by Midhun HP News | Dec 19, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയില്‍ 72 വയസുകാരിയെ ചുട്ടു കൊന്ന കേസില്‍ സഹോദരീപുത്രന് ജീവപര്യന്തം ശിക്ഷ. വെള്ളത്തൂവല്‍ സ്വദേശി സുനില്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2021 ലാണ് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം നടന്നത്.
ക്രൂര കൊലപാതകത്തിന് പരമാവധി ശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. മുട്ടം സ്വദേശി സരോജിനിയെ 2021 മാര്‍ച്ച് 31 ന് പുലര്‍ച്ചെയാണ് സഹോദരി പുത്രന്‍ സുനില്‍കുമാര്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. സരോജിനിക്കൊപ്പം മുട്ടത്തെ വീട്ടിലായിരുന്നു സുനില്‍കുമാര്‍ താമസിച്ചിരുന്നത്. തന്റെ പേരിലുള്ള മുഴുവന്‍ സ്വത്തും സുനില്‍കുമാറിന് നല്‍കാമെന്ന് സരോജിനി ഉറപ്പു നല്‍കിയിരുന്നു. പിന്നീട് സ്വത്ത് ഭാഗം വെച്ചപ്പോള്‍ മറ്റ് സഹോദരിമാരുടെ മക്കള്‍ക്ക് കൂടി നല്‍കിയതാണ് പ്രകോപനത്തിന് കാരണം.
ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. മരണം കൊലപാതകമല്ലെന്ന് വരുത്താന്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ടു. അടുപ്പില്‍നിന്ന് തീയാളി റബര്‍ ഷീറ്റ് കത്തിയാണ് അപകടമുണ്ടായതെന്നാണ് സുനില്‍ കുമാര്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



by Midhun HP News | Dec 19, 2025 | Latest News, കേരളം
തൃശൂർ: വെെകാരികമായ കുറിപ്പുമായി ആക്രമണത്തിന് ഇരയായ നടി. തനിക്കെതിരെ അക്രമം ഉണ്ടായപ്പോള്‍ പരാതിപ്പെട്ട്, നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയതാണ് താന്‍ ചെയ്ത തെറ്റെന്ന് അതിജീവിത. കേസിലെ രണ്ടാം പ്രതിയെടുത്ത വിഡിയോ കണ്ടു. അതില്‍ താന്‍ ആണ് നിങ്ങളുടെ നഗ്ന വിഡിയോ എടുത്തത് എന്നു കൂടെ പറയാമായിരുന്നുവെന്നും നടി കുറിപ്പിൽ പറയുന്നു.
ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നാണ് തനിക്ക് പറയാനുള്ളതെന്നും അതിജീവിത പറയുന്നു.
അതിജീവിത പങ്കുവച്ച കുറിപ്പ്;
ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്. അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വിഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വര്‍ഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുമ്പേ ഒരു വിഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വിഡിയോ എടുത്തത് എന്നു കൂടെ പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ.
ഞാന്‍ ഇരയല്ല, അതിജീവിതയല്ല, ഒരു സാധാരണ മനുഷ്യജീവിയാണ്. എന്നെ ജീവിക്കാന്‍ വിടൂ.
നേരത്തെ, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് ഉള്‍പ്പെടുത്തി വീഡിയോ പുറത്തുവിട്ട സംഭവത്തില്‍ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനുമാണ് നടപടി.



by Midhun HP News | Dec 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണി കോള്‍ ലഭിച്ചുവെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഫോണ്‍ കോള്‍ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഉച്ചയ്ക്ക് പന്ത്രണ്ടരോടെയാണ് കടുത്ത തെറിവിളികളോടെ ഫോള്‍ കോള്‍ ലഭിച്ചതെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോണ്‍ കോള്‍ വന്ന മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയതായും ഭാഗ്യലക്ഷ്മി അറിയിച്ചു.
വിദേശ നമ്പറില്‍ നിന്നാണ് ഫോണ്‍ കോള്‍ ലഭിച്ചത്. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളികളോടെയാണ് ഫോണ്‍ കോള്‍ ആരംഭിച്ചത്. ദീലീപേട്ടനെ കുറിച്ച് പറയുമോടീ എന്നായിരുന്നു വിളിച്ചയാള്‍ ചോദിച്ചത്. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും എന്നായിരുന്നു ഭീഷണി. 19 സെക്കന്റുകള്‍ മാത്രമായിരുന്നു ഫോണ്‍ കോള്‍ നീണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ദിലീപ് ആയിരിക്കും എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. ഇപ്പോള്‍ നടക്കുന്നത് സൈബര്‍ ക്വട്ടേഷനാണെന്ന ആക്ഷേപവും ഭാഗ്യലക്ഷ്മി ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിധി വന്ന ശേഷം സിനിമ മേഖലയില്‍ നിന്നും ശക്തമായി പ്രതികരിച്ച വ്യക്തി താന്‍ മാത്രമാണ്. ഇതായിരിക്കാം ഭീഷണിയുടെ കാരണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടുമായി നിരന്തരം രംഗത്തെത്തിയ വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് ശേഷവും ഭാഗ്യലക്ഷ്മി വിമര്‍ശനം തുടര്‍ന്നിരുന്നു. ദീലീപ് നായകനായി കഴിഞ്ഞ ദിവസം തീയറ്ററിലെത്തിയ സിനിമയ്ക്ക് എതിരെയും ഭാഗ്യലക്ഷ്മി രൂക്ഷമായ വിമര്‍ശനം ആണ് ഉയര്‍ത്തിയത്.
പണമിറക്കിയിട്ടും പിആര്‍ വര്‍ക്ക് നടത്തിയിട്ടും ദിലീപ് സിനിമകളെ രക്ഷിപ്പെടുത്താനായില്ലല്ലോ എന്ന ചോദ്യം ഉള്‍പ്പെടെ ഉയര്‍ത്തിയായിരുന്നു ഭാഗ്യലക്ഷ്മി സിനിമയ്ക്ക് എതിരെ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. അതിജീവിതയുടെ സിനിമ ആരൊക്കെ കാണും എന്ന് ചോദിക്കുവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. ജനങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നത് നടിയായതു കൊണ്ടല്ല, സ്ത്രീ ആയതിനാലാണ്. അവള്‍ക്ക് സംഭവിച്ചത് മറ്റൊരു പെണ്‍കുട്ടിയ്ക്കും സംഭവിക്കാതിരിക്കാനാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.



by Midhun HP News | Dec 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പോറ്റിയേ… കേറ്റിയേ… പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍. പാരഡി ഗാനവുമായി ബന്ധപ്പെട്ട് പുതിയ കേസുകളോ നടപടികളോ സ്വീകരിക്കേണ്ടതില്ലെന്ന് പൊലീസിന് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് പുതിയ കേസുകള്‍ എടുക്കേണ്ടതില്ലെന്ന് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് നിര്‍ദേശം. നേരത്തെ എടുത്ത കേസുകളും പിന്‍വലിച്ചേക്കും. പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതും ഒഴിവാക്കിയേക്കും.
അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും പാട്ട് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസാദ് കുഴിക്കാലയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ. സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസ് എടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യണമെന്ന പൊലീസ് നിർദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മെറ്റയ്ക്ക് കത്തു നൽകിയിരുന്നു.



by Midhun HP News | Dec 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് 12 പേർക്ക് പുതുജീവനേകി രണ്ടു പേരുടെ അവയവദാനം നടന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ മസ്തിഷ്ക മരണം സംഭവിച്ച എട്ടുവയസ്സുകാരന്റെയും 53 വയസുകാരന്റേയും അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകളിൽ ഒന്ന് ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിച്ച് അവയവ മാറ്റം നടത്തി.
തീവ്ര ദുഃഖത്തിനിടയിലും രണ്ടു കുടുംബങ്ങളുടെ മഹാദാനം, അതിലൂടെ 12 കുടുംബങ്ങൾക്ക് പുതു വെളിച്ചം. 7 പേർക്ക് പുതുജീവനേകിയാണ് 8 വയസുകാരൻ ദേവപ്രയാഗ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം നിലമേൽ വച്ച് ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചാണ് ദേവ പ്രയാഗിന് ഗുരുതരമായി പരുക്കേറ്റത്. ദേവപ്രയാഗിൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷും അപകടത്തിൽ മരിച്ചിരുന്നു. കുട്ടിക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. 20 വയസ്സിൽ താഴെയുള്ള ഏഴു പേർക്ക് ദേവപ്രയാഗിന്റെ അവയവങ്ങൾ മാറ്റിവയ്ക്കും.



by Midhun HP News | Dec 19, 2025 | Latest News, കേരളം
പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കുടുംബം. പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്താണ് മോഷ്ടാവെന്ന് പറഞ്ഞ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ ഭയ്യ (31) നെ മര്‍ദിച്ച് കൊന്നത്. എന്നാല്‍ രാംനാരായണ്‍ മോഷ്ടാവാണെന്ന ആരോപണം കുടുംബം തള്ളുകയാണ്.
നാലുദിവസം മുമ്പ് കെട്ടിട നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കാനാണ് പാലക്കാട്ടെത്തിയതെന്നും നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ലാത്ത ആളാണെന്നും ഇയാളുടെ ബന്ധു ശശികാന്ത് ബഗേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ജോലിക്കായി നാലുദിവസം മുമ്പാണ് രാംനാരായണ്‍ പാലക്കാട്ടെത്തിയത്. എന്നാല്‍, ഇവിടത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. ഇവിടെ പുതിയ ആളായതിനാല്‍ വഴിയൊന്നും അറിയുമായിരുന്നില്ല. അതിനാല്‍ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. ഒരു ക്രിമിനല്‍ റെക്കോര്ഡുമില്ലാത്ത ആളാണ്. നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ നാട്ടില്‍വന്ന് അന്വേഷിച്ചാല്‍ അത് മനസിലാകും. മദ്യപിക്കാറുണ്ട്. എന്നാല്‍, ആരുമായും ഒരു പ്രശ്‌നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നത്’, ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു.
ബുധനാഴ്ചയാണ് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്കെത്തിയ രാംനാരായണ്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്. മര്‍ദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിനുശേഷമാണ് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Recent Comments