സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

മുംബൈ: ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും ലോകകപ്പ് ടീമിനെയുമാകും ഒരുമിച്ച് പ്രഖ്യാപിക്കുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

ജനുവരി 11നാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ട്വന്റി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള അതേ ടീമാകും ട്വന്റി20 പരമ്പരയിലും കളിക്കുക.

വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണെയും ജിതേഷ് ശര്‍മയെയും തന്നെയാകും പരിഗണിക്കുക. ഋഷഭ് പന്തിനെ പരിഗണിച്ചേക്കില്ലെങ്കിലും മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷാനെ അവസാന നിമിഷം ഉള്‍പ്പെടുത്തുമോ എന്നതില്‍ ആകാംക്ഷയുണ്ട്. 2024 ലോകകപ്പില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ഒന്നാം വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ടീമില്‍നിന്നു പുറത്തായ റിങ്കു സിങ് തിരിച്ചെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്.

ഇന്ത്യയുടെ സാധ്യതാ ടീം:

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍/ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസിലെ ഇരയെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയാണ് ഇരുവര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ തിരിച്ചറിയല്‍ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസില്‍ ആണ് നടപടി.

സമാനമായ നടപടികള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും, ഇവരുടെ വിവാഹത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ പങ്കുവച്ച ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യ്തിട്ടുണ്ടെന്നുമായിരുന്നു സന്ദീപ് വാര്യര്‍ കോടതിയെ അറിയിച്ചത്. പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തില്‍ യാതൊരു നീക്കവും താന്‍ നടത്തിയിട്ടില്ലെന്ന് പത്തനംതിട്ടയിലെ മഹിള കോണ്‍ഗ്രസ് നേതാവായ രഞ്ജിത പുളിക്കലും കോടതിയെ അറിയിച്ചു. താന്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരാതിക്കാരിയെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. സ്ത്രീ കൂടിയായ താന്‍ പരാതിക്കാരിയെ ഒരു തരത്തിലും അപമാനിക്കില്ലെന്നുമുള്ള നിലപാട് ആയിരുന്നു രഞ്ജിത പുളിക്കല്‍ സ്വീകരിച്ചത്.

അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രാഹുല്‍ ഈശ്വര്‍, പാലക്കാട് സ്വദേശിയായ വ്‌ലോഗര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ വകുപ്പുകള്‍ പ്രകാരമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. ശബരിമല തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട എഫ്‌ഐഎസ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറണം എന്നാണ് കോടതി നിര്‍ദേശം. ഇഡി അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെയും എസ്‌ഐടിയുടെയും നിലപാട് തള്ളിയാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ ഇടപെടല്‍.

കേസിലെ എഫ്‌ഐഎസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തേടി നേരത്തെ ഇഡി വിജലൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ ഫെമ നിയമ ലംഘനം ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ ഉള്‍പ്പെടെ സ്വീകരിച്ച നിലപാട്. എന്നാല്‍, എഫ്‌ഐഎസും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് കീഴ് കോടതിയെ സമീപിക്കാന്‍ ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതനുസരിച്ചാണ് കൊല്ലം വിജിലന്‍സ് കോടതിയെ ഇഡി സമീപിച്ചത്.

അന്താരാഷ്ട്ര ഇടപെടല്‍ ആരോപണമുണ്ട്, സംസ്ഥാനത്തിന് പുറത്തും ഇടപെടല്‍ നടന്നു തുടങ്ങിയ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ കള്ളപ്പണ ഇടപെടല്‍ ഉണ്ടായെന്നത് പ്രാഥമികമായി തന്നെ വ്യക്തമായിട്ടുണ്ടെന്നുമായിരുന്നു ഇഡി നിലപാട്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൊച്ചി സോണല്‍ ഓഫീസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഇ ഡി ക്ക് സാധിക്കും. സര്‍ക്കാരുമായും സിപിഎമ്മുമായും നേരിട്ട് ബന്ധമുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട കേസിലാണ് ഇഡി അന്വേഷണം വരുന്നത്.

എലപ്പുള്ളി ബ്രൂവറിക്ക് നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി

എലപ്പുള്ളി ബ്രൂവറിക്ക് നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറിക്ക് പ്രാഥമിക അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെയാണ് ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. വിശദമായ പഠനം നടത്തിയശേഷം സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കാര്യമായ പഠനം നടത്താതെ, തിടുക്കപ്പെട്ടാണ് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന് കോടതി നീരീക്ഷിച്ചു. സര്‍ക്കാര്‍ തീരുമാനം നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2025 ജനുവരി 16 നാണ് സര്‍ക്കാര്‍ എലപ്പുള്ളി ബ്രൂവറിക്ക് സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയത്.

ബ്രൂവറിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എലപ്പുള്ളി പ്രദേശം ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണ്. ഇവിടെ കമ്പനിക്കായി വലിയ തോതില്‍ ജലം എടുക്കുമ്പോള്‍ പ്രദേശം മരുഭൂമിയായി മാറുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം: മാനനഷ്ടത്തിന് 50 കോടി രൂപ നല്‍കണം, നോട്ടീസയച്ച് ഗാംഗുലി

മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം: മാനനഷ്ടത്തിന് 50 കോടി രൂപ നല്‍കണം, നോട്ടീസയച്ച് ഗാംഗുലി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അര്‍ജന്റീന ഫാന്‍ ക്ലബ്ബ് പ്രസിഡന്റ് ഉത്തം സാഹയ്ക്കെതിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 50 കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മെസിയുടെ ഗോട്ട് ടൂറുമായി ബന്ധപ്പെട്ട പ്രമോട്ടര്‍ സത്രാദു ദത്തയുടെ സംഘാടനത്തില്‍ ഗാംഗുലി മധ്യസ്ഥത വഹിച്ചുവെന്നാണ് നേരത്തേ ഉത്തം സാഹ ആരോപിച്ചിരുന്നത്. ഇതിനെതിരെയാണ് ഗാംഗുലി രംഗത്തുവന്നിരിക്കുന്നത്.

സാഹയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും പരാമര്‍ശം തന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്നും ഗാംഗുലി സാഹയ്ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. മെസിയുടെ പരിപാടിയുമായി തനിക്ക് ഔദ്യോഗികമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ഗാംഗുലി വ്യക്തമാക്കുന്നു. അതിഥിയായി മാത്രമാണ് സ്റ്റേഡിയത്തില്‍ പോയതെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നും ഗാംഗുലി വക്കീല്‍ നോട്ടീസില്‍ പറയുന്നു.

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ മെസിയുടെ സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മെസിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മെസി വേഗം തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ കാണികള്‍ സ്റ്റേഡിയത്തിലേക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുകയും സീറ്റുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ മുഖ്യ സംഘാടകനായ സതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

സ്വര്‍ണവിലയില്‍ ഇടിവ്, പവന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ

സ്വര്‍ണവിലയില്‍ ഇടിവ്, പവന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണ വില താഴേക്ക്. പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 98,400 രൂപയാണ്. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപ. സംസ്ഥാനത്ത് സ്വര്‍ണവില 99,280 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും വില കൂടിയും കുറഞ്ഞും വരുന്നതാണ് വിപണിയില്‍ കാണുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.