by Midhun HP News | Dec 19, 2025 | Latest News, കേരളം
പാലോട്: ചല്ലിമുക്ക് താന്നിമൂട് ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ അറബിക് ഭാഷാ ദിന സെമിനാറും വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഭാഷാ ദിന സെമിനാർ റിട്ട. അറബിക് അധ്യാപകൻ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. കൊല്ലായിൽ അൽ ഫലാഹ് ഹിഫ്ള് കോളേജ് അധ്യാപകൻ അഫ് ലഹ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. അറബി ഭാഷാ ദിനത്തോട് അനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം , പ്രശ്നോത്തരി , വായനാ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. അൻസാറുദ്ദിൻ , രാഗേഷ് തമ്പി, ജാരിയാ മോൾ, സിനത്ത് അസീം തുടങ്ങിയവർ സംസാരിച്ചു.



by Midhun HP News | Dec 19, 2025 | Latest News, കേരളം
തിരുവനന്തപുരം: “പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ വീണ്ടും പരാതി. കോൺഗ്രസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ച് ഇടതുപക്ഷ പ്രൊഫൈലുകളിൽ പ്രചരിക്കുന്ന പാരഡി ഗാനത്തിനെതിരേയാണ് പരാതി. കോൺഗ്രസ് നേതാവായ ജെ എസ് അഖിൽ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്.
നിലവിൽ കേസെടുത്ത “പോറ്റിയേ കേറ്റിയേ” എന്ന ഗാനത്തിലെ വരികൾ കോൺഗ്രസിനെതിരായ പാരഡിയാക്കിയാണ് ഇടതുപക്ഷ പ്രൊഫൈലുകളിൽ പ്രചരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരടക്കം പരാമർശിക്കുന്നുണ്ട്. ഇടത് പ്രൊഫൈലുകളിൽ വൻ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയത്.
പാരഡി പ്രചരിക്കുന്ന പ്രൊഫൈലുകളുടെ ലിങ്കുകൾ ഉൾപ്പെടെ നൽകിയാണ് പരാതി കൊടുത്തിരിക്കുന്നത്. നേരത്തെ പ്രചരിച്ച പാട്ടിൽ കേസെടുത്ത നിലയ്ക്ക് പുതുതായി പ്രചരിപ്പിക്കുന്ന പാട്ടുകൾക്കെതിരെയും കേസെടുക്കണമെന്ന് അഖിൽ പരാതിയിൽ ആവശ്യപ്പെടുന്നു. ആദ്യ കേസിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പരിഗണന നൽകിയിട്ടില്ലെങ്കിൽ ഈ പരാതിയിലും അതേ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.



by Midhun HP News | Dec 19, 2025 | Latest News, കേരളം
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷം കൊഴുപ്പിക്കുക ലക്ഷ്യമിട്ട് കഞ്ചാവും രാസലഹരിയും എത്തിച്ച യുവാവ് എക്സൈസിന്റെ പിടിയിൽ. ആനയറ സ്വദേശി അപ്പു എന്ന സൂരജ് (28) ആണ് അറസ്റ്റിലായത്. വിഴിഞ്ഞത്തു നിന്നാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 260 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. സൂരജിന്റെ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചത്.
വിഴിഞ്ഞം ഭാഗത്തെ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലാകുന്നത്. തീരദേശ മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ പറഞ്ഞു.



by Midhun HP News | Dec 19, 2025 | Latest News, കേരളം
ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 15 എ 2444 എന്ന നമ്പറിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരിന് സമീപം നഞ്ചന്‍കോട്ട് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം.
അപകടസമയത്ത് ബസില്‍ 44 യാത്രക്കാരുണ്ടായിരുന്നു. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പടര്‍ന്നതോടെ ബസ് പൂര്‍ണമായും അഗ്നിക്കിരയായി.
മുന്നില്‍ നിന്ന് തീ അതിവേഗം മറ്റ് ഭാഗത്തേക്ക് പടരുകയും ബസ് പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു. തീപിടിത്തത്തില്‍ യാത്രക്കാരുടെ ഫോണുകളും സാധനങ്ങളും നിരവധി രേഖകളും കത്തിനശിച്ചു. പാസ്‌പോര്‍ട്ട് അടക്കമുള്ളവയാണ് കത്തിനശിച്ചത്. അപകടത്തെ തുടര്‍ന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ കേരളത്തിലെത്തിച്ചത്.



by Midhun HP News | Dec 19, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. വാളയാർ സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.
ഛത്തീസ് ഗഡ് സ്വദേശിയായ രാം നാരായൺ ഭയ്യ എന്ന 31 കാരനാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാം നാരായണനെ മോഷ്ടാവാണെന്ന് സംശയിച്ച് ആൾക്കൂട്ടം തടഞ്ഞു വെക്കുകയും, ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം രാംനാരായൺ റോഡിൽ കിടന്നു. അവശനിലയിലായ യുവാവിനെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാളെ ആളുകൾ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. രാം നാരായൺ മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു. മരിച്ച രാം നാരായണിന്റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.



by Midhun HP News | Dec 19, 2025 | Latest News, കേരളം
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദില്‍. നിലവില്‍ പരമ്പരയില്‍ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2 സമനിലയാവും.
നാലാം ടി20 മത്സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ അവസാന മത്സരത്തില്‍ ഗില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകാനും സാധ്യതയുണ്ട്.
അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണര്‍മാരാകുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും ബാറ്റിങ് നിരയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തുക. അക്ഷര്‍ പട്ടേലും പരിക്കേറ്റ് പുറത്തായതിനാല്‍ ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയും പ്ലേയിങ് ഇലവനില്‍ എത്തിേയക്കും.
അക്‌സര്‍ പുറത്തായതോടെ കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. വരുണ്‍ ചക്രവര്‍ത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നര്‍. ജസ്പ്രീത് ബുംറ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണ പുറത്തായേക്കും.



Recent Comments