by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
കർണാടകയിലെ ഹോസ്‌കോട്ടിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ, വർക്കല ചെറുന്നിയൂർ സ്വദേശിയായ പതിനേഴുകാരൻ അശ്വിൻ എ. നായർ വിടവാങ്ങി എന്ന വാർത്ത വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ബംഗളൂരുവിൽ ഉദ്യോഗസ്ഥയായ മാതാവിനൊപ്പം താമസിച്ച് പഠിക്കുകയായിരുന്ന അശ്വിനും അഞ്ച് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചിരിച്ചുല്ലസിച്ച് യാത്ര തിരിച്ച ആ ആറ് കൂട്ടുകാരെയും മരണം ഒരേ നിമിഷം കവർന്നെടുത്തു എന്നത് നൊമ്പരമുണർത്തുന്ന യാഥാർത്ഥ്യമാണ്.
ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ (ശ്രീവിലാസം) ടി.എസ്. അജിത്തിന്റെയും സ്മിത നായരുടെയും മകനാണ് അശ്വിൻ. പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിന്റെ അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തിന്റെയാകെ താളം തെറ്റിച്ചിരിക്കുകയാണ്.

by Midhun HP News | Feb 14, 2026 | Latest News, കേരളം
നിലമ്പൂർ: ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പോലീസ് നിരീക്ഷണത്തിൽ. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ക്ലിനിക്കിൽ വെച്ചാണ് മുക്കട്ട സ്വദേശിനിയായ മുപ്പത്തഞ്ചുകാരി മൂന്നര ഗ്രാം തൂക്കം വരുന്ന മാല കവർന്നത്. വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ലാളിക്കുന്നതിനിടെയാണ് യുവതി മാല കൈക്കലാക്കിയത്.
മോഷണം കൈയോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇവർ മാല വിഴുങ്ങുകയായിരുന്നു. എക്സറേ പരിശോധനയിൽ വയറിനുള്ളിൽ മാലയുണ്ടെന്ന് സ്ഥിരീകരിച്ചു. നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോലീസ് കാവലിൽ കഴിയുന്ന യുവതിക്ക് മാല പുറത്തെടുക്കാനായി എനിമ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. യുവതി ഇടയ്ക്കിടെ അക്രമാസക്തയാകുന്നതിനാൽ കൂടുതൽ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് പോലീസിന്റെ നീക്കം.


by Midhun HP News | Feb 14, 2026 | Latest News, കേരളം
കൊച്ചി: ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ഫോളോ ചെയ്ത ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്ന പേജാണ് ഇതെന്നും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേര്‍സ് എല്ലാം പോയെന്നും പൊലീസ് പറയുന്നു. കൊറിയൻ സുഹൃത്ത് മരിച്ച മനോവേദനയിൽ ജീവനൊടുക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്. പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, അക്കൗണ്ടില്‍ പലതും ദുരൂഹമെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ കുറിച്ച് വിശദമായ സൈബര്‍ പരിശോധന അനിവാര്യമാണ്. സ്കൂളില്‍ ഒരു വിദ്യാര്‍ഥി ഫോണ്‍ കൊണ്ടുവരുമെന്നും മറ്റ് വിദ്യാര്‍ഥികള്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറന്നതിന് തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഫൊറന്‍സിക് പരിശോധനക്ക് അയച്ച ഒരു ഫോണില്‍ തുറന്നത് 8 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ്. ഇതിന്റെ ലോഗ് ഇന്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.


by Midhun HP News | Feb 14, 2026 | Latest News, കായികം
പട്‌ന: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി വീണ്ടും സ്‌കൂള്‍ ജീവിതത്തിലേക്ക്. ലോകകപ്പ് നേടിയ ആവേശവുമായി വൈഭവ് 10ാം ക്ലാസിലെ ബോര്‍ഡ് എക്‌സാമിനുള്ള തയ്യാറെടുപ്പിലാണ്.

സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്‌കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ വ്യക്തമാക്കി. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ വ്യക്തമാക്കി.
പത്താം ക്ലാസ് ബോര്‍ഡ് എക്‌സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് നേരിട്ട് വാങ്ങിയിട്ടുണ്ട്. താരത്തിന്റെ സ്‌കൂളിലേക്കുള്ള തിരിച്ചു വരവ് ടീച്ചര്‍മാരിലും മാതാപിതാക്കളിലും സഹ പാഠികളിലുമൊക്കെ ആവേശം നിറയ്ക്കുന്നതു തന്നെയാണ്. എങ്കിലും വൈഭവ് ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണ്. പരീക്ഷ എഴുതാനാണ് വരുന്നത്. ഇത് അക്കാദമിക് പിച്ചാണ് ക്രിക്കറ്റ് പിച്ചല്ല. അതിനാല്‍ അതിന്റേതായ ഗൗരവം വിഷയത്തിനുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഈ മാസം 17 മുതലാണ് ബോര്‍ഡ് എക്‌സാം ആരംഭിക്കുന്നത്.
ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്‌സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്‌കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന്‍ ലോകകപ്പില്‍ അടിച്ചെടുത്തു.
ലോകകപ്പിലാകെ താരം 30 സിക്‌സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്‌സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹ സത്കരത്തിനു പപ്പടം വിളമ്പാത്തതിന്റെ പേരിൽ അരങ്ങേറിയത് കൂട്ടയടി. വധുവിന്റേയും വരന്റേയും വീട്ടുകാർ തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. ഊരുട്ടമ്പലത്തിനു സമീപം നീറമൺകരയിലാണ് സംഭവം.

വിവാഹ സത്കാര ഹാളിൽ പപ്പടം എത്താതിരുന്നതോടെ ഊട്ടുപുരയിൽ നിന്നാണ് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തർക്കത്തിലേക്ക് നീങ്ങി. സംഭവം ഇരു ഭാഗത്തേയും ആളുകൾ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു.
മാറനല്ലർ- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്താണ് വിവാഹ സത്കാരം നടന്നത്. സംഭവമറിഞ്ഞ് മാറനല്ലൂരിൽ നിന്നും നരുവാമൂട്ടിൽ നിന്നും പൊലീസ് എത്തി. എന്നാൽ പരാതി നൽകാൻ ഇരു കൂട്ടരും വിസമ്മതിച്ചു. ഇതോടെ പൊലീസ് മടങ്ങി. അടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിച്ചത്.

by Midhun HP News | Feb 14, 2026 | Latest News, കേരളം
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ. ശിവരാത്രി ദിവസമായ ഞായറാഴ്ച തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11.30നാണ് പുറപ്പെടുക.

ശിവരാത്രി ദിനമായ ഞായറാഴ്ച രാത്രി ഉറക്കമിളച്ച് പുലര്‍ച്ചെ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി മടങ്ങിപ്പോകുന്ന ഭക്തര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ച നാലിന് സര്‍വീസ് ആരംഭിക്കും. രാവിലെ ആറുവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും.
അതിനിടെ ഞായറാഴ്ച മുതല്‍ രാത്രി 11 വരെ സര്‍വീസ് സമയം കൊച്ചി മെട്രോ ദീര്‍ഘിപ്പിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നി ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11ന് പുറപ്പെടും.

Recent Comments