഒഴിവാണ് ഉള്ളത്. പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31-12-2025.

യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് എം.എ അല്ലെങ്കിൽ എം.എസ്‌സി. ബിരുദം പൂർത്തിയാക്കിയിരിക്കണം.

പ്രായ പരിധി
40 വയസ് ആണ് ഉയർന്ന പ്രായ പരിധി. സർക്കാർ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക. https://cdn.s3waas.gov.in/.pdf

പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചര്‍; ഇന്‍ഡിഗോയുടെ നഷ്ടപരിഹാരം 26 മുതല്‍

പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചര്‍; ഇന്‍ഡിഗോയുടെ നഷ്ടപരിഹാരം 26 മുതല്‍

ഡല്‍ഹി: ഡിസംബര്‍ ആദ്യവാരത്തെ വ്യോമപ്രതിസന്ധിക്ക് പിന്നാലെ ഈ മാസം 26 മുതല്‍ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം ഇന്‍ഡിഗോ വിതരണം ചെയ്തുതുടങ്ങും. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും റീഫണ്ടിന് പുറമെ വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം അനുസരിച്ച് അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

പുറമെ ഇവര്‍ക്ക് പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചറും നല്‍കും. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ യാത്രാ പ്രതിസന്ധി നേരിട്ടവര്‍ക്കാണ് വൗച്ചര്‍. അടുത്ത 12 മാസത്തിനുള്ളിലെ ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്ക് ഈ വൗച്ചര്‍ ഉപയോഗപ്പെടുത്താം.