കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്‍; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്‍; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍

മലപ്പുറം: അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എടപ്പാളില്‍ ആരംഭിക്കുന്ന സ്‌ക്രാപ് കേന്ദ്രം ഗുണകരമാവും. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മലനീകരണമില്ലാതെ സ്‌ക്രാപ് ചെയ്യുന്നതാണ് പദ്ധതി. ഇതിലൂടെ പദ്ധതി നയമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരിന് ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ആദ്യഘട്ട നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘എല്‍ഡിഎഫിനൊപ്പം സന്തോഷത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മതേതര നിലപാടുള്ള, തൊഴിലാളികളോടും പാവപ്പെട്ടവരോടും ചേര്‍ന്നുനില്‍ക്കുന്ന പാര്‍ടിയാണ് കേരള കോണ്‍ഗ്രസ് ബി. ഇടതുപക്ഷ സംവിധാനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. നല്ലൊരു ഗവണ്‍മെന്റില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’- അദ്ദേഹം പറഞ്ഞു.

ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചകളുടെ ആക്രമണത്തിൽ അമ്പയർ മരിച്ചു. സഹ അമ്പയറെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 15-20 വരെ താരങ്ങൾക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷന് കീഴിലെ അണ്ടർ-13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അമ്പയർ ആയ മാണിക് ഗുപ്തയ്‌ക്ക് ആണ് തേനീച്ചയുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. മത്സരത്തിനിടെ തേനീച്ചകൾ കൂട്ടമായി ഗ്രൗണ്ടിലേക്ക് വരുകയായിരുന്നു.

തേനീച്ചയുടെ ആക്രമണത്തിൽ പേടിച്ച് കളിക്കാരും അമ്പയർമാരും ചിതറി ഓടി. ചിലർ നിലത്ത് മുഖം പൊത്തി കിടന്നു. ഇതിനിടയിലാണ് 65 കാരനായ മനിക് ഗുപ്തയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മറ്റൊരു അമ്പയർ ജഗ്ദീഷ് ശർമയ്ക്കും പരിക്കേറ്റിരുന്നു. നിലവിൽ ജഗ്ദീഷ് ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഏകദേശം 30 വർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്ന മാണിക് ഗുപ്ത നിരവധി പ്രാദേശിക മത്സരങ്ങളിൽ അമ്പയറായും സംഘാടകനായും സേവനം അനുഷ്ഠിച്ചിരുന്നു. മനിക് ഗുപ്തയുടെ നിര്യാണത്തിൽ കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

‘ദ കേരള സ്റ്റോറി 2’; പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ചു

‘ദ കേരള സ്റ്റോറി 2’; പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ചു

കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2’ വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി എത്തിയത്. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ വിമർശനം

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ. “കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം.

വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്. വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍.

ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുര്‍ബലമാകാന്‍ സാധ്യത.

ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തില്‍ നിന്നും തെക്കന്‍ തമിഴ്നാടിനും തെക്കന്‍ കേരളത്തിനും കുറുകെ ലക്ഷദ്വീപ് വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത മഴ ശക്തമാകുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നിറിയിപ്പ്.

‘ആ മഹാ പ്രളയകാലത്തെ കൈക്കുഞ്ഞ്…’ മിത്രയെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

‘ആ മഹാ പ്രളയകാലത്തെ കൈക്കുഞ്ഞ്…’ മിത്രയെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

കൊച്ചി: ആ മഹാ പ്രളയ കാലത്തെ കൈക്കുഞ്ഞ്… 2018 ലെ പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ ചേര്‍ത്തുപിടിച്ച കൈക്കുഞ്ഞ്, മിത്രയെ വീണ്ടും കണ്ടുമുട്ടി മന്ത്രി വീണാ ജോര്‍ജ്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമാകാനെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച.

2018ലെ പ്രളയ സമയത്ത് മിത്ര മന്ത്രിയുടെ കൈകളില്‍ എത്തുമ്പോള്‍ എട്ട് ദിവസം മാത്രം ആയിരുന്നു പ്രായം. അന്ന് ആറന്മുള എംഎല്‍എയായിരുന്നു വീണാ ജോര്‍ജ്. പിഞ്ചുകുഞ്ഞിനെയും മാറോടണച്ച് നില്‍കുന്ന വീണാ ജോര്‍ജിന്റെ ചിത്രം അക്കാലത്ത് വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതേ കുഞ്ഞിനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചത്.

എല്‍ഡിഎഫ് ജാഥ ആറാട്ട്പുഴയില്‍ എത്തിയപ്പോഴാണ് മന്ത്രിയെ കാണാനായി മിത്ര അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം എത്തിയത്. മിത്രയുടെ ആദ്യ സ്‌കൂള്‍ പ്രവേശന ദിവസം അപ്രതീക്ഷിതമായി പ്രവേശനോത്സവത്തിനു എത്താന്‍ സാധിച്ച കാര്യവും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചു.

പോസ്റ്റ് പൂര്‍ണരൂപം-

2018ലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ കൈക്കുഞ്ഞ്, മിത്ര. എല്‍ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ നടക്കുമ്പോള്‍ ഇന്നലെ ആറാട്ട്പുഴയില്‍ അവര്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു- മിത്രമോളും അമ്മയും ചേച്ചിക്കുട്ടിയും .

മിത്രക്കുട്ടി സ്‌കൂളില്‍ ആദ്യമായി പഠിക്കാന്‍ എത്തുന്ന ദിവസം അതറിയാതെ തന്നെ സ്‌കൂളിലെ പ്രവേശനോത്സവത്തിനു പോയത് എനിക്ക് വിസ്മയമായിരുന്നു ഇടക്കുള്ള കൂടിക്കാഴ്ചകളും ചെറിയ വിസ്മയങ്ങളും ഒക്കെയായി ആ കുടുംബവുമായുള്ള ബന്ധം ഏറെ സന്തോഷം നല്‍കുന്നതാണ്.

‘മോഹന്‍ലാല്‍ തള്ളിമാറ്റിയിട്ടില്ല, സ്റ്റെപ്പ് ഇറങ്ങാന്‍ സഹായിക്കുകയായിരുന്നു’; റീച്ച് കൂട്ടാനുള്ള ശ്രമമെന്ന് എസ്എന്‍ സ്വാമി

‘മോഹന്‍ലാല്‍ തള്ളിമാറ്റിയിട്ടില്ല, സ്റ്റെപ്പ് ഇറങ്ങാന്‍ സഹായിക്കുകയായിരുന്നു’; റീച്ച് കൂട്ടാനുള്ള ശ്രമമെന്ന് എസ്എന്‍ സ്വാമി

മോഹലാലും താനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് എസ്എന്‍ സ്വാമി. മോഹന്‍ലാല്‍ തന്നോട് മോശമായി പെരുമാറിയെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നിവിന്‍ പോളി നായകനായ പ്രതിഛായയുടെ ട്രെയിലര്‍ ലോഞ്ചിന് മോഹന്‍ലാലും എസ്എന്‍ സ്വാമിയുമെത്തിയിരുന്നു. പരിപാടി കഴിഞ്ഞ പോകുന്നതിനിടെ മോഹന്‍ലാല്‍ എസ്എന്‍ സ്വാമിയോട് മോശമായി പെരുമാറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോയോട് പ്രതികരിക്കുകയായിരുന്നു എസ്എന്‍ സ്വാമി.

മനോരമ ഓണ്‍ലൈലിനോടായിരുന്നു എസ്എന്‍ സ്വാമിയുടെ പ്രതികരണം. സ്റ്റെപ്പിറങ്ങാന്‍ മോഹന്‍ലാല്‍ തന്നെ സഹായിക്കുകയാണ് ചെയ്തതെന്നാണ് എസ്എന്‍ സ്വാമി പറയുന്നത്. തന്നെ മോഹന്‍ലാല്‍ തള്ളി മാറ്റുന്ന തരത്തില്‍ ഫ്രെയിം അഡ്ജസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കൊടുത്ത് ചീത്ത കമന്റുകള്‍ നേടി റീച്ച് കൂട്ടാന്‍ ആണ് അവര്‍ ശ്രമിക്കുന്നതെന്നും എസ്എന്‍ സ്വാമി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ കണ്ടത് ഞാനും മോഹന്‍ലാലും തമ്മില്‍ എന്തോ പ്രശ്‌നം ഉണ്ടായി എന്ന വാര്‍ത്തകളാണ്. ഞാനും മോഹന്‍ലാലും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. വളരെ സ്‌നേഹത്തിലാണ് അവിടെ നിന്നും നിന്നും പിരിഞ്ഞത്. ഒരു വിശദീകരണത്തിന്റെ ആവശ്യം പോലുമില്ല. പോകാന്‍ ഇറങ്ങിയപ്പോള്‍ വലിയ തിരക്കായിരുന്നു. ഞങ്ങള്‍ അടുത്തടുത്ത് വന്നപ്പോള്‍ ശരീരത്തില്‍ കൈ വച്ച് തള്ളുന്നതുപോലെ കാണിച്ച് പ്രചരിപ്പിക്കുകയാണെന്നും ആ രീതിയില്‍ ഫ്രെയിം അഡ്ജസ്റ്റ് ചെയ്തതാണെന്നും സ്വാമി പറയുന്നു.

‘സ്വാമി ഞാനൊന്ന് പൊക്കോട്ടെ’ എന്നാണ് ലാല്‍ പറഞ്ഞത്, ‘അപ്പോഴേക്കും ഇങ്ങോട്ട് കയറി വന്നോ’ എന്ന ബാക്കി ഭാഗം പറഞ്ഞത് ക്യാമറയും കൊണ്ടു തിക്കി തിരക്കി വന്നവരോടാണ്. അതിനു ശേഷം ലാല്‍ എന്നെ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വരാന്‍ സഹായിക്കുകയാണ് ചെയ്തത്.” എന്നും എസ്എന്‍ സ്വാമി പറയുന്നു.

പ്രോഗ്രാമിന് കണ്ടപ്പോള്‍ ലാലുമായി കുറെ നേരം സംസാരിച്ചിരുന്നു. വെറുതെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണ്. ഇവരൊക്കെ എന്തറിഞ്ഞിട്ടാണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ”മമ്മൂട്ടിയും ലാലും ഞാനുമൊക്കെ തമ്മില്‍ ഇക്കാലയളവില്‍ ഒരു മണ്‍തരിയുടെ അത്രയും അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ല. എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങനെ പറയുന്നത് എന്ന് മനസിലാകുന്നില്ല. എന്ത് പറഞ്ഞാലും ഞങ്ങള്‍ക്കൊന്നും കുഴപ്പമില്ല, ലാലിനെയോ മമ്മൂട്ടിയെയോ എന്നെയോ കുറിച്ച് എന്ത് പറഞ്ഞാലും ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല” എന്നും അദ്ദേഹം പറയുന്നു.

”ഇങ്ങനെയുള്ള വാര്‍ത്തകള്‍ കൊടുത്ത് ചീത്ത കമന്റുകള്‍ നേടി റീച്ച് കൂട്ടാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. ഒരു സിനിമ ഇറങ്ങിയാല്‍ എന്തൊക്കെ വാര്‍ത്തകളും കമന്റുകളും ആണ് ഇടുന്നത്. ഇന്നത്തെ കാലത്ത് ഇത്തരം പ്രവണതകള്‍ ആണ് കൂടുതല്‍. സോഷ്യല്‍ മീഡിയ മോശം കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നവെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല” എന്നും അദ്ദേഹം പറഞ്ഞു.