പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; തുടര്‍ നടപടികള്‍ വേണ്ടെന്ന് നിര്‍ദേശം

പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; തുടര്‍ നടപടികള്‍ വേണ്ടെന്ന് നിര്‍ദേശം

തിരുവനന്തപുരം: പോറ്റിയേ… കേറ്റിയേ… പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍. പാരഡി ഗാനവുമായി ബന്ധപ്പെട്ട് പുതിയ കേസുകളോ നടപടികളോ സ്വീകരിക്കേണ്ടതില്ലെന്ന് പൊലീസിന് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് പുതിയ കേസുകള്‍ എടുക്കേണ്ടതില്ലെന്ന് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് നിര്‍ദേശം. നേരത്തെ എടുത്ത കേസുകളും പിന്‍വലിച്ചേക്കും. പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതും ഒഴിവാക്കിയേക്കും.

അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും പാട്ട് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസാദ് കുഴിക്കാലയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ. സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസ് എടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യണമെന്ന പൊലീസ് നിർദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മെറ്റയ്ക്ക് കത്തു നൽകിയിരുന്നു.

തിരുവനന്തപുരത്ത് 12 പേർക്ക് പുതുജീവനേകി രണ്ടു പേരുടെ അവയവദാനം

തിരുവനന്തപുരത്ത് 12 പേർക്ക് പുതുജീവനേകി രണ്ടു പേരുടെ അവയവദാനം

തിരുവനന്തപുരത്ത് 12 പേർക്ക് പുതുജീവനേകി രണ്ടു പേരുടെ അവയവദാനം നടന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ മസ്തിഷ്ക മരണം സംഭവിച്ച എട്ടുവയസ്സുകാരന്റെയും 53 വയസുകാരന്റേയും അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകളിൽ ഒന്ന് ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിച്ച് അവയവ മാറ്റം നടത്തി.

തീവ്ര ദുഃഖത്തിനിടയിലും രണ്ടു കുടുംബങ്ങളുടെ മഹാദാനം, അതിലൂടെ 12 കുടുംബങ്ങൾക്ക് പുതു വെളിച്ചം. 7 പേർക്ക് പുതുജീവനേകിയാണ് 8 വയസുകാരൻ ദേവപ്രയാഗ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം നിലമേൽ വച്ച് ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചാണ് ദേവ പ്രയാഗിന് ഗുരുതരമായി പരുക്കേറ്റത്. ദേവപ്രയാഗിൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷും അപകടത്തിൽ മരിച്ചിരുന്നു. കുട്ടിക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. 20 വയസ്സിൽ താഴെയുള്ള ഏഴു പേർക്ക് ദേവപ്രയാഗിന്റെ അവയവങ്ങൾ മാറ്റിവയ്ക്കും.

‘രണ്ട് മക്കളുണ്ട്, കുടുംബം പോറ്റുന്നതിനായാണ് വന്നത്, ഒരു കേസില്‍ പോലും പ്രതിയല്ല’

‘രണ്ട് മക്കളുണ്ട്, കുടുംബം പോറ്റുന്നതിനായാണ് വന്നത്, ഒരു കേസില്‍ പോലും പ്രതിയല്ല’

പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കുടുംബം. പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്താണ് മോഷ്ടാവെന്ന് പറഞ്ഞ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ ഭയ്യ (31) നെ മര്‍ദിച്ച് കൊന്നത്. എന്നാല്‍ രാംനാരായണ്‍ മോഷ്ടാവാണെന്ന ആരോപണം കുടുംബം തള്ളുകയാണ്.

നാലുദിവസം മുമ്പ് കെട്ടിട നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കാനാണ് പാലക്കാട്ടെത്തിയതെന്നും നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ലാത്ത ആളാണെന്നും ഇയാളുടെ ബന്ധു ശശികാന്ത് ബഗേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ജോലിക്കായി നാലുദിവസം മുമ്പാണ് രാംനാരായണ്‍ പാലക്കാട്ടെത്തിയത്. എന്നാല്‍, ഇവിടത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. ഇവിടെ പുതിയ ആളായതിനാല്‍ വഴിയൊന്നും അറിയുമായിരുന്നില്ല. അതിനാല്‍ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. ഒരു ക്രിമിനല്‍ റെക്കോര്ഡു‍മില്ലാത്ത ആളാണ്. നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ നാട്ടില്‍വന്ന് അന്വേഷിച്ചാല്‍ അത് മനസിലാകും. മദ്യപിക്കാറുണ്ട്. എന്നാല്‍, ആരുമായും ഒരു പ്രശ്‌നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നത്’, ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു.

ബുധനാഴ്ചയാണ് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്കെത്തിയ രാംനാരായണ്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്. മര്‍ദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിനുശേഷമാണ് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

മുംബൈ: ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും ലോകകപ്പ് ടീമിനെയുമാകും ഒരുമിച്ച് പ്രഖ്യാപിക്കുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

ജനുവരി 11നാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ട്വന്റി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള അതേ ടീമാകും ട്വന്റി20 പരമ്പരയിലും കളിക്കുക.

വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണെയും ജിതേഷ് ശര്‍മയെയും തന്നെയാകും പരിഗണിക്കുക. ഋഷഭ് പന്തിനെ പരിഗണിച്ചേക്കില്ലെങ്കിലും മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷാനെ അവസാന നിമിഷം ഉള്‍പ്പെടുത്തുമോ എന്നതില്‍ ആകാംക്ഷയുണ്ട്. 2024 ലോകകപ്പില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ഒന്നാം വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ടീമില്‍നിന്നു പുറത്തായ റിങ്കു സിങ് തിരിച്ചെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്.

ഇന്ത്യയുടെ സാധ്യതാ ടീം:

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍/ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസിലെ ഇരയെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയാണ് ഇരുവര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ തിരിച്ചറിയല്‍ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസില്‍ ആണ് നടപടി.

സമാനമായ നടപടികള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും, ഇവരുടെ വിവാഹത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ പങ്കുവച്ച ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യ്തിട്ടുണ്ടെന്നുമായിരുന്നു സന്ദീപ് വാര്യര്‍ കോടതിയെ അറിയിച്ചത്. പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തില്‍ യാതൊരു നീക്കവും താന്‍ നടത്തിയിട്ടില്ലെന്ന് പത്തനംതിട്ടയിലെ മഹിള കോണ്‍ഗ്രസ് നേതാവായ രഞ്ജിത പുളിക്കലും കോടതിയെ അറിയിച്ചു. താന്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരാതിക്കാരിയെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. സ്ത്രീ കൂടിയായ താന്‍ പരാതിക്കാരിയെ ഒരു തരത്തിലും അപമാനിക്കില്ലെന്നുമുള്ള നിലപാട് ആയിരുന്നു രഞ്ജിത പുളിക്കല്‍ സ്വീകരിച്ചത്.

അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രാഹുല്‍ ഈശ്വര്‍, പാലക്കാട് സ്വദേശിയായ വ്‌ലോഗര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ വകുപ്പുകള്‍ പ്രകാരമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. ശബരിമല തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട എഫ്‌ഐഎസ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറണം എന്നാണ് കോടതി നിര്‍ദേശം. ഇഡി അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെയും എസ്‌ഐടിയുടെയും നിലപാട് തള്ളിയാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ ഇടപെടല്‍.

കേസിലെ എഫ്‌ഐഎസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തേടി നേരത്തെ ഇഡി വിജലൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ ഫെമ നിയമ ലംഘനം ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ ഉള്‍പ്പെടെ സ്വീകരിച്ച നിലപാട്. എന്നാല്‍, എഫ്‌ഐഎസും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് കീഴ് കോടതിയെ സമീപിക്കാന്‍ ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതനുസരിച്ചാണ് കൊല്ലം വിജിലന്‍സ് കോടതിയെ ഇഡി സമീപിച്ചത്.

അന്താരാഷ്ട്ര ഇടപെടല്‍ ആരോപണമുണ്ട്, സംസ്ഥാനത്തിന് പുറത്തും ഇടപെടല്‍ നടന്നു തുടങ്ങിയ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ കള്ളപ്പണ ഇടപെടല്‍ ഉണ്ടായെന്നത് പ്രാഥമികമായി തന്നെ വ്യക്തമായിട്ടുണ്ടെന്നുമായിരുന്നു ഇഡി നിലപാട്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൊച്ചി സോണല്‍ ഓഫീസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഇ ഡി ക്ക് സാധിക്കും. സര്‍ക്കാരുമായും സിപിഎമ്മുമായും നേരിട്ട് ബന്ധമുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട കേസിലാണ് ഇഡി അന്വേഷണം വരുന്നത്.